UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി രാംജസ് കോളേജിന് സമീപം ഐസ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും എബിവിപിക്കാരുടെ മര്‍ദ്ദനം

സംഭവസ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരാണ് കൂടുതലായും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡല്‍ഹി രാംജസ് കോളേജില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രൊഫ.പ്രശാന്ത ചക്രബര്‍ത്തിക്കാണ് മര്‍ദ്ദനമേറ്റത്. എബിവിപി പ്രവര്‍ത്തകര്‍ ചക്രബര്‍ത്തിയെ നിലത്തിട്ട് ചവിട്ടുകയും മഫ്ഌര്‍ കൊണ്ട് കഴുത്തില്‍ കുരുക്കുകയും ചെയ്തു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു അക്രമം. പ്രശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദും ഷെഹ്ല റാഷിദും പങ്കെടുക്കേണ്ടിയിരുന്ന സെമിനാര്‍ എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ കോളേജില്‍ ഐസ, എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.

സംഘര്‍ഷത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലും ട്വിറ്ററിലും വന്നിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരാണ് കൂടുതലായും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. രാംജസ് കോളേജില്‍ നിന്ന് മൗറീസ് നഗര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് എസ്എഫ്‌ഐയും ഐസയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെ വലിച്ചുകൊണ്ടുപോയി എബിവിപിക്കാര്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ ഫിറോസ് എല്‍ വിന്‍സെന്റ് പറയുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അമിത് തന്‍വാര്‍, വൈസ് പ്രസിഡന്റ് പ്രിയങ്ക ചാവ്രി, ജനറല്‍ സെക്രട്ടറി അങ്കിത് സംഗ്വാന്‍, രാജസ് കോളേജ് യൂണിയന്‍ പ്രസിഡന്റ് യോഗിത് രതി അടക്കമുള്ള നേതാക്കളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഐസക്കാരാണ്….തല്ലിക്കോ എന്ന് എബിവിപി നേതാക്കള്‍ പറയുന്നുണ്ട്. ഫിറോസിനേയും എബിവിപിക്കാര്‍ ആക്രമിച്ചു. മാദ്ധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ ക്ഷമ ചോദിച്ച യോഗിത് കമ്മ്യൂണിസ്റ്റ്കാര്‍ ഡല്‍ഹി സര്‍വകലാശാലയെ ജെഎന്‍യു ആക്കാന്‍ ശ്രമിക്കുകയാണെന്നും. അവര്‍ ആ ശ്രമം തുടരുന്ന കാലത്തോളം ഈ പ്രശ്‌നം തുടരുമെന്നും ഭീഷണി മുഴക്കി. ദേശവിരുദ്ധരേയും അവരുടെ മുദ്രാവാക്യങ്ങളേയും ഇവിടെ അനുവദിക്കില്ലെന്ന് യോഗിത് പറഞ്ഞു. തന്നെ എബിവിപി ഗുണ്ടകള്‍ ആക്രമിച്ചതായി ഷെഹ്ല റാഷിദ് പറഞ്ഞു. ക്വിന്റ് റിപ്പോര്‍്ട്ടറായ തരുണി കുമാറിന്റെ ഫോണ്‍ പിടിച്ച് പറിച്ചു. പ്രതിഷേത്തിന്റെ ഭാഗമായിരുന്ന പെണ്‍കുട്ടികളെ തന്റെ കണ്‍മുന്നില്‍ വച്ചാണ് എബിവിപിക്കാര്‍ മര്‍ദ്ദിച്ചതെന്ന് കാച്ച് ന്യൂസ് എഡിറ്റര്‍ ആദിത്യ മേനോന്‍ പറഞ്ഞു. തടയാന്‍ ചെന്ന തനിക്കും തല്ല് കിട്ടി. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന അദ്ധ്യാപകരെ മര്‍ദ്ദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍