UPDATES

സ്ത്രീകള്‍ വീട്ടിലിരിക്കട്ടെ, റോഡിലിറങ്ങുകയോ പ്രകടനം നയിക്കുകയോ വേണ്ട; അബ്ദുള്‍ സമദ് സമദാനി

അഴിമുഖം പ്രതിനിധി

സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെതിരെയുള്ള മുസ്ലിം പണ്ഡിതന്മാരുടെ അസഹിഷ്ണുത തുടരുന്നു. സ്ത്രീകള്‍ ഭര്‍ത്താവിനെ നോക്കി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന സമസ്ത യുവനേതാവ് സിംസാറുല്‍ ഹഖ് ഹുദാവിയുടെ ശാസനയ്ക്കും തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം കൂടിപ്പോയെന്ന കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ അനിഷ്ടത്തിനും പിന്നാലെ സ്ത്രീകളോടുള്ള അസഹിഷ്ണുതയുമായി രംഗത്തെത്തിയിരിക്കുന്നത് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ അബ്ദുള്‍ സമദ് സമദാനിയാണ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് കൂടിയായ സമദാനി തന്റെ സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കിയത്. സ്ത്രീ വര്‍ഗത്തെ അധികാരമേല്‍പ്പിക്കുന്നവരെ അള്ളാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു എന്ന ഭയപ്പെടുത്തലാണ് സമദാനി മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീ എന്നാല്‍ വീടിനകത്തു നിന്നു പുറത്തിറങ്ങേണ്ട വര്‍ഗം അല്ലെന്ന മുന്നറിയിപ്പും ഇദ്ദേഹം നല്‍കുന്നു.

ഇസ്ലാമില്‍ പെണ്ണിന്റെ സ്ഥാനം റോഡില്‍ ഇറങ്ങുന്നതും പ്രകടനം നയിക്കുന്നതും അല്ലെന്നും ഇക്കാര്യത്തില്‍ തനിക്ക് ഉറച്ച അഭിപ്രായമാണെന്നും സമദാനി വ്യക്തമാക്കുന്നു. ഇത് മുഹമ്മദീയ ശൈലിക്ക് വിരുദ്ധമാണത്രേ. നബി പഠിപ്പിച്ചിരിക്കുന്ന രീതി സ്ത്രീ കുടുംബത്തില്‍ കഴിയുക, കുടുംബത്തിന്റെ വിളക്കാവുക എന്നാണെന്നും സമദാനി പറയുന്നു. പെണ്ണിനെ അധികാരം ഏല്‍പ്പിക്കുന്നവരെ അള്ളാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു. എനിക്കതാണ് മാര്‍ഗരേഖ, എന്റെ ഭരണഘടന അതാണ്. അല്ലാതെ നാട്ടില്‍ നടക്കുന്നതൊന്നും അല്ല ഞാന്‍ നോക്കുന്നത്. അള്ളാഹുവിന്റെ റസൂല്‍ എന്താണ് പറഞ്ഞതെന്നാണ് ഞാന്‍ നോക്കുന്നത്. റസൂല്‍ ശപിച്ചാല്‍ പിന്നെ രണ്ടുവട്ടം ചിന്തിക്കേണ്ട ഒരു കാര്യം ഇന്നുവരെ എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട് ഈ വക കാര്യങ്ങളെ( സ്ത്രീകളെ പൊതുരംഗത്ത് ഇറക്കുന്നത്) കുറിച്ച് ആലോചിക്കണമെന്ന മുന്നറിയിപ്പും നല്‍കുന്നതാണ് സമദാനിയുടെ പ്രസംഗം.

സമസ്തയുടെയും എപി ഇകെ സുന്നി വിഭാഗത്തിന്റെയും താക്കീതുകള്‍ക്കു പിന്നാലെയാണ് ലീഗ് നേതാവിന്റെ സ്ത്രീകളെ അകത്തിരുത്തേണ്ടതിന്റെ ആവശ്യങ്ങളും വന്നിരിക്കുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്ന ലീഗിന് സമദാനിയുടെ പ്രസ്താവനയെ ഏതു തരത്തിലാവും പ്രതിരോധിക്കാനാവുകയെന്നത് ഇനി ചോദ്യമാണ്.

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട, ഭര്‍ത്താവിനെ നോക്കി വീട്ടില്‍ ഇരുന്നാല്‍ മതി; സമസ്തയുടെ ശാസന
മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമല്ല: ഹുസൈന്‍ മടവൂര്‍
കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍