UPDATES

ട്രെന്‍ഡിങ്ങ്

സൈക്കോളജിസ്റ്റുകള്‍ ഇല്ലാത്ത ഡിപ്രഷന്‍ ക്ലിനിക്ക്; ആശ്വാസം പദ്ധതിക്കെതിരേ വിദ്യാര്‍ത്ഥികള്‍

ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണു വിഷാദ രോഗ ചികിത്സയ്ക്കുള്ള ക്ലിനിക്കുകള്‍ തുടങ്ങിയത്.

സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ആശ്വാസം; വിഷാദരോഗ ചികിത്സ ക്ലിനിക്കുകളുടെ നടത്തിപ്പിനെ ചോദ്യം ചെയ്ത് സൈക്കോളജി വിദ്യാര്‍ത്ഥികള്‍. യോഗ്യരായ സൈക്കോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കാതെ എന്തുതരം വിഷാദചികിത്സാ ക്ലിനിക്കുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണു വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ആരോഗ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് ഒപ്പുശേഖരണം നടത്തി പരാതി സമര്‍പ്പിക്കും.

ലോകാരോഗ്യദിനമായ ഇന്നലെയാണ് തെരഞ്ഞെടുക്കപ്പെട്ട 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ വിഷാദരോഗ ചികിത്സ ക്ലിനിക്കളുടെ സംസ്ഥാനതല ഉത്ഘാടനം നടത്തിയത്. ഇത്തവണത്തെ ലോകാരോഗ്യദിനത്തിന്റെ ആശയം വിഷാധരോഗമായിരുന്നു. വിഷാദം-വരു നമുക്ക് സംസാരിക്കാം എന്നതായിരുന്നു സന്ദേശം.മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക കുടുംബ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രതിസന്ധികള്‍, ഒറ്റപ്പെടലുകള്‍, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങള്‍, ലഹരി വസ്തുകളുടെ ഉപയോഗം തുടങ്ങി ഒട്ടനവധി കാരണങ്ങള്‍ വിഷാദ രോഗത്തിലേക്ക് നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെറും പത്തു ശതമാനം പേര്‍ മാത്രമാണ് ഈ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ക്ലിനിക്കുകളില്‍ ചികിത്സയ്‌ക്കെത്തുന്നത് എന്നായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. ഇതിനൊരു മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 170 കുടുംബാരോഗ്യ കേന്ദ്രകേന്ദ്രങ്ങളിലാണു  വിഷാദ രോഗ ചികിത്സയ്ക്കുള്ള ക്ലിനിക്കുകള്‍ തുടങ്ങിയത്.

എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം നല്ലതാണെങ്കിലും വിഷാദ ചികിത്സ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം വെറും വഴിപാടായി തീരുമെന്നാണ് സൈക്കോളജി വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഉത്ഘടന ദിവസമായ ഇന്നലെ ‘റൈറ്റ് ടു സൈക്കോളജിക്കല്‍ കെയര്‍’ എന്ന ബാനറില്‍ കേരള സര്‍വകലശാലയിലെ വിവിധ കോളേജുകളുകളുടെ കീഴിലുള്ള എണ്‍പതോളം സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ തങ്ങള്‍ പ്രതിഷേധപ്രകടനവുമായി രംഗത്ത് ഇറങ്ങിയതും ഈ കാര്യം ചൂണ്ടിക്കാട്ടിയാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഉള്ള സംസ്ഥാനം കേരളമാണ്. തീര്‍ച്ചയായും ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ക്ലിനിക്കുകള്‍ നല്ലതു തന്നെയാണ്. പക്ഷേ സൈക്കോളജിസ്റ്റുകള്‍ ഇല്ലാത്ത ക്ലിനിക്കുകള്‍ കൊണ്ട് രോഗിക്ക് എന്താണു പ്രയോജനം. സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ഒരുമാസത്തോളമുള്ള കോഴ്‌സുകള്‍ കൊടുത്താണ് ഇത്തരം ക്ലിനിക്കുകളില്‍ നിയമിച്ചിട്ടുള്ളത്. രണ്ടായിരം മുതല്‍ സൈക്കോളജി പഠനം പൂര്‍ത്തിയാക്കി യോഗ്യരായവര്‍ ഇവിടെ ഉള്ളപ്പോഴാണ് നഴ്‌സുമാര്‍ക്ക് ഹ്രസ്വകാല പരിശീലനം കൊടുത്ത് വിഷാദരോഗത്തിനു ചികിത്സയ്ക്കാന്‍ വിടുന്നത്. സൈക്കോളജയില്‍ ബിരുദവും ബിരുദാനന്തരബിരുദവുമൊൊക്കെയുള്ളവരെ വേണ്ടെന്നാണെങ്കില്‍ പിന്നെ സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെയൊരു കോഴ്‌സ് നടത്തുന്നത്. ഞങ്ങളെ പോലുള്ളവര്‍ ഒരു ജോലി ലക്ഷ്യം കണ്ടുകൊണ്ടായിരിക്കുമല്ലോ ഈ കോഴ്‌സിനു ചേരുന്നത്. പക്ഷേ പഠനം പൂര്‍ത്തിയാക്കിയിട്ടും വെറുതെ നില്‍ക്കേണ്ട അവസ്ഥയിലാണു പലര്‍ക്കും. അതും സര്‍ക്കാര്‍തലത്തില്‍ തന്നെ അവസരങ്ങള്‍ ഉണ്ടായിട്ടും. ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് മാത്രമല്ല, വിഷാദരോഗത്തിന് അടിമപ്പെട്ടവരോടു കൂടിയാണ് വഞ്ചന കാണിക്കുന്നത്. യോഗ്യരായ സൈക്കോളജിസ്റ്റുകളുടെ മുന്നില്‍ അല്ല ഒരു വിഷാദരോഗി എത്തിപ്പെടുന്നതെങ്കില്‍, അതവരുടെ ജീവിതം കൂടുതല്‍ ദുരിതമാക്കുകയേയുള്ളൂ. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ച് ആരോഗ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കും. അവര്‍ ഈ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നു തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്; വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍