UPDATES

ട്രെന്‍ഡിങ്ങ്

ഇത് നായന്മാരുടെ കോളേജാടാ, കുറവനും പുലയനും ഇവിടെ പഠിക്കേണ്ട; എംജി കോളേജില്‍ എബിവിപിയുടെ ദളിത്‌ വേട്ട

പരാതി നല്‍കിയവരെ ആര്‍എസ്എസുകാര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഇപ്പോഴെന്നാണ് പുതിയ വിവരം.

തിരുവനന്തപുരം എംജി കോളേജില്‍ എബിവിപിയുടെ ദളിത് വേട്ട തുടരുന്നു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. കോളേജിന് അകത്തും പുറത്തുമുള്ള ആര്‍എസ്എസ്-ബിജെപി-എബിവിപി പ്രവര്‍ത്തകര്‍ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 35 വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി.

ഇത് നായന്മാരുടെ കോളേജാണെടാ, ഇവിടെ കുറവനും പുലയനും പഠിക്കണ്ട എന്നാണ് ഇവരുടെ ഭീഷണി. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എപ്പോള്‍ വേണമെങ്കിലും ആക്രമണം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പലരും പഠനം ഉപേക്ഷിക്കാന്‍ പോലും തയ്യാറെടുത്തിരിക്കയാണ്.

തങ്ങളെ ആക്രമിച്ചെന്ന് കാണിച്ച് ചില പെണ്‍കുട്ടികള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശ പ്രകാരം കോളേജിലെ ആന്റി സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റി വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുക്കുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷം പരാതി പോലീസിന് കൈമാറും.

കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കഞ്ചാവ് വില്‍ക്കുന്നതായും പരാതിയുണ്ട്. ഇത് ചോദ്യം ചെയ്ത കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെയും കഴിഞ്ഞദിവസം മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഹരിലാല്‍, ഷിജു, അനന്തു, എംബി നായര്‍ എന്നീ എബിവിപി പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

കോളേജ് ക്രിമിനലുകളുടെ കേന്ദ്രമാകുന്നതില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി എബിവിപിയുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. അതിനെ വെല്ലുവിളിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം എബിവിപി ക്യാമ്പസില്‍ പ്രകടനം നടത്തിയത്. പെണ്‍കുട്ടികളുടെ പരാതി പോലീസിന് കൈമാറുന്നതിനെതിരെയായിരുന്നു പ്രകടനം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി ക്ലാസ് മുറികളില്‍ നിന്നും വലിച്ചിറക്കിയായിരുന്നു പ്രകടനം.

ഇതിന് പിന്നാലെയാണ് 35 ദളിത് വിദ്യാര്‍ത്ഥികള്‍ സംയുക്തമായി പ്രിന്‍സിപ്പലിന് പരാതിയെഴുതി നല്‍കിയത്. പരാതി നല്‍കിയവരെ ആര്‍എസ്എസുകാര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഇപ്പോഴെന്നാണ് പുതിയ വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍