UPDATES

വായന/സംസ്കാരം

‘പ്രോജക്റ്റ് 365 സംഘകാല തുറമുഖങ്ങൾ’; കാലത്തെ അടയാളപ്പെടുത്താനുള്ള ‘എളിയ വലിയ’ കാര്യം

കണ്ടമ്പററി ഫോട്ടോഗ്രാഫര്‍ അബുള്‍ കലാം ആസാദുമായുള്ള അഭിമുഖം/ ഭാഗം 2

മട്ടാഞ്ചേരിക്കാരന്‍ അബുള്‍ കലാം ആസാദിന് പുരാതന തീര്‍ഥാടന നഗരമായ തിരുവണ്ണാമലൈയുമായി എന്തു ബന്ധം? പ്രോജക്റ്റ് 365 തിരുവണ്ണാമലൈ’ എന്ന ഫോട്ടോഗ്രാഫി പ്രോജക്റ്റിനെ കുറിച്ചും തിരുവണ്ണാമലൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫി (ഇ.ടി.പി),’ എന്ന സംഘടനയെ കുറിച്ചും കേട്ടപ്പോള്‍ തോന്നിയ സംശയമായിരുന്നു. പ്രമുഖ മാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും ജേര്‍ണലിസ്റ്റായും ഫോട്ടോജേര്‍ണലിസ്റ്റായും ഇന്ത്യയിലും വിദേശത്തും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 2010ല്‍ അബുള്‍ തിരുവണ്ണാമലൈയിലേക്ക് കുടിയേറിയത്.’ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫി’ എന്ന സംഘടന രൂപീകരിച്ചുകൊണ്ട് പ്രോജക്റ്റ് 365 തിരുവണ്ണാമലൈ എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള 25 ഓളം ഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിച്ചുകൊണ്ട് 3000-ത്തിലധികം ദൃശ്യബിംബങ്ങള്‍ സമാഹരിച്ചു കഴിഞ്ഞു. ഇ.ടി.പിയുടെ രണ്ടാമത്തെ പ്രൊജെക്ടാണ് ‘പ്രോജക്റ്റ് 365സംഘകാല തുറമുഖങ്ങൾ’. സംഘ കാലഘട്ടത്തിലെ മൂന്നു പ്രമുഖ തുറമുഖങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

കൊച്ചിയുടെ ചരിത്രഹൃദയമായ മട്ടാഞ്ചേരിയിലാണ് അബുള്‍ കലാം ആസാദ് വളര്‍ന്നത്. ബാല്യകാലം മുതല്‍ ഫോട്ടോഗ്രാഫിയില്‍ പ്രതിഭ തെളിയിച്ച ആസാദ്, അവിടത്തെ ഒരു സ്റ്റുഡിയോയില്‍ അപ്രന്റിസായി ചേര്‍ന്നു. 1980-കളില്‍ മട്ടാഞ്ചേരിയില്‍ ‘സെന്‍ സ്റ്റുഡിയോ’ തുടങ്ങി. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വാര്‍ത്ത ഏജന്‍സികള്‍, വര്‍ത്തമാന പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1990മുതൽ 1996വരെ പിടിഐയുടെ ന്യൂഡല്‍ഹി ബ്യൂറോയിലെ ഫോട്ടോജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു. ഇതേ സമയം ഉപരിപഠനത്തിനായി ആസാദ് യൂറോപ്പിലേക്ക് പോയി. ഫ്രഞ്ച് സര്‍ക്കാരിന്റെതുള്‍പ്പെടെ നിരവധി സ്‌കോളര്‍ഷിപ്പുകളും യുകെയിലെ ചാള്‍സ് വാലസ് അവാര്‍ഡും നേടി. പിന്നീട് വാർത്താഫോട്ടോഗ്രാഫി മേഖലവിട്ട് ആസാദ് തന്റെ അഭിനിവേശമായിരുന്ന കലാഫോട്ടോഗ്രാഫിയിലേക്ക്കുടിയേറി. 1994ല്‍ കേരള കലാപീഠത്തില്‍ വച്ച് ‘ഫ്രൊണ്ടിയര്‍ പീപ്പിള്‍’ എന്ന പേരില്‍ ആദ്യ പ്രദര്‍ശനം നടന്നു. 1996-ല്‍ ഡല്‍ഹിയിലെ മാക്‌സ് മുള്ളര്‍ ഭവനിലാണ് ആദ്യ ദേശീയ പ്രദര്‍ശനമായ ‘വയലന്‍സ് അണ്‍ഡണ്‍’ നടന്നത്. കൂടാതെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും വിദേശത്തും നടന്നിട്ടുണ്ട്. 2000-ല്‍ മട്ടാഞ്ചേരിയില്‍ തിരിച്ചെത്തിയ ആസാദ് ബസാര്‍ റോഡിനും ഹാര്‍ബറിനും ഇടയിലുള്ള ഒരു പുരാതന പാണ്ടികശാലയിലെ കോട്ടയില്‍ ‘മായാലോകം’ എന്ന പേരില്‍ മട്ടാഞ്ചേരിയിലെ ആദ്യ കലാ സ്റ്റുഡിയോ സ്ഥാപിച്ചു. സുഹൃത്തുക്കളോടൊപ്പം മായാലോകം ആര്‍ട്ട് കലക്ടീവ് രൂപീകരിച്ചു. മായാലോകം സ്റ്റുഡിയോ, ലില പ്രദര്‍ശനശാല, മസാല കമ്പനി, എന്ന സമാന്തരഡിസൈൻ വില്‍പനശാല എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മായാലോകം ആര്‍ട്ട് കളക്ടീവ്. കലാപ്രദര്‍ശനങ്ങളും സൗജന്യ സംഗീതപരിപാടികളും ഇവിടെ പതിവായി സംഘടിപ്പിച്ചു. മായാലോകം കലാ കളക്ടീവ് 2005-ല്‍ ഔദ്ധ്യോഗികമായി പിരിച്ചുവിട്ടെങ്കിലും അതേ കെട്ടിടത്തില്‍ 2010 വരെ ആസാദിന്റെ മായാലോകം സ്റ്റുഡിയോ തുടര്‍ന്നു. 2010-ല്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്ക് പോയ അബുള്‍ കലാം ആസാദ് സമകാലീന ഫോട്ടോഗ്രാഫുകളും മറ്റ് പ്രസക്ത കലാരൂപകങ്ങളും ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി തിരുവണ്ണാമലയില്‍ 2013-ല്‍ ‘ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫി,’ എന്ന സംഘടന രൂപീകരിച്ചു. 

സമകാലിക ഫോട്ടോഗ്രാഫിയെക്കുറിച്ചും ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും  കുറിച്ചും ‘പ്രോജക്റ്റ് 365സംഘകാല തുറമുഖങ്ങൾ’ എന്ന പുതിയ പ്രോജക്റ്റിനെ കുറിച്ചും അബുള്‍ കലാം ആസാദ് സഫിയയോട് സംസാരിക്കുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം-മട്ടാഞ്ചേരി ടു തിരുവണ്ണാമലൈ; തെറ്റായ ചരിത്ര, സാംസ്കാരിക നിര്‍മ്മിതികള്‍ക്ക് ക്യാമറകൊണ്ടൊരു തിരുത്ത്)

 

Man with tools © Abul Kalam Azad 2011 – 12 / 60”x80” Painted Photographic print on canvas / EtP Photo Archive

സഫിയ: ‘പ്രോജക്റ്റ് 365 സംഘകാല തുറമുഖങ്ങൾ’എന്ന പുതിയ പ്രൊജെക്ടിനെ കുറിച്ച്. എന്തുകൊണ്ടാണ് തുറമുഖ നഗരങ്ങളെ കോര്‍ത്തിണക്കി ഇങ്ങനെ ഒരു പ്രോജക്റ്റ്? അതിന്‍റെ സാധ്യതകള്‍, വെല്ലുവിളികള്‍?

അബുള്‍: പുതിയ പ്രോജക്റ്റിന് 100 ഓളം പ്രാദേശികഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കോഴിക്കോട് തൊട്ട് തൂത്തുക്കുടി വരെയുള്ള തീരദേശവും അവയുടെ ഉൾനാടുകളുമാണ് ഈ പ്രോജക്റ്റിന്റെ ഭൂപടം. തുറമുഖങ്ങളുടെ സ്ഥാനം നിർണയിക്കാൻ പുരാവസ്തു രേഖകൾ ഇല്ലാത്തതിനാൽ അവയുടെ കൃത്യ സ്ഥലങ്ങൾ ഇതുവരെ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. അതിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല, അതെല്ലാം ചെയ്യാൻ പല മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതന്മാരുണ്ട്. തീണ്ടിസ്, മുസിരിസ്, കൊർകൈ എന്നീ സംഘകാല തുറമുഖങ്ങളെ കേന്ദ്രീകരിച്ചു വിവിധ തലങ്ങളില്‍ സാധ്യമാകാവുന്ന ഫോട്ടോ-ദൃശ്യബിംബങ്ങളും, അതിനു തുടര്‍ച്ചകള്‍ സൃഷ്ടിക്കാനുള്ള ഒരു പൊതു സാംസ്കാരിക കൂട്ടായ്മയുമാണ് ‘പ്രോജക്റ്റ് 365 സംഘകാല തുറമുഖങ്ങൾ’. നമ്മുടെ പ്രദേശത്തിന്‍റെ സമകാലിക ജീവിത രീതി, സാഹിത്യം, കല, സിനിമ, നാടകം ഇതൊക്കെയായി ബന്ധപ്പെട്ടു ഇന്ന് നിലനില്‍ക്കുന്ന പലതരത്തിലുള്ള ഇമേജുകള്‍ അവതരിപ്പിക്കുക എന്നുള്ളതാണ്.

ഫോട്ടോഗ്രാഫിഎന്ന മാധ്യമം ഡോക്യുമെന്റേഷന്‍ എന്ന ചട്ടക്കൂടില്‍ നിന്നു വളരുന്ന ഒരു മാധ്യമമായി പരിണമിച്ചു കൊണ്ടിരിക്കുന്നു.നിത്യവും നിശ്ചലമാക്കപ്പെടുന്ന ആയിരക്കണക്കിന് ദൃശ്യസന്ദര്‍ഭങ്ങളിലൂടെ സംഗീതത്തിന് സമാനമായ ഒരു ജനപ്രിയത നേടിയെടുക്കാന്‍ ഈ മാധ്യമത്തിന് സാധിച്ചിട്ടുണ്ട്. ഈ ജനപ്രിയതയെ സ്വന്തം ദേശകാലങ്ങളുടെ കഥകള്‍ കണ്ടെത്തുന്നതിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും അപ്രകാരം ഫോട്ടോഗ്രാഫിയെ കൂടുതല്‍ ജൈവപരമാക്കുകയും ചെയ്യുക എന്നതാണു  ‘പ്രോജക്റ്റ് സംഘകാല തുറമുഖങ്ങൾ’ ലക്ഷ്യമാക്കുന്നത്. ഈ സംരംഭത്തിലൂടെ പ്രാചീനമായ സംഘകാല തുറമുഖങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന ‘ഇന്ന്’ എന്ന യാഥാര്‍ഥ്യത്തിന്‍റെ ദേശകാലദൃശ്യങ്ങള്‍ അനേകം ഫോട്ടോഗ്രാഫുകളായി ഉടലെടുക്കും. അവ കണ്‍കോണുകളിലൂടെ ഭാവിയുടെ ‘അകം’ കാണുന്ന ഈ നിമിഷത്തിന്‍റെ ചരിത്ര രഹിതമായ ചിത്രീകരണത്തിനോ വിരസമായ ഡോക്യുമെന്ററി ഫോട്ടോഗ്രാഫി ശൈലിക്കോ അപ്പുറമുള്ള ഒരു ആഖ്യാന രീതിയില്‍, സ്വപ്ന സദൃശ്യമായ ദൃശ്യപരമ്പരകള്‍ സൃഷ്ടിക്കാനുള്ള ശ്രമവും കൂടെയാണിത്.

Aiming Boy © Abul Kalam Azad 1995 / Painted, doodled and scratched silver gelatin photographic print / EtP Photo Archive

ഈ തുറമുഖ നഗരങ്ങളുടെ ഭൂതകാലത്തെയും അതിലേക്ക് വെളിച്ചം വീശുന്ന വൈവിദ്യമാര്‍ന്ന സാംസ്കാരിക ഈടുവയ്പ്പുകളെയും സമകാലിക സമൂഹത്തിന്‍റെ ജീവിത വ്യവഹാരവുമായി ഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫിക് ശേഖരങ്ങള്‍ ഉണ്ടാക്കലാണ് പ്രോജക്റ്റിന്റെ ഒന്നാം ഘട്ടം. ഈ സമാഹാരണത്തിലൂടെ മൂന്നു തുറമുഖനഗരങ്ങളും അവയുടെ പരദേശ ബന്ധങ്ങളും സാംസ്കാരിക ബന്ധങ്ങളും സാംസ്കാരിക തലത്തില്‍ ഉണ്ടാക്കിയ, ഇന്നും നിലനില്‍ക്കുന്ന അലയൊലികള്‍ കണ്ടെത്തലാണ് ‘പ്രോജക്റ്റ് 365 സംഘകാല തുറമുഖങ്ങൾ’ന്‍റെ അടിസ്ഥാന ലക്ഷ്യം.

അനലോഗില്‍ നിന്നു ഡിജിറ്റലിലേക്കുള്ള മാറ്റത്തിൽ ഇമേജസില്‍ ഒരു പത്തുവര്‍ഷത്തെ പിളർപ്പ് ഉണ്ടായിട്ടുണ്ട്. ഒരുപാട് നെഗറ്റീവുകള്‍ കളഞ്ഞു. പ്രൊഫഷണല്‍സിനും അത് സൂക്ഷിക്കാന്‍ പറ്റാതെ വന്നു. അതിനുള്ള സൗകര്യം നമുക്കില്ല. എത്രയെന്ന് വെച്ചിട്ടു അവരിത് കൊണ്ട് നടക്കും? അവരെല്ലാരും ഇത് സിഡിലേക്കും മറ്റും ആക്കുന്നു. പിന്നെ സിഡി പോയി. അങ്ങനെ ഓരോ ടെക്നോളജി പോകുമ്പോഴും അവയൊക്കെ നഷ്ടപ്പെട്ട് കുറേകാലം കഴിയുമ്പോള്‍ ഒരു ഡാര്‍ക് ഏജ് മാതിരിയായിപ്പോകും. അതുപോലുള്ള പാളിച്ചകൾ ഒഴിവാക്കാനാണ് ഈ പ്രോജക്റ്റ് നമ്മള്‍ തുടങ്ങിയിരിക്കുന്നത്. വരും കാലങ്ങളില്‍ പഴയ കല്‍വെട്ടുകള്‍ പോലെ നമ്മൾ സൃഷ്ടിക്കുന്ന ഈ ഇമേജുകള്‍ പഠനസഹായിയായിട്ടും നിലനിൽക്കണം എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. ഫോട്ടോഗ്രാഫി ഇപ്പോള്‍ ഏറ്റവും ചിലവ് കുറഞ്ഞ, ഏറ്റവും ഫീസിബിള്‍ ആയിട്ടുള്ള ഒരു മെത്തഡോളജിയാണ്. വേറെ എന്താണെങ്കിലും – ചിത്രകലയാണെങ്കിലും ശില്പകലയാണെങ്കിലും – ഒരുപാട് സ്പേസ് വേണം. ഫോട്ടോഗ്രാഫുകൾ ചെറിയ ഡിജിറ്റല്‍ സ്‌പേസിൽ ഒതുക്കാം. അത് ഏത് കാലത്തും ഉപയോഗിക്കാന്‍ പറ്റും. നമ്മളുടെ കാലത്തെ അടയാളപ്പെടുത്താൻ നമ്മള് ചെയ്യുന്ന ‘എളിയ’ ‘വലിയ’ കാര്യം.

സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കൊളോണിയൽ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ എല്ലാം തന്നെ നല്ലപോലെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് വേറൊരു മഹാരാജ്യത്തിന്‍റെ ലെഗസിയുമായി ബന്ധപ്പെട്ടതായതുകൊണ്ട് അവര്‍ അതിനകത്ത് താത്പര്യം എടുക്കുകയും അതൊക്കെ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആർകൈവ് ചെയ്യണം. അല്ലെങ്കില്‍ ആർകൈവ് ചെയ്യുന്നവര്‍ക്ക് അത് മനസിലാകില്ല. പിന്നെ ഊഹാപോഹങ്ങളാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആർകൈവ് ചെയ്യുകയാണെങ്കില്‍ അതിന് വേറൊരുതരം പ്രസക്തി ഉണ്ടായിവരും. പത്തുനാല്‍പ്പതു വര്‍ഷം ജോലി ചെയ്ത ഒരാള്‍ക്ക് തങ്ങളുടെ വര്‍ക്കുകള്‍ ഇങ്ങനെ കൊണ്ടുനടക്കുക എന്നുള്ളത് വലിയ ഭാരമാണ്. ചിലപ്പോള്‍ ഒരുപാട് പണം ചിലവാക്കേണ്ടി വരും. മിക്കവാറും ഇങ്ങനെയുള്ള സാധനങ്ങളൊക്കെ അവര്‍ മരിച്ചുപോകുമ്പോള്‍ മക്കള്‍ ആര്‍ക്കെങ്കിലും കൊടുക്കുകയോ മറ്റോ ചെയ്യും. പിന്നെ അത് വീണ്ടും ഒരു സ്വകാര്യ വ്യക്തിയുടെ കയ്യിലേക്ക് എത്തപ്പെടുകയാണ്. അത് വീണ്ടും തടഞ്ഞു വെക്കപ്പെടുന്നു. അത് പുറത്തു കാണാൻ പറ്റുന്നില്ല. അവര്‍, അവര്‍ക്ക് ആവശ്യം ഉള്ളപ്പോള്‍ മാത്രമേ അത് കാണാന്‍ നമ്മളെ അനുവദിക്കുകയുള്ളു.

Red Room © Abul Kalam Azad 2005 / 60” x 120” Archival Pigment Print / EtP Photo Archive

സംഗീതം പോലെ പ്രചാരം ഉള്ള ഒരു മാധ്യമമാണ് ഫോട്ടോഗ്രാഫി. ഒരു കുഞ്ഞുവരെ ഫോട്ടോഗ്രാഫര്‍ ആകാന്‍ ശ്രമിക്കുന്ന സമയമാണിത്. ഏറ്റവും കൂടുതല്‍ ജനങ്ങളിലേക്ക് എത്താൻ കഴിവുള്ള മീഡിയം ആണ് ഫോട്ടോഗ്രാഫിയും സംഗീതവും. നമ്മുടെ സോഷ്യോളജിയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പലവിധത്തിലും ഏറ്റവും പറ്റിയ മാധ്യമവും കൂടെയാണ് ഫോട്ടോഗ്രഫി. പിന്നെ മറ്റു മാധ്യമങ്ങളിൽ ഇല്ലാത്ത ഒരു തരം ഓണര്‍ഷിപ് കൂടി അതില്‍ ഉണ്ട്. ഞാന്‍ നിങ്ങളുടെ ഫോട്ടോ എടുത്താല്‍ ഞാന്‍ മാത്രമല്ല അതിന്റെ ഓണര്‍, നിങ്ങളും കൂടെയാണ്. ആ ഓണര്‍ഷിപ് എപ്പോഴും ഉള്ളതുകൊണ്ട് ആരും വലിച്ചെറിഞ്ഞു കളയില്ല. അതൊക്കെ ഇതിന്‍റെ വലിയ ഗുണങ്ങളാണ്. പിന്നെ ചെറിയ കാശുകൊണ്ട് ഇത് ചെയ്യാം എന്നുള്ളതാണ്. അതൊക്കെ മുന്നില്‍ കണ്ടുകൊണ്ട്, കൽവെട്ടുകൾക്ക് സമമായ ഫോട്ടോബിംബങ്ങൾ ഉണ്ടാകുക, പിന്നീട് അതിനെ സംരക്ഷിക്കുക. ഇനി ഒരു നൂറു വര്‍ഷമോ ഇരുനൂറ് വര്‍ഷമോ മുന്നൂറ് വര്‍ഷമോ കഴിഞ്ഞാൽ ഇന്നത്തെ പ്ലാസ്റ്റിക് ബോട്ടിലുകള്‍, മൈക്രോചിപ്പുകള്‍ ഇതൊക്കെയാണ് നമുക്ക് പുരാവസ്തുവായി കിട്ടാന്‍ പോകുന്നത്. അതിനകത്ത് നിന്നാണ് ലോകോത്തരമായിട്ടുള്ള വിവരങ്ങള്‍ വരും കാലങ്ങളിൽ ശേഖരിക്കാൻ പോകുന്നത്.

Taboos and Totems II (Vilakuhalum Kula Chinnangalum)_Abul Kalam Azad_2012_EtP Photo Archive

ഇത് വലിയ പ്രസക്തിയുള്ള മേഖലയാണ് വരും കാലങ്ങളിൽ. ഈ പ്രസക്തി മുന്നിൽ കണ്ടുകൊണ്ട് നമ്മള്‍ ഇപ്പോഴേ വര്‍ക്ക് ചെയ്യുകയാണ്. ഇതൊരു പുതിയ സംഗതിയാണ്. അത് ഞങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെക്കുകയാണ്. രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും ഒക്കെ ഇത് പറഞ്ഞു മനസ്സിലാക്കാന്‍ ഒരുപാട് നാളെടുക്കും. ഒന്നാമത്തെ കാര്യം ഫോട്ടോഗ്രാഫി ഒരു കൊളോണിയല്‍ മീഡിയമാണ്. രാജാവും കൊട്ടാരവും ഒഴികെ നമ്മുടെ ആളുകളെ കുറിച്ചുകാണിക്കാനും, അവഹേളിക്കാനും വേണ്ടി ഇന്ത്യയിലേക്ക് വന്ന ഒരു മീഡിയമാണ് ഇത്. അത് കൂടാതെ തന്നെ ഏറ്റവും വലിയ പ്രത്യേകത എന്താന്നുവെച്ചാല്‍ യൂറോപ്പില്‍ 19-ആം നൂറ്റാണ്ടില്‍ കണ്ടുപിടിക്കുകയും ഉപയോഗിക്കുകയുംചെയ്ത സമയത്തു തന്നെ ഇന്ത്യയിലും പ്രാക്ടീസ് തുടങ്ങിയ മീഡിയം ആണ്.

അത് മാത്രമല്ല ഫോട്ടോഗ്രാഫിപ്രിന്റുകളുടെ സ്വകാര്യ ശേഖരങ്ങൾ ശരിയായ രീതിയിൽ അല്ല സൂക്ഷിക്കപ്പെടുന്നത്. “നോക്കൂ നിങ്ങളുടെ ദേശത്തിന്‍റെ കഥയാണിത്, നിങ്ങളിത് കളയരുത്” എന്നു പറയാനുള്ള ഒരു പ്രോജക്റ്റും കൂടിയാണ് ‘365’. കൂടാതെ പ്രാദേശിക ഫോട്ടോഗ്രാഫർമാരെയാണ് നമ്മള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന പ്രാദേശിക ഫോട്ടോഗ്രാഫർമാർക്ക് ദേശിയ വിദേശ ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടാനുംഅവരില്‍ നിന്നൊക്കെ കുറെ പാഠങ്ങള്‍ പഠിക്കാനും പറ്റും.

Dancing hooks © Abul Kalam Azad 2001 / 60” x 120” Archival Pigment Print / EtP Photo Archive

സഫിയ: പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ എവിടംവരെയായി?

അബുള്‍: പ്രവര്‍ത്തനങ്ങളൊക്കെ മുന്നോട്ട് പോകുന്നുണ്ട്. അതിന് വേണ്ടിയിട്ടു: പല ആള്‍ക്കാരെ കാണുന്നുണ്ട്. എല്ലാവരിൽനിന്നും നല്ല പ്രതികരണം ആണ്. പക്ഷേ ആരും തന്നെ റെഡി എന്നു പറഞ്ഞിട്ടു വന്നിട്ടില്ല. കാരണം ഇതിന് ഒരുപാട് പണചിലവുണ്ട്. ഇതൊരു ബൃഹത് പരിപാടിയാണ്.

സഫിയ: ഈ പ്രോജക്റ്റിന്റെമൂല്യം അവര്‍ക്ക് ആ രീതിയില്‍ എത്തിക്കാത്തതാണോ പ്രശ്നം?

അബുള്‍: കമ്മ്യൂണിക്കേറ്റ് ചെയ്യുന്നൊക്കെയുണ്ട്. പക്ഷേ ഇതിനെ എങ്ങിനെയാണ് അവര്‍ക്ക് ഘനീകരിക്കാൻ പറ്റുക എന്നുള്ളതാണ്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ആണെങ്കിൽ അവര്‍ക്ക് എങ്ങിനെ ഇത് ഉപയോഗിക്കാം എന്നുള്ളതാണല്ലോ അവര്‍ നോക്കുക. അവര്‍ക്കൊന്നും ഈ പ്രോജക്റ്റ് ആ രീതിയില്‍ ഉപയോഗിക്കാന്‍ പറ്റില്ല. കാരണം ഇതൊരു കൂട്ടായ പരിശ്രമമാണ്. മാത്രമല്ല നമ്മുടെ ഇങ്ങനെയുള്ള സ്വത്തുക്കള്‍ പലരും കൊള്ളയടിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. ആരും അറിയാതെയൊക്കെയാണ് പലപ്പോഴും കൊള്ള നടക്കുന്നത്. ടൂറിസ്റ്റുകളുടെ രൂപത്തില്‍ പ്രൊഫഷണല്‍സ് വരുമ്പോള്‍ നമ്മള്‍ വിചാരിക്കും അവര്‍ ടൂറിസ്റ്റുകളാണെന്ന്. പക്ഷേ അവരൊക്കെ വലിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. അവര് നമ്മുടെ പുട്ടുകുത്തുന്ന പാത്തുമ്മയുടെയും മറ്റും ഫോട്ടോ എടുത്തിട്ടു വിദേശ രാജ്യങ്ങളിൽ നല്ല വിലക്ക് വില്‍ക്കുകയാണ്. അതിപ്പഴും നമ്മുടെ ആള്‍ക്കാര്‍ക്ക് മനസ്സിലായിട്ടില്ല. അവിടെ നമ്മള്‍ വീണ്ടും ചൂഷണം ചെയ്യപ്പെടുകയാണ്.

Man with tools © Abul Kalam Azad 2011 – 12 / 60”x80” Painted photographic print on canvas / EtP Photo Archive

സഫിയ: ഓര്‍ഗനൈസേഷന് ഗൂഗിളുമായിട്ടുള്ള ബന്ധം എങ്ങനെയാണ്?

അബുള്‍: ഗൂഗിള്‍ ഇങ്ങോട്ട് വന്നതാണ്. ഞങ്ങളുടെ ആദ്യ സംരഭത്തിന് പ്രചാരണം കൊടുത്തത് പ്രധാനമായും സാമൂഹ്യ മാധ്യമത്തിലൂടെയാണ്. ഇത് തുടങ്ങിയപ്പോള്‍ പത്രമാധ്യമങ്ങള്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അപ്പോൾ ഞങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ സ്വയം പ്രചരിപ്പിച്ചു തുടങ്ങി. അതാണ് ഇതിനകത്തെ ഞങ്ങളുടെ ഏറ്റവും വലിയ വിജയം. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ബ്ലോഗ് തുടങ്ങി ഓണ്‍ലൈനിലൂടെ ഞങ്ങള്‍ വിവിധ തരത്തില്‍ കാംപയിന്‍ ചെയ്തു. ഞാനൊരു ബ്ലോഗറാണ്. ജനങ്ങളിലെത്താൻ, പ്രത്യേകിച്ച് ചെറുപ്പക്കാരിലെത്താന്‍, ഏറ്റവും നല്ല മാര്‍ഗ്ഗം ഇതൊക്കെയാണ്.

സഫിയ: മുഖ്യധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ടായിരിക്കും ഇതിനെ സംശയത്തോടെ നോക്കിയത്?
അബുള്‍: കല, വിഷ്വല്‍ ആർട്ട് – ഇതിനൊന്നും പൊതുവേ മുഖ്യധാരാ മാധ്യമങ്ങള്‍ അധികം ഇടം കൊടുക്കാറില്ല. അതൊക്കെ ഏതെങ്കിലും ഒരു ഓഫ് ബീറ്റ് ആളെകൊണ്ട് എഴുതിക്കും. അതോടെ അതിന്‍റെ പണികഴിഞ്ഞു. പിന്നെ ഇടം ഉള്ളത് സംഗീതത്തിനും നൃത്തത്തിനും ഒക്കെയാണ്; അത് പിന്നെ കാലാകാലങ്ങളായി ഒരു പാരമ്പര്യം ഉള്ളതുകൊണ്ടു അതിനു ചില ആളുകള്‍ ഉണ്ട്. മറ്റു കലകളെകുറിച്ചൊക്കെഏതെങ്കിലും ഓഫ് ബീറ്റ് ആളുകള്‍ ആണ്എഴുതുന്നതും വിശകലനം ചെയ്യുന്നതും. അതുകൊണ്ടുതന്നെ പരിമിതികള്‍ ഉണ്ട്.

Director’s Anecdote © Abul Kalam Azad 2010 – 2015 / Archival pigment print / Project 365 Public Photo Art Archive Tiruvannamalai

സഫിയ: രാജ്യാന്തര തലത്തിൽ ആണോ നിങ്ങള്‍ ഇത് ആലോചിക്കുന്നത്?

അബുള്‍: 
വല്യ പ്രതീക്ഷയോടെ തുടങ്ങിയ ചെറിയ ഒരു സംഘടനയാണ് ഞങ്ങളുടേത്. ദക്ഷിണേന്ത്യയാണ് ഞങ്ങള്‍ ഇപ്പോള്‍ ഉന്നം ഇട്ടിരിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തമിഴും മലയാളവുമൊക്കെയാണ് എളുപ്പത്തില്‍ വഴങ്ങുന്നതും. സാധ്യമായാല്‍ ഇന്ത്യ മുഴുവനും ചെയ്യണം എന്നാഗ്രഹമുണ്ട്.

സഫിയ: ഫോട്ടോഗ്രാഫർമാരുടെഇടയില്‍ നിന്നുള്ള പ്രതികരണം?

അബുള്‍: വളരെ നല്ല പ്രതികരണമാണ്. ഫോട്ടോഗ്രാഫർമാർ പലരും നമ്മളോട് ദൈനം ദിനം ചോദിച്ചുകൊണ്ടിരിക്കുകയാണ്. അതാത് പ്രദേശത്തെ ഫോട്ടോഗ്രാഫർമാരെ വെച്ചു ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പൊന്നാനിയിലാണെങ്കില്‍ പൊന്നാനിക്കാരായ ഫോട്ടോഗ്രാഫർമാരെ വെച്ചുമാത്രം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്; കോട്ടയത്താണെങ്കില്‍ കോട്ടയത്തെ ഫോട്ടോഗ്രാഫർമാർ. പിന്നെ കുറച്ചു ക്ഷണിക്കപ്പെട്ട ഫോട്ടോഗ്രാഫർമാർ ഉണ്ടാകും. അത് പ്രാദേശിക ഫോട്ടോഗ്രാഫർമാർക്ക് സാങ്കേതിക സഹായം നല്‍കാനും കൂടി വേണ്ടിയാണ്. പ്രഗത്ഭരായ 25 ഫോട്ടോഗ്രാഫർമാരെ ഞങ്ങള്‍ കൊണ്ടുവരുന്നുണ്ട്. പ്രിന്‍റിംഗ് ആവശ്യത്തിനുള്ളപാരമ്പര്യ ഫോട്ടോഗ്രാഫിക് ടെക്നിക്കുകള്‍ ഉണ്ട്. പാരമ്പര്യ ഫോട്ടോഗ്രാഫി ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയെ പോലെയല്ല; ഓള്‍ട്ടര്‍ ചെയ്യാന്‍ പണിയുണ്ട്. ഡോക്യുമെന്റിന്റെ പ്യുയര്‍ ക്വാളിറ്റി അതിനകത്തുണ്ടാവും. ഞാൻഅധികവുംചെയ്യുന്നത് പാരമ്പര്യ ഫോട്ടോഗ്രാഫിയാണ്. ക്യാമറ ഏത് ഉപയോഗിക്കണം എന്നൊന്നും പറയുന്നില്ല. ഫോട്ടോഗ്രാഫി ഒരു ജനാധിപത്യ മാധ്യമമാണ്.ക്യാമറ അല്ലല്ലോ ഫോട്ടോ എടുക്കുന്നത്. പിന്നെ ഫോട്ടോഗ്രാഫ് എന്നു പറഞ്ഞാല്‍ ഡിജിറ്റല്‍ ഇമേജ് അല്ല. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനം പ്രിന്‍റ് ആണ്. നിങ്ങൾ ക്യാമറ ഉപയോഗിക്കുന്ന ഒരു പ്രിന്റ് മേക്കർ ആണ്. പ്രിന്‍റ് ആയിട്ട് തന്നെയാണ് ഇത് കാണേണ്ടത്.

Divine Façade ©Abul Kalam Azad 1995 / 30”x40” Scratched and doodled Silver Gelatin Print / EtP Photo Archive

സഫിയ: ഇതിനുള്ള ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് എങ്ങിനെ കണ്ടെത്തും?

അബുള്‍: 
സർക്കാരുമായുള്ള സംഭാഷണം വളരെ നല്ല രീതിയിലാണ് പോകുന്നത്. സര്‍ക്കാര്‍ കാര്യം ആയതുകൊണ്ട് എത്രനാള്‍ എടുക്കും എന്നു പറയാന്‍ പറ്റില്ല. എല്ലാ വശങ്ങളും പരിശോധിച്ചിട്ടല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ. അതേ സമയം വേറെ ചിലരുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മള്‍ട്ടി നാഷണല്‍സ് റെഡിയാണ്. അവര്‍ക്ക് വല്യ പബ്ലിസിറ്റി കിട്ടുന്ന കാര്യമാണ്. പക്ഷേ അവർ അല്ലാതെ, സാംസ്കാരിക താത്പര്യം ഉള്ളവര്‍ വേറെ ഉണ്ടോ എന്നാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്.

മഴ ഈ പ്രോജക്റ്റില്‍ വളരെ പ്രധാനമാണ്. രണ്ടു മഴക്കാലമെങ്കിലും നമ്മള്‍ക്ക് ഈ പ്രോജക്റ്റില്‍ കിട്ടിയിരിക്കണം. മഴയുമായി ബന്ധമുള്ള സാമൂഹ്യവസ്തുതകൾ പകർത്തിയെടുക്കാൻ പ്രത്യേക ശ്രമം ഉണ്ടാവണം. താമസിക്കുന്തോറും ഇത് നീണ്ടുപോയിക്കൊണ്ടിരിക്കും. ഈ വര്‍ഷത്തെ തുലാവര്‍ഷം പോയി. ഇനി ജൂണില്‍ തുടങ്ങണം എന്നാണ് ആഗ്രഹം. അതിന്‍റെ ഇടയില്‍ ബിനാലെയുണ്ട്. അത് വല്യോരു ഇവെന്‍റ് ആണ്. അതിന്‍റെ ഇടയില്‍കൂടി ഇതുവന്നു ക്ലാഷാവണ്ട. ഇങ്ങനെയൊക്കെയുള്ള പല ചിന്തകള്‍ മനസ്സിലൂടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങള്‍ എന്തായാലും പ്രോജക്റ്റ് കാംപയിന്‍ ഓണ്‍ലൈന്‍ വഴി തുടങ്ങിയിട്ടുണ്ട്.

War, Wedding Widows © Abul Kalam Azad 20012 – 2016 / Archival pigment print / EtP Photo Archive

സഫിയ: ഫ്രീ ഡൌണ്‍ലോഡിംഗ് ആണോ ഉദ്ദേശിക്കുന്നത്?

അബുള്‍: ഓൺലൈനിലാണ് ഞങ്ങൾ തൽകാലം ശേഖരിക്കാൻ പോകുന്നത്. ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല.

സഫിയ: പ്രോജക്റ്റിന്റെ മറ്റ് സാധ്യതകള്‍?

അബുള്‍: പല തരം സാധ്യതകളാണ് ഈ പ്രോജക്റ്റിനുള്ളത്. ഉദാഹരണത്തിന് അതാത് മേഖലകളിൽ ഒരു മൈക്രോ ഫോട്ടോ മ്യൂസിയം. അല്ലെങ്കിൽ റീജിയണൽ ഫോട്ടോ ശേഖരം; അങ്ങിനെ പലതും. ഇതൊരു പോസ്റ്റ്-പ്രോജക്റ്റ് വിഷയം ആയതുകൊണ്ടാണ് ഞാന്‍ പറയാതിരിക്കുന്നത്. പിന്നെ മൂന്നു പുസ്തകങ്ങളായിട്ട് ഇറക്കാന്‍ ആലോചിക്കുന്നുണ്ട്. അതൊക്കെ പ്രോജക്റ്റ് വരികയും തുടങ്ങുകയും ചെയ്താല്‍. ഇപ്പോ തന്നെ കലാരൂപങ്ങള്‍ എല്ലാം ഫോട്ടോഗ്രഫിക് മെമ്മറിയെ ബെയിസ് അടിസ്ഥാനമാക്കിയാണ്. ഈ പ്രോജക്റ്റ് നടക്കും എന്നു തന്നെയാണ് പ്രതീക്ഷ. എല്ലാ ഭാഗത്തുനിന്നും പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് കിട്ടുന്നത്. പിന്നെ നമ്മള്‍ മുന്നിട്ടു ഇറങ്ങണം. ഞങ്ങളുടെ ആത്മാർപ്പണം ആണ് ഇതിലുള്ള ഏറ്റവും വലിയ കാര്യം. മുന്നോട്ട് പോകുന്നവരൊക്കെ മുന്നണിപ്പടയാളികളെ പോലെയാണ്. ചിലപ്പോള്‍ കൊല്ലപ്പെടാം. പുറകിലുള്ളവര്‍ ജയിച്ചോളും.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് സഫിയ)

*Abul Kalam Azad / Picture Credit Tulsi Swarna Lakshmi / EtP Photo Archive

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍