UPDATES

അഭിമന്യു വധം: പിടികിട്ടാനുള്ള രണ്ടു പ്രതികളും എസ്ഡിപിഐയുടെ സംരക്ഷണത്തിലെന്ന് വെളിപ്പെടുത്തല്‍

ആരോപണം എസ്ഡിപിഐ നിഷേധിച്ചു

മഹാരാജാസില്‍ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാത്ത രണ്ടു പ്രതികളും കേരളത്തില്‍ തന്നെയുണ്ടെന്നു സൂചന. പ്രതികളിലൊരാളുടെ മാതാവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നു ന്യൂസ് 18 ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹല്‍, മറ്റൊരു പ്രതിയായ അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഷഹീം എന്നിവരാണ് കേരളത്തില്‍ ഉണ്ടെന്ന വിവരം പുറത്തു വരുന്നത്. ഇരുവരും വിദേശത്തേക്ക് കടന്നെന്നായിരുന്നു ഇതുവരെ പറഞ്ഞുകേട്ടിരുന്നത്.

സഹലിനെയും ഷഹീമിനെയും കേരളത്തില്‍ തന്നെ എവിടെയോ എസ്ഡ്പിഐയുടെ സംരക്ഷണയില്‍ ഉണ്ടെന്ന് സഹലിന്റെ ഉമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയും അഭിഭാഷകരുമാണ് ഇവരുടെ കാര്യങ്ങള്‍ നോക്കുന്നതെന്നും എന്നാല്‍ ഇവര്‍ എവിടെയുണ്ടെന്നു തങ്ങള്‍ക്ക് അറിയില്ലെന്നും അക്കാര്യയം എസ്ഡ്പി ഐ നേതാക്കള്‍ക്ക് മാത്രമെ അറിയൂ എന്നും സഹലിന്റെ ഉമ്മ പറയുന്നു. 2018 ജൂലൈ രണ്ടിന് രാത്രിയിലായിരുന്നു മഹാരാജാസ് കാമ്പസിനുള്ളില്‍ വച്ച് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുന്നത്. കേസില്‍ മൊത്തം 16 പ്രതികളുണ്ടെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും ഇവരില്‍ 14 പേരെ മാത്രമാണ് പിടിക്കാന്‍ കഴിഞ്ഞത്. സഹലും ഷഹീമും ഒളിവില്‍ പോയി. കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സഹലിനെയും മുഹമ്മദ് ഷഹീമിനെയും പിടികൂടാന്‍ കഴിയാത്തത് പൊലീസിനെതിരേയും സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍്. രണ്ടു പ്രതികളും വിദേശത്ത് കടന്നിരിക്കാമെന്നും തിരച്ചില്‍ തുടരുകയാണെന്നുമായിരുന്നു പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരും കേരളത്തില്‍ തന്നെയുണ്ടെന്ന വെളിപ്പെടുത്തലില്‍ വാസ്തവം ഉണ്ടെങ്കില്‍ അത് പൊലീസിനെതിരേ ഇതുവരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാകും.

എന്നാല്‍ എസ്ഡിപിഐ ഈ ആരോപണം നിഷേധിച്ചു. പാര്‍ട്ടി ആരെയും സംരക്ഷിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നില്ലെന്നാണ് എസ്ഡ്പിഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് പറഞ്ഞു അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡ്പി ഐക്ക് പങ്കില്ലെന്നും ഏതെങ്കിലും പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നല്ലാതെ സംരക്ഷിക്കില്ലെന്നും അബ്ദുള്‍ ഹമീദ് ന്യൂസ് 18 ചാനലില്‍ നടത്തിയ പ്രതികരണത്തില്‍ പറയുന്നു. അഭിമന്യുവിന്റെ കൊലപാതകികളില്‍ ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടെങ്കില്‍ അതവര്‍ സ്വയം പോയതായിരിക്കാമെന്നും പറയുന്ന അബ്ദുള്‍ ഹമീദ്, സഹലിന്റെ ഉമ്മയുടെ വെളിപ്പെടുത്തല്‍ തള്ളിക്കളയുകയും ചെയ്തു.

അതേസമയം ഈ വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ അഴിമുഖത്തോട് പറഞ്ഞത്. തങ്ങള്‍ കാത്തിരിക്കുകയാണെന്നും സമയം വരുമ്പോള്‍ പ്രതികരിക്കാമെന്നും മനോഹരന്‍ പറഞ്ഞു. അഭിമന്യു വധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മനോഹരന്‍ വൈകാരികമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അഭിമന്യുവിന്റെ കൊലയാളികളെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നായിരുന്നു മനോഹരന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ആ പ്രസ്താവന തിരുത്തിയെങ്കിലും മകന്റെ കൊലയാളികളെ പിടികൂടാത്തതിലുള്ള വേദന അദ്ദേഹം പങ്കുവച്ചിരുന്നു. പിടികൂടീയ പ്രതികള്‍ക്ക് ജാമ്യം നല്‍കി പുറത്തു വിട്ടത് ശരിയായില്ലെന്നാണ് മനോഹരന്‍ അന്നു പറഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതികള്‍ ഒളിവില്‍ കഴിയുന്നവരെ രക്ഷപെടുത്താന്‍ ശ്രമിക്കില്ലേ എന്നായിരുന്നു മനോഹരന്‍രെ ചോദ്യം. കേസിന്റെ കാര്യത്തിനായി കോടതിയിലേക്ക് തങ്ങളെ ഇതുവരെ വിളിപ്പിക്കാത്തതിലും അഭിഭാഷകന്‍ ഒരു തവണപോലും തങ്ങളെ കാണാന്‍ വരാത്തതിലും ഉള്ള പ്രതിഷേധവും മനോഹരന്‍ വ്യക്തമാക്കിയിരുന്നു. ചില കാര്യങ്ങള്‍ കോടതിയില്‍ വന്ു ചോദിക്കണമെന്നുണ്ടെന്ന ആവശ്യവും മനോഹരന്‍ പറഞ്ഞിരുന്നു.

സിപിഎമ്മും എസ്ഡിപിയും തമ്മിലുള്ള ഒത്തുകളി അഭിമന്യു വധക്കേസില്‍ നടക്കുന്നുണ്ടെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍ എന്നാണ് കെഎസ്യു പ്രതികരിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പൊലീസ് അഭിമന്യുക്കേസില്‍ എസ്ഡ്പി ഐയുമായി സന്ധി ചെയ്തു എന്നത് ഒരു നഗ്‌നമായ സത്യമാണ്. അതുകൊണ്ടാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത്. ഇതിനെ സാധൂകരിക്കുകയാണ് സഹലിന്റെ മാതാവിന്റെ വാക്കുകള്‍. മലബാര്‍ മേഖലയില്‍ നിന്നു കിട്ടുന്ന രാഷ്ട്രീയലാഭം കണക്കിലെടുത്താണ് സിപിഎം എസ്ഡ്പി ഐയെ സംരക്ഷിക്കുന്നത്. ഈ ബന്ധം കൊണ്ട് തന്നെ അഭിമന്യു കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തിലും സംശയം വേണ്ട എന്നാണ് മഹാരാജാസിലെ കെഎസ്യു നേതാക്കള്‍ പറയുന്നത്. ഈ വിഷയത്തില്‍ പ്രതികരണം നടത്താന്‍ മഹാരാജാസിലെ എസ്എഫ് ഐ നേതൃത്വം തയ്യാറായില്ല.

 

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍