UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഷിഖ് അബു എന്ന പുരുഷന്‍ ന്യൂജെന്നല്ല; ഒരു പഴംതലമുറക്കാരനാണ്

ആഷിഖ് അബു ന്യൂജനറേഷന്‍ സിനിമ സംവിധായകനാണ്. പക്ഷെ, ആഷിഖ് അബു എന്ന പുരുഷന്‍ ഒരു പഴംതലമുറക്കാരനാണ് .

ഇതൊരു ഐഡന്‍റിറ്റി ക്രൈസിസാണ്. ന്യൂജെന്‍ സിനിമകളുടെ ആത്മാവായ ഐഡന്‍റിറ്റി ക്രൈസിസ്. സദാ രണ്ടു വള്ളങ്ങളിലായാണ് യാത്ര. പകുതി വഴിയെത്തും മുമ്പേ വള്ളങ്ങള്‍ തെന്നിമാറുന്നു. വള്ളക്കാരന്‍ വെള്ളത്തില്‍. പിന്നെ, കരതേടിയുള്ള മരണപ്പാച്ചിലാണ്. കുറച്ചുനേരം നീന്തും. കുറച്ചുനേരം മുങ്ങാംകുഴിയിടും. പിന്നെ, കൈകാലിട്ടടിക്കും. കുറേ വെള്ളം കുടിക്കും. കുറേ വെള്ളം തുപ്പും. ഒടുവില്‍ നനഞ്ഞൊലിച്ച്, ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം പരിക്ഷീണനായി, കരയില്‍ വലിഞ്ഞുകയറി ഒരു നില്‍പ്പുണ്ട്. ശുഭം. 

തനിയ്‌ക്കെതിരെ വാര്‍ത്ത എഴുതിയ ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകനെ ‘വ്യഭിചാരികള്‍ക്കിടയിലെ വേശ്യ’ എന്നാണ് ആഷിഖ് അബു വിശേഷിപ്പിക്കുന്നത്. ശരിയ്ക്കും ഒരു ന്യൂജെന്‍ സിനിമയുടെ തുടക്കം പോലുണ്ട്. കുറച്ച് കന്‍ഫ്യൂസിംഗ് ആണെങ്കിലും ഗംഭീരം. 

പല പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് പണം സമ്പാദിക്കുന്ന സ്ത്രീയാണ് വേശ്യ. പക്ഷേ, അതൊരു പഴംതലമുറ പ്രയോഗമാണ്. ന്യൂജെന്‍ വാക്ക് ലൈംഗികതൊഴിലാളി എന്നാണ്. എന്നാല്‍, ആഷിഖ് ഇവിടെ ആ അര്‍ത്ഥത്തിലല്ല ആ വാക്ക് ഉപയോഗിക്കുന്നത് എന്നും വ്യക്തം. ”അപൂര്‍വ്വം ചില മാധ്യമ വ്യഭിചാരികള്‍ വ്യകതിവിരോധമോ രാഷ്ട്രീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുമ്പോള്‍” എന്നാണ് ആ പ്രയോഗം.

അതായത് മാധ്യമപ്രവര്‍ത്തകര്‍ എല്ലാം വ്യഭിചാരികളാണ്. അതില്‍ ചിലര്‍ വേശ്യകളായും പ്രവര്‍ത്തിക്കുന്നു എന്ന്. 

വേശ്യാവൃത്തി പോലെ സാമൂഹ്യതിന്മകളാണ് മദ്യപാനവും ലഹരിമരുന്നിന്റെ ഉപയോഗവും. (ആഷിഖ് അബു ലഹരിമരുന്നിന്റെ ഉപയോഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സിനിമയെടുക്കും. വേശ്യാവൃത്തി മറ്റുള്ളവരെ അപമാനിക്കാനുള്ള ആയുധമാക്കും). ഈ മൂന്നുരംഗത്തും വില്‍പ്പനക്കാരും ഉപഭോക്താവും ഉണ്ട്. അപ്പോള്‍ ആണ് അത് കച്ചവടമാകുന്നത്. (ഇടനിലക്കാരനായ ‘പിമ്പ്’ ഒരു കച്ചവടത്തിനും അത്രയ്ക്ക് അത്യാവശ്യഘടകമൊന്നുമല്ല).

മദ്യം വില്‍ക്കുന്നവന്‍ മദ്യമുതലാളിയോ മദ്യരാജാവോ മദ്യചക്രവര്‍ത്തിയോ ആകാം. (വിജയ് മല്യയെ ഓര്‍മ്മയില്ലേ? ശരിക്കും ചക്രവര്‍ത്തി). എന്നാല്‍ ലഹരിമരുന്നുകച്ചവടക്കാരന്‍ അതിനും എത്രയോ ഉയരത്തിലാണ്. ദൈവതുല്യന്‍. അല്ല, ദൈവം തന്നെ. സര്‍വ്വശക്തന്‍, സര്‍വ്വവ്യാപി. പക്ഷെ അദൃശ്യന്‍ (ദാവൂദ് ഇബ്രാഹിം എന്നൊക്കെ കേട്ടിട്ടില്ലേ?) അവന്റെ അദൃശ്യകരങ്ങള്‍ ഏതു ശക്തികേന്ദ്രങ്ങളെക്കാളും ശക്തവുമാണ്. (കടവന്ത്ര ഫ്‌ളാറ്റില്‍ നിന്ന് തുടങ്ങിയ കൊക്കൈന്‍ കേസ് തേഞ്ഞുമാഞ്ഞു പോകുന്നത് കണ്ടില്ലേ? അന്വേഷണ ഉദ്യോഗസ്ഥ ഒറ്റ രാത്രി കൊണ്ട് തെറിച്ചുപോയത് കണ്ടില്ലേ?)

മദ്യകച്ചവടരംഗത്തും ലഹരിമരുന്നു മേഖലയിലും കച്ചവടം നടത്തുന്നവര്‍ പുരുഷന്‍മാരാണ്. അതുകൊണ്ട് തന്നെ അവര്‍ മുതലാളിമാരും രാജാക്കന്‍മാരും ചക്രവര്‍ത്തിമാരും ഈശ്വരന്‍മാരും ആയി മാറുന്നു. എന്നാല്‍, ലൈംഗിക കച്ചവടത്തിന്റെ കാര്യം വ്യത്യസ്തമാണ്. അവിടെ കച്ചവടം നടത്തുന്നത് സ്ത്രീയാണ്. (പുരുഷ ലൈംഗികതൊഴിലാളികള്‍ ഉണ്ടെന്നുള്ള വസ്തുത കാണാതെയല്ല. അവര്‍ തീരെ ന്യൂനപക്ഷമാണ്. പുരുഷാധിപത്യസമൂഹം അവരേയും സ്ത്രീകളോടൊപ്പമാണ് കാറ്റഗറൈസ് ചെയ്തിരിക്കുന്നത്.) അതുകൊണ്ട് കച്ചവടക്കാരി വേശ്യയാകുന്നു. വേശ്യ പതിതയാണ്. അവളുടെ ഉപഭോക്താവ് പുരുഷനാണ്. പുരുഷന്‍ മാന്യന്‍. ‘വേശ്യന്‍’ അല്ല. 

ഏഴോ എട്ടോ വര്‍ഷം മുമ്പാണ്. കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ 32 ലൈംഗികതൊഴിലാളികളെ കുറേ പുരുഷന്മാര്‍ ചേര്‍ന്ന് പുറത്താക്കി. അവരില്‍ ചിലര്‍ വാടക കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരായിരുന്നു. ചിലര്‍ പട്ടയം കിട്ടിയ സ്ഥലത്ത് കെട്ടിയ കൊച്ചു വീടുകളിലും. അവരാരും തങ്ങളുടെ വീട്ടില്‍ വച്ച് ലൈംഗിക കച്ചവടം നടത്തിയിരുന്നില്ല. പക്ഷെ, ലൈംഗികതൊഴില്‍ ചെയ്യുന്നവര്‍ തങ്ങളുടെ കോളനിയില്‍ താമസിയ്ക്കണ്ട എന്ന് ചില പുരുഷന്‍മാര്‍ തീരുമാനിച്ചു. അവര്‍ക്ക് വേണ്ട പിന്‍ബലം കൊടുത്തവരില്‍ എം.പി.വീരേന്ദ്രകുമാറും എ.പ്രദീപ് കുമാറും (അന്നത്തെയും ഇന്നത്തെയും മാര്‍ക്‌സിസ്റ്റ് എം.എല്‍.എ) ഉണ്ടായിരുന്നു. ‘ഫേം’ (FIRM) എന്ന സംഘടന ഇതിനെതിരെ കോടതിയില്‍ പോയി. ഹൈക്കോടതി 32 പേരെയും അവരുടെ വീടുകളില്‍ തിരിച്ചുകയറ്റാനും അവര്‍ക്കു വേണ്ട സംരക്ഷണം നല്‍കാനും ഡി.ജി.പി.ക്ക് ഉത്തരവ് കൊടുത്തു. പക്ഷേ കോടതിവിധി ഇതുവരെ നടപ്പാക്കിയിട്ടില്ല. പല കാരണങ്ങള്‍ പറഞ്ഞ് പോലീസ് വിധി അട്ടിമറിയ്ക്കുന്നു. ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 32 പേരില്‍ രണ്ടുപേര്‍ തെരുവില്‍ കിടന്നു മരിച്ച വിവരം പോലും. 

എന്നാല്‍, വേശ്യകളുമായി ലൈംഗിക കച്ചവടം നടത്തിയ ഒരൊറ്റ പുരുഷനേയും, നാളിതുവരെ, ലോകത്തൊരിടത്തും, സമൂഹത്തിനു പുറത്താക്കിയിട്ടില്ല. അവരൊക്കെ സ്വന്തം ഭാര്യമാരുമൊത്ത് വീട്ടില്‍തന്നെ മാന്യമായി കഴിയുന്നു. 

അതുകൊണ്ടാണ് തനിക്ക് 1000 ക്ലൈയിന്റ്‌സ് ഉണ്ടെന്ന് ആത്മകഥയില്‍ എഴുതിയ നളിനി ജമീല എന്ന സ്ത്രീ ‘വെറും വേശ്യ’യായി മാറുമ്പോള്‍ 2000 സ്ത്രീകളുമായി രമിച്ചതിന്റെ ആഘോഷം നടത്തിയ പുരുഷന്‍ നമ്മുടെ സെലിബ്രിറ്റിയാകുന്നത്. (ഒരു സ്ത്രീ ഉച്ചയ്ക്കും മറ്റൊരു സ്ത്രീ രാത്രിയിലും എന്ന കണക്കിന് 40 വര്‍ഷത്തോളം ലൈംഗികബന്ധം പുലര്‍ത്തി എന്നു പറയപ്പെടുന്ന മഹാവിപ്ലവകാരി ഫിഡല്‍ കാസ്‌ട്രോ ആധുനിക കാസനോവമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്തത്ര ഉയരത്തില്‍ നില്‍ക്കുന്ന മഹാമേരുവാണത്രേ!)

നളിനി ജമീലയും കൂട്ടരും വയറ്റിപ്പാടിന് വേണ്ടിയാണ് സെക്‌സ് വിറ്റത്. സെലിബ്രിറ്റികള്‍ വയറുനിറഞ്ഞ ശേഷമാണ് സെക്‌സ് വാങ്ങിയത്. വിറ്റവള്‍ പതിതയും വാങ്ങുന്നവന്‍ മാന്യനും ആകുന്ന ഈ വിചിത്രസദാചാരബോധത്തില്‍ നിന്നാണ് ആഷിഖ് അബു ജയചന്ദ്രനെ വേശ്യാവൃത്തി ചെയ്യുന്ന വ്യഭിചാരി എന്നു വിളിച്ചത്. 

ലൈംഗികതൊഴിലാളി വില്‍ക്കുന്നത് അവളുടെ ശരീരമാണ്. അതിന്റെ വേതനമാണ് അവളുടെ ജീവിതമാര്‍ഗ്ഗം. ആഷിഖ് അബുവും ഇതെഴുതുന്നവനും ഇതു വായിക്കുന്നവനും എല്ലാം അവരവര്‍ക്ക് വില്‍ക്കാന്‍ കഴിയുന്നത് വിറ്റ് ജീവിക്കുന്നവര്‍ തന്നെയല്ലേ? (തെരുവില്‍ നിന്ന് കച്ചവടം നടത്തേണ്ടി വരുന്നത് എയര്‍ കണ്ടീഷന്റ് മുറിയില്‍ ഇരുന്ന് കച്ചവടം ചെയ്യുന്നതുപോലെ അത്ര സുഖകരമവുമല്ല).

ശബ്ദം വിറ്റു ജീവിയ്ക്കുന്ന ഗായകരും കളിവിറ്റു ജീവിയ്ക്കുന്ന കളിക്കാരും, ബുദ്ധിവിറ്റു ജീവിക്കുന്ന ബുദ്ധിജീവികളും, കല വിറ്റു ജീവിക്കുന്ന കലാകാരന്‍മാരും, ആത്മീയത വിറ്റു ജീവിക്കുന്ന ആത്മീയനേതാക്കളും എല്ലാം ഒരര്‍ത്ഥത്തില്‍ വേശ്യാവൃത്തി തന്നെയല്ലേ ചെയ്യുന്നത്? പാടാന്‍ പണം കൊടുത്താല്‍, ആരു വിളിച്ചാലും, യേശുദാസ് പാടും. പണം കൊടുത്താല്‍ ഏതു ക്ലബ്ബിനു വേണ്ടിയും തെണ്ടുല്‍ക്കറും മറഡോണയും കളിക്കും. പണം തന്നാല്‍ ഏതു മാധ്യമത്തിനുവേണ്ടിയും മാധ്യമപ്രവര്‍ത്തകന്‍ പേനയുന്തും. പണം മുടക്കാനുള്ള ആളുണ്ടായാല്‍ ഏതു സംവിധായകനും സിനിമ സംവിധാനം ചെയ്യുന്നു. ഇവിടെയൊന്നും പണം ആരു മുടക്കുന്നു എന്ന ചോദ്യം നമ്മളാരും ചോദിയ്ക്കാറില്ല. പണം കിട്ടിയാല്‍ വില്‍ക്കും. അത്ര തന്നെ. പണി ഇഷ്ടമായാല്‍ പണം മുടക്കിയവന്‍ വീണ്ടും വിളിക്കും. നമ്മള്‍ വീണ്ടും അതേ പണി ചെയ്യും. ഇത്രയൊക്കെയേ ഏതു ലൈംഗികതൊഴിലാളിയും ചെയ്യുന്നുള്ളു. 

സെക്‌സ് വില്‍ക്കുന്നത് തെറ്റാണെങ്കില്‍ കല വില്‍ക്കുന്നതോ? മറ്റു കഴിവുകള്‍ വില്‍ക്കുന്നതോ? ബുദ്ധി വില്‍ക്കുന്നതോ? ആത്മീയത വില്‍ക്കുന്നതോ? ശരീരത്തിന്റെ മസിലുകളും സിക്‌സ് പാക്കും വില്‍ക്കുന്നതോ? സൗന്ദര്യ മത്സരത്തില്‍ Vital statistics വില്‍ക്കുന്നതോ? ഫാഷന്‍ ഷോകളില്‍ ബ്രേസിയറും പാന്റീസും വില്‍ക്കാനുള്ള ‘ഷോറൂ’മുകളായി സ്വന്തം ശരീരത്തെ മാറ്റിവില്‍ക്കുന്നതോ?

വ്യഭിചാരം, വേശ്യാവൃത്തി എന്നൊക്കെയുള്ള പദപ്രയോഗം കൊണ്ട് ആഷിഖ് ഉദ്ദേശിക്കുന്നത് തൊഴില്‍പരമായ അനാശാസ്യവും സാമൂഹിക തിന്മകളുമാണെങ്കില്‍, നമുക്കു പരിചിതമായ എല്ലാ അനാശാസ്യങ്ങളുടേയും സാമൂഹ്യതിന്മകളുടെയും ബ്രീഡിംഗ് ഗ്രൗണ്ട് ആണ് മലയാള സിനിമാലോകം എന്ന് അഞ്ചുവര്‍ഷത്തോളം സ്റ്റാര്‍ഡസ്റ്റിന്റെ ലേഖകനായി പ്രവര്‍ത്തിച്ച ഞാന്‍ കരുതുന്നു. എന്റെ ഈ അഭിപ്രായം പത്രപ്രവര്‍ത്തനത്തെ വ്യഭിചരിച്ച ശേഷം സ്വയം വേശ്യയായി മാറിയ ഒരുവന്റെ വാക്കുകളല്ല. കണ്ണുകൊണ്ടു കണ്ടതും കാതുകൊണ്ടു കേട്ടതും ബുദ്ധിക്കു മനസ്സിലാകുന്നതുമായ കാര്യങ്ങള്‍ അപ്പാടെ കുറിച്ചിടുന്ന ഒരു സാധാരണ പത്രപ്രവര്‍ത്തകന്റെ അലങ്കാരമില്ലാത്ത ഭാഷയാണ്.

പത്രപ്രവര്‍ത്തകരായ വ്യഭിചാരികളെകുറിച്ചും അവരില്‍ തന്നെ വേശ്യയായി മാറുന്ന ചിലരേയും കുറിച്ചെഴുതിയ ആഷിഖ് ഒരു കാര്യം ഓര്‍ക്കണം. മലയാള സിനിമയ്ക്ക് 85 വയസ്സേ ആയുള്ളു. നാടകത്തിന് അതിലും പ്രായമുണ്ട്. ആദ്യകാലങ്ങളില്‍ നാടകത്തില്‍ സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷനാണ്. നാടകത്തില്‍ അഭിനയിക്കാന്‍ പോയിരുന്ന സ്ത്രീകളെ അന്നു സമൂഹം വിളിച്ചിരുന്നത് വേശ്യകള്‍ എന്നായിരുന്നു. സിനിമയിലും, ആദ്യകാലത്ത്, ഇത്തരമൊരു സ്റ്റിഗ്മ സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്നതാണോ സ്ഥിതി? നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സെലിബ്രിറ്റികള്‍ സിനിമാനടിമാരല്ലേ? ഇത് കാഴ്ചപ്പാടിന്റെ മാറിവരുന്ന സ്വഭാവമാണ്. അല്ലാതെ, പണ്ടുകാലത്തെ നടികളെല്ലാം വ്യഭിചാരികളായിരുന്നു എന്നും ഇന്നത്തെ നടികളെല്ലാം അത്രിമഹര്‍ഷിയുടെ ഭാര്യ അനസൂയയെപ്പോലെ പതിവൃതകളാണെന്നുമല്ല. അന്നും ഇന്നും ഈ രംഗത്ത് ഉള്ളവര്‍ മനുഷ്യര്‍ തന്നെ. തൊഴില്‍ ചെയ്തു ജീവിക്കുന്ന മനുഷ്യര്‍. സിനിമ സംവിധായകനും സിനിമ നടിയും എഴുത്തുകാരനും ഗായകനും പത്രപ്രവര്‍ത്തകനും കളിക്കാരനും രാഷ്ട്രീയക്കാരനും കച്ചവടക്കാരനും ആത്മീയനേതാവും ലൈംഗികതൊഴില്‍ ചെയ്യുന്നവളും തൊഴില്‍ ചെയ്തു ജീവി്ക്കുന്നവര്‍ തന്നെ. അപ്പോള്‍, ഒരു കാലത്ത് stigmatized ആയി കണ്ടിരുന്ന സിനിമാലോകത്ത് തൊഴില്‍ ചെയ്തു ജീവിക്കുന്ന ആഷിഖ് മറ്റൊരു തൊഴില്‍ ചെയ്തു ജീവിക്കുന്ന ജയചന്ദ്രനെ ഇടിച്ചുതാഴ്ത്താന്‍ വേറൊരു തൊഴില്‍ ചെയ്തു ജീവിക്കുന്ന ലൈംഗിക തൊഴിലാളിയെ കരുവാക്കിയത് ശരിയാണോ? ജയചന്ദ്രന്‍ ആഷിഖിനെ അപകീര്‍ത്തിപ്പെടുത്തിയെങ്കില്‍, ആഷിഖ് അപകീര്‍ത്തിപ്പെടുത്തുന്നത് ജയചന്ദ്രനെ പ്രത്യേകമായും ലൈംഗികതൊഴിലാളികളെ മൊത്തമായിട്ടുമാണ്.

ജയചന്ദ്രന്‍ ആഷിഖിനെതിരെ കേസുകൊടുക്കുമോ എന്നറിയില്ല. പക്ഷെ, ഒരു ലൈംഗികതൊഴിലാളിയും ആഷിഖിനെതിരെ കേസു കൊടുക്കില്ല. ലൈംഗിക തൊഴില്‍ ഇന്ത്യയിലെ നിയമമനുസരിച്ച് കുറ്റകൃത്യമല്ലാതിരുന്നിട്ടും ഓരോ ലൈംഗികതൊഴിലാളിയും ഒരു ഡസനോളമെങ്കിലും പോലീസ് കേസുകളില്‍ പ്രതിയായതുകൊണ്ടല്ല അവര്‍ കേസു കൊടുക്കാത്തത്. മറിച്ച്, പുരുഷന്‍ കൊട്ടിഘോഷിയ്ക്കുന്ന ഈ മാനത്തിന്റെ യഥാര്‍ത്ഥമുഖവും തറവിലയും ലൈംഗികതൊഴിലാളിയോളം വൃത്തിയായിട്ട്, ഒരു പക്ഷേ, പുരുഷനുപോലും മനസ്സിലായിട്ടുണ്ടാകില്ല.

ഇതു ഞാന്‍ പറയുന്നത് ശൂന്യതയില്‍ നിന്നല്ല. കേരളത്തിലെ ലൈംഗിക തൊഴിലാളികളെ സംഘടിപ്പിച്ച ചിലരില്‍ ഒരാള്‍ എന്ന നിലയ്ക്കാണ്. ആ അനുഭവവും വച്ചുകൊണ്ടുതന്നെ പറയട്ടെ, ലൈംഗിക തൊഴിലാളികളില്‍ പലര്‍ക്കും നമ്മളേക്കാള്‍ ഏറെ അന്തസ്സുണ്ട്. (‘അന്തസ്സ്’ എന്ന വാക്കിനര്‍ത്ഥം ഒരു പുരുഷനെ മാത്രം മനസ്സില്‍ സദാ ധ്യാനിച്ചുകൊണ്ടിരിയ്ക്കുന്നവള്‍ ആണ് താന്‍ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നു മാത്രമല്ല).

ഒരുദാഹരണം പറയാം. നളിനി ജമീല എന്ന ലൈംഗികതൊഴിലാളിയോട് – അവരുടെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചതിനുശേഷം – കല്‍ക്കത്തയില്‍ ഒരു സെമിനാറില്‍ വച്ച് മാന്യയായ ഒരു പത്രപ്രവര്‍ത്തക ചോദിച്ചു: ”നിങ്ങള്‍ക്ക് ഈ തൊഴിലൊക്കെ വിട്ട് ഒരു കുടുംബിനിയായി, മാന്യമായി ജീവിയ്ക്കണമെന്ന് തോന്നുന്നില്ലേ?”. ചോദ്യത്തിന് നളിനി ജമീല പറഞ്ഞ ഉത്തരം ഇതായിരുന്നു. ”ആരാണ് നിങ്ങളുടെ മാന്യയായ കുടുംബിനി? ഭര്‍ത്താവിന്റെ ഇഷ്ടാനുസരണം മാത്രം ആഹാരം പോലും പാചകം ചെയ്യുന്നവളോ? ഭര്‍ത്താവിന്റെ അടിവസ്ത്രം വരെ നനയ്ക്കുന്നവളോ? മദ്യപിച്ചു ഛര്‍ദ്ദിയ്ക്കുന്ന ഭര്‍ത്താവിന്റെ ഛര്‍ദ്ദി കോരിക്കളയുന്നവളോ? ആയാള്‍ ചീത്തവിളിച്ചാലും അടിച്ചാലും അയാളുടെ ഇഷ്ടാനുസരണം ലൈംഗികബന്ധത്തിന് കിടന്നുകൊടുക്കുന്നവളോ? ഇഷ്ടമില്ലാത്ത ഭര്‍ത്താവിന്റെ മക്കളെ, അയാളുടെ ഇഷ്ടാനുസരണം പ്രസവിക്കുന്നവളോ? ഒടുവില്‍ അയാള്‍ ഉപേക്ഷിച്ചു പോകുമ്പോള്‍, മക്കളെയും കെട്ടിപ്പിടിച്ച് കരയുന്നുവളോ? പിന്നെ, തനിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ചിലവിനു വേണ്ടി, തന്നെ ഉപേക്ഷിച്ച ഭര്‍ത്താവിന്റെ പണം തേടി കോടതി കയറുന്നവളോ? ഞാന്‍ അങ്ങനെയൊരു കുടുംബിനിയാകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ഒരു പുരുഷന്റെയും ചീത്തവിളിയോ അടിയോ സഹിച്ചുകൊണ്ടുനില്‍ക്കില്ല. ഇഷ്ടമില്ലാത്ത പുരുഷന്റെ ഗര്‍ഭം ചുമക്കില്ല. ഇഷ്ടമില്ലാത്ത പുരുഷന്റെ കുട്ടികളുടെ അമ്മയാകില്ല. എന്നെ ഉപേക്ഷിച്ച പുരുഷനു വേണ്ടി കരയില്ല. എനിക്കും മക്കള്‍ക്കും ചിലവിനു വേണമെന്നാവശ്യപ്പെട്ട് അയാള്‍ക്കെതിരെ കേസിനു പോകില്ല. എന്നെ വേണ്ടാത്തയാളെയും അയാളുടെ പണത്തേയും എനിക്കാവശ്യമില്ല. എനിക്കും എന്റെ കുട്ടികള്‍ക്കും ചിലവിന് കൊടുക്കാന്‍ എനിക്കറിയാം. ഞാനത് തൊഴില്‍ ചെയ്ത് സമ്പാദിക്കും. എനിക്ക് നിങ്ങള്‍ അര്‍ത്ഥമാക്കുന്ന മാന്യയായ കുടുംബിനിയാകണ്ട. കാരണം, ഞാന്‍ ആത്മാഭിമാനമുള്ള സ്ത്രീയാണ്.”

ഇത്രയേറെ ശാക്തീകരിക്കപ്പെട്ട സ്ത്രീബോധം, ആഷിഖ് അബു, നിങ്ങള്‍ എത്ര സ്ത്രീകളില്‍ കണ്ടിരിയ്ക്കും? ശാക്തീകരിക്കപ്പെട്ട സ്ത്രീത്വം എന്ന നിലയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട നിങ്ങളുടെ ടെസ്സ എന്ന കഥാപാത്രം ജീവനുള്ള നളിനി ജമീലയുടെ മുന്നില്‍ എത്ര ചെറുതായിപ്പോകുന്നു എന്നു നോക്കുക.

വഞ്ചിച്ച പുരുഷന്റെ ലിംഗം ഛേദിച്ചു കളഞ്ഞ് പ്രതികാരം തീര്‍ത്തശേഷവും ഇഷ്ടപ്പെട്ടു പോയ ആ പുരുഷനോടൊപ്പം ജീവിതസ്വപ്നം കാണുന്ന ടെസ്സ, വാസ്തവത്തില്‍, വ്യഭിചരിച്ച് രോഗബാധിതനായി കിടക്കുന്ന ഭര്‍ത്താവിനെ, അയാളുടെ ആവശ്യപ്രകാരം തലച്ചുമടായി വേശ്യാഗൃഹത്തിലേക്ക് കൊണ്ടുപോകുന്ന പുരാണത്തിലെ ശീലാവതി എന്ന അറപ്പുളവാക്കുന്ന കഥാപാത്രത്തിന്റെ മോഡേണ്‍ ഔട്ട്ഫിറ്റോടുകൂടിയ കഥാപാത്രമാണ്. ടെസ്സയുടെ ആ മോഹം, സമൂഹത്തില്‍, പുരുഷന്റെ മോഹമാണ്. മറ്റൊരു സ്ത്രീയ്ക്ക് മുന്നിലും അപമാനിതനായി നില്‍ക്കാന്‍ കഴിയാത്ത ലിംഗമുക്ത-പുരുഷന്റെ ആശ്രയബന്ധിതമായ മോഹം. ടെസ്സ ശാക്തീകരിക്കപ്പെട്ട സ്ത്രീയല്ല. പുരുഷന്റെ അടിമ ചിന്തകളുടെ ഉല്‍പ്പന്നം മാത്രമാണ്. കലാകാരന്‍മാര്‍ അങ്ങനെയാണ്. ‘വേശ്യകളെ നിങ്ങള്‍ക്കൊരമ്പലം’ എന്ന ചെറുകഥയെഴുതിയ അതേ എം.മുകുന്ദനാണ് നളിനി ജമീല എന്ന ലൈംഗികതൊഴിലാളിയുടെ ആത്മകഥ അതിറങ്ങിയ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ ആയപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചത്.

എന്താണ് ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ചെയ്ത കൊടിയ അപരാധം? ആഷിഖിനും റിമയ്ക്കും ഫഹദിനും കൊക്കെയ്ന്‍ കേസുമായി ബന്ധമുണ്ടെന്ന് എഴുതിയതോ?

ആ വാര്‍ത്തയില്‍ ഒരു കണിക പോലും സത്യമില്ലെന്ന് തന്നെ കരുതുക. എങ്കില്‍, ഷൈന്‍ ചാക്കോയ്ക്ക് കൊക്കൈന്‍ കേസുമായി ബന്ധമുണ്ടെന്ന് ആരു പറഞ്ഞു? അത് പോലീസിന്റെ വേര്‍ഷന്‍ അല്ലേ? ആഷിഖിനെക്കുറിച്ച് ജയചന്ദ്രന്‍ എഴുതിയതും ഏതോ പോലീസ് സോഴ്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും. കള്ളക്കേസുണ്ടാക്കാനും ഉള്ള കേസു മായ്ച്ചുകളയാനുമുള്ള കേരളാ പോലീസിന്റെ കഴിവിനെക്കുറിച്ച് ഇടതുപക്ഷ സഹയാത്രികനായ ആഷിഖിന് സംശയമുണ്ടോ? ടി.പി. വധക്കേസിലെ ഗൂഢാലോചനാ ഭാഗവും സരിതാകേസിലെ യഥാര്‍ത്ഥ പ്രതികളുടെ പങ്കും ബാര്‍ കോഴക്കേസിലെ മന്ത്രിമാരുടെ പങ്കുമൊക്കെ വളരെ ശ്രദ്ധാപൂര്‍വ്വം, പഴുതുകള്‍ ഒന്നുമില്ലാതെ, പോലീസുകാര്‍ മായ്ച്ചുകളയുന്നത് ആഷിഖും കാണുന്നില്ലേ?

ഇതേ പോലീസുകാര്‍ തന്നെയല്ലേ, ആഷിഖ് പറയുന്ന ചാരക്കേസില്‍ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് ചാരക്കേസ് ഉണ്ടാക്കിയത്? ഓരോ കേസിലും പോലീസ് നേരിട്ടോ രഹസ്യമായോ കൊടുക്കുന്ന വിവരങ്ങള്‍ ആണ്, സാധാരണയായി പോലീസ് ബീറ്റ് കവര്‍ ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജയചന്ദ്രനു ചോര്‍ത്തിക്കൊടുത്ത വാര്‍ത്ത (സത്യത്തിന്റെ ഒരു കണിക പോലുമില്ലാത്തത്) യാണ് ചാരക്കേസിനെക്കുറിച്ച് വന്ന ആദ്യ റിപ്പോര്‍ട്ട്.

ഇതിനര്‍ത്ഥം ചാരക്കേസ് ഉണ്ടാക്കിയത് ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകനാണെന്നല്ല. നമ്പിനാരായണന്റെ ദുരന്തത്തിനു കാരണക്കാരനും ജയചന്ദ്രന്‍ അല്ല. ജയചന്ദ്രന്‍ എന്നല്ല, ഇന്ത്യയിലെ ഒരു പത്രപ്രവര്‍ത്തകനും ഒരു പത്രസ്ഥാപനത്തിനും സ്വന്തം നിലയ്ക്ക് ഉണ്ടാകാന്‍ കഴിയുമായിരുന്നതല്ല അന്താരാഷ്ട്രമാനമുള്ള ചാരക്കേസ്. അതില്‍ ഇന്ത്യന്‍ സ്‌പേസ് വാണിജ്യസാധ്യത തകര്‍ക്കാന്‍ സി.ഐ.എ. ഉണ്ടാക്കിയ കള്ളക്കേസാണ്. അതിന് സി.ഐ.എ. ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങിയിരുന്നു. കേരളത്തിലെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ ഐ.ബി.യിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയായിരുന്നു. അത് അവര്‍ നിയമാനുസൃതമെന്ന മട്ടില്‍ പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയായി ചോര്‍ത്തികൊടുക്കുകയായിരുന്നു. അതില്‍ ആദ്യത്തെ പ്രവര്‍ത്തകനായിരുന്നു ജയചന്ദ്രന്‍.

ജയചന്ദ്രന്‍ ചെയ്തത് ‘വേശ്യാ’പണിയായിരുന്നെങ്കില്‍ ‘ദി ഹിന്ദു’ ഒഴിച്ച് ഇന്ത്യയിലെ പത്രകേസരികള്‍ ഒന്നൊഴിയാതെ നിരന്തരം എഴുതിയതോ? ചിലരൊക്കെ ഇന്നും എഴുതുന്നതോ?

”സിനിമാക്കാരുടെ ജീവിതവും പ്രണയവും മാധ്യമങ്ങള്‍ ആഘോഷിക്കുന്നു” എന്നതാണ് ആഷിഖ് പത്രപ്രവര്‍ത്തകരില്‍ പൊതുവായി കണ്ടെത്തുന്ന ഒരു കുറ്റം. അത് ശരിയാണ്. വാസ്തവത്തില്‍, സമൂഹം ചര്‍ച്ച ചെയ്യേണ്ടത് ഈ വിഷയമാണ്. സിനിമ ഒഴിച്ചുള്ള ഇതര കലാരൂപങ്ങളില്‍ ഒരു കലാകാരന്‍ ആ രംഗത്തുപോലും അംഗീകാരമുള്ളവനായി മാറാന്‍ വര്‍ഷങ്ങള്‍ നീളുന്ന കലാസപര്യ വേണം. അതില്‍ത്തന്നെ, കള്ളനാണയങ്ങള്‍ ഒരു രാത്രികൊണ്ട് തന്നെ പിടിയ്ക്കപ്പെടും. മോഷ്ടാക്കളെ, നിലവാരമില്ലാത്തവരെ, മറ്റു കലാരംഗങ്ങള്‍ വച്ചുവാഴിയ്ക്കില്ല.

എന്നാല്‍, അതാണോ സിനിമയുടെ കാര്യത്തില്‍ സംഭവിക്കുന്നത്? ഒറ്റ സിനിമയില്‍ മുഖം കാണിക്കുന്നവര്‍ പോലും ചാനല്‍ഷോകളില്‍ സെലിബ്രിറ്റികളായിവരുന്നു. ഇന്ത്യയും അയല്‍രാജ്യങ്ങളുമായുള്ള മിലിട്ടറി അന്തരീക്ഷത്തെക്കുറിച്ച് സിനിമാക്കാരനായതുകൊണ്ടുമാത്രം, മേജര്‍ രവി വിശകലനം നടത്തുന്നു. മോഷ്ടാക്കള്‍ ദൈവങ്ങളാകുന്നു. അല്‍പ്പബുദ്ധികള്‍ ആരാധിക്കപ്പെടുന്നു. പ്രതിഭാദാരിദ്ര്യമുള്ളവര്‍ മഹാപ്രതിഭകളായി വാഴ്ത്തപ്പെടുന്നു. അവര്‍ മാസികകളുടെ കവര്‍ സ്റ്റോറികളായി മാറുന്നു. സെലിബ്രിറ്റികളായി മാറുന്നു.

വാസ്തവത്തില്‍ ഇത്തരം സെലിബ്രിറ്റികളെ നിര്‍മ്മിക്കുന്നതല്ലേ, അവരെ മഹാ അവതാരങ്ങളായി വാഴ്ത്തുന്നതല്ലേ, അവരുടെ വായ്‌മൊഴികള്‍ ഒപ്പിയെടുക്കുന്നതല്ലേ, മാധ്യമങ്ങള്‍ ചെയ്യുന്ന ‘വേശ്യാപ്പണി’? (ഈ പ്രയോഗത്തിന് ആഷിഖ് അബുവിനോട് കടപ്പാട്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍