UPDATES

വിദേശം

ബഷീര്‍ വള്ളിക്കുന്നിന്റെ ‘ഇതാണെടാ അവതാരിക…ഇവളാണെടാ പുലി’ക്ക് ഒരു വിയോജനക്കുറിപ്പ്

Avatar

വിപിന്‍ പാണപ്പുഴ

അബ്ബി മാർട്ടിൻ – റഷ്യ ടുഡേ ടെലിവിഷന്‍റെ അമേരിക്കന്‍ പതിപ്പിലെ വാര്‍ത്ത അവതാരക. ബുദ്ധിയും സൗന്ദര്യവും നിരീക്ഷണ പാടവവും കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തക. അതും ഒരമേരിക്കക്കാരി. കോർപറേറ്റ് മാധ്യമങ്ങളുടെ കൃത്യമായ അജണ്ടകൾക്കപ്പുറത്തേക്ക് വാർത്തയുടെ നേരിനേയും നെറിയേയും ഇഴകീറി അടർത്തിയെടുത്ത് പ്രേക്ഷകന് സമർപ്പിക്കാനുള്ള അനിതര സാധാരണമായ കഴിവുള്ള മാധ്യമ ലോകത്തെ വേറിട്ട ശബ്ദം. (ബഷീര്‍ വള്ളിക്കുന്നിന്‍റെ ബ്ലോഗില്‍ നിന്നും)

ഗാസ വിഷയത്തില്‍ ഇവര്‍ നടത്തിയ വാര്‍ത്ത അവതരണം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ഇസ്രേയില്‍ ആക്രമണത്തില്‍ പിടഞ്ഞുവീണ കുഞ്ഞുങ്ങളുടെ മുഖം കാണിച്ച് പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടതാപ്പിനെതിരെ ശക്തമായി തന്നെയാണ് ഇവര്‍ പ്രതികരിച്ചത്… തീര്‍ത്തും അവശ്യമായ മീഡിയ ആക്ടിവിസം എന്നാണ് എന്‍റെയും വ്യക്തിപരമായ അഭിപ്രായം…

വാഷിങ്ങ്ടണിൽ ഒബാമയുടെ മൂക്കിന് താഴെ ഇരുന്നു കൊണ്ടാണ് അബ്ബി മാർട്ടിൻ സാമ്രാജ്യത്വ നിലപാടുകളുടെ തൊലിയുരിയുന്നത് എന്നത് ശ്രദ്ധിക്കുക. ആരോപണങ്ങളിലും കേസുകളിലും കുടുക്കി തന്നെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങളെ നിരന്തരം അതിജീവിച്ചു കൊണ്ടാണ് അവർ മുന്നോട്ട് പോകുന്നത്. ബുദ്ധിയും ചിന്തയും കോർപറേറ്റുകൾക്ക് പണയം വെച്ചിട്ടില്ലാത്ത അബ്ബിയെപ്പോലുള്ള മാധ്യമ പ്രവർത്തകരാണ് ലോകത്തെങ്ങുമുള്ള അധിനിവേശ വിരുദ്ധ ചലനങ്ങൾക്ക് ഊര്‍ജ്ജം പകരുന്നത്.പത്ര മുതലാളിമാരുടെ വാലാട്ടികളാകാതെ നിലപാടുകൾ സധൈര്യം തുറന്ന് പറയാനുള്ള ചങ്കൂറ്റം മാധ്യമ പ്രവർത്തകർ കാണിക്കുമെങ്കിൽ അവരുടെ വേറിട്ട ശബ്ദം കേൾക്കാൻ പ്രേക്ഷകരും വായനക്കാരും ഉണ്ടാകുമെന്നും അവർക്ക് അവസരമൊരുക്കാൻ സമാന്തര മാധ്യമങ്ങൾ വളർന്നു വരുമെന്നും നമ്മെ ഓർമപ്പെടുത്തുക കൂടിയാണ് അബ്ബി മാർട്ടിൻ ചെയ്യുന്നത്.  (വള്ളിക്കുന്നിന്‍റെ ലേഖനം തുടരുന്നു) 

അവരുടെ വിമര്‍ശനത്തിന്‍റെ ഭാഗങ്ങളോട് എനിക്ക് അനുകൂലമായ നിലപാടാണെങ്കിലും ഇവിടെ ഉന്നയിക്കപ്പെടുന്ന ചില സംശയങ്ങളാണ്. റഷ്യ ടുഡേ എന്ന ചാനല്‍ പ്രവര്‍ത്തിക്കുന്നത് റഷ്യന്‍ പബ്ലിക്ക് റിലേഷന്‍ ഡിപാര്‍ട്ട്മെന്‍റിന്‍റെ കീഴിലാണ്. Russia Today was a part of a larger PR effort by the Russian government intended to improve the image of Russia abroad. RT was conceived by former media minister Mikhail Lesin and Vladimir Putin’s press spokesperson Aleksei Gromov. It is registered as an autonomous nonprofit organization.(വിക്കിപീഡിയ)  ആഗോള വാര്‍ത്തകളെ റഷ്യന്‍ താല്‍പ്പര്യത്തിന് അനുകൂലമായി അവതരിപ്പിക്കാനും, റഷ്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ ലോകമെങ്ങും എത്തിക്കാനും ആണ് ഈ ചാനല്‍ എന്ന് വ്യക്തമാണ്. 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ ലോക നെറ്റ്വര്‍ക്കിന് 2007ല്‍ അറബി ചാനലും ഒരു ഏഷ്യന്‍ ചാനലും തുടങ്ങി (ഇത് നമ്മുടെ നാട്ടിലെ കേബിളിലും ഡിടിഎച്ചിലും ലഭിക്കും). 2009ലെ വ്ലാദിമിര്‍ പുടിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഒപ്പിട്ട കരാര്‍ പ്രകാരമാണ്  2010ല്‍ അമേരിക്കയിലും ആര്‍.ടി ആരംഭിക്കുന്നത്.

റഷ്യന്‍ നയങ്ങള്‍ തന്നെയാണ് ഇവര്‍ എന്നും കാണിച്ചത്. ഗാസയെക്കുറിച്ച് വികാരധീനയായ ഈ അവതാരിക സിറിയയില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട രാസായുധ ആക്രമണത്തെക്കുറിച്ച് എന്ത് പറഞ്ഞുവെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. സിറിയയില്‍ വന്‍ ആക്രമണങ്ങള്‍ നടക്കുമ്പോഴും അല്‍ ബഷറിന് അനുകൂലമായി നിന്ന റഷ്യന്‍ നിലപാട് പ്രഘോഷിക്കുകയായിരുന്നു ആര്‍.ടി. അതിനായി പടച്ചുവിട്ട ക്യാംപെയിനുകളിലെ ഒരു അഭിമുഖത്തിന്‍റെ ലിങ്കാണിത്. (http://rt.com/news/assad-interview-exclusive-syria-265/ ). അങ്ങനെയെങ്കില്‍ പാലസ്തീനായി ഇവര്‍ ഒരുക്കുന്ന കണ്ണീര്‍ വെറും നയതന്ത്രം മാത്രമാണോ എന്ന സംശയമാണ് ഇവിടെ ഉയരുന്നത്.

ചെച്നിയ എന്ന മുസ്ലീം ന്യൂനപക്ഷ പ്രദേശവും മോസ്കോയുമായുള്ള പ്രശ്നത്തില്‍ പലപ്പോഴും റഷ്യനടത്തുന്ന മനുഷ്യത്വരഹിതമായ സൈനിക നടപടികള്‍ ആര്‍.ടിയെ വികാരം കൊള്ളിക്കാറുണ്ടോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. പുസ്സീ റൈറ്റ്സ് എന്ന വനിത ബാന്‍റ് നടത്തിയ ലോകം ശ്രദ്ധിച്ച പ്രതിഷേധം എങ്ങനെയാണ് റഷ്യന്‍ ടെലിവിഷന്‍ കൈാര്യം ചെയ്തതെന്നും നോക്കണം. ആദ്യഘട്ടത്തില്‍ ഒരു പള്ളിയുടെ അള്‍ത്താരയില്‍ കയറി പുടിന്‍ ഭരണകൂടത്തിന് എതിരെ പ്രതികരിച്ച ഇവരെ ഒരു വിചാരണയും കൂടാതെയാണ് തടവിലിട്ടത്. ഇത് അന്നൊന്നും ഒരു റഷ്യന്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പിന്നീട് ജയില്‍ മോചിതരായി സോച്ചിലെ ശീതകാല ഒളിംപിക്സ് വേദിയില്‍ പ്രതിഷേധിച്ച് എത്തിയ ഇവരെ ചാട്ടവാറിനാല്‍ അടിച്ച് അവശരാക്കുന്ന കാഴ്ച്ച ഏതായാലും റഷ്യാ ടുഡേ ടെലിവിഷന്‍ കൊടുത്തിട്ടില്ല. 

റഷ്യന്‍ ഭരണകൂടത്തിന് എതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ നിരന്തരം കേസുകളും പീഡനങ്ങളും നേരിടുന്നു എന്ന് വ്യക്തമാക്കി വിവിധ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. അലക്സി നെവാലിനി എന്ന ബ്ലോഗര്‍, ഗാരി കാസ്പറോവ് എന്ന ലോക ചെസ് ചാമ്പ്യന്‍ എന്നിവരുടെ കഥകള്‍ പുറം ലോകമറിഞ്ഞതാണ്. ഇവരുടെ വിമര്‍ശനങ്ങള്‍ എത്രത്തോളം റഷ്യ ടുഡേയില്‍ കാണിക്കുന്നുണ്ട്. 

അടുത്തതായി ഉക്രെയിനാണ്. ക്രീമിയ അടക്കമുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ വംശജരായി വിമത നീക്കങ്ങള്‍ക്ക് നല്‍കുന്ന ആര്‍.ടിയുടെ ന്യായീകരണങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. പാലസ്തീന്‍ ജനതയുടെ പരാമാധികാരം. ഇസ്രയേല്‍ കൊന്നു തള്ളുന്ന പാവങ്ങളുടെ കണക്ക് ഒരു നിമിഷം മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ ഉക്രെയ്ന് തുല്യമാണെന്ന് കാണുവാന്‍ സാധിക്കും. അപ്പോള്‍ അവര്‍ക്കില്ലാത്ത പരമാധികാരം പാലസ്തീന് ലഭിക്കുന്നില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ മാധ്യമം എങ്ങനെ പറയും.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇസ്രയേല്‍ അധിനിവേശത്തിനും ആക്രമണത്തിനും അരുംകൊലയ്ക്കും മറുപടിയായി എടുക്കരുത്. ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രമാത്രമാണ് മാധ്യമ ലോകത്ത് ക്ഷണികമായ ഒരു വികാര പ്രകടനത്തിന്‍റെ പേരില്‍ ഒരാളെ വിശുദ്ധനാക്കുവാന്‍ സാധിക്കില്ല. അമേരിക്കന്‍ നിരീക്ഷണ കണ്ണുകള്‍ക്ക് അപ്പുറം നിന്ന് പ്രവര്‍ത്തിക്കാന്‍ തക്ക നയതന്ത്ര ശേഷിയുള്ള ഒരു ചാനലാണ് ആര്‍.ടി. അതിനാല്‍ തന്നെ ഒബാമയ്ക്കെതിരെ എത്ര ശബ്ദത്തിലും സംസാരിക്കാം. പക്ഷെ ഉക്രെയിനിലെ ചില ഗുണ്ടാസംഘങ്ങള്‍ക്ക് തോക്കും പണവും നല്‍കി അവരെ ഉക്രെയിനില്‍ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കാന്‍ വ്ലാഡമിര്‍ പുടിന്‍ തുനിയുന്നു എന്ന് അബ്ബി മാർട്ടിൻ പറഞ്ഞുനോക്കട്ടെ. അപ്പോള്‍ കാണാം അധിനിവേശ വിരുദ്ധ ചലനങ്ങൾ ആര്‍.ടിയുടെ പടിക്ക് പുറത്ത് പോകുന്നത്. അമേരിക്കന്‍ ടെലിവിഷനെ നിയന്ത്രിക്കുന്നത് കോപ്പറേറ്റുകളാണ് എന്ന് കുറ്റപ്പെടുത്തുമ്പോഴും പോസ്റ്റ് സോവിയറ്റ് കാലത്ത് ഉദിച്ച പണചാക്കുകളെ ഭീഷണിയിലും നയതന്ത്രത്തിലും നിര്‍ത്തി സ്വന്തം സാമ്രാജ്യവും അധികാരവും വലുതാക്കുന്ന പുടിന്‍ കോപ്പറേറ്റിന്‍റെ കീഴിലാണ് ആര്‍.ടി എന്ന് ഓര്‍ക്കുക. 

അബ്ബി നടത്തിയ നാടകീയ അവതരണത്തെ ഇപ്പോഴും തള്ളി കളയുന്നില്ല പക്ഷെ അതാണ് ശരിയെന്ന് അംഗീരിക്കുന്നും ഇല്ല. അടുത്തതായി ഇതോക്കെ സാമ്രജ്യത്വ വിരുദ്ധ സംവിധാനങ്ങളാണ് അവരുടെ തെറ്റുകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതാണെന്നായിരിക്കും ഇതിന് വരുന്ന മറുപടി. എന്നാല്‍ അതിനുള്ള മറുപടി ഇത്രമാത്രം നാം എന്തിന് തിന്‍മയെ തോല്‍പ്പിക്കാന്‍ തിന്‍മയെ കൂട്ട് പിടിക്കണം. ലോകത്തെവിടെയും ഒരു ജീവൻ പിടയുന്നതും ജീവിക്കാനുള്ള അവസരം ലഭ്യമാകാതിക്കുന്നതും തിന്‍മ തന്നെയാണ്. അത് ആര് ചെയ്താലും. ഇതോടെ ഐഡിയല്‍ മീഡിയ എന്ന അവസ്ഥ സാങ്കല്‍പ്പികം മാത്രം ആകുന്നു. അതിനാല്‍  ഇന്നത്തെ മാധ്യമ നാട്യങ്ങളെ കണ്ണുമടച്ച് വിശ്വസിക്കാനും കഴിയില്ല. അത് ആഗോള തലത്തിലായാലും പ്രദേശിക തലത്തിലായാലും.

എവിടെ അധിനിവേശം നടക്കുന്നോ, അനീതി നടക്കുന്നോ അത് പക്ഷം നോക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ സംസ്കാരം ആണ് നാം പ്രതീക്ഷിക്കുന്നത്. അത് തല്‍ക്കാലം ഈ മൂലധന ഇടപെടലിനാല്‍ അന്യമായിരിക്കാം പക്ഷെ അതിലേക്കുള്ള ശുഭാപ്തി വളര്‍ത്തുവാന്‍ ചിലപ്പോള്‍ അബ്ബയുടെ ഈ ഇടപെടലുകള്‍ സൂചന നല്‍കിയേക്കാം അതിനപ്പുറമുള്ള കണ്ണടച്ച് വിലയിരുത്തലുകള്‍ അപക്വമാണ്.

(പാലസ്തീന്‍ ഗാസ പ്രശ്നത്തില്‍ വികാരപരമായ വാര്‍ത്ത കൈകാര്യം ചെയ്ത അബ്ബി മാര്‍ട്ടിനെക്കുറിച്ച് ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ഇതാണെടാ അവതാരിക…ഇവളാണെടാ പുലി എന്ന ബ്ലോഗ് പോസ്റ്റിനോട് ചില വിയോജിപ്പുകള്‍ അവതരിപ്പിക്കുകയാണ്മാധ്യമ പ്രവര്‍ത്തകനായ വിപിന്‍ പാണപ്പുഴ)

***Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍