UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

ആപ് പേടിയില്‍ കിടുങ്ങിയവര്‍, സി ബി ഐയെ നാണം കെടുത്തിയ ജോഗീന്ദര്‍ സിങ്, പിന്നെ അറിയപ്പെടാത്ത ഡല്‍ഹിയും

2017-ലെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത ആം ആദ്മി പാര്‍ട്ടിയുടെ ഗണ്യമായ സാന്നിധ്യമാണ്-ഹരീഷ് ഖരെ എഴുതുന്നു

ഹരീഷ് ഖരെ

ങ്ങനെ പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞു. ഇനിയിപ്പോള്‍ മാര്‍ച്ച് 11 വരെ കാത്തിരിപ്പാണ്. നേതാക്കന്മാര്‍ അര്‍ഹിക്കുന്ന വിശ്രമത്തിനും വിനോദത്തിനുമായി പോകുന്നതിനാല്‍ സംസ്ഥാനത്ത് സമാധാനമാണ്. സ്ഥാനാര്‍ത്ഥികള്‍ ഇഷ്ടദൈവങ്ങളുടെയും ജ്യോതിഷികളുടെയും അടുക്കലേക്ക് തീര്‍ത്ഥാടനം നടത്തുമ്പോള്‍ വാതുവെപ്പുകാര്‍ കൈനിറയെ കാശുമായി ഇരിക്കുന്നു.

2017-ലെ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത ഒരു പുതിയ കക്ഷിയുടെ-സ്വന്തമായി ഇടമുണ്ടാക്കി എന്നു കരുതാവുന്ന- ഗണ്യമായ സാന്നിധ്യമാണ്. സമ്മതിദായകരുടെ വിമത ചോദനകളെ ഇളക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചിരിക്കുന്നു. ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം പ്രവര്‍ത്തകരെയും അവര്‍ക്ക് കിട്ടിയിരിക്കുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിനെക്കുറിച്ച് എഴുതാന്‍ പുറത്തുനിന്നു വന്നവരെല്ലാം മതിപ്പോടെയാണ് മടങ്ങുന്നത്.

മുന്‍ പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നതുപോലെ, ഒരു മൂന്നാം ശക്തിക്ക് അതിന്റെ സാന്നിധ്യം അറിയിക്കല്‍ എളുപ്പമല്ല. കോണ്‍ഗ്രസും അകാലികളും പകുത്തെടുത്ത ഒരു കളിയാണത്. 2012-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മന്‍പ്രീത് ബാദലിന്റെ പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടി ഈ ദ്വന്ദ്വയുദ്ധത്തെ പൊളിക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ വെല്ലുവിളി ഒരു ഞരക്കമായി അവസാനിച്ചു. ആപ് ആ പ്രവണതയെ തടയുമെന്ന ഭീഷണിയുയര്‍ത്തുന്നു.

അന്തിമ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പഞ്ചാബിലെ ആപ് പ്രകടനം മുഖ്യധാര രാഷ്ട്രീയകക്ഷികളില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയുടെ പശ്ചാത്തലത്തില്‍ മാത്രമേ മനസിലാക്കാനാകൂ. അതിവേഗം മാറുന്ന ഇന്ത്യയുമായി പൊരുത്തപ്പെടാനാകാത്ത സാമ്പ്രദായികതയുടെ കക്ഷിയാണ് കോണ്‍ഗ്രസ്. അതില്‍ അത്ഭുതമില്ല. ബി ജെ പിയെ സംബന്ധിച്ചാണെങ്കില്‍, പഞ്ചാബ് സമ്മതിദായകന്‍ ഒരിയ്ക്കലും നരേന്ദ്ര മോദിയില്‍ ഭ്രമിക്കില്ല. പക്ഷേ അത്ഭുതപ്പെടുത്തിയത് പുരോഹിതക്കൂട്ടത്തിന്റെ പിടിയില്‍ നിന്നും കുതറിമാറാനുള്ള പഞ്ചാബ് സമ്മതിദായകരുടെ തയ്യാറാവലാണ്. ഗ്രാമീണ പഞ്ചാബ് ഒരു മാറ്റത്തിന് തയ്യാറാണ്.

ണ്ട് പരമ്പരാഗത കക്ഷികള്‍, കോണ്‍ഗ്രസും അകാലിദളും, വലിയൊരു വിഭാഗം വിദേശ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, അവര്‍ ഏറെപ്പേര്‍ പഞ്ചാബിലേക്ക് വന്നു ആം ആദ്മി പാര്‍ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പഞ്ചാബില്‍ മാത്രമല്ല, ഇന്ത്യയിലാകെ അവര്‍ വിദേശ ഇന്ത്യക്കാരെ ആകര്‍ഷിച്ചു. പഞ്ചാബില്‍ അരാജകത്വം കൊളുത്താന്‍ ഉദ്ദേശമുള്ള ദുരുദ്ദേശവുമായി പല ‘കടുംപിടിത്തക്കാരും’ നുഴഞ്ഞുകയറി എന്നത് ശരിയായിരിക്കാം. അന്തിമഫലത്തിന് മാത്രമേ വിദേശ ഇന്ത്യക്കാര്‍ ആപിന്റെ തെരഞ്ഞെടുപ്പ് വിധിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയോ എന്നു പറയാനാവുകയുള്ളൂ.

സാമ്പ്രദായിക കക്ഷികളുടെ വിമര്‍ശനം അന്തസില്ലാത്തതാണെന്ന് ഞാന്‍ കരുതുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലം മുതലേ എന്‍ ആര്‍ ഐകളെ ആകര്‍ഷിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതൊരു ആഗോള പ്രവണതയാണ്. എല്ലാ സര്‍ക്കാരുകളും പ്രവാസികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കും. അപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെ കാര്യങ്ങളില്‍ അഭിപ്രായാവകാശമുണ്ടെന്നു തോന്നുന്നതും സ്വാഭാവികമാണ്. ഒട്ടേറെ പ്രവാസികള്‍ പഞ്ചാബില്‍ ഏതെങ്കിലുമൊരു ‘ഗ്രാമത്തെ’ ദത്തെടുക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ‘സമാധാന കാലത്ത്’ അവരുടെ ഇടപെടലില്‍ എതിര്‍പ്പോന്നുമില്ലെങ്കില്‍ പിന്നെ തെരഞ്ഞെടുപ്പുകാലത്ത് അവരുടെ സജീവ ഇടപെടലില്‍ എതിര്‍ക്കാനും ന്യായമൊന്നുമില്ല.

ഇതുകൂടാതെ, മിക്ക നേതാക്കന്മാരും യുഎസിലും കാനഡയിലും പോയി പ്രവാസികളെ സ്വാധീനിക്കാന്‍ ശ്രമിക്കാറുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ലണ്ടനിലും ന്യൂ യോര്‍ക്കിലുമൊക്കെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിലെ സ്വാധീനത്തിനായി വലിയ അഭ്യാസങ്ങളാണ് നടത്തിയത്. നേതാവിന് പ്രവാസികളുടെ അംഗീകാരം ആഗോള തലത്തിലെ നേതാവിന്റെ ലക്ഷണമെങ്കില്‍ പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരുടെ ഇടപെടലില്‍ ഇത്ര മുറുമുറുപ്പെന്തിന്?

ഇത് കാപട്യമല്ലാതെ മറ്റൊന്നുമല്ല.

രിച്ചവരെക്കുറിച്ച് ദോഷം പറയരുത്. എന്നാല്‍ എച്ച് ഡി ദേവഗൌഡ സര്‍ക്കാരിന്റെ കാലത്ത് സി ബി ഐ തലവനായിരുന്ന ജോഗീന്ദര്‍ സിങ്ങിന്റെ കാര്യത്തില്‍ ഈ പ്രമാണം നിസംശയം ഒഴിവാക്കാം.

ഒരു കോമാളിവേഷമായിരുന്ന അദ്ദേഹം രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയെ നയിക്കാന്‍ ഒട്ടും പ്രാപ്തനായിരുന്നില്ല. അതിനുള്ള ബൌദ്ധികശേഷിയോ രീതികളോ അദ്ദേഹത്തിന് അന്യമായിരുന്നു. ദേശീയ സംവാദത്തില്‍ ‘അഴിമതി’ പ്രധാന വിഷയമായ നാളുകളായിരുന്നു അത്. കുറ്റവാളികളും അഴിമതിക്കാരും തമ്മിലുള്ള ‘ബന്ധത്തെ’ക്കുറിച്ച് വോറ സമിതി പറഞ്ഞു. എല്ലാ കണ്ണുകളും സി ബി ഐയിലേക്കായി. എന്നാല്‍ ജോഗീന്ദര്‍ സിങ് അതിനെ ഒരു പ്രശസ്തിക്കുള്ള പ്രചാരണ പരിപാടിയാക്കി മാറ്റി. ജനീവയില്‍ ഒരു പെട്ടിയില്‍ ‘ബോഫോഴ്സ് രേഖകളുമായി’ എത്തിയ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിത്രം പലരും ഓര്‍ക്കുന്നുണ്ടാകും. അതൊരു കാലിപ്പെട്ടിയായിരുന്നു.

അദ്ദേഹത്തിന്റെ കാലഘട്ടത്തോടെ സി ബി ഐക്ക് അതിന്റെ ഗരിമ നഷ്ടമായി.

ര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ഒരു റേഡിയോ പരിപാടി ഞാന്‍ ആകസ്മികമായി കേട്ടു. ചരിത്രപ്രധാനമായ ആ മുഗള്‍ നഗരത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ശ്രോതാക്കള്‍ക്കു ചോദിക്കാവുന്ന ഒരു പരിപാടി. ‘സ്വപ്നാജീ’ എന്നു വിശേഷിപ്പിക്കപ്പെട്ട വിദഗ്ധ  ആകര്‍ഷണീയമായ തരത്തില്‍ വിവരങ്ങളും വിശദീകരണങ്ങളും നല്കിയിരുന്നത് എന്നെ ആകര്‍ഷിച്ചു. ഒരു പഴയ അഭിമാനിയായ ‘ദില്ലിവാല’ എന്ന നിലയില്‍ അരമണിക്കൂര്‍ നേരത്തെ ആ പരിപാടി എന്നെ പിടിച്ചിരുത്തി. ഈ നഗരത്തെക്കുറിച്ച് എല്ലാം അറിയാമെന്നു ഞാന്‍ ധരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ എന്നെക്കാള്‍ അറിയാവുന്ന, ആഴ്ച്ച തോറും തീര്‍ത്തും പുതിയ അറിവുകള്‍ നല്‍കുന്ന ഒരാള്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ കണ്ടെത്തിയത് അത് തൊഴില്‍ മേഖലയില്‍ എന്റെയൊരു പരിചയക്കാരന്‍ ആയിരുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍  ഗൌരബ് ബാനര്‍ജിയുടെ പത്നി ആയിരുന്നു എന്ന്.

ഇപ്പോള്‍ ഈ ‘സ്വപ്നാജീ’-സ്വപ്ന ലിഡ്ലെ- ഒരു കൊച്ചുപുസ്തകം എഴുതിയിരിക്കുന്നു- Chandni Chowk:The Mughal City of Old Delhi- നിരവധി കൌതുകകരമായ വിശദാംശങ്ങളുള്ള വായനാസുഖം തരുന്ന ഒരു പുസ്തകം. ഉദാഹരണമായി നോക്കൂ: ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാല്‍ മന്ദിര്‍ പണിത സേഠ് ദിപ്ചന്ദ് സാഹയ്ക്ക് 16 ആണ്‍മക്കളുണ്ടായിരുന്നു! (പെണ്‍മക്കളെക്കുറിച്ചും ഭാര്യമാരെക്കുറിച്ചും പറയുന്നില്ല) നഗരത്തിലെ കവാടങ്ങള്‍ക്കും പള്ളികള്‍ക്കും അവയുടെ പേരുകള്‍ കിട്ടിയതിനെക്കുറിച്ചും ലിഡ്ലെ പറയുന്നുണ്ട്.

ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാന കേന്ദ്രമായി ഡല്‍ഹിയെ സാന്ദര്‍ഭികവത്കരിക്കുന്നു എന്നതാണു ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി ഞാന്‍ കാണുന്നത്. തന്റെ തലസ്ഥാനമായി ഷാജഹാന്‍ ചക്രവര്‍ത്തി തെരഞ്ഞെടുത്ത യമുനാതീരത്തുള്ള സ്ഥലം ഹിന്ദു ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ലിഡ്ലെ പറയുന്നു. ‘നിഗംബോധക്’ എന്നറിയപ്പെട്ട ഈ സ്ഥലം ഭഗവാന്‍ വിഷ്ണു അനുഗ്രഹിച്ചതാണ് എന്ന് വിശ്വസിക്കുന്നു. “ഈ വെള്ളത്തില്‍ മുങ്ങി നിവരുന്നതുതന്നെ വേദങ്ങളിലെ അറിവ് നല്കും എന്ന് കരുതിയിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു, “ഇവിടെ തലസ്ഥാനം പണിതതിലൂടെ ഭരിക്കാനുള്ള തങ്ങളുടെ അര്‍ഹത ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു മുഗളര്‍.”

രാജ്യഭരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ‘സ്വപ്നാജീ’ കാണിച്ചുതരുന്നു. രാജാവ് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം. “വര്‍ഗ, മത വ്യത്യാസങ്ങളില്ലാതെ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഭരണാധികാരികളായാണ്” മുഗള്‍ രാജാക്കന്മാര്‍ തങ്ങളെ കണ്ടത്. മാത്രവുമല്ല, ഹിന്ദു ആഘോഷങ്ങളെ മുഗള്‍ രാജാക്കന്മാര്‍ പതിവുരീതികള്‍ക്കപ്പുറം അംഗീകരിച്ചു. “ഹോളിയിലും ദീപാവലിയിലും ചക്രവര്‍ത്തി ഏഴു കിണറ്റിലെ വെള്ളത്തിലും കുളിച്ചു.” ഹിന്ദു ആഘോഷ വേളകളില്‍ പ്രത്യേക രാജസദസ്സുകള്‍ നടത്തി. ബഹുസ്വര സംസ്കാരത്തിന്റെ ഒരു വെള്ളിവെളിച്ചം.

പിന്നെ, എന്നത്തേയും പോലെ പ്രജകളെ അമ്പരപ്പിക്കാനും ഭയപ്പെടുത്താനും ശ്രമങ്ങളുണ്ടായിരുന്നു. സാമ്രാജ്യ വമ്പിനെ പ്രദര്‍ശിപ്പിക്കലായിരുന്നു നഗരനിര്‍മ്മിതിയുടെ പ്രധാന ഉദ്ദേശം. “വിശാലമായ നിരത്തുകള്‍ രാജകീയ ഘോഷയാത്രകള്‍ നടത്താന്‍ വേണ്ടിയായിരുന്നു. ചക്രവര്‍ത്തി ജുമാ മസ്ജിദിലേക്ക് പ്രാര്‍ത്ഥനയ്ക്കായോ നഗരം വിട്ടു തെക്കോട്ടോ വടക്കോട്ടോ പോകുമ്പോഴോ ആനകളും കുതിരകളും പല്ലക്കുകളും ഭണ്ഡാരങ്ങളും അകമ്പടി സേവിക്കുന്ന വര്‍ണാഭമായ ഘോഷയാത്രയായിരുന്നു.” (ഇന്നിപ്പോള്‍ പ്രധാനമന്ത്രി പുറത്തിറങ്ങുമ്പോള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ നമുക്ക് കരിമ്പൂച്ചകളും സുരക്ഷാ സന്നാഹങ്ങളുമുണ്ട്.)

ബ്രിട്ടീഷുകാരും മുഗള്‍ പാഠം കൈവിട്ടില്ല. ഉദാഹരണത്തിന്, “നമ്മുടെ ഇന്ത്യന്‍ പ്രജകളുടെ സങ്കല്‍പ്പത്തിലും ആചാരങ്ങളിലും  സമൃദ്ധിയുടെയും പരമ്മോന്നത അധികാരത്തിന്റെയും കേന്ദ്രമായി കാണുന്ന പുരാതന മുഗള്‍ സിംഹാസനത്തില്‍ ‘രാജ്ഞിയുടെ സ്ഥാനം’ ഉറപ്പിക്കാനാണ്” 1877-ലെ ദര്‍ബാര്‍ സംഘടിപ്പിച്ചതെന്ന് വൈസ്രോയ് ലിറ്റന്‍ പറയുന്നുണ്ട്.

രാജഭരണത്തിന്റെ ആഡംബരാലങ്കാരപ്പൊലിമ പകര്‍ത്തുന്നത് നാമിപ്പോഴും തുടരുന്നു എന്ന് ലിഡ്ലെയുടെ പുസ്തകം പൊടുന്നനെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ റിപ്പബ്ലിക് ദിന പ്രകടനവും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുമെല്ലാം അധികാര ശ്രേണിയുടെയും അധികാരശക്തിയുടെയും ഊട്ടിയുറപ്പിക്കലിനുള്ള ‘സാമ്രാജ്യാവശ്യങ്ങളായി’ മനസിലാക്കാനാകും.

ഈ കോട്ടമതിലുകളുടെ നഗരം അതിന്റെ കാപ്പിക്കടകള്‍ക്കും പേരുകേട്ടതായിരുന്നു എന്ന് ലിഡ്ലെയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. അത് കലക്കി, അതിനായി എന്റെയീ കാപ്പിക്കപ്പുയര്‍ത്തുന്നു ഞാന്‍. കൂടെക്കൂടൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍