UPDATES

ട്രെന്‍ഡിങ്ങ്

ഉഗ്രന്‍ തിരക്കഥ റെഡി; ക്ലൈമാക്സ് ഉടന്‍ പ്രതീക്ഷിക്കാം

ഒരു നടിയെ തട്ടിക്കൊണ്ടുപോകൽ; ഫ്ലാഷ് ബാക്

ഒരു നടിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുഭാവപൂർവം സംസാരിക്കാത്ത ആരുമിനി ബാക്കിയില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം എല്ലാ രാഷ്ട്രീയ നേതാക്കളും പ്രസ്താവിച്ചു കഴിഞ്ഞു. സിനിമ രംഗത്തെ എല്ലാ അതികായന്മാരും അതികായകളും ഒക്കെ പൊതു നിരത്തിലിറങ്ങി. വിണ്ണിലെ താരങ്ങൾ മണ്ണിൽ ഇറങ്ങിയതിനാൽ മാധ്യമങ്ങളും ജനങ്ങളും കൂടി. ഒരു പാവം പെൺകുട്ടിയുടെ ദുരവസ്ഥയെ പറ്റി എല്ലാവരും ആക്രോശിച്ചു. കണ്ണീരൊഴുക്കി. ഇനി ഒരിക്കലും ഇങ്ങനെ ഒന്നുണ്ടാകരുതെന്നു ആർത്തു വിളിച്ചു. ദേശീയഗാനം പോലെ എല്ലായ്പോഴും കേൾക്കുന്ന ഒന്നാണിതെന്നു കരുതി ജനം സഹിച്ചു. സ്ത്രീവിരുദ്ധ ഡയലോഗിലൂടെ ആരാധകരുടെ മനം കവർന്ന മഹാനടന്മാരും അതെഴുതിയ തിരക്കഥാകൃത്തുക്കളും ഈ കൂട്ടത്തിൽ വന്നു കണ്ണീർ പൊഴിച്ചു. നല്ലത്. ഒരു സഹപ്രവർത്തകയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് തന്നെ. സിനിമയിൽ പറയുന്നതാകണമെന്നില്ലല്ലോ അവരുടെ നിലപാടുകൾ. നാട്ടിൽ അനേകം സ്ത്രീകൾ, പിഞ്ചു പെൺകുട്ടികൾ മുതൽ വൃദ്ധമാർ വരെ ഓരോ ദിവസവും ആക്രമിക്കപ്പെടുന്നു. സ്വന്തം വീട്ടിലും വിദ്യാലയങ്ങളിലും ആരധനാലയങ്ങളിലുമെല്ലാം ഇത് തുടരുന്നു. സൗമ്യയും ജിഷയും മറ്റും വലിയ വാർത്തയാകുമ്പോൾ പോലും ഇത്തരം താരങ്ങളെ നാം പുറത്തുകാണാറില്ല. അത്യപൂർവം ചിലരൊഴിച്ചു. എങ്കിലും അത് വിടുന്നു.

ഈ പ്രശ്നത്തിൽ നടത്തിയ അനുഭാവപ്രകടനങ്ങളിൽ ഇവർക്ക് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ട്? മുഖ്യമന്ത്രിയടക്കമുള്ള സർക്കാരിന്റെ, പോലീസിന്റെ നടപടികൾ ശ്രദ്ധിക്കുന്ന ആർക്കും പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആഗ്രഹം ആത്മാർത്ഥമായി ഉണ്ടോ എന്നു സംശയം തോന്നും. കയ്യകലത്തിൽ നിന്ന് ഫോൺ ചെയ്ത മുഖ്യപ്രതിയെ വിട്ടുകളഞ്ഞതും ശരിയായ രീതിയിൽ ഫോറൻസിക് പരിശോധനകൾ നടത്താതിരുന്നതും സംഭവം നടന്നതായി ഡി ജി പി അറിഞ്ഞു ഒന്നരമണിക്കൂർ നേരം കഴിഞ്ഞിട്ടും മേഖലാ ഐജിയോ കമ്മീഷണറോ അറിഞ്ഞില്ല എന്നതും കാറിന്റെ അകത്തെ പരിശോധനകൾ (ജിഷയുടെ വീടും ജിഷ്ണുവിനെ മർദ്ദിച്ച മുറിയും പോലെ ) പലദിവസങ്ങൾ കഴിഞ്ഞു മാത്രം പരിശോധിച്ചതും അങ്ങനെ മറ്റു പലതും കാണുന്ന ആർക്കും പല സംശയങ്ങളും തോന്നാം. എന്നിട്ടും മുഖ്യമന്ത്രി പറയുന്നു എല്ലാം ശരിയായി നടക്കുന്നു എന്ന്. മുഖ്യപ്രതിയുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംവിധാനത്തിന് കഴിഞ്ഞതിലൂടെ എല്ലാം ശരിയായി എന്നാകും അദ്ദേഹം പറഞ്ഞതിന്റെ അർഥം.

എന്നാൽ പോലീസിനെയും മുഖ്യമന്ത്രിയെയും മഹാനടന്മാരെയും വിമർശിക്കുന്നവർ അക്ഷരാത്ഥത്തിൽ കഥയറിയാതെ ആട്ടം കാണുകയാണ്. ഇതുവരെ നാം കണ്ടതെല്ലാം ഒരു സിനിമയാണെന്ന് ഒന്നാലോചിച്ചുനോക്കൂ. മലയാളമടക്കം എല്ലാ ഇന്ത്യൻ ക്രൈം ത്രില്ലർ സിനിമകളുടെയും ഘടന ഏതാണ്ടൊരു പോലെ തന്നെയാണ്. ഒരു വലിയ കുറ്റകൃത്യം നടക്കുന്നു. അന്വേഷണം തകൃതിയായി നടക്കുന്നു. ഏറ്റവും ഒടുവിലത്തെ ക്ളൈമാക്സിലല്ലേ പ്രധാനവില്ലനെ പിടിക്കൂ. അത് തന്നെ നായകൻറെ അത്യുഗ്രമായ പോരാട്ടത്തിലൂടെ മാത്രം. നായകൻ പോലീസല്ലെങ്കിൽ എല്ലാം കഴിഞ്ഞതായി ഫോൺ ചെയ്തറിയിച്ചിട്ടേ പോലീസ് വന്നു ഇവരെ കസ്റ്റഡിയിൽ എടുക്കൂ. സിനിമ കാണാൻ തുടങ്ങുമ്പോൾ തന്നെ നമുക്കറിയാം അവസാനം മുഖ്യ വില്ലനെ പിടിക്കും എന്ന്. ചിലപ്പോൾ കുറ്റത്തിന്റെ പിന്‍ കഥകൾ അപ്പോഴേ നമ്മൾ അറിയൂ. അത് മിക്കവാറും വില്ലനെകൊണ്ട് തന്നെ പറയിക്കുന്നതോടെ സിനിമ തീരുന്നു. സത്യം ജയിച്ച സന്തോഷത്തോടെ നാം പുറത്തിറങ്ങുന്നു. തിരക്കഥ സമ്പൂർണമായ ശേഷമാകണം ഷൂട്ടിംഗ് തുടങ്ങുന്നത് എന്നില്ല. പ്രത്യേകിച്ചും മെഗാ താരങ്ങളുടെ പങ്കാളിത്തമുണ്ടെങ്കിൽ അവരുടെ കാൾ ഷീറ്റനുസരിച്ചു ഷൂട്ടിങ് തുടങ്ങും. ഇടയിൽ തിരക്കഥ പൂർത്തിയാക്കപ്പെടും.

ഇനി നമ്മുടെ മുന്നിലുള്ള ആക്രമണത്തെ ഒരു തിരക്കഥയായി സങ്കല്പിക്കുക. ഒരുമാസമായി ഇതിന്റെ തിരക്കഥ തയാറാക്കിയിട്ടെന്നും പറയുന്നു. അത് ഭാഗിക തിരക്കഥ മാത്രമായിരിക്കും. അപൂർവമായി നടീനടന്മാർ തിരക്കഥയുടെ ശരിയായ രൂപം അറിയാതെയും പടങ്ങളിൽ അഭിനയിക്കാറുണ്ട്. ‘ഉദയനാണ് താരം’  എന്ന സിനിമക്കകത്തെ സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന നടനായ കഥാപാത്രം ഉദാഹരണം. പിണങ്ങിപ്പോയ നടനെക്കൊണ്ട് അയാളറിയാതെ ക്ളൈമാക്സ് അഭിനയിപ്പിച്ച രംഗം ഉണ്ടല്ലോ. പ്രധാനപ്രതിയെ ആദ്യം പിടിച്ചു കഥയുടെ രസച്ചരട് പൊട്ടിക്കാതിരിക്കാൻ പോലീസ് നന്നായി ശ്രദ്ധിച്ചു. കുറ്റകൃത്യത്തെ പറ്റി അറിഞ്ഞ ഡി ജി പി ആദ്യം വിളിച്ചത് ഐജിയെയോ കമ്മീഷണറെയോ അല്ല, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറെ ആണ് എന്നതിൽ നിന്ന് തന്നെ തിരക്കഥ വ്യക്തമാണ്. കൊച്ചി നഗരത്തിൽ പ്രതി ഉണ്ടെന്നറിഞ്ഞിട്ടും പിടിക്കാൻ കഴിയാതിരുന്നതും നാല് ദിവസം കേരളത്തിന്റെ പലഭാഗത്തും സഞ്ചരിച്ചിട്ടും, സ്വന്തം വക്കീലിന്റെ അടുത്ത് ചെന്ന് ജാമ്യാപേക്ഷ എഴുതി ഒപ്പിട്ടു കൊടുക്കുക വരെ ചെയ്തിട്ടും പിടിക്കാതിരുന്നതും കണ്ടിട്ടും ഇതിന്റെ തിരക്കഥ നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിങ്ങള്‍ക്ക് സിനിമയെ പറ്റി ഒരു ചുക്കും അറിയില്ലെന്ന് പറയേണ്ടിവരും. (സഖാവ് പിണറായി വിജയനോട് കടപ്പാട്). ഈ വില്ലൻ തന്നെ പ്രത്യേകതരം വില്ലനല്ലേ? ഇത്രയൊക്കെ ഉപദ്രവിച്ച ശേഷവും നടിയെ ഒരു സംവിധായകന്റെ അടുത്ത് സുരക്ഷിതയായി എത്തിച്ച ശേഷമല്ലേ അദ്ദേഹം ഓടിപ്പോയുള്ളു. ഇങ്ങനെ ചെയ്യുക വഴി തനിക്കു അപകടസാധ്യത ഉണ്ടെന്നറിയാത്ത ആളോ ഈ പ്രതി? അല്ല താനെന്തായാലും ക്ളൈമാക്സിലെ പിടിക്കപ്പെടൂ എന്നറിയാവുന്നതിനാലാണ് ഈ ധൈര്യവും കരുണയും ടിയാൻ കാണിച്ചത്. സ്നേഹമുള്ള വില്ലൻ അല്ലേ?

ഒരു സംശയവും വേണ്ട പ്രതിയെ പോലീസ് പിടിക്കും. തിരക്കഥ പൂർത്തിയാക്കാനുള്ള താമസം മാത്രം. പിടിച്ചാൽ പ്രതി പറയേണ്ട കഥ തയാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആരെപ്പറ്റിയൊക്കെ പറയണം? ആരെയൊക്കെ രക്ഷിക്കണം? ആരെ ശിക്ഷിക്കണം? ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലെന്ന പോലെ (ഒരു സംഘം വർഗീയവാദികളാണ് ആ കൊല നടത്തിയത്, വ്യക്തിവിരോധം കൊണ്ട് ചെയ്തതാണ് എന്നൊക്കെ സ്ഥാപിക്കാൻ ചിലരൊക്കെ ശ്രമിച്ചല്ലോ അതുപോലെ) ജനം വിശ്വസിക്കുന്ന ഒരു തിരക്കഥ വേണം. (അത്രയൊന്നും വിശ്വസിച്ചില്ലെങ്കിലും ആർക്കും കുഴപ്പമൊന്നുമില്ല)

പക്ഷെ ഇനി ഇതധികം നീളില്ല. ഇത്രദിവസവും അന്വേഷണത്തെപ്പറ്റി ഒന്നും മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇന്ന് പറഞ്ഞതും അതാണ്. ഇനി വൈകിക്കൂടാ. അതിലെ സന്ദേശമൊക്കെ എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ പ്രതി പിടിക്കപ്പെട്ടതായി ഫ്ലാഷ് വാർത്ത വന്നേക്കാം. കാരണം ഇതിലെ ചില പ്രധാന വേഷങ്ങൾക്ക് സമ്മർദ്ദമുണ്ട്. മുഖ്യമന്ത്രിക്കും സർക്കാരിനുമാണ് ഏറ്റവും കടുത്ത സമ്മർദ്ദം. നാളെ നിയമസഭാ തുടങ്ങുന്നു. അവിടെ പി ടി തോമസിനെ പോലെ ചിലർ (കോൺഗ്രസിലെ പലർക്കും ഇതിൽ താല്പര്യമില്ലെങ്കിലും) ഇത് കുത്തിപ്പൊക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് നാളെ തന്നെ ക്ളൈമാക്സ് ഉണ്ടാകും. ഒരു പ്രമുഖനും ഇതിൽ പങ്കില്ല. ഞങ്ങൾ പണം തട്ടാൻ വേണ്ടി ചെയ്ത പരിപാടിയാണ്. ഇത്രയും പറഞ്ഞാൽ പൊലീസിന് വിശ്വസിക്കേണ്ടി വരും. അതാണ് തിരക്കഥ. അതെന്തു കൊണ്ടെന്നു ചോദിക്കാൻ പ്രേക്ഷകർക്ക് അവകാശമില്ല. കഥയിൽ ചോദ്യമില്ലെന്നു എത്ര പ്രാവശ്യം പറയണം?

തുടക്കം മുതൽ തന്നെ, പിടിക്കപ്പെട്ടാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന ഉറപ്പു കിട്ടിയിരിക്കും. ശിക്ഷിക്കപ്പെട്ടാലും ഒരു പ്രശ്നവുമില്ലെന്നും ഇന്ന് എല്ലാ ഗുണ്ടകൾക്കും അറിയാം. പീഡിപ്പിക്കപ്പെടുന്നവരോ കുടിയൊഴിക്കൽ ഭീഷണി നേരിടുന്നവരോ പാറമടകൾ കൊണ്ട് പൊറുതി മുട്ടിയവരോ കുടിവെള്ളം കിട്ടാത്തവരോ സമരം ചെയ്താൽ അടിച്ചു തരിപ്പണമാക്കാനും ആവശ്യമെങ്കിൽ ഭീകരവാദിയോ മാവോയിസ്റ്റോ ആക്കി തടവിലിടാനും മടിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. വികസനം വേണ്ടെന്നാര് പറയും? ഗുണ്ടകളുടെ കാര്യം അതല്ല. വലിയ റിസ്കെടുത്തതാണ് അവർ തൊഴിലെടുക്കുന്നത്. സിനിമ മാത്രമല്ല രാഷ്ട്രീയം, ഭൂമിക്കച്ചവടം, പെൺവാണിഭം, പാറമടകൾ തുടങ്ങി സ്വാശ്രയകോളേജിന്റെ സംരക്ഷണം വരെയുള്ള സാമൂഹ്യസേവനരംഗങ്ങളിൽ നിർണായകമായ കടമകൾ നിർവഹിക്കുന്ന ഇവരെ അങ്ങനെ കയ്യൊഴിയാൻ കഴിയില്ല. പല പ്രമുഖ കക്ഷികളുടെയും നേതൃസ്ഥാനത്ത് വരെ ഇവർ എത്തിയിട്ടുണ്ട്. അപകട ഇൻഷുറൻസ് വല്ലതും ഇവർക്കെടുത്ത് കൊടുക്കണമെന്നാകും ഭരണകർത്താക്കൾ ചിന്തിക്കുന്നത്. ജയിലിൽ പോയാൽത്തന്നെ ടൂറിസ്റ്റുകളെപോലെ കഴിയാം. അവസരം കിട്ടുമ്പോൾ ഏതു കൊടിയ സുനിയെയും നിസാമിനെയും ഇളവ് നൽകി വിടുമെന്ന ഉറപ്പുമുണ്ട്.

അപ്പോൾ ക്ളൈമാക്സ് ഉടന്‍ പ്രതീക്ഷിക്കാമെന്ന വിശ്വാസത്തോടെ നിർത്തട്ടെ.

(ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സി ആര്‍ നീലകണ്ഠന്‍

സി ആര്‍ നീലകണ്ഠന്‍

ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍, സാമൂഹ്യ നിരീക്ഷകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍