UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഅദനി മനുഷ്യനാണ്; അയാൾക്ക്‌ നഷ്ടപ്പെടുന്നത് ജീവിതവും

Avatar


ബംഗലൂരു ജയിലില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. രോഗിയായ മാതാവ് ആശുപത്രിയിലായതിനെ തുടര്‍ന്നാണ് കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. ഈ പശ്ചാത്തലത്തില്‍  മഅദനിക്ക് 2014 ജൂലൈയില്‍ ജാമ്യം അനുവദിച്ച വേളയില്‍ അഴിമുഖം പ്രസിദ്ധീകരിച്ച റിബിന്‍ കരീമിന്‍റെ ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.  

റിബിന്‍ കരീം

കോയമ്പത്തൂര്‍ ജയിലിലെ 9 വര്‍ഷത്തോളം നീണ്ടു നിന്ന തടവിനുശേഷം,ബാംഗ്ലൂരില്‍ 4 വര്‍ഷമായി തടവില്‍ കഴിയുന്ന മഅദനിക്ക് ലഭിച്ച താല്‍ക്കാലിക ജാമ്യത്തില്‍ എനിക്ക് വലിയ ആഹ്ലാദം തോന്നുന്നില്ല. കഴിഞ്ഞ 4 വർഷമായി കുറ്റപത്രം പോലും പ്രസ്തുത കേസിൽ സമർപ്പിച്ചിട്ടില്ല എന്നുള്ള വസ്തുത നിലനിൽക്കെയാണ് കഠിന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മഅദനിക്ക് വേണ്ടി വീണ്ടും വീണ്ടും ശബ്ദം ഉയർത്തേണ്ടി വരുന്നത്? ഇതിനുള്ള ഉത്തരം കിട്ടണം എങ്കിൽ മഅദനിയുടെ കേസുകളുടെ നാൾവഴികളിലൂടെ സഞ്ചരിക്കണം.ഒരു വ്യാഴവട്ടക്കാലം ആ മനുഷ്യനെ എങ്ങിനെയാണ് ഭരണകൂടവും നീതിപീഠവും ഒരേ അളവില്‍ വേട്ടയാടിയത് എന്നറിയണം.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ മഅദനിയുടെ പങ്ക് ആരോപിച്ച് നടന്ന വിചാരണ, പീഡനങ്ങള്‍.  വിചാരണ വേളയിൽ സത്യം കോടതിയിൽ തെളിയിക്കട്ടെ എന്ന് മുഖ്യധാര മാധ്യമങ്ങളും സാംസ്കാരിക ബുദ്ധിജീവികളും ഒരേ സ്വരത്തിൽ പറഞ്ഞു.  ഭരണകൂട വേട്ടയെ ഭയന്ന് മഅദനി എന്ന പേര് ഉച്ചരിക്കാൻ പോലും പലരും ഭയപ്പെട്ടു. ഇന്ത്യന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ ബോബ് സ്ഫോടനം നടത്തി എന്ന കേസില്‍ ആരോപണ വിധേയരായവരില്‍ പതിനാലാം സ്ഥാനത്തായിരുന്നു മഅദനി.  ഏഴു വര്‍ഷത്തെ നീണ്ട, ഒരിക്കല്‍ പോലും ജാമ്യം ലഭിക്കാത്ത,വിചാരണത്തടവിനൊടുവില്‍ കോയമ്പത്തൂര്‍ കേസില്‍ മഅദനി കുറ്റവിമുക്തനാക്കപ്പെട്ടു. വിധി ചോദ്യം ചെയ്‌ത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി പരിഗണിച്ച മദ്രാസ്‌ ഹൈക്കോടതി വിചാരണ കോടതിയുടെ ശിക്ഷ ശരിവെക്കുക മാത്രമല്ല, മഅദനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ലെന്ന്‌,സംശയലേശമില്ലാതെ വ്യക്തമാക്കുകയും ചെയ്‌തു. അല്‍ ഉമ്മ നേതാവ്‌ എസ്‌.എ ബാഷയുടെ ഫോണില്‍ നിന്ന്‌ ഒരു വിളി മഅദനിയുടെ ഫോണിലേക്ക്‌ വന്നു എന്നത്‌ മാത്രമാണ്‌ കോടതിക്കു മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവ്‌. ഒന്നര മിനുട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ വിളി. ആ വിളിയിലാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ ഗൂഢാലോചനയില്‍ മഅദനി പങ്കാളിയായത്‌ എന്ന വാദം കോടതി തള്ളി.

9 വര്‍ഷത്തെ നരകയാതനക്ക് ശേഷം കുറ്റവിമുക്തനായി തിരിച്ചു വന്ന മഅദനി തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള പാളിച്ചകള്‍ക്ക് പൊതു സമൂഹത്തിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഭരണകൂട ഭീകരതയുടെ ചാപ്റ്റർ അവിടം കൊണ്ടും അവസാനിച്ചില്ല , കോയമ്പത്തൂര്‍ ജയിൽവാസത്തിന്റെ മുറിവ് ഉണങ്ങും മുൻപ് 2008 ജൂലൈയില്‍ ബാംഗ്ലൂരിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മഅദനിയെ പ്രതി ചേര്‍ത്തത്  ഫോണ്‍ സംഭാഷണത്തിന്റെ പേരിൽ ആണെന്നുള്ളതും യാദൃച്ഛികം ആയി കാണുക പ്രയാസം ആണ്. ബാംഗ്ലൂർ സീരിയൽ സ്ഫോടനത്തിന്‍റെപ്രധാന പ്രതിയായി ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറുമായി മഅദനി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണം സ്‌ഫോടനത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായാണ്‌ എന്നതാണ് പോലീസ് ഭാഷ്യം. രാജ്യത്ത്‌ നടന്ന നിരവധി സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്‌ പോലീസ്‌ ആരോപിക്കുന്ന കൊടും ഭീകരനാണ്‌ തടിയന്റവിട നസീര്‍. അത്തരത്തിൽ ക്രിമനൽ പശ്ചാത്തലമുള്ള ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം മഅദനിയെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നതിൽ വലിയ വികലത ഉണ്ട്. യഥാര്‍ഥത്തില്‍ തടിയന്റവിട നസീറിന്റെത്‌ ആരോപണം മാത്രമാണ്‌. അത്‌ നേരോ നുണയോ എന്ന്‌ തെളിയിക്കേണ്ടത്‌ പോലീസാണ്‌.

ചുരുക്കത്തിൽ കോയമ്പത്തൂര്‍ കേസില്‍ മദനിയെ നീണ്ട 7 വര്‍ഷത്തെ വിചാരണക്ക് ശേഷം വെറുതെ വിടുകയായിരുന്നു.ബാംഗ്ലൂരില്‍ ആരും മരിച്ചിട്ടില്ല. അദ്ദേഹം കുറ്റം ചെയ്തു എന്നതിന് തെളിവും ഇല്ല. ‘ ഈ രാജ്യം പ്രബലമാണെന്നും ഇവിടെ പുലരുന്നത് നീതി മാത്രമാണെന്നും നിങ്ങൾ മനസ്സിലാക്കിക്കൊള്ളണം’  എന്നാണ് ഒരേ സമയം ഭരണകൂടവും കോടതിയും നമ്മോട് പറയുന്നത്. മഅദനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി സംസാരിച്ചാല്‍ എന്തുണ്ടാകും എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് ഷാഹിന നഫീസ എന്ന മാധ്യമ പ്രവര്‍ത്തക.  2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ഡിസംബര്‍ നാലിന് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിച്ച ഷാഹിനയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പകപോക്കാന്‍ അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനും നാം സാക്ഷികളാണ്. മഅദനിയെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച തെളിവുകളുടേയും വ്യാജ മൊഴികളുടേയും അടിസ്ഥാനത്തിലാണ് എന്നതായിരുന്നു ഷാഹിനയുടെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. പൊലീസ് ഭാഷ്യത്തിലെ വിടവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്. ഷാഹിനയുടെ മേല്‍ കുറ്റം ചുമത്തുക വഴി ഒരു ജനതയ്ക്ക് മുഴുവന്‍ ഭരണകൂടം നല്‍കുന്ന സന്ദേശം വ്യക്തമാണ്.  ഒരു മുസ്ലിം നാമധാരിക്കെതിരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആയുധം ദേശദ്രോഹവും മുസ്ലിം ഭീകരതയുമാണ്എന്നത്. ഇങ്ങനെ ഒരു കേസ് പൌരനെതിരെ ആരോപിക്കപ്പെടുന്നതോടുകൂടി അയാളുടെ/അവളുടെ ആയുസ് ഈ കേസ് ഫയലില്‍ കെട്ടി വെക്കപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല സ്വന്തം ജീവിതം കൊണ്ട് എന്താണോ അവര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത് അതിനു വിരുദ്ധമായ ഒരു പ്രതിഛായയില്‍ അവരെ തളച്ചിടാനും ഭരണകൂടത്തിനു കഴിയുന്നു. അത് വഴി ഒരു വ്യക്തിയുടെ പൂര്‍ണമായ തകര്‍ച്ചയാണ് ഭരണകൂടം ലക്‌ഷ്യം വെക്കുന്നത്.

1990കളുടെ തുടക്കത്തിൽ മഅദനി നടത്തിയ ചില പ്രസംഗങ്ങൾ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അതിൽചില ശരികളും ഉണ്ട്. ബാബറി മസ്ജിദ് തകര്‍ക്കലിന് ശേഷം മുസ്ലീം യുവാക്കളുടെ ഇടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ആ പ്രസംഗങ്ങള്‍ ഒരു കാരണമായിട്ടുണ്ട്. പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ മുസ്ലീം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം.  അത് ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ച്,പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ്.

ഏതായാലും കഴിഞ്ഞ ദിവസം മഅദനി പുറത്തിറങ്ങി കഴിഞ്ഞു. മഅദനി ജയിലില്‍ നിന്നും ഇറങ്ങിയാല്‍ ഭാരതം കലാപ ഭൂമിയാകും എന്ന് ഒരു ബി ജെ പി നേതാവ് പ്രഖ്യാപിച്ചിട്ടു മണിക്കൂറുകൾ ആയിട്ടില്ല. മഅദനിയുടെ ജാമ്യ വാര്ത്ത കേട്ടതും ഒരു സുഹൃത് പറഞ്ഞു ” കർണാടക പോലീസിന്റെ കാവലിൽ ബാംഗ്ലൂരില്‍ ജയിലിനു പുറത്ത് ഒരു മാസം കഴിയുക എന്നത് അത്ര എളുപ്പമാവില്ല. കാരണം ഏതെങ്കിലും കേസിൽപെട്ട ഒരാള് മഅദനി താമസിക്കുന്ന പഞ്ചായത്തിൽ കൂടി പോയാൽ ആജീവനാന്തം അകത്താക്കാനുള്ള വകുപ്പ് അതിൽ നിന്ന് അവർ ഉണ്ടാക്കിക്കോളും.” ഇത് ഒരു വെറും തമാശയല്ല. ഇത് വരെ ഉള്ള ചരിത്രം നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത് ഇതാണ്. അണിയറയിൽഎന്തെല്ലാം ഒരുങ്ങുന്നുണ്ട് എന്ന് കാത്തിരുന്നു കാണുക അല്ലാതെ വേറെ നിവര്ത്തി ഇല്ല.

പ്രിയപ്പെട്ട യുവര് ഓണർ തുടര്ച്ചയായി മൂന്നു സർക്കാരുകൾ രാജ്യം ഭരിച്ചിട്ടും നീതിയുടെ തിരി വെളിച്ചം അബ്ദുനാസര് മഅദനിയുടെ മുഖത്തിന്‌ നേരെ തെളിയാത്ത ഈ പശ്ചാത്തലത്തിൽ ഇപ്പോൾ കിട്ടിയ ജാമ്യം ഒരു കുഞ്ഞു പ്രതീക്ഷ തരുന്നു. ഇത് ഒരു ജനാധിപത്യ മതേതര രാജ്യം ആണെന്നോ, മദനി ഇന്ത്യൻ പൌരൻ ആണെന്നോ ഉള്ള പറഞ്ഞു മടുത്ത ന്യായങ്ങൾ വീണ്ടും ഉന്നയിക്കുന്നില്ല. പക്ഷെ മഅദനി മനുഷ്യൻ ആണ്. അയാൾക്ക്‌ നഷ്ടപ്പെടുന്നത് ജീവിതമാണ്. അതുകൊണ്ട് തന്നെ ഇത് ഒരു മനുഷ്യാവകാശ പ്രശ്നം ആണ്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത, ജനാധിപത്യത്തിന്റെ തുടിപ്പുകൾ ബാക്കിയുണ്ട് എന്ന് വിശ്വസിക്കുന്ന, ഒരു കൂട്ടം ആളുകള് ഇപ്പോഴും ഇവിടെ ജീവിച്ചിരിക്കുന്നുണ്ട് എന്നോര്ക്കുക. ഉന്നൈപൊൽ ഒരുവൻ എന്ന സിനിമയിൽ കമലഹാസന്റെ കഥാപാത്രം പറയുന്നത് പോലെ- A stupid common man of the Republic.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍