UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിക്കറ്റിലെ ‘ഹിറ്റ്ലര്‍’; കാലിത്തൊഴുത്താകുന്ന സര്‍വകലാശാലകള്‍- ഭാഗം 3

Avatar

പി കെ ശ്യാം

കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്രാജ്യത്തിന്‍റെ ഭാവിയെ മാറ്റിമറിക്കേണ്ട ഉന്നതമായ പഠന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അധികാര-അവകാശ പോരാട്ടങ്ങളുടെ വിളനിലമായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ അടിക്കടി വിവാദങ്ങളില്‍ അകപ്പെടുന്നു. യു ആര്‍ അനന്തമൂര്‍ത്തിസുകുമാര്‍ അഴീക്കോട്കെ എന്‍ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന സര്‍വകലാശാല ആസ്ഥാനങ്ങള്‍ ഇന്ന് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ലക്ഷ്യം മറക്കുകയാണോകേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അഴിമുഖം പ്രതിനിധി നടത്തുന്ന അന്വേഷണ പരമ്പര തുടരുന്നു. (പരമ്പരയിലെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഇവിടെ വായിക്കാം –കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാല, പരീക്ഷയെഴുതാത്തവര്‍ പോലും റാങ്ക് പട്ടികയിൽ; അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിലെ അണിയറക്കഥകള്‍)


അത്യന്തം നാടകീയമായ സംഭവവികാസങ്ങളിലൂടെയാണ് കാലിക്കറ്റ് സർവകലാശാലയുടെ ഓരോ ദിവസവും കടന്നുപോകുന്നത്. നാളെ എന്തുസംഭവിക്കുമെന്ന് ആർക്കും പറയുകവയ്യ. പഠനവകുപ്പുകളും ലൈബ്രറികളും തുടങ്ങി പെൺകുട്ടികളുടെ ഹോസ്റ്റലുകൾ വരെ അടച്ചിട്ട് ഏകാധിപത്യം നടപ്പാക്കാനൊരുങ്ങിയ വൈസ്ചാൻസലർ ഡോ.എം.അബ്‌ദുൾസലാം പുറത്താകലിന്റെ വക്കിലാണിപ്പോൾ. ബുധനാഴ്‌ച തിരുവനന്തപുരത്തെത്തിയ വി.സി മുഖ്യമന്ത്രിയെ കണ്ട് രാജിവയ്ക്കാൻ ഒരുക്കമാണെന്ന് അറിയിച്ചുകഴിഞ്ഞു. തന്നെ നിയമിച്ച മുസ്‌ലിംലീഗുമായും വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബുമായുമെല്ലാം വി.സി പൊരിഞ്ഞ ഉടക്കിലാണ്. സിൻഡിക്കേറ്റിൽ ഇടത് പ്രതിനിധികൾക്കൊപ്പം ലീഗുകാരും എം.എസ്.എഫുകാരുമെല്ലാം കൂടിച്ചേർന്ന് തന്നെ ആക്രമിക്കുന്നതാണ് അബ്ദു‌ൾസലാമിനെ ലീഗിൽനിന്ന് അകറ്റിയത്. രജിസ്ട്രാറെ സർവകലാശാലയിൽ പൂട്ടിയിട്ടതാണ് ഏറ്റവും ഒടുവിൽ കാലിക്കറ്റിലുണ്ടായ സംഭവം. വി.സിക്കെതിരായ പ്രക്ഷോഭം എസ്.എഫ്.ഐയിൽ നിന്ന് ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നതോടെ അടുത്തദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാല വീണ്ടും വാർത്തകളിൽ നിറയും. 

സ്വേച്ഛാധിപത്യത്തിന്റെ ചാൻസലർ
ജനാധിപത്യസംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റിനേയും സെനറ്റിനേയുമൊക്കെ അവഗണിച്ചായിരുന്നു തുടക്കംമുതൽ ഡോ.എം.അബ്‌ദുൾസലാം പ്രവർത്തിച്ചത്. സിൻഡിക്കേറ്റ് യോഗത്തിൽ വി.സി ആക്രമിക്കപ്പെട്ടിടം വരെയെത്തി ഇതുസംബന്ധിച്ച പ്രശ്‌നങ്ങൾ. ചുമതലയേറ്റതുമുതല്‍ വി.സി.യും സിന്‍ഡിക്കേറ്റും ജീവനക്കാരും ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. സര്‍ക്കാര്‍ പലവട്ടം യോഗങ്ങൾ വിളിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാനായില്ല. വി.സി. രാജിവയ്ക്കുകയോ വൈസ് ചാന്‍സലര്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ സിന്‍ഡിക്കേറ്റംഗങ്ങളും തടയാനെത്തിയ വി.സിയും തമ്മിൽ സിൻഡിക്കേറ്റിനിടെ കൈയ്യാങ്കളിയുണ്ടായത് കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലെ തീരാകളങ്കമായി മാറി. അടിപിടിയില്‍ പരിക്കേറ്റെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാമും പി.വി.സി. കെ. രവീന്ദ്രനാഥും പരാതിപ്പെട്ടു. വി.സി. തന്നെ നെയിം പേ്‌ളേറ്റ് ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നുസിന്‍ഡിക്കേറ്റംഗം സലാഹുദ്ദീന്റെ പരാതി. വി.സിയെയും പി.വി.സിയെയും മര്‍ദ്ദിച്ച പരാതിയില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.എം. നിയാസ്, പി.എം. സലാഹുദ്ദീന്‍ എന്നിവര്‍ക്കെതിരെയും ഇവരുടെ പരാതിയില്‍ വി.സി, പി.വി.സി. എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സര്‍വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസരംഗത്തിന് ആകെ അപമാനമുണ്ടാക്കുന്ന സംഭവങ്ങളാണ് യോഗത്തില്‍ അരങ്ങേറിയത്. അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു നാണക്കേടുണ്ടായിട്ടില്ല. നാലുമാസത്തിലൊരിക്കൽ ചേരേണ്ട സെനറ്റ് യോഗം കാലിക്കറ്റിൽ മാര്‍ച്ച് 29നുശേഷം ചേർന്നിട്ടില്ല. ജൂലായ് 25, ആഗസ്ത് ഏഴ് തീയതികളില്‍ യോഗം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. സെനറ്റ് ചേരാത്തതിനാല്‍ അരലക്ഷത്തോളം വിദ്യാര്‍ഥികളുടെ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്. ഇതേത്തുടർന്ന് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം വി.സിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ വി.സി നൽകിയ വിശദീകരണങ്ങളിൽ തൃപ്തനാകാത്ത ഗവർണർ രേഖാമൂലം വിശദീകരണം നൽകാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനിടെ വൈസ്ചാൻസലറുടെ ഓഫീസിൽ സ്ത്രീകളെ വിലക്കിയത് നിയമസഭയിലടക്കം വൻ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. 

എം.എൽ.എയെ പുറത്താക്കി രജിസ്ട്രാർ
തുടര്‍ച്ചയായി മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളിൽ പങ്കെടുക്കാത്തതിനാല്‍ ടി.എന്‍.പ്രതാപന്‍ എം.എല്‍.എയുടെ സിൻഡിക്കേറ്റ് അംഗത്വം റദ്ദാക്കിയെന്ന വാർത്ത സർവകലാശാലയുമായി ബന്ധപ്പെട്ട ആർക്കും വിശ്വസിക്കാനാവുന്നതായിരുന്നില്ല. അംഗത്വം റദ്ദാക്കുന്ന ഉത്തരവ് രജിസ്റ്റാറുടെ ഓഫീസില്‍ നിന്ന് മാധ്യമപ്രവ‍ര്‍ത്തകര്‍ക്ക് വിതരണം ചെയ്തതിന് തൊട്ടുപിന്നാലെ ഉത്തരവ് മരവിപ്പിച്ചതായും അറിയിപ്പെത്തി. വി.സി അറിയാതെ രജിസ്ട്രാറാണ് എം.എൽ.എയെ പുറത്താക്കാൻ ഉത്തരവിറക്കിയതെന്ന് പിന്നീട് വ്യക്തമായി. പ്രതാപനെ പുറത്താക്കിയ കത്ത് തയ്യാറാക്കിയ സംഭവത്തില്‍  മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് രജിസ്ട്രാര്‍ ഡോ.ടി.എ. അബ്ദുള്‍മജീദിനോട് വി.സി. ഡോ. എം. അബ്ദുള്‍സലാം ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവത്തില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് കാണിച്ച് പ്രതാപന്‍ എം.എല്‍.എയും കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ജിഷാം പുലാമന്തോള്‍, സെക്രട്ടറി പി. റംഷാദ് എന്നിവരും വി.സിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പി.വി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിൻഡിക്കേറ്റിലെ സർക്കാർ പ്രതിനിധിയായ എം.എൽ.എയെ പുറത്താക്കുന്നതായി കത്ത് പുറപ്പെടുവിക്കാൻ പോലും സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ ധൈര്യപ്പെട്ടു എന്നിടത്താണ് ഈ സംഭവത്തിന്റെ പ്രസക്തി. കാലിക്കറ്റ് സർവകലാശാല കടിഞ്ഞാണില്ലാത്ത കുതിരയാണെന്ന് നിസംശയം പറയാൻ ഈ ഒരൊറ്റ സംഭവം മതി. 

ഈ വി.സിക്കിതെന്തു പറ്റി..?
പെൺകുട്ടികളുടേതടക്കമുള്ള ഹോസ്റ്റലിൽ പട്ടാളക്യാമ്പുകളിലേതുപോലെയുള്ള നിയന്ത്രണങ്ങളാണ് വി.സി ഡോ.എം.അബ്‌ദുൾസലാം ഏർപ്പെടുത്തിയത്. സർവകലാശാലയിലെ ഹോസ്റ്റലിൽ നിന്ന് മൂന്ന് വര്‍ഷം കഴിഞ്ഞ ഗവേഷകരെയും വാടക കുടിശ്ശികയുള്ളവരെയും പുറത്താക്കി പകരം പുരുഷഹോസ്റ്റലിന്റെ പുതിയ ബ്ലോക്കില്‍ കായിക വിഭാഗത്തിലെ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാൻ വി.സി ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല പ്രത്യേകം സൗകര്യം ഒരുക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം വി.സി കണ്ടില്ലെന്നു നടിച്ചു. എസ്.എഫ്.ഐ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥിസംഘടനകളും ശക്തമായസമരം നടത്തി. വിദ്യാർത്ഥികൾ സിൻഡിക്കേറ്റ് മാർച്ച് നടത്തുകയും വൈസ്ചാൻസലറുടെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. വി.സിയുടെ ഓഫീസിന് മുന്നില്‍ ഇരുമ്പ് ഗേറ്റിന് മുന്നിലിരുന്ന് മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികളെ അനുനയിപ്പിച്ച് രാത്രിവൈകിയാണ് വി.സിക്ക് വീട്ടിൽപോകാനായത്. ഒടുവിൽ കാമ്പസിലെ പുരുഷ, വനിതാ ഹോസ്റ്റലുകളിലെ അന്തേവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആറംഗ സിന്‍ഡിക്കേറ്റ് സമിതിയെ വി.സി ചുമതലപ്പെടുത്തി. ഡോ. വി.പി. അബ്ദുള്‍ഹമീദ്, അഡ്വ.പി.എം. നിയാസ്, കെ. വിശ്വനാഥ്, പി.കെ. സുപ്രന്‍, ഒ. അബ്ദുള്‍അലി, ഡോ. സി.ആര്‍. മുരുകന്‍ ബാബു എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ ഹോസ്റ്റലുകളില്‍ പരിശോധന നടത്തുകയും എല്ലാ വിഭാഗം വിദ്യാര്‍ഥികളുമായി സംസാരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതു വരേക്ക് ഹോസ്റ്റലുകളില്‍ പുതിയ പ്രവേശനങ്ങളൊന്നും നടത്തില്ല. അടച്ചിട്ട ഹോസ്റ്റലിലും തല്‍സ്ഥിതി തുടരാനും വി.സിക്ക് ഒടുവിൽ തീരുമാനിക്കേണ്ടിവന്നു. 

സർക്കാരിനേയും കബളിപ്പിച്ചു..?
വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുള്‍സലാം ശമ്പളമായും പെന്‍ഷനായും ഇരട്ടപ്രതിഫലം പറ്റുന്നതായ പരാതികൾ പരിഹരിച്ച ഗവർണർ ശമ്പളഇനത്തില്‍ വി.സി കൈപ്പറ്റിയ അധികതുക തിരിച്ചടക്കാന്‍ ഉത്തരവിട്ടിരുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് സ്വയംവിരമിച്ച് 2011 ആഗസ്തിലാണ് ഡോ. എം. അബ്ദുള്‍സലാം വി.സിയായി കാലിക്കറ്റിലെത്തിയത്. ശമ്പളമായി മാസം 1,47,500രൂപയും കാര്‍ഷികസര്‍വകലാശാലയില്‍ നിന്ന് പെന്‍ഷന്‍ ഇനത്തില്‍ 49,668 രൂപയും വി.സി കൈപ്പറ്റുന്നുണ്ടെന്ന് ഗവർണർ നടത്തിയ പരിശോധനയിൽ വ്യക്തമായി. പുനര്‍നിയമനമാണെങ്കില്‍ പുതുതായി നിയമിക്കപ്പെട്ട സ്ഥാപനത്തിലെ ശമ്പളത്തില്‍ നിന്നും മുന്‍ സ്ഥാപനത്തിന്റെ അടിസ്ഥാന ശമ്പളം കുറക്കണമെന്നാണ് സര്‍വീസ് ചട്ടങ്ങളിൽ പറയുന്നത്. ചട്ടം 100 കെഎസ്ആര്‍ പാര്‍ട്ട് മൂന്ന് പ്രകാരമുള്ളതാണ് വൈസ് ചാന്‍സലറുടെ നിയമനമെന്നും ഇത് പുനര്‍നിയമനമാണെന്നും ഗവര്‍ണര്‍ ഉത്തരവിറക്കി. 2011 ആഗസ്റ്റ് 12 ന് നിയമിതനായ വി.സി. ഈ ചട്ടമനുസരിച്ചുള്ള നിബന്ധനകളും പാലിക്കേണ്ടതാണെന്നുമാണ് രാജ്ഭവൻ വ്യക്തമാക്കിയത്. 37 മാസക്കാലത്തെ ഇരട്ട വേതനത്തില്‍ നിന്നാണ് കൈപ്പറ്റിയ 25ലക്ഷത്തിലധികം രൂപ വി സി തിരിച്ചടക്കേണ്ട അവസ്ഥയാണിപ്പോൾ. അതേസമയം അനധികൃതമായി ഒരു പൈസ പോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്നാണ് വി.സിയുടെ വാദം. നിയമന ഉത്തരവില്‍ യു.ജി.സി നിരക്കുപ്രകാരമുള്ള ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെന്‍ഷന്‍ ഒഴിവാക്കണമെന്ന് ഇതില്‍ പറഞ്ഞിട്ടില്ല. ബന്ധപ്പെട്ട സെക്ഷന്‍ സംശയം ഉന്നയിച്ചപ്പോള്‍ തനിക്ക് പുനര്‍നിയമനത്തിലെ പെന്‍ഷന്‍ ഒഴിവാക്കുന്ന വകുപ്പുകള്‍ ബാധകമാകില്ലെന്നും നാലുവര്‍ഷ കാലാവധിയുള്ളതാണ് പുതിയ പദവിയെന്നും ബോധ്യപ്പെടുത്തിയെന്നും വി.സി പറയുന്നു. 

യോഗ്യതയിലും കൃത്രിമം
ഡോ.എം.അബ്ദുള്‍സലാം വി.സി പദവി നേടാനായി സമര്‍പ്പിച്ച ബയോഡേറ്റയിൽ  യൂണിവേഴ്‌സിറ്റി സര്‍വീസ്, ഫുള്‍ടൈം പ്രൊഫസറായി സേവനമനുഷ്ഠിച്ച കാലയളവ്, ഭരണപരിചയ കാലയളവ് എന്നിവ സംബന്ധിച്ച വിവരങ്ങൾ വ്യാജമാണെന്നതും വി.സിക്കെതിരായിട്ടുണ്ട്. 35 വര്‍ഷത്തെ യൂണിവേഴ്‌സിറ്റി സര്‍വീസ് ഉണ്ട് എന്നാണ് കാണിച്ചിരിക്കുന്നതെങ്കിലും വിവരാവകാശനിയമപ്രകാരം കാര്‍ഷികസര്‍വകലാശാലയില്‍ നിന്നും ലഭിച്ച രേഖ പ്രകാരം യഥാര്‍ത്ഥ സര്‍വീസ് 25 വര്‍ഷവും 11 മാസവും 22 ദിവസവുമാണ്. വേതനരഹിത അവധിയില്‍ പ്രവേശിച്ച കാലയളവ് മൊത്തം സര്‍വകലാശാല സര്‍വീസില്‍ നിന്ന് കുറവുചെയ്യണം എന്ന ചട്ടപ്രകാരമാണിത്. ഫുള്‍ടൈം പ്രൊഫസറായി 14 വര്‍ഷത്തെ സര്‍വീസുണ്ടെന്ന ബയോ ഡേറ്റയിലെ വിവരവും തെറ്റാണ്. വേതനരഹിത അവധിക്കാലയളവിലെ 3 വര്‍ഷം കുറച്ചാല്‍ ഡോ.അബ്ദുള്‍സലാമിന് ഫുള്‍ടൈം പ്രൊഫസറായി 9 വര്‍ഷം സര്‍വീസ് മാത്രമാണുള്ളതെന്ന് വിവരാവകാശരേഖ പറയുന്നു. അതിനാല്‍ തന്നെ ആകെ സര്‍വ്വീസ് കാലയളവ് 25 വര്‍ഷവും 11 മാസവും 22 ദിവസവും മാത്രമാണ്. മാത്രമല്ല ഫുള്‍ടൈം പ്രൊഫസറായി 14 വര്‍ഷത്തെ സര്‍വ്വീസുണ്ടെന്ന് അവകാശപ്പെടുന്ന അബ്ദുള്സലാം എല്‍ ഡബ്ല്യു എ കഴിച്ചാല്‍ 9 വര്‍ഷവും ഒരുമാസവും ഒമ്പത് ദിവസവും മാത്രമേ ഫുള്‍ ടൈം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുള്ളൂ. 15 വര്‍ഷത്തെ ഭരണപരിചയമുണ്ടെന്ന് അവകാശപ്പെടുന്ന അബ്ദുള്‍ സലാമിന് വെറും ഒമ്പത് വര്‍ഷവും അഞ്ച്  മാസവും 29 ദിവസവും മാത്രമാണ് അഡ്‌സ്മിനിസ്‌ട്രേറ്റീവ് എക്‌സീപിരിയന്‍സ് ഉള്ളതെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ നിന്ന് വ്യക്തമാവുന്നത്. സര്‍ക്കാരിനെയും ഗവര്‍ണറെയും യുജിസിയെയും കബളിപ്പിച്ച് വൈസ്ചാന്‍സലര്‍ സ്ഥാനം നേടിയെടുത്ത അബ്ദുള്‍സലാമിനെ പുറത്താക്കി അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരസമിതി ഗവർണർക്കും സർക്കാരിനും പരാതിനൽകിയിട്ടുള്ളത്.

വിദേശയാത്രകളും വിവാദത്തിൽ 
വി.സിയുടേയും പി.വി.സിയുടേയും വിവാദമുണ്ടാക്കിയ വിദേശയാത്രകളെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയാണിപ്പോൾ. വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വിദേശത്തുള്ള പഠനകേന്ദ്രത്തിന് അനുമതി നല്‍കുന്നതിനുള്ള പരിശോധനയ്ക്കായിരുന്നു പ്രോ വൈസ്ചാന്‍സലര്‍ കെ രവീന്ദ്രനാഥ് യു.എ.ഇയിലേക്ക് യാത്ര നടത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വിസയില്‍ സെയില്‍സ് എക്‌സിക്യുട്ടീവ് എന്നാണ് തൊഴില്‍ രേഖപ്പെടുത്തിയിരുന്നത്. അദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഉദ്യോഗസ്ഥരും വ്യാജ വിവരങ്ങളാണ്‌നല്‍കിയിരുന്നത്. സർക്കാരിന് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിദേശകാര്യമന്ത്രാലയവും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം യു.എ.ഇ യിലേക്ക് വി.സി ഡോ. എം. അബ്ദുള്‍സലാം നടത്തിയ യാത്രയിൽ അന്താരാഷ്ട്ര റോമിംഗ് ഇനത്തിൽ അരലക്ഷം രൂപയാണ് നഷ്ടമായത്.  ഔദ്യോഗിക ഫോണ്‍ നമ്പറില്‍ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര റോമിങ് സൗകര്യം ഉപയോഗിക്കാതെ തന്നെ 50, 299 രൂപ ബില്ലായി. വി.സിക്ക് നഷ്ടമായ ഔദ്യോഗിക ഫോണിന്റെ പണം സര്‍വകലാശാലയില്‍നിന്ന് തിരികെ നല്‍കാന്‍ നടപടി ആവശ്യപ്പെട്ട് പി.വി.സി ധനകാര്യ സ്ഥിരം സമിതിക്ക് കുറിപ്പ് നല്‍കിയതും വിവാദമായി.  

ആരോപണങ്ങളുടെ കൂമ്പാരം
വ്യക്തിതാത്പര്യം മാത്രം മുന്‍നിര്‍ത്തി വഴിവിട്ട് പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെ മാറ്റണമെന്നാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ സിൻഡിക്കേറ്റംഗങ്ങളുടെ ആവശ്യം. ചട്ടങ്ങള്‍ മറികടന്ന് പുനഃപരീക്ഷ നടത്തിയതു സംബന്ധിച്ച കേസില്‍ വിജിലൻസ് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പി.വി.സി. രവീന്ദ്രനാഥിന്റെ പി.എ.യുടെ മകള്‍ക്കു വേണ്ടി ബി.ടെക് പ്രാക്ടിക്കല്‍ പരീക്ഷ വീണ്ടുംനടത്തിയതിലാണ് ക്രമക്കേടുള്ളത്. രവീന്ദ്രനാഥിന്റെ പി.എ. രാമകൃഷ്ണന്റെ മകള്‍ സംഗീത ഉള്‍പ്പെടെ പാമ്പാടി എന്‍ജിനിയറിങ് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ 2011 ലെ ബി.ടെക് ആറാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ വീണ്ടും പരീക്ഷ നടത്താന്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്താന്‍ വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പരീക്ഷാ കണ്‍ട്രോളറും പരീക്ഷാബോര്‍ഡും എതിര്‍ത്തതിനെ തുടര്‍ന്ന് പരീക്ഷ നടത്തേണ്ടെന്ന് സിന്‍ഡിക്കേറ്റും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വൈസ് ചാന്‍സലര്‍ സ്വന്തം അധികാരം ഉപയോഗിച്ച് പിന്നീട് പരീക്ഷ നടത്തി. പരീക്ഷാ ബോര്‍ഡ് അധ്യക്ഷന്റെ എതിര്‍പ്പ് മറികടന്ന് മാര്‍ക്ക്‌ലിസ്റ്റിന് വൈസ് ചാന്‍സലര്‍ അംഗീകാരം നല്‍കിയെന്നും വിജിലൻസ് കണ്ടെത്തി. വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറും ഇക്കാര്യത്തില്‍ സ്വജനപക്ഷപാതം കാണിച്ചതായി  മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. കണ്ടെത്തിയിട്ടുണ്ട്. 

ചാണകം വാങ്ങാൻ 30 ലക്ഷം
സഹപ്രവര്‍ത്തകരെ ശത്രുക്കളായി  കാണുകയാണ് വി.സിയെന്നാണ് മറ്റൊരു ആരോപണം. രജിസ്ട്രാറെയും പരീക്ഷാ കണ്‍ട്രോളറെയും മാനസികമായി പീഡിപ്പിച്ച് പുറത്താക്കി. രജിസ്ട്രാര്‍ക്കെതിരായ നിയമവിരുദ്ധനടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഡോ. ഉമര്‍ തസ്‌നിം എന്ന അധ്യാപകനെ ചട്ടം ലംഘിച്ച് സസ്‌പെന്‍ഡ് ചെയ്തു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ എടുക്കാത്ത തീരുമാനങ്ങള്‍ മിനിറ്റ്‌സില്‍ എഴുതിച്ചേര്‍ത്തു. മാറാരോഗികളായ ഒട്ടേറെ ജീവനക്കാരുടെ റീ ഇംപേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങള്‍ അന്യായമായി തടഞ്ഞുവെച്ചു. വി.സി. ഈ ഇനത്തില്‍ അനധികൃതമായി ലക്ഷങ്ങള്‍ കൈപ്പറ്റി. ഗവേഷക വിദ്യാര്‍ഥികളുടെ ഫെലോഷിപ്പ് തടഞ്ഞുവെക്കുമ്പോള്‍ ചാണകം വാങ്ങാന്‍ 30 ലക്ഷം രൂപ ചെലവഴിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതി ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ ടൈല്‍സ് പതിക്കലും ജെ.സി.ബി.ക്ക് വാടക നല്‍കലും മാത്രമാണ് നടത്തിയത്. ജെ.സി.ബി. വാടകയിനത്തില്‍ മാത്രം അരക്കോടിയോളം രൂപ ചെലവഴിച്ചു. തന്റെ കാലയളവില്‍ ഏതെങ്കിലും പദ്ധതി പൂര്‍ത്തികരിച്ചതായി വി.സി.ക്ക് കാണിക്കാനാകുമോ എന്നാണ് സിന്‍ഡിക്കേറ്റംഗങ്ങളുടെ ചോദ്യം. പരീക്ഷാഭവനില്‍ സെര്‍വര്‍ വാങ്ങുന്നതിന് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കി അതേ കമ്പനിക്ക് കൂടുതല്‍ തുകയ്ക്കുള്ള ടെന്‍ഡര്‍ അനുവദിക്കാന്‍ വി.സി ശ്രമിച്ചെങ്കിലും സിന്‍ഡിക്കേറ്റ് ഇടപെട്ട് തടയുകയായിരുന്നു. 

വി.സി തെറിക്കും
മുസ്‌ലിംലീഗും കൂടി കൈവിട്ടതോടെ വി.സി സ്ഥാനത്തു നിന്ന് ഡോ.എം.അബ്‌ദുൾസലാം തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ചെയർമാനാക്കി മാറ്റാൻ ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. മൂന്നുവർഷം മുൻപ് ടി.പി ശ്രീനിവാസനെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയര്‍മാനാക്കും മുൻപ് ഡോ.എം.അബ്‌ദുൾസലാമിന് സർക്കാർ ഈ പദവി വാഗ്ദാനം ചെയ്തെങ്കിലും അന്ന് അദ്ദേഹം നിരസിക്കുകയായിരുന്നു. പുതുതായി രൂപീകരിക്കുന്ന അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (കെ-സാക്ക്) ചെയർമാൻ സ്ഥാനത്തേക്ക് മാറാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. ഉന്നതപദവി ലഭിക്കണമെന്ന വാശിയിലാണ് ഡോ.എം.അബ്‌ദുൾസലാം. സിൻഡിക്കേറ്റിൽ തനിക്ക് എതിരേ പ്രവർത്തിക്കുന്ന കോൺഗ്രസുകാരെയടക്കം മാറ്റണമെന്ന ആവശ്യവുമായാണ് വി.സി മുഖ്യമന്ത്രിയെ കണ്ടത്. അല്ലെങ്കിൽ തന്നെ വി.സി സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. സിൻഡിക്കേറ്റ് ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരുടെ സമിതി രൂപീകരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടാനിരിക്കുകയാണ് ഡോ.എം.അബ്‌ദുൾസലാം. ഇതോടെ ഡോ.എം.അബ്‌ദുൾസലാമിന്റെ കാര്യത്തിൽ സർക്കാർ ഒരു തീരുമാനമെടുത്തേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍