UPDATES

അബു സലീം; ഡി കമ്പനിക്ക് പുറത്തേക്ക് വളര്‍ന്ന അധോലോക നായകന്റെ കഥ; അതോ വില്ലന്റെയോ?

പോര്‍ച്ചുഗലുമായുള്ള കരാര്‍ അനുസരിച്ച് കോടതി തിങ്കളാഴ്ച ഇയാള്‍ക്ക് വധശിക്ഷ ഒഴികെയുള്ള എന്ത് ശിക്ഷയും വിധിക്കും

ബോംബെ സ്‌ഫോടനങ്ങള്‍ക്ക് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്ന ദിവസമായിരിക്കുന്നു. ഏഴ് പേരില്‍ ആറ് പേര്‍ കുറ്റക്കാരാണെന്നാണ് മുംബൈയിലെ ടാഡ കോടതിയുടെ കണ്ടെത്തല്‍. ഇന്നലെ ഇവരുടെ കേസ് പരിഗണിച്ച കോടതി അധോലോക രാജാവ് അബു സലീം, മുസ്തഫ ദോസ്സ, ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ദിഖി, കരീമുള്ള ഖാന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അബ്ദുള്‍ ഖയൂം ഷെയ്ഖിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തില്‍ ഇയാളെ വെറുതെ വിടാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇവരുടെ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

അബു സലീം അന്‍സാരി എന്ന അബു സലീം സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. അധോലോകത്ത് തന്റേതായ ഇടമുണ്ടാക്കിയ അബുസലീമിന്റെ വളര്‍ച്ച കുപ്രസിദ്ധമായ ഡി കമ്പനിയ്ക്കും പുറത്തേക്കായിരുന്നു. ഉത്തര്‍പ്രദേശിലെ അസംഗഡിലുള്ള സരിയ മീറില്‍ അഭിഭാഷകന്റെ മകനായാണ് അബു സലീം ജനിച്ചത്. ഡല്‍ഹിയില്‍ ടാക്‌സി ഡ്രൈവറായിട്ടായിരുന്നു സലീമിന്റെ ജീവിതം ആരംഭിക്കുന്നത്. എണ്‍പതുകളുടെ പകുതിയില്‍ മുംബൈയിലേക്ക് ചുവടുമാറ്റിയ ഇയാള്‍ അന്ധേരിയിലെ ഒരു
ടെലിഫോണ്‍ ബൂത്തിലെ ജോലിക്കൊപ്പം കുറ്റകൃത്യങ്ങളിലേക്കും കടന്നു. ഈ സമയത്താണ് അബു സലീം ദാവൂദ് ഇബ്രാഹിമിന്റെ അനുജന്‍ അനീസുമായി പരിചയത്തിലാകുന്നത്. ആ പരിചയത്തിലൂടെ ഡി കമ്പനിയിലേക്ക് പിടിച്ചു കയറിയ ഇയാള്‍ പിന്നീട് ഡി കമ്പനിയുടെ അവിഭാജ്യഘടകമായി തീര്‍ന്നു.

നഗരത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് സംഘത്തിന്റെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കുന്ന ചുമതലയായിരുന്നു സലീമിനുണ്ടായിരുന്നു. പിന്നീട് നഗരത്തിലെ വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്നും ബോളീവുഡിലെ പ്രമുഖരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടലും ഇയാള്‍ ആരംഭിച്ചു. 1997ല്‍ ബോളീവുഡ് നിര്‍മ്മാതാവ് ഗുല്‍ഷാന്‍ കുമാറിന്റെ കൊലപാതകത്തോടെയാണ് അബു സലീം സ്‌പോട്‌ലൈറ്റിലെത്തുന്നത്. കൂടാതെ അധോലോക നായകന്മാരില്‍ ഒന്നാം നിരയിലെത്താനും ഈ കൊലപാതകം ഇയാളെ സഹായിച്ചു. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു നിര്‍മ്മാതാവ് രാജിവ് റായിയെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തി. ബോംബെ അധോലോകത്തിലെ അബു സലീമിന്റെ വളര്‍ച്ച മറ്റൊരു അധോലോക നായകനായ ഛോട്ടാ ഷക്കീലുമായുള്ള നിരന്തര ഏറ്റുമുട്ടലുകള്‍ക്കും വഴിവച്ചു. എന്നാല്‍ 1988ല്‍ അബു സലിം ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞു. അതിന് ശേഷവും ബോളീവുഡ് സംവിധായകരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള കൊള്ളയടിയായിരുന്നു ഇയാളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. സുഭാഷ് ഘായ്, കരണ്‍ ജോഹര്‍ എന്നിവര്‍ ഇയാളുടെ ഭീഷണി നേരിടേണ്ടി വന്നതായാണ് പറയപ്പെടുന്നത്.

ബോളിവുഡില്‍ അബു സലീമിന്റെ ഭരണം നടക്കുമ്പോഴാണ് ഇയാള്‍ നടി മോണിക്ക ബേദിയുമായി പരിചയപ്പെടുന്നത്. അതോടെ തങ്ങളുടെ സിനിമകളില്‍ മോണിക്കയ്ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. 1993ല്‍ ബോംബെ സ്‌ഫോടനങ്ങള്‍ക്ക് ശേഷം ഇയാള്‍ ബേദിക്കൊപ്പം ഇന്ത്യ വിട്ടു. പോര്‍ച്ചുഗലില്‍ സങ്കേതം കണ്ടെത്തിയ ഇരുവരും 2002ല്‍ പോര്‍ച്ചുഗല്‍ പോലീസിന്റെ പിടിയിലാകുന്നതുവരെ ലിസ്ബണിലാണ് താമസിച്ചിരുന്നത്. ഇന്റര്‍പോള്‍ നല്‍കിയ സൂചനകള്‍ അനുസരിച്ചാണ് പോര്‍ച്ചുഗല്‍ പോലീസ് ഇവരെ പിടികൂടിയത്. 2003ല്‍ ഒരു പോര്‍ച്ചുഗല്‍ കോടതി അബു സലീമിന് നാലര വര്‍ഷവും ബേദിയ്ക്ക് 2 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. വ്യാജരേഖ ചമച്ചതും അറസ്റ്റ് പ്രതിരോധിക്കാന്‍ ശ്രമിച്ചതുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ഇന്ത്യയില്‍ തിരികെയെത്തിയാല്‍ വധശിക്ഷ വിധിക്കില്ലെന്ന് പോര്‍ച്ചുഗലുമായി ധാരണയാക്കിയാണ് ഇന്ത്യ ഇരുവരെയും രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്നത്. സലീം ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. അതേസമയം ബേദി തന്റെ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതയായി.

പോര്‍ച്ചുഗലുമായുള്ള കരാര്‍ അനുസരിച്ച് കോടതി തിങ്കളാഴ്ച ഇയാള്‍ക്ക് വധശിക്ഷ ഒഴികെയുള്ള എന്ത് ശിക്ഷയും വിധിക്കും. സ്‌ഫോടനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. സ്‌ഫോടനങ്ങളില്‍ ആയിരത്തിലേറെ പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക രേഖകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍