UPDATES

#aboycantoo- ചെറിയ ആണ്‍കുട്ടികള്‍ പൂ ചൂടിയാല്‍ എന്താണു കുഴപ്പം?

ധൈര്യപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന ആണ്‍കുട്ടികളെ ആഘോഷിക്കുന്നു എന്നതാണ് മക്‌ഗോവിയുടെ ഈ പ്രോജക്റ്റിന്റെ പ്രത്യേകത.

ഗ്ലിനിസ് റാറ്റ്ക്ലിഫ്

എന്റെ മോന് ഏതാനും മാസങ്ങള്‍ പ്രായമുള്ളപ്പോഴാണ് അതു സംഭവിച്ചത്. എനിക്ക് പ്രസവശേഷമുള്ള ഡിപ്രഷന്റെ ചികില്‍സയുടെ ഭാഗമായി ആഴ്ച തോറും തെറാപ്പി നടക്കുകയായിരുന്നു. ഒരു കൗണ്‍സലിങ് സെഷനു വേണ്ടി മോനെ കൂട്ടി നഗരത്തിലേയ്ക്കു പോകണമായിരുന്നു; തണുപ്പു കാലമായിരുന്നു അത്. എടുത്തു കൊണ്ടു നടക്കുമ്പോള്‍ അവന്റെ ചെറിയ കോട്ടണ്‍ പാന്റ് മുകളിലേയ്ക്ക് കയറി കുഞ്ഞിനു തണുക്കുമെന്നു കരുതി അവന്റെ ചേച്ചി ഉപയോഗിച്ചിരുന്ന പഴയ കമ്പിളി പാന്റു കൂടെ ഇടുവിക്കാമെന്നു കരുതി. വെളുത്ത നിറമായിരുന്നെങ്കിലും അതില്‍ പിങ്കും പര്‍പ്പിളും നിറത്തിലെ ചെറിയ ഹാര്‍ട്ട് ഡിസൈനുകള്‍ ഉണ്ടായിരുന്നു. ഒരു ചെറിയ കുട്ടി ഇടുമ്പോള്‍ അതൊക്കെ ആരു ശ്രദ്ധിക്കാന്‍? തെറാപ്പിസ്റ്റിന്റെ അടുത്തു പോകുന്നതിനു മുന്‍പ് ഞാന്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അവള്‍ പക്ഷേ കണ്ടപാടെ ആ കാര്യം ചൂണ്ടിക്കാട്ടി. ഞാന്‍ വാങ്ങിയില്ലെങ്കില്‍ അവള്‍ തന്നെ ആണ്‍കുട്ടികളുടെ തരം പാന്റ് അവനു വാങ്ങിക്കൊടുക്കും എന്നാണ് ചിരിച്ചു കൊണ്ട് എന്റെ കൂട്ടുകാരി പറഞ്ഞത്. എനിക്കത് വിശ്വസിക്കാനായില്ല.

ലിംഗവിവേചനമെന്നത് നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. എന്റെ മൂത്ത രണ്ടു പെണ്‍കുട്ടികള്‍ക്ക് പിങ്ക് നിറത്തിലുള്ള സമ്മാനങ്ങള്‍ കിട്ടുമ്പോള്‍ ഒക്കെ ആണ്‍പെണ്‍ വ്യത്യാസം സൂചിപ്പിക്കാത്ത ഏതു നിറത്തിലും കുട്ടികള്‍ക്ക് സമ്മാനം കൊടുത്തുകൂടെ എന്നു ഞാന്‍ തര്‍ക്കിച്ചിട്ടുണ്ട്. ‘നീ ഒരു രാജകുമാരിയല്ലേ?’ എന്നു ചോദിക്കുമ്പോള്‍ ‘അല്ല, ഞാനൊരു സൂപ്പര്‍ ഹീറോ ആണ്’ എന്ന് എന്റെ മോള്‍ ഉത്തരം പറഞ്ഞപ്പോള്‍ ഞാന്‍ അഭിമാനിച്ചിട്ടുണ്ട്. എന്നാല്‍ കനേഡിയന്‍ ഫോട്ടോഗ്രാഫറായ കിര്‍സ്റ്റന്‍ മക്‌ഗോവിയുടെ #aboycantoo എന്ന പ്രോജക്റ്റിനെ കുറിച്ചു കേള്‍ക്കുന്നതു വരെ ഇതേ പ്രശ്‌നങ്ങള്‍ ആണ്‍കുട്ടികളും നേരിടുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.

‘നടുവിലത്തെ മകനോടുള്ള എന്റെ സ്‌നേഹം വെളിപ്പെടുത്താനാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്,’മക്‌ഗോവി പറഞ്ഞു. തന്റെ മൂന്ന് ആണ്‍മക്കളില്‍ രണ്ടാമത്തെയാള്‍ക്കു രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ അവന്‍ നിറങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് അവരും ഭര്‍ത്താവും ശ്രദ്ധിച്ചു. ഉടുപ്പുകളിലും കളികളിലുമൊക്കെ മറ്റ് ആണ്‍കുട്ടികളെ പോലെയായിരുന്നില്ല; ആ പ്രായത്തിലെ കൂട്ടുകാര്‍ സ്‌പോര്‍ട്‌സിലും ടിവി പരിപാടികളിലും മുഴുകിയപ്പോള്‍ ആ കുട്ടി മഴവില്ലും പൂത്തിരികളും ഡാന്‍സും വായനയും ഇഷ്ടപ്പെട്ടു. ‘അവന്റെ താത്പര്യങ്ങളെ ഒരിക്കല്‍ പോലും ഞങ്ങള്‍ ചോദ്യം ചെയ്തില്ലെങ്കിലും മറ്റുള്ളവര്‍ അങ്ങനെയല്ല ചിന്തിക്കുന്നതെന്ന് വളരെ വേഗം തന്നെ എനിക്കു മനസിലായി,’ മക്‌ഗോവി പറയുന്നു.

ആ മഞ്ഞുകാലം വളരെ സാവധാനമാണു നീങ്ങിയത്. തന്റെ പുതിയ സ്റ്റുഡിയോയിലെ ലൈറ്റിങ്ങുമായി ഇണങ്ങി ചേരാനും ഒപ്പം ഫോട്ടോഗ്രാഫി ഉപയോഗിക്കാനും ഒരു പുതിയ പ്രോജക്റ്റ് വേണമെന്ന് മക്‌ഗോവിക്കു തോന്നി. അമേരിക്കന്‍ ഫോട്ടോഗ്രാഫറായ കെയ്റ്റ് ടി. പാര്‍ക്കറിന്റെ ‘tSrong is the New Pretty’ എന്ന പ്രൊജക്റ്റായിരുന്നു പ്രചോദനം. കാലാകാലങ്ങളായി പെണ്ണത്തമെന്നു കണക്കാക്കിപ്പോരുന്ന സവിശേഷതകളെ മാറ്റി നിര്‍ത്തി പെണ്‍കുട്ടികളെ ചുറുചുറുക്കും ഊര്‍ജ്ജസ്വലരുമായി ഉള്‍ക്കൊള്ളുന്നതായിരുന്നു ‘strong is the New Pretty’. ആണ്‍കുട്ടികള്‍ക്കായി പതിച്ചു കൊടുത്ത കാര്യങ്ങളില്‍ നിന്നു മാറി നടക്കുന്ന തന്റെ മകനെ പോലുള്ളവരെ അവര്‍ ഫോട്ടോകളില്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചു.

മക്‌ഗോവിയുടെ ഒന്‍പതു വയസ്സുകാരനായ മകന് ഭാഗ്യമുണ്ട്; തന്റെ വസ്ത്രധാരണ രീതികള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ മൂലമോ അധികം പരിഹാസവും പ്രശ്‌നങ്ങളും ആ കുട്ടിക്ക് നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ സുഹൃത്തുക്കളും ബന്ധുക്കളും അവന്റെ അച്ഛനമ്മമാരോട് ആശങ്കകള്‍ പങ്കു വച്ചിട്ടുണ്ട്. ചെറിയ പ്രായത്തില്‍ ട്രെയിനുകള്‍ക്കു പകരം കുട്ടിക്കുതിരകളെയും നീല ഉടുപ്പുകള്‍ക്കു പകരം പിങ്കും തെരഞ്ഞെടുത്തപ്പോള്‍ പ്രത്യേകിച്ചും. പക്ഷേ അവരെയെല്ലാം എതിര്‍ത്തു കൊണ്ട് അച്ഛനും അമ്മയും അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ശക്തിപ്പെട്ടത് അവന്റെ ആത്മവിശ്വാസമാണ്. പിങ്ക് പെണ്‍കുട്ടികളുടെ നിറമല്ല എന്നു ധൈര്യപൂര്‍വ്വം തുറന്നു പറയാനുള്ള ഉറപ്പും അവനിലുണ്ടായി.

#aboycantoo പ്രോജക്റ്റില്‍ വന്ന എല്ലാ കുട്ടികള്‍ക്കും അത്രയും പിന്തുണ കിട്ടിയവരല്ല. അവരുടെ താല്‍പ്പര്യങ്ങള്‍ കണ്ട് ആശയക്കുഴപ്പത്തിലായ കുടുംബാംഗങ്ങളുണ്ട്. അവര്‍ സ്വവര്‍ഗ്ഗാനുരാഗി ആയതു കൊണ്ടാണ് ഇങ്ങനെയെല്ലാം എന്നു സംശയിച്ചവരുമുണ്ട്. ‘അങ്ങനെയുള്ളവരെ സ്വാധീനിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ മക്‌ഗോവി പറയുന്നു. ‘അച്ഛനമ്മമാരോടു സംസാരിക്കുമ്പോള്‍ ‘ഞങ്ങളുടെ അവസ്ഥ മനസിലാക്കുന്ന ഒരാളെ കണ്ടല്ലോ’ എന്നാണ് പറയുന്നത്. അവരുടെ ആണ്‍കുട്ടികള്‍ കാണുന്നത് സഹോദരന്മാരും സഹോദരിമാരും ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതാണ്. നിങ്ങളുടെ മകന്‍ നന്നായി പാചകം ചെയ്യുന്നയാളാകാം, അല്ലെങ്കില്‍ ഒരു നല്ല ഡാന്‍സര്‍, നല്ലൊരു വായനക്കാരന്‍. അവരെ അംഗീകരിക്കാനും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കാനുമുള്ള വഴി അതാണ്.’

തങ്ങള്‍ പിന്തുടരുന്ന താല്‍പ്പര്യങ്ങളിലൂടെ ലോകത്ത് സ്വന്തം സ്ഥാനം കണ്ടെത്തുന്ന, അതിലൂടെ സ്വയം കണ്ടെത്തുന്ന ചില ആണ്‍കുട്ടികളെയാണ് മക്‌ഗോവി തന്റെ ഫോട്ടോഗ്രാഫുകളില്‍ കണ്ടത്. ചെറുപ്പക്കാരായ ഡാന്‍സര്‍മാരെ തനിക്ക് പ്രചോദിപ്പിക്കാന്‍ കഴിയുമെന്ന് 15കാരനും നര്‍ത്തകനുമായ ബ്രെണ്ടന്‍ തിരിച്ചറിയുന്നു. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാണെന്ന കാരണത്താൽ വിഷമിക്കുന്നവര്‍ക്ക് ഒരു റോള്‍ മോഡലാകുക എന്നത് വളരെ നിര്‍ണ്ണായകമാണ്. ഈ പ്രോജക്റ്റ് തുടങ്ങിയതിന് മക്‌ഗോവിക്കു നന്ദി പറഞ്ഞു കൊണ്ടു ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നു ലഭിച്ച സന്ദേശങ്ങളുടെ എണ്ണത്തില്‍ നിന്നു തന്നെ ഇത് വ്യക്തമാണ്.

എന്റെ മോനു രണ്ടു വയസ്സായി. സ്വന്തം കാര്യങ്ങള്‍ കുറേശ്ശെ സ്വയം തീരുമാനിക്കാം എന്നായതോടെ അവന്‍ പലപ്പോഴും നീലയ്ക്കു പകരം പിങ്ക് നിറം തെരഞ്ഞെടുക്കാറുണ്ട്. അവന്റെ ചേച്ചിയുടെ തിളങ്ങുന്ന മാലകള്‍ ഇട്ടു നോക്കുന്നതും പിങ്ക് പേഴ്‌സിനു വേണ്ടി സഹോദരിമാരോടു വഴക്കടിക്കുന്നതും ഞാന്‍ നോക്കി നില്‍ക്കും. അമ്മയും ചേച്ചിമാരും ചെയ്യുന്നതു പോലെ മുടിയില്‍ പോണിടെയില്‍ കെട്ടണമെന്നു പറയുമ്പോള്‍ ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്. ചില ദിവസങ്ങളില്‍ തന്റെ Thomas the Tank എഞ്ചിന്‍ കെട്ടിപ്പിടിച്ചാണ് അവന്‍ ഉറങ്ങാറ്. പാട്ടു പാടാനും നൃത്തം ചെയ്യാനും അവനു വലിയ ഇഷ്ടമാണ്. കെട്ടിടം പണി നടക്കുന്ന ഇടങ്ങളിലൂടെ ഞങ്ങള്‍ വണ്ടിയോടിച്ചു പോകുമ്പോള്‍ ക്രെയിന്‍ കണ്ടാല്‍ അവന്‍ സന്തോഷം കൊണ്ട് ആര്‍ത്തു വിളിക്കുന്നതും കാണാം.

ഇതൊക്കെ പരീക്ഷിക്കാന്‍ അവസരം കൊടുക്കുക എന്നതാണ് രക്ഷിതാവ് എന്ന നിലയില്‍ എന്റെ കടമ. പെണ്‍കുട്ടികള്‍ ഭംഗിയുള്ളവരായിരിക്കണം എന്നും അവര്‍ക്കു കളിക്കാന്‍ ട്രക്കുകളും മണ്ണുമൊന്നുമല്ല പാവകളും നല്ല ഉടുപ്പുകളുമാണ് കൊടുക്കേണ്ടത് എന്നുമൊക്കെയുള്ള ചിന്തകളെ നമ്മള്‍ എതിര്‍ക്കുന്നുണ്ട്. ഇതിനിടയില്‍ ആണ്‍കുട്ടികള്‍ അവഗണിക്കപ്പെടുകയാണ്. അവര്‍ എങ്ങനെയായിരിക്കണം എന്ന ആശയങ്ങള്‍ ആണ്‍കുട്ടികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് നാം കാണാതെ പോകുന്നു. പിങ്കു നിറമുള്ള ദിനോസറുകളെയോ മറ്റ് ഭീകര ജീവികളെയോ കണ്ടിട്ടുണ്ടോ? ചെറിയ ആണ്‍കുട്ടികള്‍ പൂ ചൂടിയാല്‍ എന്താണു കുഴപ്പം? ധൈര്യപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന ആണ്‍കുട്ടികളെ ആഘോഷിക്കുന്നു എന്നതാണ് മക്‌ഗോവിയുടെ #aboycantoo പ്രോജക്റ്റിന്റെ പ്രത്യേകത. ആണിന്റെ എല്ലാ ഭാവങ്ങളെയും അതാഘോഷിക്കുന്നു. അതുകൊണ്ട് അവര്‍ പുതിയ മുഖങ്ങളെ ചിത്രീകരിക്കുമ്പോള്‍ എന്റെ മകനും അതില്‍ ചേരാനുള്ള കൂട്ടത്തിലുണ്ടാകും.

Photos- Kirsten McGoey

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍