UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഅദനി : ബലിമൃഗമോ രക്തസാക്ഷിയോ…? ഭാഗം-2 മഅദനി : ബലിമൃഗമോ രക്തസാക്ഷിയോ…?- ഭാഗം-1

Avatar

രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍

കമ്യുണിസ്റ്റ്‌ താരാട്ടു പാട്ടുകള്‍
മാര്‍ക്സിസം വര്‍ഗപരമായി ചിന്തിക്കുന്നു. ഇന്ത്യന്‍ അവസ്ഥയില്‍ വര്‍ഗങ്ങള്‍ക്ക് പ്രസക്തി ഇല്ല എന്നും വര്‍ഗം എന്നാല്‍ ജാതി ആണ് എന്നും പ്രചരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്ര വ്യതിയാനം. വടക്കേ ഇന്ത്യയില്‍ നടമാടുന്ന വൈകൃതത്തിന്‍റെ കേരള രൂപം നിശ്ശബ്ദമായി ഇടതുപക്ഷ ക്ലാസുകളിലും പ്രചരിപ്പിക്കപ്പെട്ടു. ഇര,വേട്ടക്കാരന്‍,സ്വത്വം,ദളിത്‌ തുടങ്ങിയ സംജ്ഞകള്‍ കൃത്യമായി ഉപയോഗിച്ചുകൊണ്ട് മതപരമായും വര്‍ഗപരമായും സംഘടിച്ച ജനതയെ പിളര്‍ത്തി. വംശീയതക്ക് പ്രത്യയശാസ്ത്ര മുഖം നല്‍കി. ഇന്ത്യയില്‍ സ്വത്വവാദം പ്രചരിപ്പിക്കുന്നവര്‍ ആത്യന്തികമായി ഇന്ത്യയെ വീണ്ടും പലതായി മുറിക്കുവാന്‍ ശ്രമിക്കുന്നവര്‍ ആണ്. മൌദിസ്റ്റ്‌ ഗര്‍ഭ ഗൃഹങ്ങളില്‍ ഉയിര്‍കൊണ്ട മത തീവ്രവാദം ആണ് ഇവരുടെ യഥാര്‍ത്ഥ പിന്‍ബലം. വലിയ ഒരു വിഭാഗം ജനതയ്ക്ക് രാഷ്ട്രബോധം ഇല്ലാതെ ആക്കി, അവരില്‍ ഈ രാജ്യത്തോട് അന്യതാബോധം വളര്‍ത്തി രാഷ്ട്രത്തെ നശിപ്പിക്കുകയാണ്.


മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്. മാര്‍ക്സിസ്റ്റ്‌ പാര്‍ടിയുടെ പാര്‍ടി കോണ്‍ഗ്രസ്സ് പാസാക്കിയ പ്രത്യയ ശാസ്ത്ര പ്രമേയത്തില്‍ സ്വത്വ രാഷ്ട്രീയത്തിനെ കുറിക്കുന്ന ഭാഗം ഇതോടൊപ്പം ചേര്‍ക്കുന്നു. സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള മാര്‍കിസ്റ്റ് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നവരെ ജനം/ തൊഴിലാളി വര്‍ഗം തിരിച്ചറിയുക തന്നെ ചെയ്യും.

ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനത്ത് Republic of Kerala യുടെ പാസ്പോര്‍ട്ട് എത്തുന്ന സുവര്‍ണകാലമാണ് ആത്യന്തികമായി സ്വത്വവാദികളുടെ ലക്‌ഷ്യം. മാത്രമല്ല മഅദനിയുടെ ജാമ്യത്തിനോ, നിയമ പരമായ സഹായത്തിനോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ എന്ത് ചെയ്തു എന്നുള്ള ചോദ്യമാണ് കൂടുതല്‍ പ്രസക്തം. മാത്രമല്ല മഅദനിക്കൊപ്പം, സിറാജിനൊപ്പം ഒരുമിച്ചു വേദി പങ്കിടുമ്പോള്‍ പാര്‍ടി സെക്രട്ടറി ഒരു രക്ത സാക്ഷിയെ മറന്നു പോകുന്നു. തിരുവനന്തപുരം സായാഹ്ന ലോ കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന, പി ഡിപിക്കാരുടെ കയ്യാല്‍ കൊല്ലപ്പെട്ട, ആ പൂന്തുറക്കാരനെ. സ. എ. എം. സക്കീര്‍. ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി 16 ന്‌ പി.ഡി.പിക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. (സഖാവ് കുഞ്ഞാലി വധക്കേസിലെ പ്രതിയെ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പിന്തുണക്കുകയും സ്വന്തം മുന്നണിയുടെ എം എല്‍ എ ആക്കുകയും ചെയ്തവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല). 

മഅദനിക്ക് കൂടി സമനീതി ലഭിക്കുവാന്‍ പ്രയത്നിക്കുകയും, എന്നാല്‍ മഅദനിയുടെ രാഷ്ട്രീയം കൃത്യമായി പൊളിച്ചു കാട്ടുകയും അതിനെ തള്ളി കളയുകയും ആണ് ഇടതു പക്ഷം ചെയ്യേണ്ടി ഇരുന്നത്. പകരം, മുസ്ലീം ലീഗിനെതിരെ കിട്ടുന്ന ഏതൊരു വടിയും ഉപയോഗിക്കും എന്ന പാര്‍ലിമെന്ററി അവസര വാദം ആണ് പലപ്പോഴും ഇടതുപക്ഷം മുന്നോട്ടു വെക്കുന്നത്. മഅദനിക്ക് വേണ്ടി ചെയ്യാവുന്നതൊന്നും ചെയ്യാതെ , അദ്ദേഹത്തിന്റെയും മക്കളുടെയും കണ്ണീര്‍ സീരിയല്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍ ദിവസം കാണിച്ചു ആ തെറ്റിന് കനം കൂട്ടി. മഅദനിക്ക് കൂടി സ്വീകാര്യനായ ഒരാളെ സ്ഥാനാര്‍ഥി ആക്കുക വഴി പലവുരു ചെയ്ത തെറ്റ് ആവര്‍ത്തിക്കുകയാണ് പൊന്നാനിയില്‍ സി പി എം ചെയ്തത്.

ശത്രുവിനെ ഉണ്ടാക്കുന്ന സംഘ പരിവാര്‍
മഅദനി വിഷയത്തില്‍ അപകടകരമായ നിലപാടാണ് കേരള ബി ജെപി യും സംഘപരിവാറും എടുക്കുന്നത്. ഒന്‍പതു വര്‍ഷത്തെ വിചാരണ കൂടാതെയുള്ള, ജാമ്യമില്ലാതെയുള്ള തടവിനു ശേഷം പുറത്തിറങ്ങിയ രക്തസാക്ഷി പരിവേഷം ലഭിക്കുന്ന ഒരാളെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അവര്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. കോടതിയില്‍ നിന്നും മഅദനി “രക്ഷപെട്ടു” എന്നുപറയുന്നത് കോടതിയോടും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും ഉള്ള അവഹേളനം ആണ്. എല്ലാവരും മഅദനിയെ വേഗം വിചാരണ ചെയ്യണം എന്ന് പറയുമ്പോള്‍ പരിവാര്‍ വിചാരണയില്ലെങ്കിലും തടവിലിട്ടാല്‍ മതി എന്ന് പറയുന്നു. മഅദനി എന്ന സടകൊഴിഞ്ഞ സിംഹത്തെ കാട്ടി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച് അതില്‍ നിന്ന് മുതലെടുക്കാന്‍ സ്രെമിക്കുകയാണ് പലപ്പോഴും പരിവാര്‍.

പതിച്ചു കിട്ടുന്ന രക്തസാക്ഷിത്വം
ഇന്ത്യയില്‍ തീവ്രവാദത്തിനു കിട്ടാവുന്ന ഏറ്റവും വലിയ രാസത്വരകം ആണ് രക്തസാക്ഷിയായ മഅദനി. അതാണ്‌ പലര്‍ക്കും ആഗ്രഹവും. അത്തരം രക്തസാക്ഷിത്വം നല്‍കാവുന്ന മൈലേജ് മാത്രമാണ് നോട്ടം. ഉസ്താദ്‌ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ചില അനാഥക്കുരുന്നുകള്‍ ഒഴികെ യഥാര്‍ത്ഥത്തില്‍ മഅദനി ജയില്‍ മോചിതനായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉത്സാഹക്കമിറ്റിയില്‍ നന്നേ കുറവാണ്. വാലും തലയുമില്ലാതെ പറന്നു കളിക്കുന്ന വാര്‍ത്താ ശകലങ്ങള്‍ അത്തരം ആശങ്കകളെ കൂട്ടുന്നു.

യഥാര്‍ഥത്തില്‍ മഅദനി ഒരു ബലിയാണ്. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥ തകര്‍ന്നു എന്നും അത് മുസ്ലീം വിരുദ്ധമാണ് എന്നും പ്രചരിപ്പിക്കുവാനുള്ള ഒരു കൃത്യമായ പ്രതീകമാണ്‌ മഅദനി.

ഇരുവര്‍ഗീയതകളും പരസ്പരം വളര്‍ത്തുന്ന രണ്ടു വിചിത്ര ജീവികളാണ്. ഒന്നുണ്ടെങ്കിലേ മറ്റൊന്ന് വളരൂ. അത് കൊണ്ട് തന്നെ രണ്ടും മനുഷ്യവിരുദ്ധവും രാഷ്ട്ര വിരുദ്ധവും ആകുന്നു. മഅദനിയുടെ ചിത്രം വെച്ച് വോട്ടു അഭ്യര്‍ഥിച്ചവര്‍,ചാനലില്‍ കണ്ണീര്‍ സീരിയല്‍ പടച്ചവര്‍ ,മനുഷ്യാവകാശത്തിന്‍റെ അപ്പോസ്തലന്മാര്‍,മതത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ ഇവരുടെ ഒക്കെ റോള്‍ സംശയാസപ്ദം ആണ്.

ഇവിടെ, ജയിലില്‍ മരണമടഞ്ഞ (കൊല ചെയ്യപ്പെട്ട …?)ശ്യാമപ്രസാദ മുക്കര്‍ജി പ്രസക്തനാണ്. നെഹ്‌റു – ഷേക്ക് അബ്ദുള്ള – ആസാദ്‌ ഗൂഡാലോചനയുടെ ഫലമായി ആണ് അദ്ദേഹത്തിന്റെ ദുരൂഹമരണം എന്ന ആരോപണം ഉണ്ട്. ഇന്ത്യയില്‍ സംഘ പരിവാറിന്റെ ഏറ്റവും വലിയ രക്തസാക്ഷി മുഖര്‍ജി ആണ്.

ഗവണ്‍മെന്റ് ചെയ്യേണ്ടത്
കര്‍ണാടകയിലെ ബി ജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് വന്നാല്‍ മഅദനിക്ക് ജാമ്യം ലഭിക്കും എന്നൊരു അശരീരി അവിടവിടെ പറന്നു നടപ്പുണ്ടായിരുന്നു. എന്നാല്‍ പിടിച്ചതിലും വലുതാണ്‌ അളയില്‍ എന്നപോലെ ആയി കാര്യങ്ങള്‍. ഷെവലിയര്‍ കെ ജെ ജോര്‍ജിന്റെ പോലീസ്‌ ആകട്ടെ സംഘപരിവാരിനെക്കാള്‍ വാശിയോടെയാണ് മഅദനിയെ നേരിട്ടത്. മഅദനിക്കെതിരായി ഈ സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

പക്ഷെ അതോടെ ഏതു സര്‍ക്കാര്‍ വന്നാലും ഇന്ത്യയില്‍ മുസ്ലീം പീഡനം ആണെന്നുള്ള പ്രചാരണത്തിനു ആക്കം കൂടി. മഅദനിയുടെതായി അന്ന് പുറത്ത് വന്ന കത്തില്‍ കര്‍ണാടക സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ മാറി എന്ന് കരുതി കേസ് പിന്‍ വലിക്കാന്‍ പറ്റില്ല എന്ന് കേന്ദ്ര മന്ത്രി വയലാര്‍രവി അര്‍ത്ഥശങ്കക്കിടയില്ലാതെ തന്നെ വ്യക്തമാക്കി.

മുസ്ലീങ്ങള്‍ വേട്ടയാടപ്പെടുന്നു എന്നുള്ള പ്രചാരണത്തിന്‍റെ കേന്ദ്രബിന്ദു ഇനിയും മഅദനി തന്നെയായിരിക്കും. എടുത്തു കാണിക്കാവുന്ന ഏറ്റവും അനുകമ്പാര്‍ഹമായ ഉദാഹരണവും മഅദനി തന്നെയാണ്. ഈയവസ്ഥ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്‌. അന്യവല്‍ക്കരിക്കപ്പെടുന്ന മുസ്ലീം മനസ്സുകള്‍ അപകടകരമായ സാഹചര്യമാണ്. ഇതില്‍ പ്രതി നൂറു ശതമാനവും വ്യവസ്ഥയും സര്‍ക്കാരും തന്നെയാണ്. കേരളത്തിന്‍റെ/ഭാരതത്തിന്റെ ഭാവിക്ക് ഇത് അപകടവുമാണ്.

എന്തുകൊണ്ട് മഅദനിക്ക് ആദ്യതവണ ജാമ്യം കിട്ടിയില്ല…?

എന്തുകൊണ്ട് വിചാരണ ഇത്രയധികം നീണ്ടു പോയി….?

എന്തുകൊണ്ട് മഅദനി ഇത്തവണ അറസ്റ്റ് ചെയ്യപ്പെട്ടു…..?

എന്തുകൊണ്ട് ഇത്തവണയും ജാമ്യം ലഭിക്കുന്നില്ല ….?

മഅദനിയുടെ വക്കീലും കൂടെ നിന്നവരും ഇതില്‍ ആത്മാര്‍ഥതയോടെയാണോ ഇടപ്പെട്ടിരിക്കുന്നത്..?

ഇതൊക്കെ വ്യക്തമാക്കുന്ന ഒരു ധവളപത്രംസര്‍ക്കാര്‍ പുറത്തിറക്കണം. (പരിവാര്‍ ബുദ്ധിമാന്മാര്‍ പടച്ചു വിടുന്ന അപസര്‍പ്പക കഥകളോ, വോട്ടു തീനികളായ സമുദായ രാഷ്ട്രീയ പ്രമാണിമാരുടെ ജല്പനങ്ങളോ, നിഷ്പക്ഷര്‍ എന്ന് സമൂഹം അംഗീകരിക്കുന്ന മാന്യന്മാര്‍ അന്വേഷിക്കണം. രേഖകള്‍ നിയമസഭയിലല്ല ജനസഭയില്‍ വെക്കണം). പിഡിപി സംസ്ഥാന സെക്രട്ടറി കുടയത്തൂര്‍ കരീം ഇടുക്കി ജില്ലാ സെക്രട്ടറി എം എം സുലൈമാന്‍ എന്നിവര്‍ 2013 ഏപ്രില്‍ 2 ന് പാര്‍ടി വിട്ടപ്പോള്‍ നടത്തിയ ഗുരുതരമായ ആരോപണങ്ങള്‍ കാണാതെ പോകരുത്.

കൂടാതെ മദനി മാത്രമല്ല പ്രഗ്യാ സിംഗ് താക്കൂറും കേണല്‍ ശ്രീകാന്ത്‌ പുരോഹിതും അറസ്റ്റിലായ ശേഷം ഇന്നേ വരെ പുറത്ത് വന്നിട്ടില്ല എന്ന വസ്തുത കൃത്യമായി പ്രചരിപ്പിക്കണം.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇടതു വലതു വ്യത്യാസമില്ലാതെ മഅദനിയെ ഇര എന്ന പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ ഒരു സമുദായത്തിന് തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അത് കാണാതെ പോകുന്നത് ഭാവിയില്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കും.

മഅദനിക്ക് ജാമ്യം ലഭിക്കാത്തതും, വിചാരണ താമസിച്ചതും നിയമ സംവിധാനത്തിന്‍റെ കുഴപ്പമാണെങ്കില്‍ ആ സംവിധാനം ഉടച്ചു വാര്‍ക്കണം. ഇന്ത്യന്‍ ജയിലില്‍ 64 വര്ഷം വിചാരണ കൂടാതെ തടവില്‍ കഴിഞ്ഞ മച്ചല്‍ ലാലുംഗ് എന്ന ആസ്സാം കാരന്‍റെ കഥ കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം.

വേണ്ടി വന്നാല്‍ മഅദനിക്ക് നിയമപരമായ സഹായവും, സര്‍ക്കാര്‍ ചിലവില്‍ വക്കീല്‍ ഉള്‍പ്പടെ, നല്‍കണം. ഖജനാവില്‍നിന്നു പണം എടുത്തു തന്നെ നല്‍കണം. രണ്ടുണ്ട് കാരണം..അതുകൊണ്ട് താമസിക്കുന്ന നീതിക്ക് ഒരല്പമെങ്കിലും പ്രതിക്രിയ ആവും. ഇരയാണ് മഅദനി എന്നുള്ള പ്രചാരണം നടത്തി പണപ്പിരിവും നടത്തി സാമൂഹിക അസ്വസ്ഥത സൃഷ്ടിക്കുന്ന ശ്രമങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. ഇരട്ട നീതി എന്നുള്ള പ്രയോഗത്തില്‍ ഭയന്ന് പോകുന്ന മനസ്സുകള്‍ക്ക് ഒരല്പം ആശ്വാസമാകും.

തീവ്രവാദി എന്ന് ചാര്‍ത്തി നല്‍കപ്പെട്ട മുദ്രയില്‍ നിന്നും ജീവിക്കുന്ന രക്ത സാക്ഷിയിലേക്ക്, സമധാനത്തിന്‍റെ സൂഫിവര്യന്റെ ഇമേജിലേക്ക് മഅദനി അപനിര്‍മിക്കപ്പെട്ടിരിക്കുന്നു. ഭരണകൂട ഭീകരത എന്ന വസ്തുതയുടെ പ്രതീകമായി, ഇരയായി മഅദനി അവതരിപ്പിക്കപ്പെടുന്നു. ഒരു വ്യാഴവട്ടക്കാലം  വിചാരണ കൂടാതെ ജയിലിലിട്ട ഒരാളെ……അവന്‍ മുസ്ലിമായിക്കോട്ടേ ഹിന്ദുവാകട്ടെ ഇനി ഗോഡ്സേയോ ദാവൂദുഇബ്രാഹിമോ,ബിന്‍ ലാദനോ നരേന്ദ്രമോഡിയോ ആവട്ടെ,ഇനിയും ജയിലില്‍ഇടുന്നത് ഏറ്റവും മഹത് എന്ന് കരുതപ്പെടുന്ന നമ്മുടെ ഭരണ ഘടനയെ അപ്രസക്തമാക്കും….

ഒന്നുകില്‍ മഅദനിയെ വിചാരണ ചെയ്യുക. അല്ലെങ്കില്‍ തുറന്നു വിടുക..അല്ലായെങ്കില്‍ രാജ്യസ്നേഹം വേണം എന്ന് ആരോടും പറയാന്‍ ഇന്ത്യ എന്നാ മഹാരാജ്യത്തിനു അവകാശമില്ലാതെ ആകുന്നു..കാരണം……ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ല…കോടതി കുറ്റവാളി എന്ന് വിധിക്കും വരെ ഏതൊരുവനും കുറ്റാരോപിതന്‍ (Accussed) മാത്രമാണ്.എന്നാല്‍ അജ്മല്‍ കസബിനു/ഇറ്റലിക്കാര്‍ക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക്‌ ലഭിക്കുന്നില്ല.

ഇപ്പോള്‍ നടക്കുന്നത് ഒരു നിഴല്‍ യുദ്ധമാണ്…എല്ലാവരുംതോല്‍ക്കുന്ന യുദ്ധം. നമ്മുടെ നാടിന്‍റെ ഭാവിയെക്കരുതി, നമ്മുടെ മക്കളുടെ സമാധാനപൂര്‍വമായ ജീവിതത്തെ കരുതി നാട് മുഴുവന്‍ തോറ്റുപോകുന്ന ഈ യുദ്ധത്തില്‍ നിന്ന് എല്ലാവരും പിന്മാറണം. മഅദനിക്കും പ്രഗ്യാ സിങ്ങിനും പുരോഹിതിനും ഒക്കെ നീതി ലഭിക്കണം. സമ നീതി തന്നെ ലഭിക്കണം.

മദനി ഒരു രക്തസാക്ഷിത്വമല്ല ബലിമൃഗമാണ് എന്നുള്ളതാണ് സത്യം. തങ്ങളുടെ ഉദേശ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മത രാഷ്ട്രീയവും വര്‍ഗ രാഷ്ട്രീയവും ഇടതു വലതു വ്യത്യാസമില്ലാതെ മറ്റു ഭൈമീകാമുകരും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബലിക്കല്ലില്‍ അര്‍പ്പിച്ച ഒരു ബലിയാണ് മദനി.

പിന്‍ കുറിപ്പ്: മദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ കണ്ട ഏറ്റവും ശ്രേദ്ധെയമായ കുറിപ്പ് നിങ്ങളോട് പങ്കുവെക്കുന്നു, എഴുതിയത് Rafeekh Kkd.

അതായിരുന്നു  മഅദനി കേരള മുസ്ലിമിന് നല്കിയ  സംഭാവന…. ” ഒരുതരംമരവിപ്പ്

1996 – 97 ൽആണെന്ന്തോന്നുന്നു. കോട്ടക്കൽ ഒതുക്കുങ്ങലിൽ മഅദനിയുടെറമളാൻ  പ്രഭാഷണം നടന്നത്.  ഒഴുക്ക്  ആയിരുന്നു, മനുഷ്യൻമാരുടെകുത്തൊഴുക്ക്.  ഞാനും എത്തി  അവിടെ , എൻറെ നാട്ടിലെ റമളാൻ മത പ്രഭാഷണ വേദികളിലെ സ്ഥിരം ശ്രേതക്കളായ ഒരു സംഘത്തിന്റെ കൂടെ…… സ്വലാത്തും നല്ല പ്രാർത്ഥനകളുമായി ആവേശഭരിതമായ ശൈലിയിൽ, നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഭാഷണം അങ്ങ് തുടങ്ങി,…..

പെട്ടന്നാണ് അദ്ദേഹം സദസ്സിനോട് ചോദിച്ചത്… “മതപ്രസംഗത്തിനെടെലെന്താ രാഷ്ട്രീയം പറയുന്നെന്ന് ചോദിക്കും, ഇത് ചോദിക്കുന്നോർക്ക് മതം എന്താന്ന് ചോദിച്ചാ അതൂം അറിഞ്ഞൂടാ…രാഷ്ട്രീയം എന്താന്ന് ചോദിച്ചാ അതൂം അറിഞ്ഞൂടാ ,..

പിന്നെ വിഷയം അങ്ങ് മാറി… അവിടം കിടന്നു വിറച്ചു…

“ജബൽപൂരിലെ, ഭഗൽപൂരിലെ, സെക്കന്ത്രാബാദിലെ… മിസോറമിലെ, മണിപ്പൂരിലെ, ആസാമിലെ … (അങ്ങിനെ അന്ന് വരെ കേട്ടിട്ടില്ലാത്ത എന്താന്നറിയാത്ത കുറെയധികം പേരുകൾ ഒരൊറ്റ ശ്വാസത്തിൽ). പാവപ്പെട്ട മുസ്ലിമിന്റെ, ദളിതന്റെ,  ആദിവാസിയുടെ,  ജീവനും, സ്വത്തിനും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഒരു നിര… “

തിരിച്ചു പോകുമ്പോൾ ജീപ്പിലുള്ളവരെല്ലാം ഒരു പ്രത്യക മരവിപ്പിൽ എന്താ കേട്ടത്,… എന്തിനാ വന്നത് എന്നറിയാത്ത ഒരവസ്ഥ. എനിക്ക് അത് തിരിച്ചറിയാൻ പറ്റിയതിനു കാരണം ഇതേ സംഘത്തിന്റെ കൂടെ ” മഅദിനിൽ നടന്നിരുന്ന കക്കാട് മുഹമ്മദ്‌ ഫൈസിയുടെ റമദാനിലെ ദശദിന പ്രഭാഷണത്തിനും, കോഴിക്കോട് നടന്നിരുന്ന സമദാനിയുടെ റമദാൻ പ്രഭാഷണത്തിനും, അതു പോലെ മറ്റു സ്ഥലങ്ങളിലേക്കും ആവേശത്തോടെ പോയി വന്നിരുന്നു. തിരിച്ചു വരുമ്പോൾ പ്രസംഗത്തിലെ വിഷയങ്ങളും പിറ്റേ ദിവസം എവിടെ പോകണം എന്നുമായിരുന്നു ചർച്ച. എന്നാൽ മഅദനി പ്രസംഗം കഴിഞ്ഞു വരുമ്പോൾ ആകെ ഒരു മൌനം, എന്താ പറഞ്ഞത്, എന്തിനെകുറിച്ചാ പറഞ്ഞത് എന്നു തിരിയാതെ.. 

അതായിരുന്നു മഅദനി കേരള മുസ്ലിമിന്ന് നല്കിയ സംഭാവന…. ” ഒരു തരം മരവിപ്പ് “

ഞങ്ങൾ പിറ്റേ ദിവസം പരസ്പരം ചോദിച്ചു എന്തായിരുന്നു ഇന്നലെ വിഷയം ?… ആർക്കും ഉത്തരമില്ലായിരുന്നു.

ഇന്നും മഅദനിയുടെ കാര്യത്തിൽ മലയാളിക്ക് ഒരു ഉത്തരവുമില്ല….. 

എന്താണ്സത്യം? എന്താണ്കളവ്‌…?

എന്റെ വ്യക്തിപരമായ വിശ്വാസം,… ഇപ്പോൾ അരവിന്ദ് കേജരിവാൾ നടത്തിയ പോലെ ഒരു വികാരത്തിന്റെ പുറത്തു സാമൂഹ്യ തിന്മക്കെതിരെ പോരാടാനിറങ്ങിയ ഒരു പോരാളി ( നേതാവ്) ആയിരുന്നു മഅദനിയും, വിവേകം ഉപയോഗിക്കാതെ വികാരത്തിനു പിന്നാലെ പോയ ഒരു പാവം.

*ലേഖനത്തിന്റെ ഉള്ളടക്കത്തിന് അഴിമുഖവുമായി ബന്ധമില്ല

രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍

വീണ്ടുമൊരു ജാമ്യക്കാലം കൂടി. ഐ സി എസ് അബ്ദുള്‍ നാസര്‍ മഅദനി എന്ന മനുഷ്യന്‍ വാര്‍ത്തയില്‍ നിറയുന്ന, രാഷ്ടീയ രക്തസാക്ഷി സ്വരൂപമുള്ള നാസര്‍ മഅദനിയുടെ പേരില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഒഴുക്കുന്ന മുതലക്കണ്ണീര്‍ കൊണ്ട് പമ്പയും പെരിയാറും പേരാറും നിറയുന്ന, മറ്റൊരു കാലം കൂടി കടന്നു വന്നിരിക്കുന്നു. മഅദനി രക്തസാക്ഷിയാണോ അതോ ബലിമൃഗമാണോ എന്ന് യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

മതാധ്യാപകനില്‍ തുടങ്ങി തീവ്രപ്രഭാഷകനും തീവ്രവാദിയും അവര്‍ണോദ്ധാരകനും വെറും രാഷ്ട്രീയക്കാരനും ഒടുവില്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനത്തിന്‍റെ പ്രതീകവും ജീവിക്കുന്ന രക്തസാക്ഷിയും ഒക്കെയായി അവതരിപ്പിക്കപ്പെട്ട വ്യക്തിത്വമാണ് ഐ സി എസ് അബ്ദുല്‍ നാസര്‍ മഅദനിയുടേത്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യം നൂറ്റുരു ജപിക്കുന്ന ന്യായാധിപന്‍മാര്‍ വാഴുന്ന ഈ ദേശത്ത്, മഅദനി എന്ന വ്യക്തി, വിധിയോ, വിചാരണയോ ഇല്ലാതെ ജയിലറയില്‍ പല വര്‍ഷങ്ങള്‍ കിടന്നു. നിയമത്തിന്റെ വഴിയെ മാത്രം പോകുന്ന നിയമം ഒടുവില്‍ മഅദനിയെ മറ്റു പലരോടും ഒപ്പം കുറ്റവിമുക്തനാക്കി. വിചാരണയോ, ജാമ്യമോ ഇല്ലാതെ ജയിലില്‍ കിടന്ന മഅദനിക്ക് തന്റെ ജീവിതത്തില്‍ നിന്നും നഷ്ടപ്പെട്ടത് വിലപ്പെട്ട പതിമ്മൂന്നു വര്‍ഷങ്ങള്‍.

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിക്ക് കിഴക്ക് മൈനാഗപ്പള്ളി ഐ സി എസ്സ് ജംഗ്ഷനില്‍ മതപാഠശാല നടത്തി വന്ന അബ്ദുള്‍ നാസര്‍ മഅദനി എന്ന വ്യക്തി രാഷ്ട്രീയത്തില്‍ എത്തുന്നത് ബാബരി മസ്ജിദ്‌-രഥയാത്ര ബഹളങ്ങളുമായി ബന്ധപ്പെട്ടാണ്. അന്ന് നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മുതലെടുത്ത്‌ അയാള്‍ ആര്‍ എസ്സ് എസ്സിന് ബദലായി ഐ എസ്സ് എസ്സ് എന്നൊരു സംഘടന രൂപീകരിക്കുകയും പ്രതിരോധ വിപ്ലവം എന്ന പേരും നല്‍കി പുത്തന്‍ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പൂന്തുറയില്‍ 1992 ജൂലൈ 19-22 വരെ നടന്ന കലാപത്തില്‍ ഐ എസ്സ് എസ്സിനെ കുറ്റപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉണ്ട്. അതെ വര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. ശ്രദ്ധിക്കുക പൂന്തുറ കലാപം ബാബറി മസ്ജിദ് സംഭവത്തെ തുടര്‍ന്ന് ഉണ്ടായ ഒന്നല്ല. ആദ്യമുണ്ടായത്‌ പൂന്തുറ കലാപമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ആര്‍ എസ്സ് എസ്സ് നിരോധിക്കപ്പെട്ടപ്പോള്‍ കൂട്ടത്തില്‍ ഐ എസ്സ് എസ്സ് കൂടി നിരോധിക്കപ്പെട്ടു.

അയോധ്യയിലെ ബാബറിമസ്ജിദ്/തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട ശേഷം , ഇന്ത്യയിലെ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന ദുരവസ്ഥ(?)ക്ക് കാരണം ലീഗാണ് എന്നാരോപിച്ച് മഅദനി ഒരു കൊടുങ്കാറ്റ് പോലെ കേരളമൊട്ടാകെ കറങ്ങിനടന്നു തീപ്പൊരി പ്രസംഗത്താല്‍ അനേകരെ ആകര്‍ഷിച്ചു. “മുസ്ലീംലീഗ് മറുപടി പറയണം” എന്ന പ്രസംഗ കാസെറ്റ് പതിനായിരങ്ങള്‍ വിറ്റഴിഞ്ഞു. എന്നാല്‍ മഅദനി ഐ എസ്സ് എസ്സ് പിരിച്ചുവിടുകയായിരുന്നു. അതിനു ശേഷം പി ഡി പി എന്ന ഇന്നത്തെ രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചു. കേരളത്തിലെ മുസ്ലീം സമുദായത്തിന്‍റെ വോട്ടിന്റെ കുത്തകാവകാശം ലീഗിന് മാത്രമായിരുന്ന കാലത്ത് അവരുടെ പല കോട്ട കൊത്തളങ്ങളും പിടിച്ചു കുലുക്കാന്‍ മഅദനിക്ക് കഴിഞ്ഞു. പിന്നെയാണ് മറ്റു പല കഥയിലെയും പോലെ “നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും”. കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതി ആയി മാറിയ ഒഴിവില്‍ ഒറ്റപ്പാലത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുകളം കണ്ട കെ കരുണാകരന് അപകടം മനസ്സിലായി. ലീഡര്‍ കേന്ദ്രത്തില്‍ സ്വാധീനം ചോലുത്തി, തകര്‍ന്ന ക്രമസമാധാന നില ചൂണ്ടിക്കാട്ടി പലതവണ “ചുനാവ്” മാറ്റിവെച്ചു. അന്ന് വരെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ പോലും അസ്പൃശ്യനായിരുന്ന മഅദനിക്ക് സാമൂഹ്യ സ്വീകാര്യത കിട്ടുന്നത് ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പ് വന്നപ്പോഴാണ്.

പലരോടും, വേളി പറ്റില്ല വേണമെങ്കില്‍ സംബന്ധം ആകാം എന്നതാണ് പണ്ട് പുരാതന കാലം മുതല്‍ക്കേ പാരമ്പര്യമായി നമ്പൂരാരുടെ നിലപാട്‌. സംബന്ധം കഴിഞ്ഞാല്‍ പക്ഷെ ശാന്തിമുഹൂര്‍ത്തത്തിന് മുന്‍പ് പുണ്യാഹം തളിച്ച് ശുദ്ധി ചെയ്യേണ്ടതുണ്ട്. അതിനായി വൈദികമതപ്രകാരം ഏലംകുളം മനക്കല്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന  “മൂലധനവേദം” നോക്കി മഅദനിയെ മഹാത്മജിയോട് താരതമ്യം ചെയ്യുകയായിരുന്നു. അങ്ങനെ പാര്‍ടി മുഖപത്രമായ ദേശാഭിമാനിയില്‍ ആചാര്യന്‍ ആഴ്ചക്കുറിപ്പുകള്‍ പാചകം ചെയ്തപ്പോള്‍ മതത്തെ മൌലികമായി വാദിക്കുന്ന ആള്‍ എന്ന നിലയില്‍ മോഹന്‍ദാസ്‌ ഗാന്ധി, മത മൌലിക വാദിയും,മതത്തെ തരം പോലെ വാദിക്കുന്ന ആള്‍ എന്ന നിലയില്‍ മഅദനി മതേതരവാദിയുമായി. മദനിയെ മഹാത്മാവിനോടുപമിച്ച നമ്പൂതിരിപ്പാടിന്റെ വ്യാഖ്യാന കുശലതയും വക്രബുദ്ധിയും കണ്ട ജനം ഞെട്ടിത്തരിച്ചു നിന്നു. ഇതൊക്കെ തന്നെപ്പറ്റി തന്നെയാണോ ഇ എം എസ്സ് എഴുതിയത് എന്നറിയാന്‍ സാക്ഷാല്‍ അബ്ദുല്‍ നാസര്‍ മഅദനി തന്നെ ആ ലേഖനം പലവുരു വായിച്ചു നോക്കി ബോധ്യപ്പെട്ടു. കാര്യമെന്തായാലും ഇ എം എസ്സിന്റെ സൃഗാലബുദ്ധി കുറിക്കു കൊണ്ടു. ഒറ്റപ്പാലം ഉപതിരഞ്ഞെടുപ്പില്‍ കെ ശിവരാമന്‍ വന്‍ ഭൂരിപക്ഷത്തിനു ദില്ലിക്ക് ടിക്കെറ്റ്‌ എടുത്തപ്പോള്‍,കൈപ്പത്തി ചുരുട്ടിയ കെ കെ ബാലകൃഷ്ണന്‍ പരാജയപ്പെട്ടു വീട്ടിലും പോയി.. “ഒറ്റപ്പാലം, അതിനു ഉറപ്പേകുന്ന പിന്‍ബലം – “മഅദനി സിമെന്റ്റ്‌” എന്ന് പത്ര മുത്തശ്ശി കാര്‍ടൂണ്‍ വരച്ചു.(ഇതേ ശിവരാമനെ വളരെക്കുറച്ചു കാലത്തിനുള്ളില്‍ പാര്‍ടി പടിയടച്ചു പിണ്ഡം വെച്ച് ചാവ് കുളിയും നടത്തി എന്നത് വേറെ കാര്യം. ഇന്ന് മാത്രമല്ല അന്നും ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല).

അപ്പുറത്ത് ലീഗിലാകട്ടെ ഇബ്രാഹിം സുലൈമാന്‍ സേട്ടിനും കൂട്ടര്‍ക്കും കോണ്‍ഗ്രസ്സിനെ മോഴിചൊല്ലാന്‍ കലശലായ പൂതി. സംസ്ഥാന അധ്യക്ഷനെ കാണുമ്പോള്‍ ദേശീയ അധ്യക്ഷന്‍ എണീറ്റ്‌നിന്ന് മുണ്ടഴിച്ചു അരയില്‍കെട്ടി ഉപചാരം പറയുന്നതാണ് പാരമ്പര്യമായി ലീഗിലെ രീതി. കാര്യങ്ങള്‍ മുറ പോലെ നടന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് പാര്‍ടിക്ക് പുറത്തായി. കൂട്ടത്തില്‍ മറ്റു ചില ആശ്രിതരും. പി എം അബൂബക്കര്‍ സാഹിബു രാജി വെച്ച ഒഴിവില്‍ ഗുരുവായൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നു.അവിടെയും മാര്‍ക്സിസ്റ്റ്‌ പാര്‍ടി പി ഡി പി  (അ)സംബന്ധം നീണ്ടു. പി ടി കുഞ്ഞു മുഹമ്മദ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് വേണ്ടി നിയമസഭയിലെത്തി. പക്ഷെ ശാന്തി മുഹൂര്‍ത്തം കഴിഞ്ഞു പിറ്റേ ദിവസം മണിയറയിലെ വെള്ള തുണിയില്‍ മതേതരത്വത്തിന്റെ രക്തത്തുള്ളികള്‍ കണ്ടില്ല. അതിനാല്‍ സംബന്ധം കൂടിയ പെണ്ണിന്റെ കന്യകാത്വത്തില്‍ സംശയം ആരോപിച്ച് നമ്പൂരാര്‍ പതിവ് പോലെ സ്ഥലം കാലിയാക്കി.

മുസ്ലീംലീഗിന്റെ മതേതരഭാവമുള്ള  പ്രൌഢമായ രാഷ്ട്രീയം ശാന്തിമന്ത്രമോതിയ കേരള മുസ്ലീം മനസ്സുകളില്‍ ഐ എസ് എസ്സ് ക്ലച്ചു പിടിക്കാതെ പോയതിന്റെ കാരണം കൃത്യമായി മഅദനിക്ക് മനസ്സിലായി. ഇസ്ലാമിക രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ തോണി കരക്കടുക്കില്ല എന്നറിഞ്ഞു ഹൈന്ദവരെ പീളര്‍ത്തുക എന്ന ലക്‌ഷ്യം വെച്ചു മഅദനി തന്‍റെ മുദ്രാവാക്യങ്ങള്‍ പരിഷ്കരിച്ചു. “അധികാരം അവര്‍ണ്ണന്” എന്നതായി പുതിയ ലക്‌ഷ്യം. പി ഡിപി യുടെ പോസ്റ്റുകളില്‍ ബാബാ സാഹിബ് ഭീം റാവു അംബേദ്‌കര്‍, മഹാത്മ അയ്യന്‍ കാളി, ശ്രീനാരായണ ഗുരു എന്നിവര്‍ ഇടം പിടിച്ചു. ഇവര്‍ക്കിടയില്‍ കൃത്യമായസ്ഥാനത്ത് അഭിനവ സൂഫി വര്യനായി അബ്ദുല്‍ നാസര്‍ മഅദനിയും.

ഇടയ്ക്കു വടക്കോട്ട് വെച്ച് പിടിച്ചു. മുലായംസിംഗ് യാദവിന്‍റെ സമാജ്‌വാദി പാര്‍ട്ടിയുടെ ദക്ഷിണ സൂചിക ആകാന്‍ ഒരു ശ്രമം നടത്തി. പാര്‍ട്ടിയുടെ പേര് പ്ലാറ്റ്ഫോം ഫോര്‍ ഡിപ്രസ്ഡ് പീപ്പിള്‍(Platform for Dippressed Peoples) എന്നാക്കി മാറ്റാനും നോക്കി. രാജ് സ്വാമികളെയും ബി എം എസില്‍ നിന്നും അയ്യപ്പനെയും എസ് എന്‍ ഡി പിയുടെ ലേബലില്‍ സുവര്‍ണ കുമാറിനെയും ഒപ്പം കിട്ടി.(മദനിയുടെ/പിഡിപിയുടെ  പത്ര സമ്മേളനങ്ങളില്‍ മിക്കപ്പോഴും ഹൈന്ദവ മത ചിഹ്നങ്ങള്‍,കുങ്കുമമോ ചന്ദനക്കുറിയോ ധരിച്ച ഒരാളെയെങ്കിലും കാണാന്‍ സാധിക്കാറുണ്ട്) മുസ്ലീംലീഗ് കയ്യടക്കി വെച്ചിരുന്ന വോട്ടുബാങ്കില്‍ നല്ലൊരു ഭാഗം മഅദനിക്ക്‌ ലഭിക്കുന്ന സാഹചര്യം വന്നു. പാണക്കാട്ടെ ഏണിയില്‍ നിന്നിറങ്ങി അന്‍വാര്‍ശ്ശേരിയിലെ തോണിയിലെക്ക് കയറാന്‍ പിന്നെയും ആളുകള്‍ തിരക്ക് കൂട്ടി.

കരുണാകരനെ പുകച്ചു പുറത്ത് ചാടിച്ചു ആദര്‍ശ ധീരന്‍ മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നു. ശിവഗിരിയിലെ കേസില്‍ സ്വാമി പ്രകാശാനന്ദപക്ഷത്തിന്നു അനുകൂലമായി കോടതി വിധി വന്നു. വിധി നടപ്പിലാക്കാതെ കുറച്ചു ദിവസം ഉന്തിയും തള്ളിയും സ്വതസിദ്ധമായ ശൈലിയില്‍ ആന്റണി മെല്ലെപ്പോക്ക് നടത്തി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ അതീവ തത്പരരായ പ്രതിപക്ഷമാകട്ടെ കോടതി വിധി നടപ്പിലാക്കാത്ത ആന്‍റണി രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ശിവഗിരിയിലെ പോലീസ്‌ നടപടിക്ക് ആന്‍റണി ഉത്തരവിട്ടു. ശിവഗിരിയിലെ പോലീസ്‌ നടപടി സമയത്ത്‌ ശാശ്വതീകാനന്ദ പക്ഷത്തിന് ആളെ കൂട്ടുക എന്ന ദൌത്യം ആന്‍വാര്ശേരിയില്‍ നിന്നുള്ള സന്നദ്ധ ഭടന്മാര്‍ ഏറ്റെടുത്തു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഒഴിവാക്കി. ശിവഗിരിയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ പ്രദര്ശനം കാണാന്‍ മാത്രം ഉണ്ടായിരുന്നു. തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലത്തില്‍ ആന്റണിയുടെ അടുത്ത അനുയായി എം എം ഹസ്സന്റെ പരാജയത്തിനു പൂന്തുറ സിറാജിലൂടെ വഴി മരുന്നിട്ടു കൊണ്ട് മദനി ആന്‍റണിയോട് മധുര പ്രതികാരം വീട്ടി.

(മഅദനിയോ അദ്ദേഹത്തിന്‍റെ അടുത്ത അനുയായി പൂന്തുറ സിറാജോ ലീഡര്‍ കെ കരുണാകരനുമായി നല്ല ബന്ധം സൂക്ഷിച്ചുവെന്നു വേണം കരുതാന്‍. ആന്‍റണി തിരൂരങ്ങാടിയില്‍ മത്സരിച്ച ഉപതിരഞ്ഞെടുപ്പ് (എതിരാളി ഡോക്ടര്‍ എന്‍ എ കരീം) സമയത്ത് തിരുവനന്തപുരത്ത് മുസ്ലീം – ക്രിസ്ത്യന്‍ സംഘര്‍ഷം ഉണ്ടായതും, ജോര്‍ജ്‌ ഈഡന്‍ മരിച്ചപ്പോള്‍ ഉണ്ടായ എറണാകുളം പാര്‍ലിമെന്റ് ഉപതിരഞ്ഞെടുപ്പില്‍ നോമിനെഷന്റെ അവസാന  സമയത്ത് പൂന്തുറസിറാജിന്റെ സര്‍പ്രൈസ്‌എന്‍ട്രിയുമൊക്കെ അത്ര നിര്‍ദോഷമല്ല).

സുശീല ഗോപാലനെ വെട്ടി ഒതുക്കി വിഎസ് അച്യുതാനന്ദന്‍ നായനാരെ മുഖ്യമന്ത്രി കസേരയില്‍ അവരോധിച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വന്നു. തലശ്ശേരിയില്‍ കെ പി മമ്മു മാസ്റര്‍ രാജിവെച്ചപ്പോള്‍ അവിടെ ഇ കെ നായനാര്‍ മത്സരിച്ചു. തലശ്ശേരിയുടെ രാഷ്ട്രീയം ചുവപ്പാനെങ്കിലും അവിടെ ഒരു കയ്യ് നോക്കാന്‍ കൊണ്ഗ്രെസ്സ് തീരുമാനിച്ചു. ടി.ആസഫലി എന്നൊരു ധീരന്‍ പോരിനിറങ്ങി. അങ്കം കടുത്തപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പലതരം പച്ചക്കാര്‍ഡുകള്‍ പുറത്തെടുത്തു. കയ്യൂര്‍ വീരൻ അങ്കത്തട്ടിൽ അടിതെറ്റി വീഴുമെന്നുപോലും ഒരവസരത്തിൽ  ഭയന്നു പോയി. പാരവശ്യത്തോടെ കണ്ണുകാണിച്ചു സഹശയനത്തിനു ക്ഷണിച്ചു. പലര്‍ക്കും മഅദനിയുടെ താടിയും മാര്‍ക്സിന്റെ താടിയും തമ്മില്‍ തെറ്റിപ്പോയെന്നു കുംബകുടി സുധാകരന്‍ കുത്ത് വാക്ക് പറഞ്ഞു. ഫലം വന്നപ്പോള്‍ ഇ കെ നായനാര്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു.(പൂന്തുറ കലാപത്തെ ക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചര്‍ച്ചാ വേളയില്‍ നിയമസഭയില്‍ പിപി തങ്കച്ചന്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്)

31.03.1998-ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത്, കോഴിക്കോട്‌ കസബ പോലീസ്‌ സ്റേഷനില്‍ നിലവിലുണ്ടായിരുന്ന വിവിധ കേസുകളില്‍  കോടതി നിര്‍ദേശാനുസരണം മദനിയെ അറസ്റ്റു ചെയ്തു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅദനി പ്രതിയായതിനാല്‍ പുരട്ചി തലൈവിയുടെ പോലീസ്‌ പ്രൊഡക്ഷന്‍ വാറണ്ട് കൊണ്ട് വന്നപ്പോള്‍ ഇന്ത്യ ഫെഡറല്‍ രൂപത്തില്‍ ചലിക്കുന്ന ഒരു സംസ്ഥാനം ആണെന്ന് അന്നത്തെ കേരള മുഖ്യമന്ത്രിക്ക് ഓര്മ വന്നു.  തലശ്ശേരിയില്‍ ചെയ്ത സഹായമെല്ലാം പാര്‍ട്ടിയും പട്ടക്കാരും തരംപോലെ മറന്നു. അങ്ങിനെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും  ആയിരുന്നപ്പോള്‍ നാസര്‍ മഅദനിയെ കോഴിക്കോട്‌ കോടതിയുടെ അനുവാദത്തോടെ തമിഴ്‌ നാടിനു കൈമാറി. പിന്നെയുള്ള കഥകള്‍ സുവിദിതമാണ്. ജാമ്യം പോലും കിട്ടാതെ ഒന്‍പതു വര്‍ഷങ്ങള്‍. സ്വാഭാവികനീതി നിഷേധത്തിന്റെ നഗ്നമായ താണ്ടവത്തിനു ശേഷം മഅദനി മോചിതനായി. അപ്പോഴേക്കും നായനാര്‍ സ്വര്‍ഗത്തിലെ കമ്യൂണില്‍ ലെവി കൊടുക്കാന്‍ തുടങ്ങിയിരുന്നു. തിരികെയെത്തിയ മഅദനി പഴയ തീവ്ര ഭാഷണവും, ശൈലിയും കൈമോശം വന്നു, അനുഭവങ്ങള്‍ കൊണ്ട് ഇരുത്തം വന്ന വയോധികനെ പോലെ അനുയായികളോട് സംസാരിച്ചു. ജയിലില്‍ നിന്നും തിരികെ എത്തിയ മഅദനിയെ സന്ദര്‍ശിക്കാനും ഒപ്പം ഫോട്ടോ എടുക്കാനും ഇടതു വിപ്ലവ സൂര്യന്മാര്‍ മത്സരിച്ചു. കാറല്‍ മാര്‍ക്സിന്റെ ഫോട്ടോ പോലും വെക്കാതെ പലരും മഅദനിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ നല്ല വലിപ്പത്തില്‍ വെച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ഗൂഡാലോചനയില്‍ പങ്കാളിത്തം ആരോപിക്കപ്പെട്ട് വീണ്ടുംകര്‍ണാടകത്തില്‍ കേസ് വന്നു.ഇത്തവണ വി എസ്സ് അച്യുതാനന്ദന്‍ ആയിരുന്നു മുഖ്യമന്ത്രി. കേരള സര്‍ക്കാരിന്റെ, അല്ല കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം, ഹര്‍ഷിത അട്ടല്ലൂരി എന്ന പോലീസ്‌ ഉദ്യാഗസ്ഥയുടെ നേതൃത്വത്തില്‍ കേരള പോലീസ്‌ വളരെ സംയമനത്തോടെ വീണ്ടും മദനിയെ അറസ്റ്റ്‌ ചെയ്തു കര്‍ണാടക പോലീസിനു കൈമാറി. ആ അറസ്റ്റ്‌ വേളയില്‍ അന്‍വാര്‍ശ്ശേരിയിലെ അന്തേവാസികള്‍ കാണിച്ച സംയമനവും സമാധാന സ്വഭാവവും ഏവരെയും അട്ഭുതപ്പെടുത്തുന്നതും പ്രത്യേകം പരാമര്സിക്കേണ്ടതുമാണ്. അങ്ങനെ പോയിട്ട് ഇപ്പോള്‍ നാലു വര്ഷം കഴിയുന്നു. കൃത്യമായ വിചാരണയില്ലാതെ വേണ്ടത്ര ജാമ്യമില്ലാതെ ഒരു ഭാരത പൌരന്‍ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് പതിമൂന്നു വര്‍ഷം.

തീര്‍ച്ചയായും മഅദനി നീതിയും ദയയും അര്‍ഹിക്കുന്നു. മഅദനിക്ക് ലഭിക്കേണ്ട നീതിയാണോ അതോ മഅദനി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിനു സമൂഹിക അംഗീകാരംകൊടുക്കുക എന്നതാണോ ചെയ്യേണ്ടത് എന്നാണ് കൃത്യമായി വിലയിരുത്തപ്പെടേണ്ടത്. ഇവിടെ മിക്കവാറും എല്ലാവരും ചെയ്യുന്നത് മഅദനി എന്ന പ്രതീകത്തെ ഒരു ചിഹ്നമായി ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ മുസ്ലീംകല്‍ ഇരയാക്കപ്പെടുന്നു എന്നുള്ള പ്രതീതി സൃഷ്ടിക്കുകയാണ്.അതില്‍ നിന്നു രൂപപ്പെടുന്ന വോട്ടു മാത്രമാണ് ലക്‌ഷ്യം.

എന്താണ് മഅദനി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം…..?
അധികാരം അവര്‍ണന് എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല രസമാണ്. പക്ഷെ ഹിന്ദുത്വത്തിനെതിരെ ഇസ്ലാമിന്‍റെ വിജയം എന്ന പ്രതിവര്‍ഗീയത പറഞ്ഞു തുടങ്ങിയ മഅദനി കൃത്യമായ പ്ലാറ്റ്ഫോം കിട്ടാതെ ആയപ്പോഴാണ് അവര്‍ണര്‍ക്ക് കൂടി അധികാരം പങ്കിട്ടേക്കാം ഏന്നു തീരുമാനിക്കുന്നത്‌. ജിഹാദില്‍ വിശ്വസിച്ചു ഹിന്ദു വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയ ആള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്ത്രശാലിത്വതോടെ പ്ലേറ്റ്‌ മാറ്റി. ഇസ്ലാമിക രാഷ്ട്രത്തില്‍ / ഇസ്ലാമിക രാഷ്ട്രീയത്തില്‍ ഹിന്ദു പക്ഷത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ സ്വധര്‍മം, സ്വമതം കൈ വെടിയാത്ത, അതുമല്ലെങ്കില്‍ കമ്യൂണിസ്റ്റ്‌ ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടു നില്‍ക്കുന്ന അവര്‍ണ്ണന് അല്ലെങ്കില്‍ അധസ്ഥിത ഹിന്ദുവിന് എന്തായിരിക്കും സ്ഥാനം എന്നുള്ളത് ഇവിടെ ചിന്തനീയമാണ്. കാഫിര്‍ അഥവാ അവിശ്വാസി എന്ന് വ്യവഹരിക്കപ്പെടുന്ന വാക്കില്‍ സവര്‍ണ കാഫിര്‍ – അവര്‍ണ കാഫിര്‍ എന്നുള്ള വ്യത്യാസം ഇന്നേ വരെ പറഞ്ഞു കേട്ടിട്ടില്ല.

വര്‍ണവ്യത്യാസം എന്നത് ഭാരതത്തില്‍ ഒരു വസ്തുതയാണ്. അത് തകര്‍ക്കപ്പെടേണ്ട ഒരു അനാചാരവുമാണ്. പക്ഷെ ഈ വര്‍ണ വ്യത്യാസത്തെ, സെമിറ്റിക് മതപരമായ നിലപാടില്‍ നില്‍ക്കുന്ന ഏതൊരാളും, അത് മദനി ആയാലും മദര്‍ തെരേസ ആയാലും, ഉപയോഗിക്കുന്നതു സംശയത്തോടെ തന്നെ നോക്കി കാണണം. സ്വത്വ വാദം അഥവാ Identity Politics എന്ന ട്രോജന്‍ കുതിരക്കുള്ളില്‍ കടന്നു കൂടി ഏതൊരു പൊതു സംസ്ക്കാരത്തെയും പ്ലൂറലിസ്റ്റ്‌ സംവിധാനത്തെയും തകര്‍ക്കാനുള്ള ഒരു ആശയ അന്തക വിത്താണ് സ്വത്വം. അതായത് ഹൈന്ദവവമായ എകീകരണത്തെ തടയാന്‍, ഹിന്ദു എന്ന പൊതുമയുടെയും, വര്‍ഗ സിദ്ധാന്തത്തിന്‍റെയും കാറ്റ്‌ ഒന്നിച്ചു ഊരി വിടാനുള്ള ആയുധമാണ് സ്വത്വം. അതിന്‍റെ തേനില്‍ മുക്കിയ പ്രയോഗമായിരുന്നു മഅദനിയുടെ രാഷ്ട്രീയം. ഏതു കലാപങ്ങളും നിര്‍ഭാഗ്യകരവും ആവര്ത്തിക്കപ്പെടുവാന്‍ പാടില്ലാത്തതുമാണ്. പക്ഷെ അധികാരം അവര്‍ണ്ണന് എന്ന് മദനി പറയുമ്പോള്‍ പൂന്തുറ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ നാം നിര്‍ബന്ധിതരായിപോകും. 

ലോകത്തില്‍ മതതീവ്രവാദത്തേക്കാള്‍ കൂടുതല്‍ അപകടം വംശീയതയാണ്. റുവാണ്ടയിലും ബറുണ്ടിയിലും ഹുടു -തുത്സി സ്വത്വങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍, കുര്‍ദിഷ് സ്വത്വം തുര്‍കിയിലും ഇറാഖിലും പുറത്തു വന്നപ്പോള്‍, എന്തുണ്ടായി എന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു. ശ്രീലങ്കയില്‍ തമിഴ് സിംഹള സ്വത്വങ്ങള്‍ വര്‍ഗസമരം നടത്തുന്നത് ഇപ്പോഴും തുടരുന്നു. ഇവിടെ കാണേണ്ടത് ശ്രീലങ്കയില്‍ ബുദ്ധ – ഹിന്ദു സ്വത്വങ്ങള്‍ അല്ല ഏറ്റുമുട്ടിയത് എന്നതാണ്. 

ഒരു വലിയ തമാശ ഇത്തരം സ്വത്വവാദം പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംസ്കാരത്തില്‍ ഉള്ള സ്വത്വങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്നതാണ്. ഖാദിയാനി സ്വത്വത്തെ കാണുകയേ ഇല്ല. പാകിസ്ഥാനിലെ ബലൂച് എന്നുള്ള പദം കേള്‍ക്കുകയില്ല. കാശ്മീരിയാത്ത് എന്ന് മിണ്ടുകയേ ഇല്ല. പത്താന്‍കോട്ട് പഠാണികള്‍ക്ക് പ്രത്യേക സ്വത്വം ഇല്ല. പക്ഷേ ഇന്ത്യന്‍ സിക്കുകാരുടെ സ്വത്വം ആകമാന ഇന്ത്യന്‍ സ്വത്വത്തില്‍ നിന്നും വേര്‍തിരിച്ചു കാട്ടുന്നു. കഞ്ചാ ഇളയ്യ (Kancha Ilaiah)ആഘോഷിക്കപ്പെടുന്നു.

മഅദിനിയുടെ രാഷ്ട്രീയവും, മഅദനിക്ക് ലഭിക്കേണ്ട നീതിയും, ഇതു രണ്ടും രണ്ടാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. സ്വന്തം അസ്തിത്വ ബോധത്തില്‍ അധിഷ്ടിതമായ മുസ്ലീം പ്രാമാന്യമുള്ള മത രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടപ്പോള്‍ എടുത്തണിഞ്ഞ കാപട്യമാണ് മഅദനിയുടെ അവര്‍ണ സ്നേഹം.

മഅദനിയുടെ രാഷ്ട്രീയം ആത്യന്തികമായി ഇസ്ലാമിക രാഷ്ട്രീയം പോലുമല്ല. കേവലമായ ഹിന്ദു വിരോധത്തിന്റെ സഞ്ചിത രൂപങ്ങള്‍ മാത്രമായിരുന്നു അത്. മഅദനിക്കെതിരെ കേരളത്തില്‍ ചുമത്തപ്പെട്ട കേസുകള്‍ മിക്കവയും പ്രകോപനപരമായി പ്രസംഗിച്ചതിനോ ആര്‍ എസ്സ് എസ്സ് ,ബി ജെപി എന്നിവക്കെതിരെ സംസാരിച്ചതിനോ അല്ല, മറിച്ചു അന്യമതസ്ഥരുടെ ആരാധാനാ ബിംബങ്ങളെ അവഹേളിച്ചു എന്നുള്ളതാണ്. കേരള നിയമസഭയുടെ ഡിജിറ്റല്‍ ലൈബ്രറിയില്‍ മഅദനിക്കെതിരെയുള്ള കേസുകളുടെ ലിസ്റ്റ് 2007 സെപ്തംബര്‍ 5നു പി ടി എ റഹീം എം എല്‍ എ യുടെ ചോദ്യത്തിനുത്തരമായി പറഞ്ഞത് ലഭിക്കും. കൂടാതെ പൂന്തുറ കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ അരവിന്ദാക്ഷ മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരള നിയമസഭയില്‍ ചര്‍ച്ച ചെയ്തതും -1996 നവംബര്‍ 14-, പരിശോധിക്കേണ്ടതാണ്. പ്രത്യേകിച്ച് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇ എം അഗസ്തി ചെയ്ത പ്രസംഗവും ഇ കെ നായനാര്‍ ചെയ്ത പ്രസംഗവും. ഈ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട് അന്നത്തെ ഭരണകൂടത്തിന്റെ, അതായത് യു ഡി എഫ്/കരുണാകരന്‍ സര്‍ക്കാരിന്റെ  മൌനാനുവാദം പൂന്തുറയില്‍ മഅദനിക്കും ഐ എസ്സ് എസ്സിനും ലഭിച്ചിട്ടുണ്ട് എന്ന്,നായനാര്‍ അത് സഭയില്‍ വ്യക്തമാക്കുകയും ചെയ്തു.

(കരുണാകരനും ആന്റണിയും പൂഴ്ത്തിയ ഈ റിപ്പോര്‍ട്ട് നായനാര്‍ സഭയില്‍ വെച്ചത് പുണ്യാളന്‍ ആയിട്ടൊന്നുമല്ല. ഇത് സഭയില്‍ വെക്കുന്നതിന്റെ മുന്‍ ദിവസം കേരളത്തെ ഞെട്ടിച്ച ആ സംഭവം നടന്നു. പരുമല ഡി ബി കോളേജില്‍ മൂന്നു വിദ്യാര്‍ഥികളെ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ എസ് എഫ് ഐ ക്കാര്‍ കല്ലെറിഞ്ഞു പമ്പയില്‍ താഴ്ത്തി. അതിനെ തുടര്‍ന്ന് കേരളം കത്തി നില്‍ക്കുമ്പോള്‍ വിഷയം മാറ്റാനുള്ള ഏറമ്പാല കൃഷ്ണന്‍ നായനാര്‍ വക പൊടിക്കൈ അത്ര മാത്രം. അതിനു ശേഷമാണ് ടി എം ജെക്കബിനോട് എ ബി വി പി ക്കാര്‍ ചത്താല്‍ നിങ്ങള്‍ക്കെന്താ എന്നുള്ള ആ വിഖ്യാതമായ ചോദ്യമുണ്ടാകുന്നത്. ശിവഗിരിയിലെ സംഭവങ്ങളെ ക്കുറിച്ചുള്ള ജസ്റ്റീസ്‌ ഭാസ്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭ ചര്‍ച്ച ചെയ്യുകയുണ്ടായില്ല. അതിനെ സംബന്ധിച്ചു 1999 ഡിസംബര്‍ 12-ആം തീയതി അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി നല്‍കിയ സബ്മിഷന് വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് നായനാര്‍ മറുപടി നല്‍കിയത്.)

(തുടരും)

**ലേഖനത്തിന്റെ ഉള്ളടക്കത്തിന് അഴിമുഖവുമായി ബന്ധമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍