UPDATES

ട്രെന്‍ഡിങ്ങ്

ക്ഷേത്രം സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ പരിപാടിയിലേക്ക് മദനിക്ക് ക്ഷണം; ‘ക്ഷേത്രപൂജ’യിൽ പങ്കെടുപ്പിക്കുന്നുവെന്ന് ജനം ടിവിയുടെ വർഗീയ പ്രചാരണം

ക്ഷേത്രത്തിനു പുറത്താണ് പരിപാടി നടക്കുന്നതെന്നും പൂജയിൽ മദനിയെ പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത ദുരുദ്ദേശ്യപരമാണെന്നും വെണ്ണല മഹാദേവ ക്ഷേത്ര കമ്മറ്റി ചെയർമാൻ ടിജിഎൻ നന്ദകുമാർ അഴിമുഖത്തോടൃ് പറഞ്ഞു.

എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ച് ക്ഷേത്രവളപ്പിനു പുറത്ത് നടത്തുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് ക്ഷണം ലഭിച്ചത് വിവാദമാക്കി വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം. പരിപാടിയിൽ പങ്കെടുക്കണമെന്ന ക്ഷേത്രം ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് മദനി വരുന്നത്. ഇതിനായി ബെംഗളൂരു ഹൈക്കോടതിയിൽ മദനി ഹരജി നൽകിയിട്ടുണ്ട്.

രോഗിയായ തന്റെ മാതാവിനെ കാണാന്‍ പോകുന്നതിനിടെ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കാനുള്ള അനുമതിയാണ് മദനി കോടതിയിൽ ചോദിച്ചിട്ടുള്ളതെന്നറിയുന്നു. ഏപ്രിൽ 29, 30 തിയ്യതികളിൽ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമാണ് ക്ഷേത്രം ഭാരവാഹികൾ പ്രകടിപ്പിച്ചത്.

എന്നാൽ, ഇത് വിവാദമാക്കി വർഗീയ ചേരിതിരിവിന് ശ്രമം നടത്തുകയാണ് ജനം ടിവിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ തീവ്രവാദികൾ. ‘മദനിയെ ക്ഷേത്ര പൂജകളിൽ പങ്കെടുപ്പിക്കാൻ നീക്കം’ എന്ന തലക്കെട്ടോടെയാണ് ജനം ടിവി വാർത്ത നൽകിയിരിക്കുന്നത്.

എന്നാൽ ക്ഷേത്രത്തിനു പുറത്താണ് പരിപാടി നടക്കുന്നതെന്നും പൂജയിൽ മദനിയെ പങ്കെടുപ്പിക്കുന്നുവെന്ന വാർത്ത ദുരുദ്ദേശ്യപരമാണെന്നും വെണ്ണല മഹാദേവ ക്ഷേത്ര കമ്മറ്റി ചെയർമാൻ ടിജിഎൻ നന്ദകുമാർ അഴിമുഖത്തോട് പറഞ്ഞു. പുറത്തു നിന്ന് നോക്കിയാൽ ഏതു ജാതിമതസ്ഥർക്കും കാണാവുന്ന ക്ഷേത്രമാണിത്. പുറത്തു നിന്ന് മദനി ക്ഷേത്രം കണ്ടാൽ എന്ത് അപകടമാണ് സംഭവിക്കുകയെന്നും നന്ദകുമാർ ചോദിച്ചു.

എല്ലാ മതവിഭാഗങ്ങളിലുള്ളവരെയും പങ്കെടുപ്പിച്ചാണ് തങ്ങൾ മതസൗഹാർദ്ദ സമ്മേളനം നടത്തുന്നതെന്നും നന്ദകുമാർ പറഞ്ഞു. ഇതിൽ വിവാദം സൃഷ്ടിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും വിശ്വാസിസമൂഹത്തിന്റെ കൂടി പിന്തുണയോടെയാണ് മതസൗഹാർദ്ദ സമ്മേളനം നടത്തുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍