UPDATES

സിനിമ

അതുകൊണ്ട് ആഷിഖ്, ഫാന്‍സുകാര്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ല; അവര്‍ പ്രതികാരം തുടര്‍ന്നുകൊണ്ടേയിരിക്കും

Avatar

ഇത് കോമണ്‍സെന്‍സിന്റെ പ്രശ്‌നമാണ്. 

ഈ രാജകിങ്കരന്മാര്‍ സിനിമയ്ക്ക് ഇന്നേവരെ ദ്രോഹം മാത്രമാണ് ചെയ്തിരിക്കുന്നത്. ഇവരുടെ രാജഭക്തിയില്‍ യുക്തിബോധം തൊട്ടുതീണ്ടിയിട്ടില്ല. 

പറയുന്നത് ഫാന്‍സ് അസോസിയേഷന്‍കാരെക്കുറിച്ചാണ്. സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകാരെക്കുറിച്ച് എന്ന് എടുത്തു പറയുന്നു. 

അന്ധമായ രാജഭക്തികൊണ്ട് ഇവര്‍ ചെയ്തുകൂട്ടുന്ന കുഴപ്പങ്ങള്‍ മലയാള സിനിമയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണ്. ഈ ഫാന്‍സുകാര്‍ വെല്‍ഫയര്‍ പ്രോഗ്രാമുകള്‍ നടത്താറുണ്ട്, ആ നിലയ്ക്ക് അവരുടെ സേവനങ്ങള്‍ ശ്ലാഘനീയമാണ്. എന്നിരിക്കിലും സിനിമയോട് കാണിക്കുന്ന ദ്രോഹങ്ങളെ അവ സാധൂകരിക്കുമോ?

മഹേഷേ, നീ ഞങ്ങളെ നൈസായിട്ടങ്ങ് തകര്‍ത്തുകളഞ്ഞു!

ഈയടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും മനോഹരമായ സിനിമയാണ് മഹേഷിന്റെ പ്രതികാരം. ആ സിനിമ ഭൂരിപക്ഷം പേരും ആസ്വദിക്കുമ്പോള്‍ വളരെ ചെറിയൊരു വിഭാഗത്തിന് അതു തങ്ങളെ അപമാനിക്കുന്ന ചിത്രമായി മാറുന്നു.

ആ തോന്നലിന് തന്നെയാണ് സാമാന്യബോധമില്ലായ്മ എന്നു പറയുന്നത്.

മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ വികാരവിചാരങ്ങളുടെ കുത്തകാവകാശം ഈ ഫാന്‍സുകാര്‍ക്ക് നല്‍കിയിട്ടുണ്ടോ? അദ്ദേത്തിന് എന്തു പറഞ്ഞാല്‍ നോവും, ആരു പറഞ്ഞാല്‍ അപമാനമാകുമെന്നൊക്കെ തീരുമാനിക്കാന്‍ ആരാധകര്‍ക്ക് ആരാണ് അവകാശം കൊടുത്തത്? ഈ രാജ്യത്തെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ തലയ്ക്കു തോക്കു ചൂണ്ടുന്ന രാഷ്ട്രീയബോധത്തെക്കാള്‍ നിലവാരം കുറഞ്ഞതും ബുദ്ധികെട്ടതുമായ ആവേശമാണ് ഒരു സിനിമനടന്റെ ഫാന്‍സ് അസോസിയേഷനുകള്‍ക്കുള്ളതെന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു.

ആ സിനിമയില്‍ കാണിച്ച വലിയ അപരാധം എന്താണ്? താരചക്രവര്‍ത്തിമാരില്‍ ഒരാള്‍ ഒരാള്‍ നായരും നമ്പൂതിരിയും വര്‍മയുമൊക്കെയായി അഭിനയിക്കുമ്പോള്‍ മറ്റേ ആള്‍ ഇതൊന്നുമല്ലാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു എന്ന തരത്തില്‍ ഒരു തമാശ പറയുന്നു. ഇതാണ് ഒരു കൂട്ടരെ വിറളി പിടിപ്പിച്ചത്.

സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ ലാലിന്റെ സിനിമകളുടെ ലിസ്റ്റുമായി കുറപ്പേര്‍ ഇറങ്ങി. ഇന്ന സിനിമയില്‍ ലാലേട്ടന്‍ ചെമ്മാനായിരുന്നു, ഈ സിനിമയില്‍ ലാലേട്ടന്‍ ചെരുപ്പുകുത്തിയായിരുന്നു, മറ്റേ സിനിമയില്‍ വിറകുവെട്ടുകാരനായിരുന്നു,, എന്തിനേറെ അടിമയായി വരെ ഞങ്ങളുടെ സൂപ്പര്‍ താരം അഭിനയിച്ചിട്ടുണ്ടെന്ന് തെളിവു നിരത്തി. തീര്‍ന്നില്ല, മറ്റേയദ്ദേഹം ചെയ്ത ഫ്യൂഡല്‍ കഥാപാത്രങ്ങളുടെ നീണ്ട ലിസ്റ്റും അവരുടെ കൈവശം ഉണ്ടായിരുന്നു.

സത്യം പറയാമല്ലോ, ഈയൊരു ബഹളം വന്നതുകൊണ്ടാണ് മേല്‍പ്പറഞ്ഞ രണ്ടു വിഖ്യാത നടന്മാരുടെയും കഥാപാത്രങ്ങള്‍ക്ക് ജാതി ഉണ്ടായിരുന്നുവെന്ന് അംബുജാക്ഷന്‍ ചിന്തിച്ചുപോയത്. കിരീടത്തിലെ സേതുമാധവന്‍ നായര്‍ ആണല്ലേ എന്നും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് മേനോന്‍ ആണല്ലോ എന്നുമൊക്കെ മനസിലോര്‍ത്തുപോയി.

പ്രിയപ്പെട്ട ഫാന്‍സ് അസോസിയേഷന്‍കാരെ, ഞങ്ങളിവിടെ സാധാരണക്കാരായ പ്രേക്ഷകര്‍ മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ ഇഷ്ടപ്പെട്ടതും സ്‌നേഹിച്ചതും അവരുടെ കഥാപാത്രങ്ങളുടെ ജാതിയോ മതമോ നോക്കിയല്ല.

പിന്നെ സിനിമയ്ക്കകത്തെയും പുറത്തെയും ജാതിക്കളികളൊക്കെ നിങ്ങള്‍ കരുതുംപോലെ അത്ര നിസ്സാരവുമല്ല. മറ്റൊരു മേഖലയിലുമില്ലാത്തവണ്ണം നല്ല അസ്സല്‍ ജാതിസ്പിരിറ്റ് ഒഴുകുന്നുണ്ട് മലയാള സിനിമയില്‍. പുണ്ണു മാന്തി കൂടുതല്‍ വലുതാക്കുന്നില്ല. 

പക്ഷേ ചോദിക്കേണ്ട മറ്റൊന്നുണ്ട്.

മോഹന്‍ ലാലിനെ അപമാനിക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നിട്ടുണ്ടെങ്കില്‍ ആ കൂറ്റത്തിന് ആദ്യ മൂന്നുപ്രതികളായി വരുന്നവര്‍ യഥാക്രമം ദിലീഷ് പോത്തന്‍ (സംവിധായകന്‍) തിരക്കഥാകൃത്ത് (ശ്യാം പുഷ്‌കരന്‍), സൗബിന്‍ (ആ ഡയലോഗ് പറഞ്ഞ് അഭിനയിച്ച നടന്‍) എന്നിവരാണെന്നിരിക്കിലും പ്രധാനപ്രതിയുടെ സ്ഥാനത്തേക്ക് ആഷിഖ് അബു എത്തപ്പെടുന്നതിലെ നീതി എന്താണ്?

ആഷിഖ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ് എന്നതുകൊണ്ടോ? അതോ ആഷിഖ് അയാളുടെ ഉറച്ച നിലപാടുകള്‍ കൊണ്ട് പലരുടെയും പ്രഖ്യാപിത ശത്രുവാണെന്നതുകൊണ്ടോ?

വൈശാഖ് രാജനെ അറിയുമോ? പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന മലയാള സിനിമയുടെ നിര്‍മാതാവാണ്. വിധു വിനോദ് ചോപ്ര? പി കെ എന്ന ഹിന്ദി സിനിമയുടെ നിര്‍മാതാവ്. പെട്ടെന്ന് ഓര്‍മ്മ വന്ന രണ്ടുപേരുകളാണ്. മേല്‍പ്പറഞ്ഞ രണ്ടു സിനിമകളും ഓരോ തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സരോജ് കുമാര്‍ എന്ന ചിത്രം മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെ അളവിലും കവിഞ്ഞു കളിയാക്കി. പി കെ ആവട്ടെ ഇന്ത്യയുടെ യഥാര്‍ത്ഥമുഖം വെളിവാക്കിയ സിനിമയും. വൈശാഖ് രാജന്‍ പറഞ്ഞിട്ടായിരുന്നോ ശ്രീനിവാസന്‍, സരോജ് കുമാര്‍ എന്ന സിനിമ എഴുതിയത്? വിധു വിനോദ് ചോപ്രയാണോ പി കെയുടെ തീം തെരഞ്ഞെടുത്തതും സ്‌ക്രിപ്റ്റ് ചെയ്തതും? പക്ഷേ ഈ രണ്ടു സിനിമയുടെ പേരിലും ഇവര്‍ രണ്ടുപേരും ഒരു ചീത്തവാക്കും കേട്ടില്ല. എന്നാല്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറിനെ കളിയാക്കുന്ന ഡയലോഗ് ഉണ്ടെങ്കില്‍ അതിന്റെ പ്രത്യക്ഷ ഉത്തരവാദിത്വം സിനിമയുടെ നിര്‍മാതാവിനു മേലാണെന്ന് പറയുന്നത് എന്തിന്റെ കേടാണെന്ന് മനസിലാകും.

അത്തരമൊരു ഡയലോഗ് തനിക്ക് കിട്ടിയത് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു പുറകിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണെന്നു ചിത്രത്തിന്റെ രചയിതാവ് ശ്യാം പുഷ്‌കരന്‍ തന്നെ പറയുന്നുണ്ട്. 

തിരക്കഥാകൃത്ത് എഴുതിയെങ്കില്‍ തന്നെ നിര്‍മാതാവ് എന്തുകൊണ്ടത് വെട്ടിയില്ല, അപ്പോള്‍ മന:പൂര്‍വ്വം ചേര്‍ത്ത ഒന്നു തന്നെ ആ സംഭാഷണം ശകലം! ഭയങ്കര കണ്ടു പിടുത്തം തന്നെ.

അതിലൊരു ഹ്യൂമര്‍ ഉണ്ട്. മോഹന്‍ ലാലിനു പോലും ഈയൊരു ഡയലോഗ് കേള്‍ക്കുമ്പോള്‍ മുഖത്ത് ആ സ്വാഭാവിക മന്ദഹാസം വരുമെന്ന് തീര്‍ച്ചയാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അതിനുള്ള കോമണ്‍സെന്‍സ് ഇല്ലാതെ പോയി. അതുകൊണ്ടവര്‍ ആഷിഖ് ചെയ്ത ‘അക്ഷന്തവ്യമായ തെറ്റ്’ പൊറുക്കാന്‍ തയ്യാറാകുന്നില്ല.

സംവിധായകനെയും രചയിതാവിനെയും അഭിനേതാവിനെയും മാറ്റിനിര്‍ത്തി നിര്‍മാതാവിനെ മാത്രം വിചാരണ ചെയ്യുന്ന, അരോചകരായ ഫാന്‍സുകാരും രാഷ്ട്രീയവിരോധികളായ ആശയദരിദ്രരും ഉള്‍പ്പെടുന്ന ന്യായാധിപസംഘം അവര്‍ തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ ഇനി ഇങ്ങനെ എഴുതിച്ചേര്‍ക്കും; 

‘ആഷിഖ് അബു, അയാള്‍ ഒരു മതതീവ്രവാദിയും കഞ്ചാവ് വലിക്കാരനും അതിലുപരി കമ്യൂണിസ്റ്റുകാരനുമായിരുന്നു. ഇതായിപ്പോള്‍ മോഹന്‍ ലാല്‍ വിരോധിയും.’ 

അതുകൊണ്ട്  ആഷിഖ്, അവര്‍ താങ്കള്‍ക്ക് മാപ്പ് തരണമെന്നില്ല, അവരുടെ പ്രതികാരം തുടര്‍ന്നുകൊണ്ടേയിരിക്കും….

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍