അഴിമുഖം പ്രതിനിധി
മലയാള സിനിമയില്‍ നവമാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഉത്സാഹിക്കുന്ന വ്യക്തിയാണ് സംവിധായകന് ആഷിഖ് അബു. പ്രേക്ഷകര്‍ എല്ലാത്തരം സിനിമകളും കാണണം എന്ന നിലപാടുമായി സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തിയേറ്ററുകളില്‍ എത്തിക്കാന്‍ കൂടെ നില്‍ക്കുകയും പപ്പായ മീഡിയയില്‍ പുതുമുഖ തിരക്കഥാകൃത്തുക്കളെ കണ്ടെത്താന്‍ കളമൊരുക്കുകയും ചെയ്ത ആഷിഖിന്റെ പുതിയ ചുവടുവയ്പ്പ് സിനിമയുടെ സാങ്കേതികപ്രവര്ത്തനം അറിയാന്‍ ആഗ്രഹിക്കുന്ന ഒത്തിരിയാളുകള്‍ക്ക് സഹായകരമാകുന്നതാണ്.
ഒരു സിനിമയുടെ മുഴുവന്‍ ഷൂട്ടിംഗും (പോസ്റ്റ് പ്രൊഡക്ഷന്‍ ഉള്‍പ്പെടെ) വീഡിയോയില്‍ പകര്‍ത്തി ആവശ്യമുള്ളവര്‍ക്ക് നല്‍കാനാണ് ആഷിഖിന്റെ നീക്കം. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാകാന്‍ കൊതിക്കുകയും അതിനു കഴിയാതെ പോവുകയും സംവിധാനമുള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന നിരവധി പേര് അതിനുള്ള സാഹചര്യമില്ലാതെ നിരാശരായി നില്‍ക്കുമ്പോഴാണ് ആഷിഖിന്റെ ഇടപെടല്‍. ഇത്തരമൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിനു പ്രചോദനമായതാകട്ടെ ഫെയ്സുബക്കിലെ ഒരു സിനിമാപ്രേമിയുടെ പോസ്റ്റും.
നിതിന്‍ എന്ന വ്യക്തി തയ്യാറാക്കിയ പോസ്റ്റില്‍ ആഷിഖ് അബുവിനോട് ആവശ്യപ്പെടുന്നത് ഇപ്രകാരമാണ്;
സ്നേഹം നിറഞ്ഞ ആഷിഖ് അബു, കുറച്ചു നാളായുള്ള ഒരു ആശയമാണ്. എല്ലാവര്ക്കും സിനിമയില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിക്കണമെന്നില്ല. പക്ഷെ അവരെ സഹായിക്കാന്‍ താങ്കള്‍ ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്ക് ഒരു കാര്യം ചെയ്യാനാകും. ഒരു സിനിമയുടെ കംപ്ലീറ്റ് ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷന്‍ ഉള്‍പ്പെടെ ഷൂട്ട് ചെയ്ത് അത് ഒരു വീഡിയോ ആക്കിയാല്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം ആകുമായിരുന്നു. സിനിമയും അതിന്റെ സിഡിയും ഇറങ്ങിയ ശേഷം ഇതു ചെയ്താല്‍ മതിയാകും. അപ്പോള്‍ സിനിമയുടെ സ്വകാര്യത നഷ്ടപ്പെടുകയും ഇല്ല.
ഈയൊരു ആശയത്തില്‍ താങ്കളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.
തന്റെ അടുത്ത ചിത്രം മുതല്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് ഈ പോസ്റ്റിന് ആഷിഖ് നല്‍കിയിരിക്കുന്ന ഉറപ്പ്. ആഷിഖ് അബു എടുത്ത തീരുമാനം നടപ്പിലാക്കുകയും മറ്റു സംവിധായകര്‍ ആ വഴി പിന്തുടരുകയും ചെയ്താല്‍ സിനിമയെ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗത്തിനു മുന്നില്‍ അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള പാത തുറന്നു കിട്ടുന്നതിന് സമാനമാകും. ഏതായാലും ഇങ്ങനെയൊരു നീക്കം നടത്താമെന്ന് സമ്മതിച്ച ആഷിഖ് അബുവിന് നിരവധിപേരാണ് നന്ദിയറിച്ചിരിക്കുന്നത്.