UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചട്ടം ലംഘിച്ചാല്‍ ആംആദ്മി പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

തന്നെ താക്കീത് ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ രംഗത്തെത്തി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഡല്‍ഹി മുഖ്യമന്ത്രിക്കും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൈക്കൂലി നല്‍കുന്നതിനെ പിന്തുണച്ച് സംസാരിച്ചതിനാണ് വിമര്‍ശനം.

വീണ്ടും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാല്‍ പാര്‍ട്ടിയെ സസ്‌പെന്‍ഡ് ചെയ്യുന്നതും പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം തന്നെ താക്കീത് ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി പൂര്‍ണമായും തെറ്റാണ്. കീഴ്‌ക്കോടതി തനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും ഇത് പരിഗണിക്കാതെയാണ് കമ്മിഷന്റെ നടപടി. ഇതിനെതിരെ വീണ്ടും കോടതിയില്‍ പോകുമെന്നും കെജ്രിവാള്‍ അറിയിച്ചു.

ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു കെജ്രിവാളിന്റെ വിവാദ പ്രസംഗം. കോണ്‍ഗ്രസിന്റെയോ ബിജെപിയുടേയോ സ്ഥാനാര്‍ത്ഥികള്‍ പണം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കേണ്ടതില്ലെന്നും നിങ്ങളുടെ സ്വന്തം പണമെന്ന രീതിയില്‍ അത് വാങ്ങാനും പറഞ്ഞ കെജ്രിവാള്‍ നിങ്ങളുടെ പണം തിരികെ വാങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്നും പറഞ്ഞു. ഇനി അവര്‍ പണം വാഗ്ദാനം ചെയ്തില്ലെങ്കില്‍ അവരുടെ ഓഫീസില്‍ പോയി ചോദിച്ചു വാങ്ങാനും കെജ്രിവാള്‍ പറഞ്ഞു. പക്ഷെ, വോട്ട് ചെയ്യുമ്പോള്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് മാത്രം ചെയ്യുക എന്നാണ് കെജ്രിവാള്‍ പറഞ്ഞത്.

പ്രസംഗം കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആരോപിച്ച് ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ടര്‍മാരുടെ മനസ് ഇളക്കുന്ന പരാമര്‍ശമാണ് കെജ്രിവാളിന്റേതെന്ന് കോണ്‍ഗ്രസും വിമര്‍ശനം ഉന്നയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍