UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എ സി ജോസ്; വിടപറഞ്ഞത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സ്‌നേഹസാന്നിധ്യം

Avatar

ഷെറിന്‍ വര്‍ഗീസ്

കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളിലെ സ്‌നേഹസാന്നിധ്യമായിരുന്നു ഇന്ന് അന്തരിച്ച എ സി ജോസ് എന്ന എല്ലാവരുടെയും ജോസേട്ടന്‍. കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും രൂപീകരണത്തിനായി എ കെ ആന്റണിയോടും എം ഒ ജോണിനോടും വയലാര്‍ രവിയോടും ഒപ്പം നിന്നു പ്രവര്‍ത്തിച്ച നേതാവ്, പത്തുവര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, മേയര്‍, രണ്ടു തവണ പറവൂരിനെ പ്രതിനിധീകരിച്ച നിയമസഭ സാമാജികന്‍, സ്പീക്കര്‍, തൃശൂര്‍, മുകുന്ദപുരം, ഇടുക്കി മണ്ഡലങ്ങളില്‍ നിന്നുള്ള ലോക്‌സഭാഗം, ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിച്ചയാള്‍; വിടപറഞ്ഞു പോകുമ്പോള്‍ എ സി ജോസിന്റെ ഇതുവരെയുള്ള രാഷ്ട്രീയജീവിതത്തിന്റെ തിളക്കമായി പറയാന്‍ വിശേഷണങ്ങള്‍ ഏറെയുണ്ട്. അതിനെല്ലാമപ്പുറം മനുഷ്യത്വവും സഹജീവി സ്‌നേഹവും തന്റെ അവസാന നിമിഷംവരെ മറ്റുള്ളവരോട് പ്രകടിപ്പിച്ച ഒരു മനുഷ്യന്‍ എന്ന നിലയ്ക്കാവണം എ സി ജോസിന്റെ ജീവീതം അടയാളപ്പെടുത്തേണ്ടത്.

ജോലി ചെയ്ത് അതിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം എന്നു വിശ്വസിച്ച് അഭിഭാഷകന്റെ കുപ്പായമിട്ട് കോടതിയില്‍പോയി കേസ് വാദിച്ച് പണം കണ്ടെത്തിയിരുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന വിശേഷണവും എ സി ജോസിനുണ്ട്. സ്വന്തം ജ്യേഷ്ഠനായ എസി ജോര്‍ജ് മുഖ്യധാര രാഷ്ട്രീയത്തിലൂടെ കേന്ദ്രമന്ത്രിയായി വരെ തിളങ്ങി നിന്നതുകൊണ്ടാവണം തന്റെ പ്രവര്‍ത്തന മേഖല ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തിലേക്ക് മാറ്റാന്‍ അദ്ദേഹം തയ്യാറായത്. കേരളത്തില്‍ ഏതാണ്ട് അറുപതോളം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ പ്രസിഡന്റ് ആയി ഇരുന്നിട്ടുണ്ട് ഒരു കാലത്ത് അദ്ദേഹം.

കോണ്‍ഗ്രസിന്റെ നിലവിലെ മുതിര്‍ന്ന നേതാക്കളുടെ പ്രതിനിധിയായ എ സി ജോസ് അവരുടെ കൂട്ടത്തില്‍ എറണാകുളത്ത് ആദ്യമായി വീടുവച്ചയാള്‍ കൂടിയായിരുന്നു. ആ സംഘത്തിലെ ആദ്യത്തെ വിവാഹിതനും അദ്ദേഹം തന്നെയായിരുന്നു. ഇന്നത്തെപ്പോലെ വിദ്യാര്‍ത്ഥി നേതാക്കന്മാര്‍ക്ക് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസുകളുടെ സൗകര്യമൊന്നും ലഭ്യമല്ലാതിരുന്നൊരു കാലത്ത് എ കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, സുധീരന്‍ എന്നിവര്‍ക്കൊക്കെ എറണാകുളത്ത് എത്തിയാല്‍ രാത്രി തങ്ങാനുള്ള കേന്ദ്രം എ സി ജോസിന്റെ വീടായിരുന്നു. അന്നത്തെ നേതാക്കന്മാര്‍ക്കിടയില്‍ തമാശയായി പറയുന്നൊരു കഥയുണ്ട്. ജോസേട്ടന്റെ ഭാര്യ ലീലാമ്മ ചേച്ചിക്കു മൂന്നു തരത്തില്‍ ചായ ഇടാന്‍ അറിയാമായിരുന്നുവത്രേ. വയലാര്‍ രവിക്കും ആന്റണിക്കും വേണ്ടി പ്രത്യേകം ചായ ഉണ്ടാക്കും. അവര്‍ ജോസേട്ടന്റെ ഏറ്റവും അടുത്ത ആളുകളാണ്. ആ ചായ മറ്റാര്‍ക്കും കിട്ടിയിരുന്നില്ല. അവര്‍ക്കുവേണ്ടി മറ്റൊരു ചായ. ഈ രണ്ടു തരവുമായിരിക്കില്ല പതിവു സന്ദര്‍ശകര്‍ക്ക് കിട്ടുന്നത്. പക്ഷേ വരുന്ന എല്ലാവര്‍ക്കും ലീലാമ്മ ചേച്ചിയുടെ കൈയില്‍ നിന്നും ഒരു ഗ്ലാസ് ചായ കിട്ടുമായിരുന്നു. സ്‌നേഹക്കൂടുതല്‍ കാണിക്കേണ്ടവരോട് അത് പ്രകടമാക്കിയിരുന്നു ജോസേട്ടനും ലീലാമ്മ ചേച്ചിയും. ഒരിക്കലും ഇന്നലകളെ മറക്കാതിരുന്ന ഒരു കുടുംബമായിരുന്നു അത്.

പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കുന്നതിനു മുമ്പ് എ സി ജോസ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. അതിനുശേഷം രണ്ടര വര്‍ഷം മുമ്പാണ് വീണ്ടും വീക്ഷണത്തിന്റെ ചുമതലക്കാരനാകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും അത്ര വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്ന ഒരു പത്രത്തെ വളര്‍ത്തി കൊണ്ടുവരണമെന്നും അതിനെ പാര്‍ട്ടിയുടെ നാവാക്കി മാറ്റിയെടുക്കണമെന്നുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ പത്രം മാറ്റിയെടുക്കാമെന്നുള്ള വ്യാമോഹമായിരുന്നില്ല അത്. ഏതെങ്കിലും ഉട്ടോപ്യന്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചോ ഏറ്റവും മികച്ച പ്രൊഫഷണല്‍സിനെ തിരുകി കയറ്റിയോ അല്ല അദ്ദേഹം തന്റെ ലക്ഷ്യത്തിലേക്ക് ചുവടുവച്ചതും. പകരം വീക്ഷണത്തിന്റെ മുഴുവന്‍ ജീവനക്കാരോടും തനിക്കുള്ള വൈകാരികമായ അടുപ്പം ഉപയോഗിച്ച്, എല്ലാവരുടെയും സഹകരണത്തോടെ, ആ ലക്ഷ്യത്തിലേക്ക് നീങ്ങാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. രാവിലെ എ സി ജോസിന്റെ വക ഒരു ഫോണ്‍ കോള്‍ വന്നാല്‍, മറ്റേതു പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെയും പോലെ വീക്ഷണത്തിന്റെ സ്റ്റാഫിന്-അവരില്‍ ചായ കൊണ്ടുവന്നു കൊടുക്കുന്നയാള്‍ തൊട്ട് ന്യൂസ് എഡിറ്റര്‍വരെ ഉള്‍പ്പെടും- ഭയക്കേണ്ടതില്ലായിരുന്നു. കാരണം അവര്‍ക്കറിയാം, തങ്ങളെ ഏതെങ്കിലും തെറ്റിന് ശകാരിക്കാനല്ല, പകരം സുഖവിവരം തിരക്കാനോ തങ്ങള്‍ നേരിടുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക പരിഹാരമായോ എന്നറിയാനോ ആയിരിക്കും ആ വിളിയെന്ന്. ആരെയും മാറ്റി നിര്‍ത്തിയില്ല, ഒപ്പം ചേര്‍ത്തു നിര്‍ത്തി, അതായിരുന്നു ജോസേട്ടന്റെ വിജയവും. തൊഴിലാളി സംഘടന നേതാവെന്ന നിലയില്‍ ഓരോ തൊഴിലാളിയുടെയും വ്യക്തിപരമായ പ്രശ്‌നങ്ങള്‍വരെ മനസിലാക്കി അതിനു വേണ്ടി തനിക്കെന്തു ചെയ്തു കൊടുക്കാമോ അവ സ്വാര്‍ത്ഥതയില്ലാതെ ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും അദ്ദേഹം കാണിച്ചിരുന്നില്ല.

ജീവിതത്തിന്റെ അവസാന നിമിഷംവരെ കര്‍മനിരതനായി ഇരിക്കുക എന്ന അസുലഭ ഭാഗ്യം കൂടി ആ രാഷ്ട്രീയപ്രവര്‍ത്തകനുണ്ടായി. കണ്‍സ്യൂമര്‍ ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്തശേഷം ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം എറണാകുളത്ത് വീട്ടിലെത്തുന്നത്. തനിക്ക് അത്താഴം കരുതിയിട്ടുണ്ടോ എന്ന ലീലാമ്മ ചേച്ചിയോട് വിളിച്ചന്വേഷിക്കുകയും ചെയ്തിരുന്നു. ഇന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷ യാത്രയ്ക്ക് എറണാകുളത്ത് നല്‍കുന്ന സ്വീകരണയോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഇതിനായി രാവിലെ എട്ടുമണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങുന്ന തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിച്ച്, ഭാര്യയുമൊത്ത് അത്താഴവും കഴിച്ചശേഷമാണ് അദ്ദേഹം ഉറങ്ങാന്‍ കിടന്നത്. വെളുപ്പിന് രണ്ടുമണിയോടടുത്ത് വന്ന നേരിയൊരു നെഞ്ചുവേദന ആ ജീവിതത്തിന് പെട്ടെന്നൊരു വിരാമം ഇട്ടു.

പഴയ തലമുറയ്ക്ക് ഒരു സവിശേഷതയുണ്ട്. ബുദ്ധികൊണ്ടല്ലാതെ ഹൃദയം കൊണ്ട് മനുഷ്യരെ സ്‌നേഹിക്കുന്നൊരു സവിശേഷത. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിലും ജീവിതത്തിലും എന്നും പിന്തുടര്‍ന്ന വ്യക്തിയായിരുന്നു ജോസേട്ടന്‍. തികച്ചും സത്യസന്ധമായ വ്യക്തിബന്ധമായിരുന്നു അദ്ദേഹം ഓരോരോരുത്തരോടും പുലര്‍ത്തിയിരുന്നത്. എന്തു വിലകൊടുത്തും ജയിക്കുക, താന്‍ മാത്രം ജയിക്കുക എന്ന രാഷ്ട്രീയ സ്വാര്‍ത്ഥതയുടെ കറ മരണംവരെ അദ്ദേഹത്തിനുമേല്‍ വീണിരുന്നില്ല. അതേസമയം അതിവൈകാരികമായ ചില നിലപാടുകള്‍ രാഷ്ട്രീയത്തില്‍ എടുത്തിട്ടുമുണ്ട്. പരിവര്‍ത്തനവാദികള്‍ ശക്തി പ്രാപിച്ചുവന്നിരുന്ന കാലത്ത് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജാഥയിലേക്ക് ഒരു വിഭാഗം പരിവര്‍ത്തനവാദികള്‍ പങ്കുചേരുകയും ഇവര്‍ തങ്ങള്‍ എഴുതിക്കൊണ്ടുവന്ന മുദ്രാവാക്യങ്ങള്‍ ജാഥയുടെ മുന്‍പന്തിയില്‍ കയറിനിന്നു വിളിക്കുകയുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ജാഥയെ അവര്‍ ഹൈജാക്ക് ചെയ്യുന്നൂ എന്ന ഘട്ടംവന്നപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുണ്ടുംമടക്കി കുത്തിയിറങ്ങിയ ഒരു ചെറുപ്പക്കാരന്റെ ചിത്രം എ സി ജോസിനെ ഓര്‍മിക്കുന്നവരുടെ ഉള്ളില്‍ ഇപ്പോഴും മങ്ങാതെയുണ്ട്. വളരെ വൈബ്രന്റ് ആയി, ജാഗ്രതയോടുകൂടി, സ്‌നേഹാദരവുകളോടെ രാഷ്ട്രീയപ്രവര്‍ത്തനം അവസാന നാളുവരെ നടത്തിപ്പോന്നയാളായിരുന്നു എ സി ജോസ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയും നിലനില്‍പ്പും മാത്രമായിരുന്നു അവസാന നിമിഷം വരെ അദ്ദേഹം ആഗ്രഹിച്ചിരുന്നതും.

തൊണ്ണൂറുകള്‍ക്കിപ്പുറമുള്ള കേരള രാഷ്ട്രീയത്തില്‍ അത്രവലുതായൊന്നും എ സി ജോസ് അടയാളപ്പെടുന്നില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന, എല്ലാവര്‍ക്കും സമീപിക്കാന്‍ കഴിയുന്ന ഏതു പൊതുവേദികളിലും രാഷ്ട്രീയകാല വ്യത്യാസമില്ലാതെ സ്വീകാര്യനായ, എല്ലാവരെയും ശ്രദ്ധിക്കുന്ന, കലര്‍പ്പില്ലാത്ത പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച രാഷ്ട്രീയനേതാവ് എന്ന നിലയില്‍ എല്ലാക്കാലവും സ്മരിക്കപ്പെടുന്ന നേതാവ് തന്നെയാണ് എ സി ജോസ്.

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍