UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപേക്ഷിക്കപ്പെട്ട ബാലവധു; മോദിയുടെ വിളികാത്ത് യശോദാ ബെന്‍

Avatar

ആനി ഗോവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അവള്‍ അയാളെയും കാത്തിരിക്കുകയാണ്, ജീവിതത്തില്‍ എന്നത്തേയും പോലെ. പക്ഷേ,അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കും പത്‌നി മിഷേല്‍ ഒബാമയ്ക്കുമൊപ്പം ദീപപ്രഭ നിറഞ്ഞ അത്താഴവിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴമുണ്ടപ്പോള്‍ അയാളുടെ ഭാര്യ ഒപ്പമില്ലായിരുന്നു. 

നരേന്ദ്ര മോഡി,64, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഏണിപ്പടികളില്‍ പതിറ്റാണ്ടുകളോളം ഈ ശൈശവവിവാഹം മറച്ചുവെച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇങ്ങനെയൊരു ഭാര്യയുണ്ടെന്ന കാര്യംപോലും സമ്മതിച്ചത്. 

മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ഒരു ചെറുപട്ടണത്തിലാണ് വിരമിച്ച അധ്യാപിക കൂടിയായ യശോദാബെന്‍ ചിമന്‍ലാല്‍ മോദി എന്ന ഈ ഭാര്യ താമസിക്കുന്നത്. വര്‍ഷങ്ങളായി അയാള്‍ വിളിച്ചിട്ടില്ലെങ്കിലും തലസ്ഥാനത്ത് ഒരു ദിവസം മോദിയുടെ ഭാര്യയായി കഴിയാം എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടെന്നാണ് അവര്‍ പറയുന്നതു. 

‘അദ്ദേഹം വിളിച്ചാല്‍ ഞാന്‍ പോകും,’ ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ‘ടി വിയില്‍ കാണിക്കുന്ന അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്. അദ്ദേഹം സംസാരിക്കുന്നതു കേള്‍ക്കാന്‍ എനിക്കിഷ്ടമാണ്. ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റും എന്നാണ് കരുതുന്നത്. അതാണ് ദൈവത്തോടുള്ള എന്റെ പ്രാര്‍ത്ഥനയും.’

താഴ്ന്നവര്‍ എന്ന് മുദ്രകുത്തിയിരുന്ന ഘാഞ്ചി സമുദായത്തില്‍പ്പെട്ട ഒരു ചായക്കടക്കാരന്റെ മകനായിരുന്നു നരേന്ദ്ര മോദി. സമുദായാചാരപ്രകാരം കൗമാരത്തില്‍ത്തന്നെ മോദിയുടെയും യശോദബെന്നിന്റെയും വിവാഹം തീരുമാനിച്ചിരുന്നു. യശോദക്ക് 17ഉം മോദിക്ക് 18ഉം വയസ്സുള്ളപ്പോള്‍ അവരുടെ വിവാഹം ഒരു ചെറിയ ചടങ്ങായി നടത്തുകയും ചെയ്തു. 

‘അയാള്‍ വളരെ ചെറുപ്പമായിരുന്നു,’നരേന്ദ്ര മോദി: വ്യക്തിയും കാലവും’ എന്ന പുസ്തകമെഴുതിയ നിലാഞ്ചന്‍ മുഖോപാധ്യായ പറയുന്നു. ‘ചടങ്ങിന്റെ കൃത്യം സ്വഭാവം നമുക്കറിയില്ല. അതേക്കുറിച്ച് പറഞ്ഞവരാരും കൂടുതല്‍ സംസാരിക്കാന്‍ തയ്യാറല്ല. ഭാര്യയും ഭര്‍ത്താവുമായി അവരെ യോജിപ്പിച്ച ഒരു ചടങ്ങുണ്ടായിരുന്നിരിക്കാം. പക്ഷേ അവര്‍ ഒന്നിച്ചു ജീവിച്ചിട്ടില്ല. അവര്‍ ഒരിക്കലും ഒന്നിച്ചു കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.’

സാങ്കേതികമായി നിയമവിരുദ്ധമാണെങ്കിലും ബാലവിവാഹങ്ങള്‍ ഇന്ത്യയില്‍ അസാധാരണമല്ല. യു എന്‍ ബാലനിധിയുടെ കണക്ക് പ്രകാരം ലോകത്തെ ബാലവധുക്കളുടെ മൂന്നിലൊന്നിലേറെ, 240 ദശലക്ഷത്തോളം, ഇന്ത്യയിലാണ്. 

വിവാഹത്തിന്‌ശേഷം ഏറെ വൈകാതെ ഒരു ഭാണ്ഡത്തില്‍ ഉടുതുണിയല്ലാതെ മറ്റൊന്നുമില്ലാതെ മോദി ഹിമാലയത്തിലേക്ക് പോയി എന്നാണ് മുഖോപാധ്യായ പറയുന്നത്. സന്ന്യാസജീവിതമായിരുന്നു മോദിയുടെ ലക്ഷ്യം. എന്നാല്‍ അയാള്‍ ഗുജറാത്തിലേക്ക് തിരിച്ചുവന്നു ഹിന്ദു ദേശീയവാദികളുടെ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ‘പ്രചാരക്’ ആയി. യുവാക്കളായ പ്രചാരകര്‍ക്ക് വിവാഹ ജീവിതമോ അടുത്ത കുടുംബബന്ധങ്ങളോ അനുവദനീയമായിരുന്നില്ല. 

‘വിവാഹിതനാണെന്ന് വെളിപ്പെടുത്താതെയാണ് അയാള്‍ ആര്‍ എസ് എസില്‍ ചേര്‍ന്നത്,’ മുഖോപാധ്യായ പറഞ്ഞു.’അല്ലാത്തപക്ഷം അയാള്‍ക്ക് പ്രചാരകനാകാന്‍ കഴിയുമായിരുന്നില്ല. വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടിവരും. ചോദ്യങ്ങളും ഉയരും.’

മോദി ഭാര്യയുടെ അടുത്തേക്ക് പിന്നീടൊരിക്കലും പോയില്ല.ഗുജറാത്തിന്റെ മുഖ്യമന്ത്രിയായപ്പോഴും, പിന്നെ ഇന്ത്യയുടെ പ്രാധാനമന്ത്രിയായപ്പോഴും ഒന്നും. പരസ്യമായി ഒരിയ്ക്കലും അയാള്‍ ഭാര്യയെക്കുറിച്ച് സംസാരിച്ചില്ല. മോദിയുടെ പ്രശസ്തി വളര്‍ന്നതോടെ ഇതേക്കുറിച്ച് മണംപിടിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ രഹസ്യമായി അതില്‍നിന്നും പിന്തിരിപ്പിച്ചിരുന്നു. 

മുഖ്യമന്ത്രിയായിരുന്ന സമയത്ത് നാട്ടിലെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങില്‍ ഒരു തവണ മാത്രമാണു യശോദബെന്‍, മോദിയെ കണ്ടതെന്ന് അവരുടെ സഹോദരന്‍ അശോക് മോദി പറയുന്നു. വടക്കന്‍ ഗുജാറാത്തിലെ ഉഞ്ഝാ എന്ന ചെറിയ പട്ടണത്തില്‍ സഹോദരനൊപ്പമാണ് അവരുടെ താമസം. 

‘അദ്ദേഹം ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വന്നതാണ്. അവര്‍ സംസാരിച്ചില്ല. പരസ്പരം ഒരു വാക്കുപോലും മിണ്ടിയില്ല. വെറും അഞ്ചു നിമിഷമാണ് അവര്‍ തമ്മില്‍ കണ്ടത്,’ അശോക് മോദി പറഞ്ഞു. 

വഡോദരയില്‍ നിന്നും ലോക്‌സഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്കിയപ്പോഴാണ് ഭാര്യ ഉണ്ടെന്ന കാര്യം മോദി ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹം ഇരുവരും കൗമാരക്കാരായിരിക്കെ അന്നത്തെ സാമുദായികാചാരപ്രകാരമായിരുന്നു എന്നും അവരൊരിക്കലും ഒന്നിച്ചു കഴിഞ്ഞിട്ടില്ലെന്നും അന്ന് മോദിയുടെ കുടുംബം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പുകാലത്ത് ഭര്‍ത്താവിന്റെ വിജയത്തിനായി ‘നഗ്‌നപാദയായി തീര്‍ത്ഥാടനം’ നടത്താനാണെന്ന് പറയപ്പെടുന്നു, ഭാര്യ കുറച്ചുകാലത്തേക്ക് അപ്രത്യക്ഷയായി. അയാള്‍ പ്രധാനമന്ത്രിയായതോടെ അവര്‍ക്ക് ഔദ്യോഗിക സുരക്ഷയും ഏര്‍പ്പാടാക്കി. പക്ഷേ അതത്ര സന്തോഷമുള്ള ഒരു ഏര്‍പ്പാടായില്ല.

ഏതാണ്ട് ഒരു ഡസന്‍ അംഗരക്ഷകര്‍ തിളങ്ങുന്ന കാറില്‍ സദാസമയവും അവരെ പിന്തുടരും; അവര്‍ ഓട്ടോയിലും ബസിലും പോകുമ്പോഴും. അവര്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ഈ അംഗരക്ഷകര്‍ക്ക് കൂടി വെച്ചുവിളമ്പണം എന്നാണ് യശോദബെന്‍ പറയുന്നത്. 

‘സുരക്ഷക്കാര്‍ ശീതീകരിച്ച കാറിലാണ് യാത്ര ചെയ്യുന്നത്. പക്ഷേ എന്റെ പെങ്ങള്‍ ബസിലും തീവണ്ടിയിലും ഓട്ടോറിക്ഷയിലും പോകുന്നു. ഇതെന്തു നീതിയാണ്? ഒരു പ്രധാനമന്ത്രിയുടെ ഭാര്യക്ക് ഒരു കാര്‍ ലഭിക്കില്ലെ?’ അവരുടെ സഹോദരന്‍ ചോദിക്കുന്നു. 

തനിക്ക് സുരക്ഷാഭടന്മാരെ ആരാണ് ഏര്‍പ്പാടാക്കിയതെന്നും, അവരുടെ ചുമതലകള്‍ എന്തൊക്കെയാണെന്നും വിശദമാക്കാന്‍ ആവശ്യപ്പെട്ടു തനിക്കവരെ ഭയമാണെന്ന് കാണിച്ച് നവംബര്‍ മാസത്തില്‍ യശോദ ബെന്‍ മോദി വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നല്‍കി.

‘ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാര്യയാണ്,’ അപേക്ഷയില്‍ അവര്‍ പറയുന്നു. ‘ തങ്ങളെ അതിഥികളെപ്പോലെ സ്വീകരിക്കണമെന്നാണ് സുരക്ഷാഭടന്‍മാര്‍ പറയുന്നത്. ഏത് നിയമപ്രകാരമാണ്, അല്ലെങ്കില്‍ ചട്ടത്തിന്റെ എതുഭാഗത്താണ് ഇങ്ങനെ പറയുന്നത്.?’

എന്നാല്‍ ഈ വിവരങ്ങളെല്ലാം വിവരാവകാശ നിയമത്തിന്നു കീഴില്‍ നിന്നും ഒഴിവാക്കിയ രഹസ്യങ്ങളാണെന്ന് പൊലീസ് മറുപടി നല്‍കി. അവര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നു.

അധ്യാപികയായി വിരമിച്ചതിനുള്ള പെന്‍ഷനാണ് അവരുടെ ജീവിതവരുമാനം. തന്റെ പ്രാര്‍ത്ഥനാ പുസ്തകത്തില്‍ ഭര്‍ത്താവിന്റെ ഒരു ചെറിയ ചിത്രവും വെച്ചു മണിക്കൂറുകളോളം അവര്‍ ഒറ്റയ്ക്ക് കഴിച്ചുകൂട്ടുന്നു.

‘ഞാന്‍ രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കും. വീട്ടില്‍ പ്രാര്‍ത്ഥിക്കും. അമ്പലത്തില്‍ പോകും. എന്റെ ജീവിതമിപ്പോള്‍ ഒരു പ്രാര്‍ത്ഥനയാണ്.’

ഇടക്കിടെ അവര്‍ വിഷാദത്തിലേക്ക് വഴുതിവീഴുമെന്ന് അവരുടെ സഹോദരന്‍ പറയുന്നു.

‘അവര്‍ നിരാശയിലാഴുമ്പോള്‍ ഞങ്ങളവരെ ഉന്‍മേഷവതിയാക്കാന്‍ ശ്രമിക്കും. പ്രഭാതം ഉടനെ വരുമെന്നു ഞങ്ങള്‍ പറയും. അദ്ദേഹം അടുത്തുതന്നെ ഒരുദിവസം വിളിക്കുമെന്ന് ഞങ്ങള്‍ പറയും. തന്റെയടുത്തേക്ക് ഒരുനാള്‍ അദ്ദേഹം വിളിക്കുമെന്ന് അവര്‍ക്കുറപ്പുണ്ട്’.

(വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യ ബ്യൂറോ മേധാവിയാണ് ആനി ഗോവന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍