UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ നീക്കം കേരളത്തെ തകര്‍ക്കാനാണ്; കള്ളപ്പണ ആക്ഷേപമുള്ളവര്‍ പരിശോധിക്കട്ടെ – മന്ത്രി എസി മൊയ്തീന്‍/അഭിമുഖം

എ സി മൊയ്തീന്‍ / രാകേഷ് സനല്‍

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സി നോട്ടുകളുടെ നിരോധനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രതിസന്ധി ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്ന ഒരു മേഖലയാണ് കേരളത്തിലെ സഹകരണബാങ്കുകള്‍. അമിതമായ തോതില്‍ കള്ളപ്പണം നിക്ഷേപം നടക്കുന്നു എന്ന രാഷ്ട്രീയ ആരോപണത്തിലാണ് കേരളത്തിലെ സഹകരണബാങ്കുകള്‍ ഇപ്പോഴുള്ളത്. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കാവുന്ന ഒന്നാണ് സഹകരണബാങ്കുകള്‍ക്കുമേലുള്ള ഈ പ്രതിസന്ധിയെന്നതില്‍ സംശയമില്ല. ഈ സാഹചര്യവുമായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീനുമായി അഴിമുഖം നടത്തുന്ന അഭിമുഖം

രാകേഷ്: നോട്ട് നിരോധനം കള്ളപ്പണം തടയാനുള്ള പദ്ധതിയുടെ ഭാഗമാണെന്നു പറയുമ്പോഴും ഈയൊരു സാഹചര്യം ഉപയോഗിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ബിജെപി ലക്ഷ്യമിടുന്നതായി ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ പറയുന്നത് സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ തങ്ങള്‍ ഒരുതരത്തിലും ശ്രമിക്കുന്നില്ലെന്നും അതേസമയം സഹകരണപ്രസ്ഥാനങ്ങളുടെ മറവില്‍ നടക്കുന്ന വന്‍ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാനാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നുമാണ്. കണക്കില്‍പ്പെടാത്ത പണം സഹകരണബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയുമാണ്. ഒരു മന്ത്രിയെന്ന നിലയില്‍ ഈ വിഷയത്തില്‍ തരാന്‍ കഴിയുന്ന വിശദീകരണങ്ങള്‍ എന്തൊക്കെയാണ്?

എ സി മൊയ്തീന്‍: കള്ളപ്പണം പിടിക്കുന്നതിന് ആരും എതിരാണെന്ന് തോന്നുന്നില്ല. എല്ലാവരും അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ കള്ളപ്പണത്തെ എത്രമാത്രം വെളിച്ചത്തുകൊണ്ടുവരും എന്നതിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്റ് വന്‍കിടക്കാരുടെയുള്‍പ്പെടെ വെട്ടിപ്പ് എഴുതിത്തള്ളാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചില്ലേ… കള്ളപ്പണം നിക്ഷേപം മുഴുവന്‍ കറന്‍സിയിലാണ് എന്ന് ഇന്ത്യയിലാരും ധരിക്കുന്നില്ല. സ്വര്‍ണ്ണത്തിലും ഭൂമിയിലുമൊക്കെയായി അത് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് യാതൊരു നടപടിയുമില്ല. അതൊക്കെ പുറത്തുവരണം എന്നുതന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഗവണ്‍മെന്റ് അതിന് ആവശ്യമായ നിലപാട് സ്വീകരിക്കുന്നുണ്ടോയെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. സഹകരണമേഖലയില്‍ കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നടപടികളുടെ ഭാഗമായുണ്ടായ ബുദ്ധിമുട്ടുകള്‍ അതിശക്തമായ വികാരമായി കേരളത്തിലുയര്‍ന്നുവന്നപ്പോഴാണ് ബി.ജെ.പി. നേതാക്കള്‍ സഹകരണ മേഖലയില്‍ കള്ളപ്പണമാണെന്ന ആക്ഷേപവുമായി രംഗത്തുവന്നത്.

കള്ളപ്പണം ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. പരിശോധിച്ച് കണ്ടുപിടിക്കട്ടെ. സഹകരണ സംഘങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ല, വ്യക്തികള്‍ കുറ്റം ചെയ്യുമായിരിക്കും. സഹകരണ സംഘങ്ങളില്‍ നിക്ഷേപത്തിനെത്തുന്നവരുടെ പാന്‍കാര്‍ഡ്, ഐഡികാര്‍ഡ്, ആധാര്‍ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഒരു ഗ്രാമപ്രദേശത്തിലുള്ള ആള്‍ക്കാര്‍ ആരാണെന്ന് കൃത്യമായിട്ടറിയാം. ഏതെങ്കിലും ഒരു വ്യക്തി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആദായനികുതി വകുപ്പിന് അത് പരിശോധിച്ച് നടപടിയെടുക്കാമല്ലോ. അത്തരം അന്വേഷണത്തിന് എതിരല്ല. സഹകരണ വകുപ്പ് പറയുന്ന ആദായനികുതി ഇളവ് എന്നത് ഇതുമായി ബന്ധപ്പെടുത്തേണ്ടതില്ല. സഹകരണത്തിന്റെ ലാഭത്തിന് മുകളില്‍ മുമ്പും നികുതി ചുമത്തുന്നതില്‍ ഇളവനുവദിച്ചിരുന്നു. പക്ഷേ പുതിയ സഹകരണ നിയമവും ബാങ്കിംഗ് റഗുലേഷന്‍ ആക്ടുമൊക്കെ വന്നതിനെ തുടര്‍ന്ന് സഹകരണ സംഘങ്ങള്‍ക്ക് അവരുടെ ലാഭത്തിന്റെ മുകളിലുള്ള തുകയ്ക്ക് നെഹ്‌റുവിന്റെ കാലത്തുള്ള നികുതി ഇളവ് പിന്‍വലിച്ചു. അത് പുനഃസ്ഥാപിക്കണമെന്നാണ് ഞങ്ങള്‍ സഹകരണ സംഘത്തിന്റെ ഭാഗത്തുനിന്ന് ആവശ്യപ്പെടുന്നത്. ഇതു രണ്ടു കൂട്ടിയിണക്കേണ്ട കാര്യമില്ല. വ്യക്തികളുടെ നിക്ഷേപത്തില്‍ കള്ളപ്പണമുണ്ടോയെന്ന് പരിശോധിച്ചോട്ടെ. അത് പരിശോധിക്കുന്നതിന് പകരം സംഘത്തിന്റെ ബിസിനസ് ആകെ അവസാനിപ്പിച്ചതിന് എന്ത് ന്യായീകരണമാണുള്ളത്. സംഘങ്ങളില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അത് പരിശോധിക്കാനുള്ള സാധ്യത നമ്മുടെ രാജ്യത്തുണ്ടല്ലോ. സ്വകാര്യ ബാങ്കുകള്‍ക്കില്ലാത്ത എന്ത് തൊട്ടുകൂടായ്മയാണ് സഹകരണ ബാങ്കുകള്‍ക്കുള്ളത്. അത് ബി.ജെ.പി. നേതാക്കളാരും പറയുന്നില്ലല്ലോ. നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, മറ്റ് സ്വകാര്യ ബാങ്കുകള്‍ ഇതിനെല്ലാം അനുവാദം കൊടുത്തിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും അനുമതിയില്ല. ജില്ലാ ബാങ്ക്, റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയല്ലേ. നബാര്‍ഡിന്റെ പരിശോധന എല്ലാ ജില്ലാ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമുണ്ടല്ലോ. അപ്പോള്‍ പരിശോധിക്കാന്‍ എല്ലായിടത്തും സംവിധാനമുണ്ട്. ഇന്നൊരു വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. കൊച്ചിയില്‍ നടത്തിയ ഒരു പഠനത്തെ തുടര്‍ന്ന് സഹകരണ മേഖലയാണ് നാഷണലൈസ്ഡ് ബാങ്കുകളെക്കാള്‍ ഗ്രാമീണ മേഖലയിലിടപെട്ട് ജനങ്ങളെ സഹായിക്കുന്നതെന്ന്. ആ മേഖലയല്ലേ തകര്‍ത്തുകളയുന്നത്. ജനജീവിതം സ്തംഭിപ്പിക്കുന്നതിന് പ്രധാനപ്പെട്ട കാരണങ്ങള്‍ അതാണ്. രാജ്യത്തെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും കൊച്ചു നിക്ഷേപങ്ങളാണ് ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും. ഏതെങ്കിലും ഒരു വ്യക്തി തിരിമറി കാണിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെക്കുറിച്ച് അന്വേഷിക്കട്ടെ. ബാങ്കിനോട് വിവരം നല്‍കാന്‍ പറയട്ടെ. അതിനുവേണ്ടി ഈ സാധാരണക്കാരെ ബുദ്ധിമുട്ടിക്കണോ? 

രണ്ടാമത്തെ കാര്യം മലയാളികളാകെ ഈ കൊച്ചുകേരളത്തില്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കുന്നതെന്തിനാണ്? മുപ്പതിനായിരം കോടിരൂപയുടെ നിക്ഷേപമുണ്ട് എന്നൊക്കെ പറഞ്ഞ് ആക്ഷേപമുന്നയിക്കയല്ലേ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. വിവരശേഖരണത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ നമുക്ക് മനസ്സിലാക്കാം. സഹകരണ ബാങ്കുകളാകെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത് ജനങ്ങളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. മലയാളികളെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. അത്തരമൊരു നിലപാടിനോട് യോജിക്കാന്‍ പറ്റില്ല. സഹകരണ ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിരവധി വട്ടം ആവശ്യപ്പെട്ടു കഴിഞ്ഞതാണ്. ഒരു ന്യായവും ആര്‍ക്കും പറയാനില്ല. കേന്ദ്രത്തിലെ കൃഷിവകുപ്പ് മന്ത്രിയാണ് സഹകരണം കൈകാര്യം ചെയ്യുന്നത്. അദ്ദേഹം പറഞ്ഞത് സഹകരണബാങ്കുകള്‍ ഇന്ത്യയിലാകമാനം പ്രശ്‌നത്തിലാണ്. ഇത് പരിഹരിക്കാന്‍ വേണ്ടി ധനകാര്യമന്ത്രാലയത്തിന് ഞാന്‍ കുറിപ്പുകൊടുക്കുമെന്ന്. ഇന്നലെ എ.കെ.ആന്റണിയും റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ഞാന്‍ ആവശ്യപ്പെടാം എന്ന് പറഞ്ഞതായി കേള്‍ക്കുന്നു. അപ്പോള്‍ സഹകരണ മേഖല കേരളത്തിന്റെ ജീവനാഡിയാണ്, അതിനെ സ്തംഭിപ്പിക്കുന്നത് ഏത് രാഷ്ട്രീയലക്ഷ്യത്തിന്റെ ഭാഗമായാലും അത് കേരളത്തിന് ഗുണം ചെയ്യില്ല. കേരളത്തിന് അങ്ങനെ ഗുണം ചെയ്യാത്ത നിലപാട് സ്വീകരിക്കുന്ന നിലപാടുകളെ കേരളം പിന്തുണയ്ക്കില്ല.

രാ: ഷെഡ്യൂള്‍ ബാങ്കുകള്‍ മാത്രം പണമിടപാട് നടത്തിയാല്‍ മതിയെന്ന തീരുമാനം സഹകരണ സംഘങ്ങള്‍ക്കു തിരിച്ചടിയാണ്. രാഷ്ട്രീയ താല്‍പ്പര്യത്തിന് പുറമെ ഒരു കോര്‍പ്പറേറ്റ് ബിസിനസ് താല്‍പ്പര്യം കൂടിയുണ്ടെന്ന് കരുതുന്നുണ്ടോ? സഹകരണ മേഖല കേരളത്തില്‍ നിശ്ചലമായിക്കഴിഞ്ഞാല്‍ പുതുതലമുറ ബാങ്കുകള്‍ക്ക് പൂര്‍ണാധിപത്യം കിട്ടുമല്ലോ?

മൊ: അത് ഇപ്പോള്‍ തുടങ്ങിയതല്ലല്ലോ. 90 മുതല്‍ ഈ ആക്രമണം ഉണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ എന്തായിരുന്നു. സഹകരണസംഘങ്ങളെ നിയന്ത്രിക്കണമെന്നായിരുന്നില്ലേ ആവശ്യം. പ്രകാശ് ബക്ഷി ചെയര്‍മാനായിട്ടുള്ള എക്‌സ്‌പേര്‍ട്ട് കമ്മിറ്റി വന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സഹകരണസംഘങ്ങള്‍ ജില്ലാ ബാങ്കിന്റെ കറസ്‌പോണ്ടന്റ് ബിസിനസ് നടത്തിയാല്‍ മതി, ബാങ്കായി പ്രവര്‍ത്തിക്കണ്ടയെന്നായിരുന്നു. പിന്നാലെ രംഗരാജിന്റെ ശുപാര്‍ശകള്‍ വന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ വന്നു. സഹകരണ മേഖല ഒരു സമാന്തരമേഖലയായി നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന ഒന്നാണ്. ആളുകള്‍ വിശ്വാസത്തിലെടുത്ത മേഖലയാണ്. അവരുടെ കൊച്ചുസമ്പാദ്യങ്ങള്‍ സഹകരണമേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്. അത് രാജ്യത്തിന്റെ, ജനങ്ങളുടെ, സംസ്ഥാനത്തിന്റെ എല്ലാം വികസനത്തിനുവേണ്ടി നല്ല പോലെ പ്രയോജനപ്പെടുന്നുണ്ട്. ഈ കമ്പോളത്തെയും ഗ്രാമത്തെയും കണ്ണുവച്ചിട്ടുള്ള നയങ്ങള്‍ ഇതിന്റെ മുകളിലുണ്ട്. തീര്‍ച്ചയായും അതിനു വേണ്ടുന്ന നടപടികളാണ് കേന്ദ്രഗവണ്‍മെന്റും റിസര്‍വ് ബാങ്കും സ്വീകരിച്ചുപോരുന്നത്. പുതിയ തലമുറ ബാങ്കുകള്‍ക്ക് വേണ്ടി സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ ഈ നിക്ഷേപം പുതുതലമുറ ബാങ്കുകളിലേക്ക് കൊണ്ടുചെന്നെത്തിക്കാം എന്ന ദുഷ്ടലാക്കു കൂടിയുണ്ടോയെന്ന് സംശയമുണ്ട്.

രാ: ഓങ്ങുന്നത് സഹകരണ സംഘങ്ങള്‍ക്കു നേരെയാണെങ്കിലും അടിക്കുന്നത് സിപിഎമ്മിനെയാണെന്ന്. സി.പി.എമ്മിനെ ജനങ്ങളുമായുള്ള ബന്ധപ്പെടുത്തി നിര്‍ത്തുന്ന പ്രധാന കണ്ണികളൊന്നാണു സഹകരണ സംഘങ്ങള്‍. ഇതില്ലാതാക്കിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കാന്‍ കഴിയില്ലേ?

മൊ: കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലും ഈ കേരളത്തിലും രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ തൊഴിലാളി പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വളര്‍ന്നുവന്നത്. ആ രീതിയില്‍ തന്നെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനം ലഭിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചതും വളരെ സത്യസന്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.എമ്മും ഇടതുപക്ഷ പാര്‍ട്ടികളും ഇടതുപക്ഷത്തിന് പുറത്തുള്ള പ്രസ്ഥാനങ്ങളും നടത്തി വരുന്നതും. സി.പിഎം മാത്രമല്ല കേരളത്തിലെ സഹകരണ ബാങ്കുകളെ നയിക്കുന്നത്. പതിമൂന്ന് ജില്ലാ ബാങ്കുകള്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ്. ഏകദേശം 40 ശതമാനം സംഘങ്ങള്‍ കോണ്‍ഗ്രസോ, യു.ഡി.എഫോ ഭരിക്കുന്നുണ്ട്. ചില ബാങ്കുകള്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ് ബാങ്കുകളുടെ മേലുള്ള ആക്രമണം എന്ന നിലപാടിനോടൊന്നും എനിക്ക് യോജിപ്പില്ല. കേരളത്തെ തകര്‍ക്കാനാണ്. കേരളത്തിലെ സാമ്പത്തിക ജീവിതത്തില്‍ സി.പി.എമ്മിന് വലിയ പങ്കുണ്ട്. അതൊന്നും ആര്‍ക്കും നിഷേധിക്കാനാവില്ല. അപ്പോള്‍ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും അല്ലെങ്കില്‍ മലയാളികളെ ബുദ്ധിമുട്ടിക്കാനുള്ള നിലപാടാണ് എന്ന് തന്നെ വിലയിരുത്തേണ്ടിവരും. സിപിഎമ്മിനെതിരെയുള്ള ആക്രമണം ആ പാര്‍ട്ടിക്ക് അതിന്റേതായ ബഹുജനസ്വാധീനം ഉയോഗിച്ച് നേരിടാനുള്ള ശേഷിയുണ്ട്. 

രാ: സഹകരണബാങ്കുകളില്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറാന്‍ അനുവദിക്കുന്നില്ല. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി ഗ്രാമീണമേഖലയില്‍ സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടത്തുന്ന സംരംഭങ്ങളും ജനങ്ങളും വല്ലാതെ പരിഭ്രമിച്ചിരിക്കുകയാണ്?

മൊ: സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലൊന്നും ഒരു പ്രശ്‌നവുമുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല. തല്‍ക്കാലത്തേക്കുള്ള ബുദ്ധിമുട്ടാണ്. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തിന്റെ തീരുമാനം പാളിപ്പോയിയെന്നറിഞ്ഞപ്പോള്‍ അമ്പതു ദിവസത്തേക്ക് കാത്തിരിക്കാനാണ് പറയുന്നത്. ഞങ്ങളതൊന്നും പറയുന്നില്ല. സ്വാഭാവികമായും നിക്ഷേപത്തിന് നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡുണ്ട്. സെക്യൂരിറ്റികളുണ്ട്. സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളൊന്നും പൊയ്‌പ്പോകുന്നതല്ല. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ വായ്പയായി സാധാരണക്കാര്‍ക്ക് കൊടുത്തിട്ടുള്ളതാണ്. കുടുംബശ്രീ യൂണിറ്റുകളുണ്ട്. കൃഷിക്കാരുണ്ട്. പണം കെട്ടിവച്ചേക്കുകയല്ല. അത് നാട്ടിലൊഴുകിയിരിക്കുന്ന പണമാണ്. ആ പണം തിരിച്ചു പിടിക്കണ്ടായെന്ന് ഏതെങ്കിലും സര്‍ക്കാരു പറയുമോ. അത് ഈടാക്കണ്ടായെന്ന് പറയുമോ. സഹകരണ ബാങ്കുകളെ തല്‍ക്കാലത്തേക്ക് ഒരു പ്രയാസത്തിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പ്രയാസത്തിലാകും എന്ന് ഞാന്‍ കരുതുന്നില്ല. സഹകരണ ബാങ്കുകളില്‍ മാത്രമല്ലല്ലോ പ്രശ്‌നം. സംസ്ഥാനത്തെ ട്രഷറിയുടെ സ്ഥിതി മോശമായില്ലേ. മറ്റു ബാങ്കുകളില്‍ ഉള്ള സ്ഥിതിയെന്താണ്. ആഴ്ചയില്‍ 24,000 രൂപ പിന്‍വലിച്ചാല്‍ ഒരു പവന്റെ സ്വര്‍ണ്ണമെടുക്കാന്‍ കഴിയുമോ. അപ്പോള്‍ അത് സഹകരണ മേഖലയെ മാത്രം ബാധിച്ചതല്ല. സഹകരണ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സഹകരണബാങ്കുകളുടെ പ്രതിസന്ധിക്ക് ആഴം വര്‍ദ്ധിച്ചുവെന്നുവരാം. കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച നടപടി രാജ്യത്തെ ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനം പോലെയാണ്. സാമ്പത്തിക അടിയന്തിരാവസ്ഥയാണെന്നണു പറയുന്നത്. സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ അതിന് അപകടമുണ്ടാകും എന്നൊരു ആശങ്കയും ജനങ്ങള്‍ക്ക് വേണ്ട. 

സഹകരണ മേഖലയില്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഞങ്ങള്‍ എട്ടാം തീയതി രാത്രി പന്ത്രണ്ട് മണിക്ക് ഉണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കണക്ക് കൊടുത്തതാണ്. അതിനുശേഷം രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ പറഞ്ഞു അക്കൗണ്ടുകളില്‍ കൂടി അഞ്ഞൂറിന്റെയും ആയിരത്തിന്റെയു നോട്ട് നിക്ഷേപിക്കാമെന്ന്. ജില്ലാ – പ്രൈമറി ബാങ്കുകളില്‍. അത് കേന്ദ്ര ഗവണ്‍മെന്റ് പറഞ്ഞിട്ട് ചെയ്തതാണ്. പിന്നെന്തുകൊണ്ടാണ് അത് ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്. നിക്ഷേപിക്കുന്നത് അക്കൌണ്ടുകളില്‍ കൂടിയാണ്. അതില്‍ കൃത്യമായ കണക്കുണ്ടാകുമല്ലോ. ആരാണ് നിക്ഷേപിക്കുന്നതെന്ന്. അത് രാഷ്ട്രീയലക്ഷ്യവും പുതുതലമുറ ബാങ്കുകളെ സഹായിക്കാനുമായി കേന്ദ്രഗവണ്‍മെന്റ് വരുത്തിവച്ചാണ്. ഇതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. പ്രതിസന്ധി മറികടക്കാന്‍ കഴിയും എന്നുതന്നെയാണ് ഞങ്ങള്‍ കരുതുന്നത്. സംസ്ഥാന സഹകരണ ബാങ്കും അര്‍ബന്‍ ബാങ്കുമൊക്കെ ഇത് ചെയ്യുന്നുണ്ട്. ജില്ലാ ബാങ്കുകള്‍ക്ക് ആവശ്യത്തിന് പണം വിനിമയം ചെയ്യാം എന്ന് പറയുന്നുണ്ട്. ജില്ലാ ബാങ്കുകളില്‍ പരമാവധി സഹായം എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. പ്രാഥമിക സംഘങ്ങള്‍ക്ക് ഒരു സാധാരണ നിക്ഷേപകനുള്ള പണം മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളു എന്ന നിബന്ധനയാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുള്ളത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒരാള്‍ എവിടെയെങ്കിലും കൊണ്ടുപോയി മാറിയേക്കാം. പക്ഷേ അമ്പതിനായിരം രൂപ മാത്രമേ ഒരു പ്രാഥമിക സംഘത്തിന് പിന്‍വലിക്കാന്‍ കഴിയൂ എന്നു വന്നാല്‍ എന്ത് ബിസിനസാണ് നടക്കുക. അതാണ് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധി. ആ പ്രതിസന്ധി മറികടക്കുവാന്‍ വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് കൂട്ടായി ആലോചിക്കുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. കേരളത്തിനാകെയുണ്ടായ പ്രതിസന്ധിയാണ്. ഇത് രാജ്യത്തിനാകെയുണ്ടായ പ്രതിസന്ധിയാണ്. അതിന്റെ ഭാഗം തന്നെയാണ്. അല്ലാതെ ഉത്കണ്ഠയ്ക്ക് അവകാശമില്ല.

രാ: എത്രയൊക്കെ നിഷേധിച്ചാലും കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളും സഹകരണബാങ്കുകളില്‍ ഉണ്ടെന്നത് വാസ്തവമല്ലേ? 

മൊ: ജില്ലാ ബാങ്കുകളില്‍ കെ.വൈ.സി നിയമമനുസരിച്ചാണ് നിക്ഷേപം സ്വീകരിക്കുന്നത്. പ്രൈമറി ബാങ്കുകള്‍ നാലോ അഞ്ചോ വാര്‍ഡുകള്‍ ചേര്‍ന്ന ചുരുങ്ങിയ പ്രദേശത്താണ്. എല്ലാവര്‍ക്കും പാന്‍ കാര്‍ഡൊന്നും ഗ്രാമപ്രദേശത്തില്ല. ഗ്രാമപ്രദേശത്ത് ആധാര്‍ കാര്‍ഡോ വോട്ടര്‍ ഐ.ഡി കാര്‍ഡോ ഉണ്ടാകാം. കസ്റ്റമറെ തിരിച്ചറിയണം എന്നതാണീ വ്യവസ്ഥ. കസ്റ്റമറെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ നിക്ഷേപം നടത്തുന്നു. ആദായനികുതി വകുപ്പിന്റെ പരിശോധനയുമായി സഹകരിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ. ഞങ്ങള്‍ പറയുന്ന ആദായനികുതിയുടെ പ്രശ്‌നം വേറെയാണ്. അത് സംഘം നടത്തുന്ന ബിസിനസുകള്‍ക്ക് മുകളില്‍ മുമ്പുണ്ടായിരുന്ന ഇളവുകള്‍ പുനഃസ്ഥാപിക്കണം. അത് നെഹ്‌റുവിന്റെ കാലം മുതല്‍ ഉണ്ടായിരുന്നതാണ്. ഇത് ആരെങ്കിലും നിഷേധിക്കുന്നുണ്ടെങ്കില്‍ പരിശോധിക്കട്ടെ.

രാ: ബിജെപിയിലെ കെ.സുരേന്ദ്രനെ പോലുള്ളവര്‍ പറയുന്നത് സി.പി.എം നേതാക്കളുടെ പേരില്‍ തന്നെ അത്തരം നിക്ഷേപങ്ങളുണ്ടെന്നാണ്?

മൊ: ബി.ജെ.പി. നേതാക്കളുടെ അക്കൗണ്ട് പരിശോധിക്കട്ടെ എന്നൊരാക്ഷേപം ഞാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയാണ്. ചാനലിന്റെ മുമ്പിലിരുന്ന് എന്തും പറയുന്നവര്‍ക്ക് മറുപടി പറയാന്‍ ഞാനാളല്ല. അത് ബി.ജെ.പിയുടെ നിലപാടാണെന്ന് അവര്‍ പറയട്ടെ. സി.പി.എം. നേതാക്കള്‍ക്ക് സ്വത്തുണ്ടെങ്കില്‍ ആരുടെ പേരിലാണ് സ്വത്തുള്ളതെന്ന് വെളിച്ചത്ത് വരട്ടെ. ആര് ആരെയാണ് സഹായിക്കുന്നത്. വിദേശബാങ്കുകളിലുള്ള നിക്ഷേപത്തിന്റെ കണക്ക് വിദേശബാങ്കുകളും കൊടുത്തല്ലോ. എന്താ പ്രസിദ്ധീകരിക്കാത്തത്. ഏതെങ്കിലും ഒരു കള്ളപ്പണക്കാരന്‍ ക്യൂവില്‍ നില്‍ക്കുന്നത് എവിടെയെങ്കിലും കാണുന്നുണ്ടോ. കള്ളപ്പണത്തിന്റെയാള്‍ക്കാരുള്ളത് ബി.ജെ.പിയിലാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക. ഞങ്ങളുടെ കൂടെയാരെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കട്ടെ. ഇവരുടെ കൈയിലല്ലേ അധികാരം. സഹകരണ ബാങ്കുകളിലുണ്ടെങ്കില്‍ പരിശോധിക്കട്ടെ. അത് നിയമാനുസരണം ആവണം. ഫെഡറല്‍ ഭരണഘടന അംഗീകരിക്കുന്ന ഒരു രാജ്യത്ത് ഒരു സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ അധികാരങ്ങളെ വിലമതിക്കാന്‍ അവര്‍ തയ്യാറാവണം. യജമാനനും അടിമയും തമ്മിലുള്ള ബന്ധമല്ല കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും തമ്മിലുള്ളത്. അപ്പോള്‍ സ്വാഭാവികമായും സ്റ്റേറ്റ് ഗവണ്‍മെന്റിനെ വിശ്വാസത്തിലെടുക്കണം. ഇവിടെയും ജനങ്ങള്‍ തെരഞ്ഞെടുത്തുവന്ന ഗവണ്‍മെന്റാണ്. ഇത്തരമൊരു നടപടി സ്വീകരിക്കുമ്പോള്‍ സ്വന്തം മന്ത്രിസഭാംഗങ്ങളെ പോലും വിശ്വാസമില്ലായെന്ന് പറയേണ്ടിവന്നാല്‍ എങ്ങനെയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്നിരുന്ന് ആലോചിച്ചെടുത്ത തീരുമാനം ആണെന്നാണ്. ഇപ്പോള്‍ അഞ്ഞൂറു കോടിരൂപയുടെ കല്യാണം നടത്തുന്നവര്‍ ആരുടെ കൂടെയാണ്. അതിനു പോയവര്‍ ആരുടെ കൂടെയാണ്? ഇപ്പോഴും അത്തരം ആളുകള്‍ ആരുടെ കൂടെയാണെന്ന് ബി.ജെ.പി പരിശോധിക്കട്ടെ. കള്ളപ്പണക്കാര്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കും ഇളവുകള്‍ കൊടുക്കുന്നത് ഏതു ഗവണ്‍മെന്റാണ്. കേരളത്തിലെ ഗവണ്‍മെന്റ് ഏതെങ്കിലും നികുതി വെട്ടിപ്പുകാരുടെ കൂടെ നിന്നിട്ടുണ്ടോ. അതൊക്കെ ബിജെ.പിക്ക് ചേരുന്ന തൊപ്പിയാണ്. സുരേന്ദ്രനെ പോലുള്ള ആളുകള്‍ വെറുതെ ചാനല്‍ ചര്‍ച്ചയില്‍ വന്ന് എന്തെങ്കിലുമൊക്കെ പറയുന്നതിനു മറുപടിയര്‍ഹിക്കുന്നില്ല. കള്ളപ്പണ നിക്ഷേപം ഒരു പ്രത്യേക സമുദായത്തിന്റേതാണെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ദേശീയതയ്ക്ക് വേണ്ടിയുള്ളതാണ് രാജ്യരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ സുഖിപ്പിക്കാന്‍ മുമ്പും കുറേ ശ്രമിച്ചിട്ടുണ്ട്. അതിര്‍ത്തിയിലുള്ള സംഘര്‍ഷങ്ങളെ വിമര്‍ശിച്ചവരൊക്കെ ദേശവിരുദ്ധര്‍. ദേശഭക്തിയുടെ ആളുകള്‍ ആര്‍.എസ്.എസുകാര്‍. മറ്റുള്ളവരെല്ലാം ദേശവിരുദ്ധര്‍. അത് മതേതര രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല.

രാ: ഇപ്പോഴത്തെ ഈ പ്രതിസന്ധികള്‍ മാറുമെന്നും ജനങ്ങള്‍ക്ക് ഗുണകരമായി കാര്യങ്ങള്‍ സംഭവിക്കുമെന്നാണു പ്രധാനമന്ത്രി പറയുന്നത്. വിശ്വസിക്കുന്നുണ്ടോ? 

മൊ: ഞാനാദ്യമേപറഞ്ഞു, കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ വിശ്വാസ്യതയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് ഇതിനെ സംബന്ധിച്ചു വാര്‍ത്തകള്‍ വന്നിരുന്നുവെന്ന ആക്ഷേപങ്ങളുണ്ട്. കള്ളപ്പണം നികുതിവിധേയമായി മാറ്റാന്‍ മുമ്പ് അനുമതി കൊടുത്തതിന്റെ പശ്ചാത്തലമുണ്ട്. ഇതൊക്കെ സംശയങ്ങളുണ്ടാക്കുന്നതാണ്. സംശയരഹിതമായി കാര്യങ്ങള്‍ ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നതാണ്. അത് ചെയ്തില്ലായെന്നുള്ള വിമര്‍ശനമാണ് രാജ്യം ഉന്നയിക്കുന്നത്. അമ്പത് ദിവസം കഴിഞ്ഞ് രാജ്യത്തിന് നേട്ടം വരുന്നതില്‍ ഞങ്ങളാരും എതിരല്ല. സാധാരണ ഇതിന്റെ ഭാഗമായി നേട്ടമുണ്ടാവേണ്ടതാണ്. എന്നാല്‍ കേരളത്തിലെ അവസ്ഥ തന്നെ നോക്കൂ; കാര്‍ഷിക മേഖലയില്‍ തകര്‍ച്ച, വ്യവസായോത്പ്പാദനം നടക്കുന്നില്ല. ഇവിടെ മാത്രമാകില്ല, ഇത് രാജ്യത്തിന്റെ പൊതുസ്ഥിതിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഞാന്‍ പറയുന്നത്. ടൂറിസം രംഗത്തും പ്രതിസന്ധിയാണ്. എല്ലാ ഉത്പാദന മേഖലയും പ്രതിസന്ധിയിലാണ്. വ്യാപാരങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോ? ഉണ്ടാക്കുന്ന ഒരു പരിഷ്‌ക്കാരം! 

പ്രതിസന്ധിയുണ്ടാക്കുമെന്നറിയാമായിരുന്നെങ്കില്‍ അതിന് പരിഹാരം കാണാനുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല എന്നതാണ് പ്രശ്‌നം. ഇതിന്റെ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. ഈ സാമ്പത്തിക പ്രശ്‌നങ്ങള്‍, റവന്യൂവരുമാനത്തിലെ കുറവ് ഇതെല്ലാം സംസ്ഥാന ഗവണ്‍മെന്റിന്റെ ഖജനാവില്‍ ചോര്‍ച്ചയുണ്ടാക്കുകയാണ്. ഇതിനെന്താ പരിഹാരം? ആ നഷ്ടം, നമ്മുടെ രാജ്യത്തെ സാധാരണക്കാരെയല്ലാതെ പണക്കാരെ ബാധിക്കുമോ? ഈ അമ്പതുദിവസക്കാലത്തെ ഉത്പാദനനഷ്ടവും അതിന്റെ ഭാഗമായി സര്‍ക്കാരുകള്‍ക്കുണ്ടാകേണ്ട റവന്യൂ വരുമാനവും നികുതിവരുമാനവും എല്ലാം പരിഹരിക്കാന്‍ കേന്ദ്രഗവണ്‍മെന്റിന്റെ മുമ്പിലെന്താണുള്ളത്. അമ്പതുദിവസത്തെ നഷ്ടം പരിഹരിക്കാന്‍ എത്ര അമിത ഉത്പാദനം വേണം. അതെങ്ങനെയെക്കെയെന്നുള്ളത് പരിശോധിച്ച് പോകേണ്ടതാണ്. സാധാരണ ജനങ്ങളൊക്കെ ബുദ്ധിമുട്ടിലാണ്. രണ്ടുമാസക്കാലം ബുദ്ധിമുട്ടുണ്ടാകുമെന്നാണ് പറയുന്നത്. ജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ പോലും വാങ്ങിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. ടൂറിസം മേഖലയില്‍ ആളുകളുടെ വരവ് കുറഞ്ഞു. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ വരവിനെ ബാധിക്കുന്നുണ്ട്. എല്ലാ മേഖലയിലും സര്‍വവ്യാപിയായിട്ടുള്ള പ്രത്യാഘാതം ഉണ്ടാക്കും. ജനങ്ങളുടെ സാമ്പത്തികവിനിമയത്തിനുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്.

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍