UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്രിവാളിനോട് ചെയ്യുന്നതും കെജ്രിവാള്‍ ചെയ്യുന്നതും- എന്‍.പി ആഷ്‌ലി എഴുതുന്നു

Avatar

എന്‍.പി ആഷ്‌ലി

ഈയിടെ നാട്ടില്‍ പോയപ്പോള്‍ കണ്ടവര്‍ക്കൊക്കെ ചോദിക്കാനുണ്ടായിരുന്നത് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചായിരുന്നു. എന്നാലത് ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും നിലംപരിശാക്കിക്കൊണ്ട് നേടിയ വിജയത്തെക്കുറിച്ചായിരുന്നില്ല എന്നതാണ് കൗതുകകരം. അരവിന് കെജ്രിവാള്‍ ഒരു ആര്‍.എസ്.എസ് ഏജന്റാണോ എന്ന ഗൂഢാലോചനാ സിദ്ധാന്തം സംശയമായും തീര്‍പ്പായും ഉന്നയിച്ചുകേട്ടു. കോണ്‍ഗ്രസ് വക്താവായ ദിഗ്വിജയ് സിംഗ് പറഞ്ഞ ഒരാരോപണത്തിന് എങ്ങനെ ഇത്രമേല്‍ സ്വീകാര്യത കിട്ടി എന്ന് ഞാനമ്പരന്നു. തെരഞ്ഞെടുപ്പിന് മുമ്പേതന്നെ ഡല്‍ഹി തിരഞ്ഞെടുപ്പ് തോറ്റുകിട്ടാനാണ് ബി.ജെ.പി. കളിക്കുന്നതെന്നൊരു കണ്ടുപിടുത്തം ഗള്‍ഫ് ടുഡേയില്‍ വന്നിരുന്നു. അരവിന്ദ് കെജ്രിവാള്‍ നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിച്ചപ്പോള്‍ കെജ്രിവാളിനും മോദിക്കും വോട്ടുകൊടുക്കരുതെന്ന് പ്രസംഗിച്ചു നടന്ന ചില ബുദ്ധിജീവികളും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ ബി.ജെ.പിയുണ്ടാക്കിയ പദ്ധതിയാണ് ആം ആദ്മി പാര്‍ട്ടി എന്ന്! മുസ്ലീം ചേരിപ്രദേശങ്ങളില്‍ പോസ്റ്ററൊട്ടിച്ചു നടന്ന കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ബി ടീമാണ് ആപ് എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയും ഒരു രാഷ്ട്രീയ, സാമൂഹ്യപ്രതിഭാസത്തെ മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുഴുവന്‍ സമയ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്ക് കടന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം
ഡല്‍ഹിയില്‍ കഴിയാവുന്നത്ര സീറ്റില്‍ ജയിക്കാന്‍ ബി.ജെ.പി.യും ആര്‍.എസ്.എസും ആവുന്നതെല്ലാം ചെയ്തിരുന്നു എന്നതാണ് കണക്കുകൊണ്ടും അനുഭവം കൊണ്ടും തെളിയുന്ന ഒരു കാര്യം. ഹിന്ദുത്വവോട്ടുകള്‍ മുഴുവനായും (32% വോട്ടുകള്‍) അവര്‍ക്ക് കിട്ടിയത് മോദിയേയും കിരണ്‍ ബേദിയേയും കേന്ദ്രസര്‍ക്കാരിനെ മുഴുവനും രണ്ടു മുഖ്യമന്ത്രിമാരെയും പല എം.എല്‍.എമാരെയും ഇറക്കുമതി ചെയ്ത പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങളെയും ഉപയോഗിച്ച് അവര്‍ ഇറങ്ങിയതുകൊണ്ടുതന്നെയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ അജണ്ട വെള്ളവും വൈദ്യുതിയും വിദ്യാഭ്യാസവും ആശുപത്രിയുമാക്കി തീര്‍ച്ചപ്പെടുത്തുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ കാണിച്ച അസാധാരണമായ മിടുക്ക് ബി.ജെ.പിയുടെ സ്ഥിരം ഗെയിംപ്ലാനുകളെ നിര്‍വ്വീര്യമാക്കി (ചെറിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായ അഞ്ച് പ്രദേശങ്ങളിലും ആപ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറിയതാണ് തെരഞ്ഞെടുപ്പിലെ ഒരു സവിശേഷത).

ഡല്‍ഹിയില്‍ കണ്ട ഫലം വില്‍ചൂണ്ടുന്നത് സുപ്രധാനമായ ഒരു സംഗതിയിലേക്കാണ്. ബി.ജെ.പി.ക്ക് അവരുടെ മുഴുവന്‍ വോട്ടുകളും കിട്ടിയാലും എതിര്‍ വോട്ടുകള്‍ ഒരുമിച്ചാല്‍ ഒരു തെരഞ്ഞെടുപ്പും അവര്‍ക്ക് ജയിക്കാനാവില്ല. ഇവിടെയാണ് വിശ്വസനീയമായ ബദല്‍ ആവാനുള്ള കോണ്‍ഗ്രസിന്റെ കഴിവില്ലായമയുടെ സാമൂഹ്യസാമ്പത്തിക കാരണങ്ങള്‍ ശ്രദ്ധാര്‍ഹമാവുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികളാവുന്നത് രണ്ടിന്റെയും സാമ്പത്തികാടിത്തറ കോര്‍പ്പറേറ്റ് ഫണ്ടിംഗിലാണെന്നതും അവരുടെ രാഷ്ട്രീയ പ്രവര്‍ത്തന മാതൃകകള്‍ സമാനമാണെന്നതും കൊണ്ടാണ്. സാമൂഹികാര്‍ത്ഥത്തില്‍, 1990കള്‍ മുതലാരംഭിച്ച ആഗോളവത്ക്കരണത്തിന്റെയും വിജ്ഞാനസമ്പദ്‌വ്യവസ്ഥയുടെയും കാലം ഒരു തലമുറക്കാലം കൊണ്ട് ആഗോളീയത (ഗ്ലോബാലിറ്റി)യെന്ന ജീവിതാവസ്ഥയിലുള്ള നഗരങ്ങളെയും നഗരജീവികളെയും സൃഷ്ടിച്ചുവച്ചിരിക്കുന്നു. അവരുടെ പ്രശ്‌നങ്ങളോട് Web 2.0 കാലത്തിനു യോജിച്ച മട്ടില്‍ പങ്കാളിത്തപരമായി സംവദിക്കാനുള്ള ഭാഷയും സന്നദ്ധതയുമാണ് ആപ്പിന്റെ ഡല്‍ഹി വിജയത്തിന്റെ ഒരു അടിസ്ഥാനം. ജന്മിത്വത്തിനു മുകളില്‍ ദേശീയത പുതച്ചെത്തിയ കോണ്‍ഗ്രസിനോ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിലൂടെ വളര്‍ന്നുവരികയും സാമൂഹ്യപ്രശ്‌നങ്ങളെ ഭൂരിപക്ഷതാ ആകാംക്ഷകളിലും ചിഹ്നരാഷ്ട്രീയത്തിലും മുക്കിക്കളയുന്ന ബി.ജെ.പിക്കോ ഇല്ലാതെ പോയത് അത്തരം ഭാഷ തന്നെയാണ്. ചൂലും തൊപ്പിയും ഏറ്റെടുത്ത് ഈ പുതിയ നാഗരിക മധ്യഅധോവര്‍ഗ്ഗങ്ങളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി. ഒരു ശ്രമം നടത്തിയെങ്കിലും അതു ചിഹ്നങ്ങള്‍ക്കപ്പുറം പോയതുമില്ല.

 

 

കോണ്‍ഗ്രസുകാര്‍ സ്വകാര്യമായി ആപ്പിനു വോട്ടുചെയ്തു എന്നതാണ് മറ്റൊരു ആരോപണം. പാര്‍ട്ടിക്കാര്‍ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് കേഡറുകള്‍ക്ക് മാത്രമല്ലേ നടപ്പാക്കാനാവൂ? ഒമ്പത് ലക്ഷം വോട്ടുകിട്ടിയിട്ടുണ്ട് കോണ്‍ഗ്രസിന്. അതിലധികം കേഡര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനുണ്ടെന്ന് ആരെങ്കിലും പറയുമോ? അപ്പോള്‍ സ്വന്തം വോട്ടുകിട്ടിയിട്ടുണ്ടെന്നും സ്വന്തം വോട്ടു മാത്രമേ കിട്ടിയിട്ടുള്ളു എന്നും അവര്‍ക്ക് സമ്മതിക്കേണ്ടിവരും. മുസ്തഫാബാദില്‍ കോണ്‍ഗ്രസും ആപ്പും തമ്മില്‍ നടന്ന മത്സരത്തിന്റെ കടുപ്പം കൊണ്ട് മാത്രമാണ് ബി.ജെ.പി അവിടെ ജയിച്ചുകയറിയത്.

ബി.ജെ.പി.യുടെയും സഹഹിന്ദുത്വശക്തികളുടെയും പ്രസംഗപ്രവര്‍ത്തനഫലമായി മുസ്ലീം ക്രിസ്ത്യന്‍ സിഖ് വോട്ടുകളും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നു കുടിയേറിയവരുടെയും സ്ത്രീകളുടെയും പുതിയതായി വോട്ടര്‍പട്ടികയില്‍ ചേര്‍ന്നവരുടെയും വോട്ടുകള്‍ കൊണ്ട് തന്നെയാണ് ആപ്പിനിത്ര വലിയ വിജയം നേടാനായത് എന്നത് വ്യക്തമാണെങ്കിലും ആപ് നടത്തിയ രാഷ്ട്രീയവത്ക്കരണത്തിന്റെയോ തൃണമൂല്‍ പ്രവര്‍ത്തനത്തെയോ നവമാധ്യമങ്ങളുടെ ഉപയോഗത്തെയോ മനസ്സിലാക്കുന്നതിനു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ അഭിരമിക്കാനാണ് പലരും താല്‍പ്പര്യപ്പെട്ടു കണ്ടത്.

കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങള്‍
കെജ്രിവാള്‍ പ്രാഥമികമായും ആത്യന്തികമായും സംവരണ വിരുദ്ധനാണെന്ന് വാദിച്ച ഒരു സുഹൃത്തിനോട് ഞാന്‍ വിയോജിച്ചു. ”ഇന്ത്യയില്‍ നിലനില്‍ക്കുന്ന അസമത്വം പരിഹരിക്കണമെങ്കില്‍ ഒരു നിശ്ചിത കാലയളവ് വരെ സംവരണം കൂടിയേ തീരൂ എന്ന് കെജ്രിവാള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഈ വാദം പറയുന്നത് ഞാനും നേരിട്ടു കേട്ടിട്ടുള്ളതാണ്. സുഹൃത്ത് ഉടക്കി. ”കണ്ടോ കണ്ടോ, സമത്വം കൈവരിക്കുന്നതുവരെ മാത്രം. ക്ലാസിക്ക് സംവരണ വിരുദ്ധ മനോഭാവം!”. സാമൂഹ്യ, ചരിത്രയാഥാര്‍ത്ഥ്യങ്ങളിലധിഷ്ഠിതമല്ലാതെ എങ്ങനെയാണ് സുഹൃത്തേ സംവരണത്തെക്കുറിച്ച് സംസാരിക്കേണ്ടത് എന്ന ചോദ്യം പലരോടും ചോദിക്കേണ്ടി വരുന്നു. മണ്ഡല്‍ രാഷ്ട്രീയത്തെ ദേശീയതയുടെയും വര്‍ഗ്ഗവിശകലനത്തിന്റെയും സാമൂഹ്യാന്ധതകളില്‍ നിന്നും മോചിപ്പിച്ച ഒരു രാഷ്ട്രീയധാരയോ ഘട്ടമോ ആയല്ലാതെ രാഷ്ട്രീയലക്ഷ്യസ്ഥാനമായി കാണുന്നവര്‍ മണ്ഡല്‍ രാഷ്ട്രീയത്തെ ഹിന്ദുത്വരാഷ്ട്രീയത്തിലലിയിപ്പിച്ച നരേന്ദ്ര മോദിയുടെ പദ്ധതിക്കു നേരെ കണ്ണടയ്ക്കുക തന്നെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടനെയും സാമ്രാജ്യത്വമൂലധനത്തിന്റെ ഒരു ഘട്ടത്തെയും അധിഷ്ഠിതമാക്കിയുള്ള മാര്‍ക്‌സിയന്‍ വിശകലനത്തെ സിദ്ധാന്തപരമായ മുരട്ടുവാദമായി അവതരിപ്പിക്കുന്ന ഒരു വിഭാഗം പെറ്റി ബൂര്‍ഷ്വാകളെന്ന പാഠപുസ്തകവിഭാഗത്തോടുണ്ടാവേണ്ട സാങ്കല്‍പ്പിക ദേഷ്യം തീര്‍ക്കാനാണ് വര്‍ഗ്ഗവിശകലനത്തില്‍ കെജ്രിവാള്‍ ഒരു മധ്യവര്‍ഗ്ഗഹീറോയാണെന്ന സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുന്നത്. ആപ്പിന്റെ പ്രചരണം കൂടുതലായും മധ്യവര്‍ഗ്ഗങ്ങളെ ഉദ്ദേശിച്ചായിരുന്നു എന്നു പറഞ്ഞവര്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പാവപ്പെട്ടവരുടെ ഇടയില്‍ ഉണ്ടാക്കിയ അടിത്തറയില്‍ നിന്നാണ് ആപ് മധ്യവര്‍ഗ്ഗങ്ങളിലേക്ക് ചെന്നത് എന്നത് ശ്രദ്ധിക്കുന്നില്ല. പൊതുമണ്ഡലത്തിന്റെ ചര്‍ച്ചകള്‍ക്ക് പുറത്ത് നില്‍ക്കുന്നവരെ രാഷട്രീയ പ്രക്രിയയില്‍ സുപ്രധാനമാക്കുന്നതില്‍ 1957ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കുള്ള പ്രാധാന്യം തന്നെ 2015ലെ ഡല്‍ഹി ആപ് വിജയത്തിനുണ്ട്.

താന്‍ ഭരിച്ച 49 ദിവസത്തെ നല്ല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കെജ്രിവാള്‍ വോട്ടു ചോദിച്ചതെന്നത് കൗതുകകരമാണ്. ഈ 49 ദിവസത്തെ ഭരണം നടക്കുമ്പോള്‍ ഒരു മാധ്യമസ്ഥാപനവും ഈ ഭരണത്തെപ്പറ്റി ഒരു നല്ല റിപ്പോര്‍ട്ട് പോലും കൊടുത്തിട്ടില്ല. അതുപോലെ, മുഖ്യമന്ത്രിയായിരിക്കെ ധര്‍ണ്ണയില്‍ പോയതിന് അരാജകവാദിയെന്നും പോലീസ് വിരുദ്ധനെന്നും പേരുകേട്ട കെജ്രിവാള്‍, പിന്നീട് ഭൂമി കൈയ്യേറ്റ ബില്ലിനെതിരെ കര്‍ഷക സംഘടനകളും അണ്ണാ ഹസാരെയും നടത്തിയ ഉപവാസത്തില്‍ പങ്കെടുത്തപ്പോള്‍ ‘ധര്‍ണ്ണക്കാരന്‍’ എന്ന പേരുപോലും ഒരു മാധ്യമസ്ഥാപനവും ഉയര്‍ത്തിക്കണ്ടില്ല.

ലോക്‌സഭയിലും പഞ്ചാബ് ഉപതിരഞ്ഞെടുപ്പുകളിലും ദയനീയമായി പരാജയപ്പെട്ട്, ഗതികിട്ടാതെ അലയുന്ന ഒരു ഘട്ടത്തില്‍ ഡല്‍ഹിയില്‍ മാത്രം മത്സരിക്കുക എന്ന തീരുമാനം പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുകയും അത് നടപ്പിലാക്കാന്‍ മനീഷ് സിസോദിയ, അശുതോഷ്, ആശിഷ് ഖേതാന്‍ തുടങ്ങിയവരുടെ ഒരു ടീമിനെ ഏല്‍പ്പിക്കുകയും ചെയ്തിടത്താണ് കെജ്രിവാളിന്റെ ഒരു വിജയം. ആ തീരുമാനം രാഷ്ട്രീയപരമായി ശരിയാണെന്ന് തെളിയുകയും ചെയ്തു.

എങ്കിലും ആപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്: ഡല്‍ഹിയിലെ 10 പേരില്‍ മൂന്നു പേര്‍ പ്രത്യയശാസ്ത്രപരമായി ബി.ജെ.പിക്കാരാണ്. മതപരമായ ആ പിന്തുണ കുറയാന്‍ പ്രയാസമാണ്. സന്നദ്ധസംഘടനയുടെ അടിത്തറയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ആപ്പിന് ആ അടിത്തറ നിലനിര്‍ത്തുക ഒട്ടും എളുപ്പമല്ല. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് സമൂഹത്തില്‍ അധീശത്വമുള്ള മധ്യവര്‍ഗ്ഗ, മേല്‍ജാതി, ആണ്‍ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനവര്‍ഗ്ഗ, കീഴ്ജാതി, സ്ത്രീസ്വത്വങ്ങളുടെ മേല്‍ സ്ഥാപിക്കാന്‍ സാദ്ധ്യതയുള്ള അധികാരം (ഒരു സ്ത്രീയും മന്ത്രിസഭയിലില്ലാത്തതും പാര്‍ട്ടിയുടെ നേതൃനിരയിലെ അമിത ആണ്‍ പ്രാധാന്യവും ആശങ്കപ്പെടുത്തുന്നതു തന്നെയാണ്). സാമൂഹ്യ ഉള്ളടക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദേശീയ പ്രസ്ഥാനത്തിനു സംഭവിച്ചതു തന്നെ ആപ്പിനും സംഭവിക്കും പ്രാദേശിക ഉപരിവര്‍ഗ്ഗങ്ങള്‍ ഈ കുടയ്ക്ക് കീഴില്‍ തങ്ങളുടെ ചൂഷണവും അടിച്ചമര്‍ത്തലും തുടരും. ഉള്ള കോട്ടകളെ സുദൃഢീകരിക്കുക എന്ന അബദ്ധം, നിലനില്‍ക്കുന്ന സാമൂഹ്യസ്ഥിതിയോടും സാമ്പത്തികശക്തികളോടും സന്ധിചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയാവുക എന്ന അപകടത്തിലേക്കാണ് ആപ്പിനെ എത്തിക്കുക.

 

 

പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്; കെജ്രിവാള്‍ ചെയ്യുന്നത്
പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും രാഷ്ട്രീയകാര്യസമിതിയില്‍ നിന്നു നീക്കാനുള്ള തീരുമാനം കെജ്രിവാള്‍ ചെയ്യരുതാത്തത്, ചെയ്യരുതാത്ത രീതിയില്‍ ചെയ്തു എന്നൊരു തോന്നലിലേക്കാണ് എല്ലാവരെയും എത്തിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഒരു നിലപാടെടുക്കുന്നതിന് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പറഞ്ഞ കാര്യങ്ങളും അവരെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും വെവ്വേറെ വിശകലനം ചെയ്തുനോക്കുന്നത് നല്ലതാണ്.

ആപ് സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നപ്പോള്‍ അതില്‍ 12 പേരെക്കുറിച്ച് തനിക്ക് എതിര്‍പ്പുണ്ടെന്ന് കാണിച്ച് പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിക്ക് കത്തെഴുതി. വിഷയം അന്വേഷിച്ച് പാര്‍ട്ടിയുടെ ലോക്പാല്‍ അതില്‍ രണ്ടുപേരെ അയോഗ്യരാക്കി. ബാക്കി പത്തുപേരുടെ സ്ഥാനാര്‍ത്ഥിത്വം സാധുവായി പ്രഖ്യാപിച്ചു. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ ആരോപണം പാര്‍ട്ടി സംവിധാനം അന്വേഷിച്ചു പരിഹാരം നല്‍കിക്കഴിഞ്ഞാല്‍ അക്കാര്യം ആവര്‍ത്തിച്ചുപറയുന്നതും അരവിന്ദ് കെജ്രിവാള്‍ തന്റെ നയങ്ങളില്‍ ഒത്തുതീര്‍പ്പ് ചെയ്തുവെന്ന് ആരോപിക്കുന്നതും മാന്യതയല്ല. അതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് പൂര്‍ണ്ണമായി സഹകരിക്കാതെ മാറിനിന്നതിനും തെരഞ്ഞെടുപ്പ് സമിതിയുമായി അകന്നു നിന്നതിനും കാരണമായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതും, പറയുന്നതും.

പാര്‍ട്ടിയുടെ ലോക്പാല്‍ സംശയാതീതനാണോ എന്ന ചോദ്യം ന്യായമാണ്. പാര്‍ട്ടിയിലെ വഴക്കിനെക്കുറിച്ച് നേതൃത്വത്തെ ധരിപ്പിച്ച ലോക്പാലായ അഡ്മിറല്‍ രാംദാസ് ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ പ്രശാന്ത് ഭൂഷണോടൊപ്പമാണ് എന്നതില്‍ നിന്നുതന്നെ ഡല്‍ഹി തെരഞ്ഞെടുപ്പ് ടീമിന്റെ കൈയിലെ പാവയായിരുന്നില്ല അദ്ദേഹം എന്ന് മനസ്സിലാക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് ലോക്പാലിനെ തങ്ങളുടെ തീരുമാനങ്ങളെ സാധൂകരിക്കാനുപയോഗിച്ച ഡല്‍ഹി ടീം ഇപ്പോള്‍ അദ്ദേഹത്തെ തള്ളാന്‍ കളിക്കുകയാണ്. ഇതില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാണ്; പാര്‍ട്ടി താന്തോന്നിത്തത്തിലേക്കാണ് പോവുന്നത്. പ്രശാന്ത് ഭൂഷന്റെ അപ്രമാദിത്തഭാവവും ഡല്‍ഹി ടീമിന്റെ മാടമ്പിത്തവും, പങ്കിട്ടെടുത്ത ഒരു ദൗത്യം നഷ്ടപെടുന്നതു തന്നെയാണ് കാണിക്കുന്നത്.

പ്രശാന്ത് ഭൂഷണില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് യോഗേന്ദ്ര യാദവിന്റെ കാര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെ നയങ്ങള്‍ പാളിയതിന്റെ ഉത്തരവാദിത്തം യോഗന്ദ്ര യാദവിനാണെന്ന ആരോപണം കനപ്പെട്ടപ്പോള്‍, പാര്‍ട്ടി തീരുമാനങ്ങള്‍ കെജ്രിവാളിന്റേതായി മാറുന്നുവെന്ന് കാണിച്ച് യാദവ് 2014 ജൂണില്‍ രാഷ്ട്രീയകാര്യസമിതിക്ക് കത്തെഴുതി രാജി സമര്‍പ്പിച്ചു. അന്ന്!, യോഗേന്ദ്രയാദവ് തന്റെ ‘ജ്യേഷ്ഠ സഹോദരനാണെന്നും തെറ്റുചെയ്യുമ്പോള്‍ ശാസിക്കാനുള്ള അവകാശം ജ്യേഷ്ഠ സഹോദരനുണ്ടെ’ന്നും ആണ് പത്രസമ്മേളനത്തില്‍ കെജ്രിവാള്‍ പറഞ്ഞത്. യാദവും കെജ്രിവാളും തമ്മിലുള്ള ദേശീയതലത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനിന്നിരിക്കാമെങ്കിലും ഡല്‍ഹി തെരഞ്ഞെടുപ്പിലുടനീളം അതിഗംഭീരമായാണ് യോഗേന്ദ്ര യാദവ് പാര്‍ട്ടിയെ അവതരിപ്പിച്ചതും പ്രതിരോധിച്ചതും. ഇവര്‍ തമ്മിലുള്ള അകലത്തെക്കുറിച്ചുള്ള ചോദ്യങ്ങളെപ്പോലും അദ്ദേഹം സ്വതസിദ്ധമായ സൗമ്യതയോടെ നേരിട്ടു. അങ്ങനെ ആറുമാസത്തിലധികം ഒരുമിച്ച് പ്രവര്‍ത്തിച്ച് നേടിയ ഒരു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതില്‍ ഭാഗഭാക്കായ ഒരാളെ മുന്‍ചെയ്തി (!)കളുടെ പേരില്‍ ശിക്ഷിക്കുന്നത് ക്രൂരവും അസംബന്ധവുമാണ്. ഡല്‍ഹി ഇലക്ഷന്‍ ടീം തങ്ങളുടെ ശക്തി കാണിക്കുന്നത് മാടമ്പി ആണുങ്ങളുടെ രീതിയ്ക്കാണ്. ഇത് നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.

ജനാധിപത്യപരമായ പ്രക്രിയയിലൂടെയല്ലേ ഇരുവരും പുറത്തുപോയതെന്ന് പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത് കേള്‍ക്കുന്നുണ്ട്. അവരുടെ ചില നിലപാടുകളുടെ പേരില്‍ അവരെ ഒഴിവാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. ആ യോഗപരിപാടി തന്നെ തെറ്റാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ കെജ്രിവാളിന് തന്റെ തീരുമാനം അംഗീകരിപ്പിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ട അവസ്ഥ ഉണ്ടായിരുന്നിരിക്കാം. ഇന്ന് ആ അവസ്ഥ ഒട്ടുമില്ല. അത്തരം ഒരു അവസ്ഥയില്‍ എതിരഭിപ്രായമുള്ളവരെ രാഷ്ട്രീയകാര്യസമിതിയില്‍ നിലനിര്‍ത്താനുള്ള ആത്മവിശ്വാസം കെജ്രിവാള്‍ കാണിക്കണമായിരുന്നു. സ്വന്തം മുഖത്തടിച്ച ഓട്ടോഡ്രൈവറെ ചെന്നുകണ്ട് ബൊക്കെ നല്‍കിയ ആള്‍ക്ക്, തന്നെ നക്‌സലൈറ്റ് എന്നും ജിഹാദി ചാരനെന്നും മാറിമാറി വിളിച്ച മോദിയോടും മുന്‍സഹപ്രവര്‍ത്തകരായ ബേദിയോടും ഷാസിയ ഇല്‍മിയോടും കാണിച്ച അന്തസ്സ് പ്രശാന്ത് ഭൂഷണോടും യോഗേന്ദ്ര യാദവിനോടും കാണിക്കാന്‍ കഴിയാത്തത് വലിയ വീഴ്ച തന്നെയാണ്.

ഇനി കെജ്രിവാളിന് ഇവരോടൊപ്പം രാഷ്ട്രീയകാര്യസമിതിയില്‍ പ്രവര്‍ത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് വ്യക്തമായിപ്പറഞ്ഞ് വൈരുദ്ധ്യങ്ങളില്ലാത്ത മേഖലയിലേക്ക് അവരുടെ പ്രവര്‍ത്തനം മാറ്റുക എന്നത് തികച്ചും എളുപ്പമുള്ള ഒരു വഴിയായിരുന്നു. ഡല്‍ഹി വിജയം നേടിക്കഴിഞ്ഞതിനാലും ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയ്ക്ക് മറ്റ് ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കെജ്രിവാള്‍ എന്നതിനാലും ഉന്നതാധികാരസമിതിയുടെ ഭൂരിപക്ഷതീരുമാനമനുസരിച്ച് പാര്‍ട്ടിയുടെ മുന്നോട്ടുള്ള നീക്കങ്ങളെ കൊണ്ടുപോവാമായിരുന്നു. അവിടെ ഭൂഷണും യാദവും ന്യൂനപക്ഷമായിരുന്നുവെങ്കില്‍ അവരുടെ ആശയങ്ങള്‍ നടപ്പാവുമായിരുന്നില്ല. യുക്തിപരമായോ പ്രായോഗികമായോ ധാര്‍മ്മികമായോ യാതൊരു നീതീകരണവുമില്ലാത്ത ഈ ചുവടില്‍ കാണുന്നത് പ്രതികാരബുദ്ധിയും അധികാരസ്ഥാപനത്തിനുള്ള തിടുക്കവുമാണ്. കെജ്രിവാളിന്റെ അസാന്നിദ്ധ്യം യാദവിന്റെയും ഭൂഷണിന്റെയും പുറത്തുപോകലില്‍ അദ്ദേഹത്തിനുള്ള താല്‍പ്പര്യമായോ തല്‍പ്പരകക്ഷികളെ തടയാനുള്ള കഴിവുകേടായോ മാത്രമേ മനസ്സിലാക്കാനാവൂ. രണ്ടായാലും അത് അദ്ദേഹത്തിനു നന്നല്ല.

 

 

യോഗേന്ദ്ര യാദവിന്റെ സ്ഥാനചലനം ഡല്‍ഹിയെ കാര്യമായി ബാധിക്കാനിടയില്ല. പക്ഷെ ആപ്പിനെക്കുറിച്ച് ഇന്ത്യയിലാകെയും പുറത്തും ഉള്ള ബൗദ്ധിക ഉത്സാഹത്തിന് ഒരു പ്രധാന കാരണം ഈ മനുഷ്യന്‍ തന്നെയാണ്. നേരിട്ടുള്ള പ്രചരണങ്ങളില്‍ കെജ്രിവാളിനുള്ള അപാരമായ കഴിവുപോലെതന്നെയാണ് യോഗേന്ദ്ര യാദവിന്റെ സൈദ്ധാന്തികമായി ആഴമുള്ള വിശകലനങ്ങള്‍ ടി.വി.യിലടക്കം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആപ് ഉയര്‍ന്നുവന്നത് ഈ പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായാണ്. അതുപോലതന്നെയാണ് നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളിലൂടെ മേധാ പട്കറെയും ഉദയകുമാറിനെയുമടക്കമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കി രാജ്യത്തെ മനുഷ്യാവകാശസമരങ്ങളെ ആപ്പിലൂടെ മുഖ്യധാരാരാഷ്ട്രീയത്തിലെത്തിക്കുന്നതില്‍ പ്രശാന്ത് ഭൂഷണ്‍ വഹിച്ച പങ്ക്. ഈ ധാരകളുടെയും നഷ്ടത്തിലേക്കാണ് ഈ രണ്ടുപേരുടെ സ്ഥാനം തെറിക്കല്‍ നീളുന്നതെങ്കില്‍ ബൗദ്ധികതലമോ സാമൂഹ്യപ്രസ്ഥാനങ്ങളുടെ അടിത്തറയോ ഇല്ലാതെ ആപ്പിന് ദേശീയമായൊരു കാഴ്ച്ചപ്പാടോ റോളോ ഉണ്ടാവില്ല.

ആപ് സോഷ്യലിസത്തിന് ഇത് ദോഷം ചെയ്യുമെന്ന് തീര്‍ച്ചയാണ്. പക്ഷെ ചിലര്‍ പറയുമ്പോലെ ഇത് ആപ്പിനെ ഒരു മൃദുവര്‍ഗീയപാര്‍ട്ടിയാക്കുമോയെന്ന് ആശങ്കപ്പെടാന്‍ സമയമായിട്ടില്ല. പ്രശാന്ത് ഭൂഷണെതിരെ ഏറ്റവും രൂക്ഷമായ ആക്രമണവുമായി വരുന്ന ആശിഷ് ഖേതാന്‍ ഇദ്ദേഹത്തെയാണ് ഡല്‍ഹി കമ്മീഷന്റെ വൈസ് ചെയര്‍മാനായി കെജ്രിവാള്‍ നിയമിച്ചിട്ടുള്ളത് ആണ് ഗുജറാത്ത് കലാപത്തെക്കുറിച്ച് മോദിക്കും അമിത് ഷായ്ക്കുമെതിരെ ഏറ്റവും അപകടകരമായ പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. എന്തായാലും ഭൂഷണും യാദവും കെജ്രിവാളിനെ പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന് വൈകാരിക ഭീതി പടര്‍ത്താന്‍ ശ്രമിച്ച സഞ്ജയ് സിംഗിനെപ്പോലെയുള്ളവരുടെ കുടിലതയെ തിരിച്ചറിഞ്ഞ് തള്ളിക്കളയുകയാണ് കെജ്രിവാളിനും ആപ്പിനും നല്ലത്. കെജ്രിവാളിനു ശേഷം ഒരു പ്രളയമുണ്ടാവില്ല എന്നു പറയേണ്ടതും വിശ്വസിപ്പിക്കേണ്ടതും, രാഷ്ട്രീയക്കാരന്‍ എന്നാല്‍ ജാഗ്രതയുള്ള പൌരന്‍ മാത്രമാണ് എന്ന, താന്‍ അവതരിപ്പിച്ച മാതൃകയെ നിലനിര്‍ത്താന്‍ കേജ്രിവാള്‍ മിനിമം ചെയ്യേണ്ട കാര്യമാണ്.

ആപ്പ് ഒരു സാമൂഹ്യപരീക്ഷണമാണ്. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ പാളാം; വിജയിക്കാം. അതിന്റെ ഉദ്ദേശ്യശുദ്ധി കെജ്രിവാള്‍ ആവര്‍ത്തിച്ചു പറയുന്ന നിയ്യത്ത് ആളുകള്‍ മനസ്സിലാക്കും. പക്ഷെ യാതൊരു ഉദ്ദേശ്യശുദ്ധിയുമില്ലാതെ മറ്റു പാര്‍ട്ടികളുടെ നയവും സൂത്രവും പ്രവര്‍ത്തനവും പകര്‍ത്താനാണ് ശ്രമമെങ്കില്‍ പിന്നെ പരീക്ഷണമൊന്നുമില്ലല്ലോ. അതിനെ അങ്ങനെ കാണേണ്ടിവരും.

കെജ്രിവാളിനോടു ചെയ്യുന്നതും കെജ്രിവാള്‍ ചെയ്യുന്നതും ശരികേടുകളുടെ ഈ ധാരകളെ പഠിക്കുന്നതിലൂടെയേ രാഷ്ട്രീയമുന്നേറ്റങ്ങളുടെ ഗുണഫലങ്ങളെ ശേഖരിച്ചുമുന്നേറാനും ധാര്‍മ്മികമായ ഒരു കാഴ്ച്ചപ്പാട് രൂപീകരിച്ച് രാഷ്ട്രീയ നേതൃത്വങ്ങളെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കി ജനാധിപത്യവല്‍ക്കരണത്തെ സമ്പുഷ്ടമാക്കാനും കഴിയൂ.

 

അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: മലാലയ്ക്കു നേരെ വിരല്‍ ചൂണ്ടുന്നവരോട്

 

(ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനും നാടകപ്രവര്‍ത്തകനുമാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍