UPDATES

എബിവിപി ഒരു വിദ്യാർത്ഥി സംഘടനയാണോ? ഇത് ഗുണ്ടായിസമാണ്

ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് സംസാരിക്കേണ്ടിയിരുന്ന ഒരു പരിപാടി തടസപ്പെടുത്തിയതില്‍ പ്രതിഷേധിക്കുകയായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ കോളേജ് വിദ്യാര്‍ത്ഥികള്‍.

അതൊരു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു. വിദ്യാഭ്യാസത്തിന് പകരം ബലാത്ക്കാരത്തിന്റെയും സംവാദത്തിന് പകരം കലാപത്തിന്റെയും വേദിയായി ഡല്‍ഹി സര്‍വകലാശാലയുടെ നോർത്ത് കാമ്പസിലുള്ള രാംജാസ് കോളേജ് മാറി. ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) പ്രവര്‍ത്തകര്‍ രാംജാസ് കോളേജിലെ തങ്ങളുടെ സഹവിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. തലേദിവസം, ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് സംസാരിക്കേണ്ടിയിരുന്ന ഒരു പരിപാടി തടസപ്പെടുത്തിയതില്‍ പ്രതിഷേധിക്കുകയായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ കോളേജ് വിദ്യാര്‍ത്ഥികള്‍.

അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിക്കുന്നതിനായി ജെഎന്‍യുവില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ ഉമറിനെതിരെ കഴിഞ്ഞ വര്‍ഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഒരു കുറ്റകൃത്യത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തെ എബിവിപിക്കാര്‍ ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തുകയായിരുന്നു. ചില ഗൂഢലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വേണം ഈ സംഭവത്തെ വിലയിരുത്താന്‍. കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍, അസഹിഷ്ണുതയുടെ ശക്തിയായി മാറാനാണ് അതിന്റെ വിദ്യാര്‍ത്ഥി വിഭാഗം ശ്രമിക്കുന്നത്. ആശയങ്ങളെയും വ്യക്തികളെയും ആക്രമണോത്സുകമായ രീതിയില്‍ ‘ദേശവിരുദ്ധം’ എന്ന് മുദ്രകുത്തുന്ന അവര്‍, കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനും സങ്കോചിപ്പിക്കുന്നതിനുമായി അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടത്തുകയും ചെയ്യുന്നു.

ജോധ്പൂരിലെ ജയ് നാരായണ്‍ വ്യാസ് സര്‍വകലാശാലയില്‍ ഒരു അക്കാദമിക് പണ്ഡിത നടത്തിയ കാശ്മീരിനെ കുറിച്ചുള്ള പ്രഭാഷണത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ കുത്തിപ്പൊക്കി; ആത്മഹത്യ ചെയ്ത രോഹിത് വെമുല എന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിയും എബിവിപിക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു; മഹേന്ദ്രഗാര്‍ഹില്‍, മഹാശ്വേത ദേവിയുടെ ‘ദ്രൗപദി’ എന്ന നാടകം കളിക്കുന്നതിനെതിരെ എബിവിപി പ്രതിഷേധിച്ചിരുന്നു.

ബിജെപിയിലേക്കുള്ള പ്രവേശന കവാടമാണ് എബിവിപി. അതങ്ങനെ തന്നെ തുടരുകയും ചെയ്യും. എന്നാല്‍ പരിവാര്‍ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ അക്രമണങ്ങളെ വിമര്‍ശിക്കാന്‍ സര്‍ക്കാരിലെയോ പാര്‍ട്ടിയിലെയോ നേതാക്കള്‍ തയ്യാറായിട്ടില്ല. പകരം, ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കാമ്പസുകളെ മാറ്റാന്‍’, അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്. ആക്രമണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം തുടരാന്‍ എബിവിപിക്കുള്ളില്‍ തന്നെയുള്ള രാഷ്ട്രീയ മോഹികള്‍ക്ക് കൂടുതല്‍ ധൈര്യം പകരാന്‍ മാത്രമേ, പ്രത്യേകിച്ചും ഒരു കേന്ദ്ര മന്ത്രിയില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ സഹായിയ്്ക്കും.

കഴിഞ്ഞ വര്‍ഷം ജെഎന്‍യുവിലെ സംഘര്‍ഷത്തിനിടയില്‍ സംഭവിച്ചത് പോലെ തന്നെ, രാംജാസ് കോളേജിലെ ഡല്‍ഹി പോലീസിന്റെ ഇടപെടല്‍ പക്ഷപാതപരമായിരുന്നു എന്ന ആരോപണം ഉയര്‍ത്തുന്നുണ്ട്. മൂന്ന് കോണ്‍സ്റ്റബിള്‍മാരുടെ പെരുമാറ്റം അവരുടെ ‘തൊഴിലിന് ചേരുന്നത്’ ആയിരുന്നില്ല എന്ന് ജോയിന്റ് കമ്മീഷണര്‍ ദേവേന്ദ്ര പഥക്കിന് സമ്മതിക്കേണ്ടി വന്നു. അവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ അനാസ്ഥ മൂലമാണ് രാംജാസ് കോളേജില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതെന്ന് സ്ഥലത്ത് സന്നിഹിതരായിരുന്ന നിരവധി അക്കാദമിക് വിദഗ്ധരും വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും എതിര്‍പ്പുള്ളവയ്‌ക്കെതിരെ പ്രതിഷേധം നടത്താനും എബിവിപിക്ക് അവകാശമുണ്ട്. പക്ഷെ, അതേ അവകാശം അവരുടെ എതിരാളികള്‍ക്കുമുണ്ട്. ദേശീയത വാചാടോപങ്ങളുടെ മറവില്‍ അവര്‍ ഇപ്പോള്‍ തുടര്‍ച്ചയായി അക്രമങ്ങളെയും അലങ്കോലപ്പെടുത്തലുകളെയും കൂട്ടുപിടിക്കുന്നതിനെതിരെ അതിന്റെ മാതൃസംഘടനകള്‍ രംഗത്തുവരണം. ആരോഗ്യമുള്ള ഒരു ജനാധിപത്യ സംവിധാനത്തില്‍, വൈവിദ്ധ്യമാര്‍ന്ന അഭിപ്രായങ്ങളെ ബഹുമാനിക്കാനും തങ്ങള്‍ വിയോജിക്കുന്നവരോട് സംവാദത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയും രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടായിരിക്കണം. ഭാവിയുടെ സുരക്ഷയ്ക്കായി ഈ ധാര്‍മ്മികത വിദ്യാര്‍ത്ഥി നേതാക്കളിലേക്ക് പ്രത്യേകിച്ചും പകര്‍ന്നു കൊടുക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍