UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിസ്റ്റര്‍ അബ്ദു റബ്ബ്, താങ്കള്‍ ഭരണഘടനയെ അനുസരിക്കാന്‍ ബാധ്യതയുള്ള ഒരു മന്ത്രിയാണ്

Avatar

പി സി ജിബിന്‍

മത വെറി പിടിച്ച കടല്‍ക്കിഴവന്മാര്‍ പറയട്ടെ, കൂടെ അകാല വാര്‍ദ്ധക്യം ബാധിച്ച യുവ മതഭ്രാന്തന്മാരും; പക്ഷെ അബ്ദു റബ്ബ് ഈ നാടിന്റെ മന്ത്രിയാണ്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട, സമൂഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ആള്‍. ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് വീടിന്റെ പേര് മാറ്റുകയോ, വിളക്ക് കത്തിക്കാതിരിക്കുകയോ ചെയ്യാന്‍ മന്ത്രിക്കു  സ്വാതന്ത്ര്യം ഉള്ളതുപോലെ, ഈ നാട്ടിലെ ഓരോ പൗരനും അവന്റെതായ സ്വാതന്ത്ര്യം ഉണ്ട് എന്നും  മന്ത്രി മനസിലാക്കണം ആയിരുന്നു.അതല്ലെങ്കില്‍, കേന്ദ്രത്തില്‍ ഭരിക്കുന്നവര്‍ മനുസ്മൃതിയെ പിന്‍പറ്റുകയും സംസ്ഥാന ഭരണകൂടം ശരീയത്തിനെ അനുസരിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍, ‘ഇന്ത്യന്‍’ എന്ന് വിളിപ്പേര് ഉള്ളവര്‍ എന്ത് ചെയ്യും സാര്‍?

പണ്ട് കണ്ണൂരിലെ മട്ടന്നൂരില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ ആയ ഒരു കുട്ടിയുടെ കൂടെ അവന്റെ വീട്ടില്‍ പോയി. ലീഗ് വിശ്വാസികളാണ് ആ കുടുംബം. മകന്‍ എസ് എഫ് ഐക്കാരന്‍ ആയതിനെ ശപിച്ചുകൊണ്ടാണ് എന്നെ സ്വീകരിച്ചത്. ‘ഓനും സഖാവാ?’ എന്ന ഉമ്മയുടെ രഹസ്യ ചോദ്യത്തിന് അവന്‍മറുപടി കൊടുത്തത്‌, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല എന്നാണത്രേ. അതുകൊണ്ടാവണം അവര്‍ എന്നെ ജ്യൂസ് ഒക്കെ നല്‍കി സത്കരിച്ചത്! അവര്‍ എന്നോട് പങ്കുവെച്ചത് മകന്‍ എസ് എഫ് ഐക്കാരന്‍ ആയതിലുള്ള ആധിയായിരുന്നു. പ്രത്യയശാസ്ത്രപരമായ കാരണങ്ങളോ മറ്റോ ആയിരുന്നെങ്കില്‍ പ്രശ്‌നം ഇല്ലായിരുന്നു. എസ് എഫ് ഐയില്‍ പോയാല്‍ ‘കണ്ട പെണ്ണുങ്ങളുടെ ഒക്കെ കണ്ടിടത്ത് തൊട്ട്’ ചെക്കന്‍ വഷളായിപ്പോകും എന്നതാണ് കാരണം. വീടിനപ്പുറത്ത് ലോകം കണ്ടിട്ടില്ലാത്ത ഒരു സാധു സ്ത്രീയുടെ വീക്ഷണം ആയാണ് അന്ന് ഞാന്‍ അവരുടെ അഭിപ്രായത്തെ കണ്ടത്. എന്നാല്‍ ഇന്ന് അബ്ദു റബ്ബിന്റെ പ്രസ്താവന കേട്ടപ്പോഴാണ് മനസ്സിലായത്, അന്ധതയുടെ ‘വിജ്ഞാനം’ സാധുക്കളുടെ തലച്ചോറിലേക്ക് നിറക്കുന്നത് ഇത്തരം സംപൂജ്യന്മാര്‍ ആണെന്ന്. കോളേജില്‍ പോയാല്‍ വഷളാകും എന്ന കാരണം പറഞ്ഞു സ്‌കൂള്‍ തലത്തില്‍ പഠിത്തത്തില്‍ മുന്നില്‍ നില്‍ക്കുന്ന മിക്ക മുസ്ലിം പെണ്‍കുട്ടികളുടെയും ഉന്നതപഠനം നിഷേധിക്കുന്നത്. ഇതിന് എന്നും ആശയപരമായ പിന്തുണ ലീഗ് നല്‍കിയിട്ടുണ്ട്.

എത്രത്തോളം സെക്യുലര്‍ മുഖം ഉണ്ട് എന്ന് അവകാശപ്പെട്ടാലും, ആത്യന്തികമായ മുസ്ലിം മതഘടനക്കുള്ളിലാണ് ലീഗിന്റെ നിലനില്‍പ്പ്. പാണക്കാട് കുടുംബത്തിന്റെ മതപരമായ പദവികള്‍ തന്നെയാണ് മലപ്പുറത്തെ ലീഗ് അനുയായികളെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കി നിര്‍ത്തുന്നത്. മുസ്ലിം ലീഗ് നിയന്ത്രിക്കുന്ന മഹല്ല് കമ്മറ്റികള്‍ വഴി വിശ്വാസികളെ രാഷ്ട്രീയമായി നിയന്ത്രിച്ച് നിര്‍ത്താനും ലീഗിന് കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് അനുഭാവികള്‍, കലാകാരന്മാര്‍/കലാകാരികള്‍ എന്നിവരെ സമുദായ ഭ്രഷ്ട് കല്‍പ്പിക്കാനും പ്രാദേശികമായി മുന്നില്‍ നിന്ന് മത്സരിച്ചത് ലീഗ് തന്നെയാണ്.

വ്യക്തികളെ മതത്തിന്റെ, മതനിയമങ്ങളുടെ ചട്ടക്കൂടിനകത്ത് നിര്‍ത്തിക്കൊണ്ട് അധികാരം അനുഭവിക്കുക എന്ന മതമേലധ്യക്ഷന്മാരുടെ പ്രാചീന ഗോത്ര ചിന്ത തന്നെയാണ് മറ്റൊരു രൂപത്തില്‍ ലീഗ് നേതാക്കള്‍ രൂപപ്പെടുത്തുന്നത്. കെ എം ഷാജി എന്ന എം എല്‍ എയുടെയോ അബ്ദു റബ്ബ് എന്ന മന്ത്രിയുടെയോ പ്രസ്താവനകള്‍ അവരുടെ സാധാരണമായ പ്രസ്താവനകള്‍ തന്നെയാണ്. പണ്ട് പ്രാദേശികമായി നടത്തിയിരുന്ന പ്രസംഗങ്ങളില്‍ പോലും ലീഗ് നേതാക്കള്‍ നടത്തിയിരുന്ന പ്രസ്താവനകള്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ നമ്മുടെ കാതില്‍ എത്തുന്നു എന്നേ ഉള്ളൂ.

വ്യക്തി സ്വാതന്ത്ര്യ പ്രശ്‌നം എന്നതിന് അപ്പുറത്ത് ഫാറൂഖ് കോളേജ് പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടണം. മതപരമായ പിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍ക്ക് സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ അനുവദിക്കുന്നത് മുതല്‍ അത്തരക്കാരെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്. കലാലയങ്ങളെ ക്ഷേത്രങ്ങള്‍ ആയും മദ്രസകള്‍ ആയും കാണുന്ന തരത്തില്‍ ഒരു വ്യക്തിയെയോ വിഭാഗത്തെയോ വളര്‍ന്നു വരാന്‍ അനുവദിച്ചുകൂടാ. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് ആര്‍ എസ് എസ് നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനവും ഇടയലേഖനങ്ങള്‍ വഴി ക്രൈസ്തവ സഭകള്‍ വോട്ടുകള്‍ നിയന്ത്രിക്കുന്ന രീതിയും എല്ലാം ഇതേ നുകത്തില്‍ കൂട്ടിക്കെട്ടേണ്ട കാര്യങ്ങള്‍ തന്നെ.

സൗഹൃദങ്ങള്‍ നിര്‍മിക്കുന്നതിലും പ്രണയിക്കുന്നതിലും എന്താണ് തെറ്റ്? അന്യമതസ്ഥരെ ആക്രമിക്കാന്‍ പരിശീലിപ്പിക്കുന്ന മതമൗലികവാദ സംഘടനകളുടെ പ്രവര്‍ത്തികളെക്കാള്‍ എത്രയോ മികച്ചതും മാനവികവുമാണത്. ആണിനും പെണ്ണിനും ഇടയില്‍ ലൈംഗികത മാത്രമേ ഉണ്ടാവൂ എന്നും പ്രണയമെന്നാല്‍  ലൈംഗികതയാണെന്നും ആരാണ് നിങ്ങളെ പഠിപ്പിച്ചത്?

മതപരമായി ഒട്ടും പാക്ക്ഡ് അല്ലാത്ത സെക്യുലര്‍ സമൂഹങ്ങളില്‍ മുസ്ലിം ഫോബിയ വളരുന്നതിന് കെ എം ഷാജിയെപ്പോലെയോ അബ്ദു റബ്ബിനെപ്പോലെയോ ഉള്ള പല നേതാക്കളും കാരണമായിട്ടുണ്ടെന്നത് ഒരു വസ്തുത തന്നെയാണ്. സിയോണിസ്റ്റ് അമേരിക്കന്‍ ചേരികള്‍ സൃഷ്ടിച്ചെടുത്ത ഇസ്ലാമൊഫോബിയയെ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയത് മുസ്ലിം വിഭാഗത്തില്‍പ്പെട്ട നേതാക്കള്‍ തന്നെ. അബ്ദു റബ്ബിന്റെ പ്രസ്താവന വന്ന ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ അതിനെതിരെ ശക്തമായി പ്രതികരിച്ചു. അതിനിടയില്‍ ലീഗ് അനുഭാവികള്‍ മന്ത്രിയെ അനുകൂലിച്ചും രംഗത്തെത്തി. ‘മുസ്ലിം പോലുള്ള ഉന്നതമായ ഒരു മതം ഉള്‍ക്കൊണ്ട ആളിന് ഇങ്ങനെയെ പറയാന്‍ കഴിയൂ’ എന്നൊക്കെയാണ് അവരുടെ വാദങ്ങള്‍. മുസ്ലിം മതത്തെ അതിന്റെ വിമര്‍ശകരെക്കാള്‍ കൂടുതലായി കരിവാരി പൂശുന്നത് ലീഗ് ആണെന്ന് മനസ്സിലാവും!

നമുക്ക് സൗഹൃദങ്ങള്‍ ആഘോഷിക്കാം. പ്രണയിക്കാം. ആകാശം കാണാം. മൂവാണ്ടാന്‍ മാവിന്റെ തുഞ്ചത്തുകയറി അവള്‍ക്ക് മാങ്ങ പറിച്ചു കൊടുക്കാം. അവിടെ നിന്ന് മക്കയും മദീനത്തെ പള്ളിയും കാണാന്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞു താഴെ നില്‍ക്കുന്ന അവളെ കൊതിപ്പിക്കാം. തോക്കുകളും ബോംബുകളും ശബ്ദിക്കാത്ത ഒരു ലോകം കാമ്പസുകളില്‍ നിന്നും നിര്‍മിച്ചു തുടങ്ങാം. അടുത്തിരിക്കാം. ഒരേ പാത്രത്തില്‍ ഉണ്ണാം.

വാല്‍ക്കഷ്ണം: ഇസ്ലാമിക് സ്‌റ്റേറ്റിനെ എതിര്‍ക്കുന്ന ആളുകള്‍ പോലും അരുന്ധതി എന്ന കുട്ടിയുടെ ഫേസ്ബുക്ക് അകൗണ്ടിനു പണികൊടുത്തത് ഐസിസ് പതാകയില്‍ ആലേഖനം ചെയ്ത വിശുദ്ധ നാമങ്ങളെ അപമാനിക്കും വിധം ചിത്രം പോസ്റ്റ് ചെയ്തതിന് ആണത്രേ! ഇനി അതേ രീതിയില്‍ ‘റബ്ബിനെ’ വിമര്‍ശിച്ച എത്ര പേര്‍ക്ക് ആ പേര് കാരണം പണി കിട്ടുമോ ആവോ….

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍