UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആം ആദ്മി പാര്‍ടി മറ്റേതൊരു ഇന്ത്യന്‍ രാഷ്ട്രീയകക്ഷിയെ പോലെ പിന്തിരിപ്പനാണ്

Avatar

ടീം അഴിമുഖം


ചൊവ്വാഴ്ച്ച രാവിലെ ഭാരത് ഇന്‍റര്‍നാഷണല്‍ ട്രാവല്‍ ബസാര്‍ ഉദ്ഘാടന വേദി. കേന്ദ്ര വിനോദ സഞ്ചാര മന്ത്രി മഹേഷ് ശര്‍മ പരിപാടിയുടെ ഉദ്ഘാടനത്തിനിടെ കാശ്മീരിനുള്ള സാമ്പത്തിക സഹായ പദ്ധതികൂടി പ്രഖ്യാപിച്ചു.

വേദിയില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും, ഡല്‍ഹി വിനോദ സഞ്ചാര മന്ത്രി കപില്‍ മിശ്രയും ഇരിക്കുന്നു.

ശര്‍മയുടെ പ്രസംഗം കഴിഞ്ഞു അല്‍പനിമിഷത്തിനകം ചെറുപ്പക്കാരനായ ഡല്‍ഹി വിനോദസഞ്ചാര മന്ത്രി പ്രസംഗിക്കാന്‍ ആരംഭിച്ചു. “മഹേഷ് ശര്‍മാജി വളരെ അഭിമാനത്തോടെ കാശ്മീരിനുള്ള 500 കോടി പദ്ധതി പ്രഖ്യാപിച്ചു. കാശ്മീര്‍ നമ്മുടെ അഭിമാനമാണ്. പക്ഷേ അതേ സമയം കാശ്മീരില്‍ ഭീകരവാദികളെ വിനോദസഞ്ചാരികളായാണ് കാണുന്നത്.” അതുകൊണ്ടും മതിയാകാതെ മിശ്ര ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയോട്, ബുര്‍ഹാന്‍ വാനിയേയും അഫസല്‍ ഗുരുവിനെയും  ഭീകരവാദികളായാണോ അല്ലാതെയാണോ അവര്‍ കണക്കാക്കുന്നതെന്ന് ചോദിച്ചു.

വിനോദസഞ്ചാര മന്ത്രിയുടെ പൊട്ടിത്തെറി സംഘാടകരെയും അതിഥികളെയും അധികൃതരെയും ഞെട്ടിച്ചു (ആപ് (AAP)ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാരാണ് പരിപാടിയുടെ നഗരപങ്കാളി).

ജമ്മു കാശ്മീരില്‍ നിന്നുള്ള പ്രതിനിധി സംഘം മിശ്രയെ തടസപ്പെടുത്തിയപ്പോള്‍ മെഹ്ബൂബ മുഫ്തി ഇടപ്പെട്ടാണ് രംഗം തണുപ്പിച്ചത്. “വിട്ടേക്കു, ഞാന്‍ മറുപടി പറഞ്ഞോളാം,” അവര്‍ പറഞ്ഞു. കാശ്മീര്‍ വിഷയം ഒഴിവാക്കാന്‍ സംഘാടകരും മിശ്രയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും സ്ഥലം വിടാന്‍ മിശ്ര തീരുമാനിച്ചു. “എനിക്കിവരുടെയൊപ്പം (മുഫ്തി) വേദി പങ്കിടാനാവില്ല,”അയാള്‍ പറഞ്ഞു.

ഉദാരമൂല്യങ്ങളോട് പ്രതിബദ്ധത പ്രകടിപ്പിക്കുന്ന കുറെ ചെറുപ്പക്കാരായ ഇന്ത്യക്കാര്‍ നയിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയായ ആപ് ഒരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച കുറെ ഇന്ത്യക്കാരെ നിരാശരാക്കി മിശ്ര ആ വേദി വിട്ടുപോയി. കഴിഞ്ഞ കുറെ മാസങ്ങളായി അരവിന്ദ് കേജ്രീവാളിന്‍റെ നേതൃത്വത്തിലുള്ള കക്ഷി തങ്ങള്‍ മാറ്റത്തിന്റെ പക്ഷത്തല്ലെന്നും എന്തുചെയ്തും അധികാരത്തിന്റെ പിന്നാലെയാണെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.


കപില്‍ മിശ്ര

ആപിന്റെ പൊതുസ്വഭാവത്തിന് ചേരുന്നതായിരുന്നു മിശ്രയുടെ പൊട്ടിത്തെറി. ഒരു ജൈന സംന്യാസി ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിച്ചതിനെ ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ദാദ്ലാനി വിമര്‍ശിച്ചപ്പോള്‍, കേജ്രിവാള്‍ ഉടനെതന്നെ അതിനെ തള്ളിക്കളയുകയും മതനേതാവിന് ജനങ്ങളുടെ സഭയിലുള്ള ഉയര്‍ന്ന സ്ഥാനത്തെക്കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള കേജ്രിവാളിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്, സങ്കുചിത ദേശീയവികാരത്തിന്റെ കാര്യത്തില്‍ ബി ജെ പിയെ പകര്‍ത്തുകയെന്നതിനപ്പുറം ആം ആദ്മി കക്ഷിക്ക് മറ്റൊരു കാഴ്ച്ചപ്പാടുമില്ലെന്നും ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് പുതിയൊരു വീക്ഷണമില്ലെന്നുമാണ്.

മോദിജിയുടെ ശക്തമായ നടപടികളെ അഭിവാദ്യം ചെയ്യുകയും സൈന്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്ത  കേജ്രിവാള്‍ യുദ്ധാക്രോശങ്ങള്‍ക്ക് ഒന്നുകൂടി ഊര്‍ജം പകര്‍ന്നു. പുതിയ നേതാവ് സംസാരിക്കുമ്പോള്‍ സൂക്ഷ്മമത ഒന്നുകൂടി നഷ്ടമാകുന്നു.

ആം ആദ്മി പാര്‍ടി ഒരു പുതിയ ഉദാര രാഷ്ട്രീയ ശക്തിയാകും എന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് കഴിഞ്ഞ ദിവസങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുതുറപ്പിച്ചിരിക്കും.

തീര്‍പ്പ്: ആം ആദ്മി പാര്‍ടി മറ്റേതൊരു ഇന്ത്യന്‍ രാഷ്ട്രീയകക്ഷിയേയും പോലെ പിന്തിരിപ്പനാണ്. വോട്ട് കിട്ടാന്‍ വേണ്ടി എന്തു ക്ഷുദ്രദേശീയവാദ കളിയും കളിക്കും. അത് മറ്റൊരു ഇന്ത്യന്‍ രാഷ്ട്രീയ കക്ഷി മാത്രമാണ്;  ബാക്കിയെല്ലാം വെറും നാട്യം മാത്രവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍