UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

ന്യൂസ് അപ്ഡേറ്റ്സ്

പരമശിവന്‍, ബോബ്മാര്‍ലി, പ്രണവ് മോഹന്‍ലാല്‍, രഞ്ജിനി ഹരിദാസ്…മുടി ചുരുളുന്നത് എന്തുകൊണ്ട്?

മനുഷ്യകുലത്തെ തത്വചിന്തകളിലും ബസ്സ്റ്റാന്‍ഡുകളിലും അമ്പരപ്പിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. അമേരിക്കയിലെ കൊളറാഡോയില്‍ വെച്ച് കൊല്ലവര്ഷം 3014-ല്‍ നടക്കാന്‍ പോകുന്ന അഖിലലോക ശാസ്ത്ര, സാഹിത്യതലമുടി സമ്മേളനത്തില്‍ പ്രസ്തുതവിഷയം ഒരു പ്രധാനചര്‍ച്ചയായി മാറുമെന്നാണ് കരുതപ്പെടുന്നത്. തലമുടിയുള്ള ലോകം ആ ദിവസത്തിന്റെ ചുരുള്‍ അഴിയാനായി കാത്തിരിക്കുകയാണ്. യൂണിവേര്‍സിറ്റി കോളേജ് ഓഫ് ലോകമലയാളിയില്‍ ശരീരഭാഗവിഭാഗത്തില്‍ ചുരുള്‍ഗവേഷണം നടത്തുന്ന ഡോക്ടര്‍ എദ്വാർദ് ബാക്ക്പാക്ക് പറയുന്നത് ശ്രദ്ധിക്കുക: “മുടി ചുരുളുന്നത് ജനിതകമായി സംഭവിക്കുന്നതാണ് എന്ന ധാരണകള്‍ തെറ്റാണെന്ന് എന്റെ പഠനത്തിന് തെളിയിക്കാന്‍ കഴിയുന്നുണ്ട്. തലമുടിയുടെ ഫോളിക്കിളുകളിലൂടെ ചിന്തകള്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന നേരിയ തെന്നിമാറലുകളാണ് ആദ്യം ഒടിവുകളും വളവുകളുമായും പിന്നീട് ചുരുളുകളായും രൂപപ്പെടുന്നത്. നീണ്ട മുടിയുണ്ടായിരുന്ന ആളുകള്‍ സംഘര്‍ഷങ്ങളെ നേരിടുമ്പോള്‍ ഒരാഴ്ച കൊണ്ട് ചുരുണ്ടമുടിയുള്ളവരായി മാറുന്നതിനെപ്പറ്റി ഒരു വലിയ അദ്ധ്യായം തന്നെ എന്റെ പഠനത്തിലുണ്ട്. എന്തുതരം ചിന്തകള്‍, എത്ര സമയം, ഏതൊക്കെ ഇടവേളകളില്‍ തലമുടിയിലൂടെ പുറത്തുവരുന്നു എന്നതൊക്കെ ചുരുളുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.” പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷണം നടത്തുന്ന ഡോ. ബാക്ക്പാക്ക് ചില പ്രത്യേകകേന്ദ്രങ്ങളില്‍ നിന്നുള്ള തലമുടിസാമ്പിളുകള്‍ എത്താനായി കാത്തിരിക്കുകയാണ്. രണ്ടോ മൂന്നോ സാമ്പിളുകള്‍ കൂടി തന്റെ ലാബില്‍ എത്തുന്നതോടെ ഗവേഷണം പൂര്‍ത്തിയാക്കാനാകുമെന്നും തന്റെ പഠനം തലമുടിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് ഒരു അവസാനം തീര്‍ക്കുമെന്നും ഡോ ബാക്ക്പാക്ക് പ്രത്യാശ പ്രകടിപ്പിച്ചു. പ്രകടിപ്പിച്ച നാവ് അദ്ദേഹം തിരികെ വായിലിട്ടുകൊണ്ടിരിക്കുകയാണ്, ആസ് വീ സ്പീക്ക്.  

 

തന്റെ പഠനത്തില്‍ ഡോ. ബാക്ക്പാക്ക് ചുരുണ്ട തലമുടിയുള്ളവരെ മൂന്നായാണ് തരം തിരിക്കുന്നത്.

 

1. ജഡാധാരി

പരമശിവന്‍, ബോബ്മാര്‍ലി, പ്രണവ് മോഹന്‍ലാല്‍, രഞ്ജിനി ഹരിദാസ് എന്നിവരാണ് ഈ ഗണത്തിലുള്ള തലമുടി ഉള്ളവരില്‍ പ്രമുഖര്‍. അലസത കൊണ്ടും പ്രത്യേക സെറം ഉപയോഗിച്ചും ആവശ്യം പോലെ ജഡ ഉണ്ടാക്കാന്‍ കഴിയും. നീളം കുറഞ്ഞ മുടിയിലും ജഡ ഉണ്ടാക്കാമെന്ന് പനമ്പള്ളി നഗറിലെ ഹെയര്‍ സ്പാ ഉടമ ശ്രീ ക്വോക്ക് പുയി യാന്ഗ് പറയുന്നു. പൂര്‍വാശ്രമത്തില്‍ ചൈനയിലെ എക്സ്‌ട്രീം കോലന്‍ മുടിക്കാരില്‍ ജഡയുണ്ടാക്കി പേര്കേട്ടയാളാണ് പുയി യാന്ഗ്.

 

 

2. നാടന്‍പെണ്‍കൊടി

ഇതൊരു മിത്തിക്കല്‍ ജീവിയാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. “തുമ്പുകെട്ടിയിട്ട ചുരുള്‍മുടി” എന്നൊക്കെ ഈ ജീവിയെ വിശേഷിപ്പിച്ച് മുന്‍തലമുറയിലെ കവികള്‍ പാടിയിട്ടുണ്ടെങ്കിലും ഫോസിലിനായുള്ള അന്വേഷണങ്ങള്‍ എവിടെയും എത്തിയിട്ടില്ല. ‘ഗ്രാമം’ ആര്‍ക്കിയോളജിക്കല്‍ ഗവേഷണസൈറ്റിലെ ഗവേഷകരുടെ പ്രധാനഅന്വേഷണം ഈ മിത്തിക്കല്‍ ജീവിയുടെ തിരോധാനം അടയാളപ്പെടുത്തുക എന്നതാണ്.

 

‘ഗ്രാമം’ സൈറ്റില്‍ നിന്നും ഗവേഷണത്തിന്‍റെ രഹസ്യസ്വഭാവം ഒരു പ്രശ്നമായതുകൊണ്ട് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗവേഷക സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞത് ഈ മിത്തിക്കല്‍ കഥാപാത്രം ഉണ്ടെന്ന വിശ്വാസമാണ് അവരെ ഒരു ഗവേഷകയാക്കി നിലനിര്‍ത്തുന്നത് എന്നാണ്. ഗവേഷണം എന്നതിനേക്കാള്‍ ഒരു ആത്മാന്വേഷണമായി ഈ സൈറ്റ് മാറുമോ എന്ന സന്ദേഹവും അവര്‍ക്കുണ്ട്. ജീവിയുടെ തലയില്‍ നിന്ന് വീണത് എന്ന് കരുതപ്പെടുന്ന ഒരു പേനിന്റെ ഫോസില്‍ മാത്രമാണ് ശാസ്ത്രലോകത്തിന് ഇതേവരെ കിട്ടിയിട്ടുള്ളത്. ഈ പേനില്‍ നടന്ന പഠനങ്ങള്‍ മിത്തിക്കല്‍ കാലത്തെ പ്രത്യേക എണ്ണകളിലേയ്ക്കും തൈലങ്ങളിലേയ്ക്കും ഗവേഷണത്തെ കൊണ്ടുപോയേക്കാം എന്ന പ്രതീക്ഷയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മിസ്‌ ജോസഫ്.

 

 

3. മാവോയിസ്റ്റ്

ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും ഒരത്ഭുതമായി നിലനില്‍ക്കുന്ന ഒരു പ്രതിഭാസമാണ് മാവോയിസ്റ്റ് തലമുടി. സംശയാസ്പദമായ ഇടങ്ങളില്‍ നിന്നും പലപ്പോഴായി കണ്ടെടുത്തിട്ടുള്ള ചുരുളന്‍ മുടിനാരുകള്‍ മുടികൊഴിച്ചിലുള്ള ഒരു മാവോയിസ്റ്റിന്റെയാണെന്ന് സംശയമുണ്ടായിരുന്നു. പെട്ടെന്ന്‍ തെളിവുകള്‍ ഇല്ലാതാക്കി ട്രെയില്‍ മായ്ച്ചുകളഞ്ഞ് കൊഴിച്ചില്‍ നിറുത്തിയ മാവോയിസ്റ്റിനോട് സഹകരിച്ചത് ധാത്രിയാണോ ഇന്ദുലേഖയാണോ എന്ന അന്വേഷണത്തിലാണ് അധികൃതര്‍. ധാത്രിയും ഇന്ദുലേഖയും ഫോണ്‍ എടുക്കുകയോ ഇ-മെയിലുകള്‍ക്ക് പ്രതികരിക്കുകയോ ചെയ്തില്ല. എന്നാല്‍ ഇരു കൂട്ടരും തങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് ചുരുണ്ടമുടിയുള്ളവരെ ഒഴിവാക്കുകയോ നിലവിലുള്ള പരസ്യങ്ങളില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ചുളിവു നിവര്‍ത്തുകയോ ചെയ്തതായി കാണാം. ഇത് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഡോ. ബാക്ക്പാക്ക് കാത്തിരിക്കുന്ന സാമ്പിളുകള്‍ ഈ മാവോയിസ്റ്റിന്റെയാണോ എന്നാണ് ലേഖികയുടെ ഇപ്പോഴുള്ള സംശയം. ഹെയര്‍ സ്ട്രെയ്റ്റനിംഗ് ക്രീം കഴുകി അമോണിയ മണം മാറിയാലുടന്‍ ലേഖനത്തിന്റെ രണ്ടാംഭാഗം പ്രതീക്ഷിക്കാം.

 

വാണിംഗ്: ലേഖനത്തിലെ വിഷയവും ആളുകളും സന്ദര്‍ഭങ്ങളും സാങ്കല്‍പ്പികമോ അസംബന്ധമോ ആണ്. ഉദ്ദേശം തമാശയാണ്. ആര്‍ക്കെങ്കിലും വേദനിച്ചാല്‍, വ്രണപ്പെട്ടാല്‍ ഇതിന്റെ കൂടെ എഴുതിയിരിക്കുന്ന സോറി കൈപ്പറ്റാന്‍ അപേക്ഷ.

 

പൊതുജനത്തിന് മറ്റുവിഷയങ്ങളിലുള്ള സംശയങ്ങള്‍ വരുംലക്കങ്ങളില്‍ ഓരോന്നോരോന്നായി പരിഹരിക്കുന്നതായിരിക്കും. ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ താഴെ കമന്റിൽ ചേര്‍ക്കുക.

 

സമാപ്തം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍