UPDATES

സയന്‍സ്/ടെക്നോളജി

ടെലിവിഷനില്‍ പുതിയ പരീക്ഷണങ്ങളുമായി ഗൂഗിള്‍

Avatar

ബ്രയാന്‍ ഫംഗ്
(വാഷിങ്ടണ്‍ പോസ്റ്റ്)

സെറ്റ് ടോപ്പ് ബോക്‌സ് രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങി ഗൂഗിള്‍. നിലവില്‍ കേബിള്‍ ചാനല്‍ സേവനദാതാക്കള്‍ക്ക് വാടക നല്‍കി ഉപയോഗിച്ചു വരുന്ന വലിയ സെറ്റ് ടോപ്പ് ബോക്‌സുകള്‍ക്കു പകരം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടിവിക്കൊപ്പമുള്ള ഭാരം കുറഞ്ഞ ഫൈബര്‍ സംവിധാനത്തിലൂടെ ചാനലുകള്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യയാണ് അവര്‍ ആവിഷ്‌ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു സെക്കന്റിലൊരു ജിബിയെന്ന തോതില്‍ അതിവേഗ ഇന്റര്‍നെറ്റിന്റെ അസുലഭ സാധ്യതകള്‍ പരിചയപ്പെടുത്തി തന്ന ഗൂഗിള്‍ ഫൈബര്‍ തന്നെയാണ് ഈ പുതിയ ആശയത്തിന്റേയും പിന്നില്‍. അതിവേഗ ഇന്റര്‍നെറ്റിനു പുറമേ സെറ്റ് ടോപ്പ് ബോക്‌സ് ഉപയോഗിച്ചുള്ള ചാനല്‍ സേവന രംഗത്തും ഇവര്‍ സജീവമാണ്.

ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ തുടങ്ങി എല്ലാ കമ്പനികളും ഭാവിയില്‍ തങ്ങളുടെ സ്മാര്‍ട്ട് ടെലിവിഷനുകള്‍ക്കൊപ്പം ചാനലുകള്‍ ലഭ്യമാക്കാനുള്ള സ്വന്തം സംവിധാനവുമായി രംഗത്തു വരും. പ്രേഷകര്‍ക്കു തിരഞ്ഞെടുക്കാന്‍ പാകത്തില്‍ ചിലവു കുറഞ്ഞ അവസ്ഥയില്‍, മികച്ച കാഴ്ച്ച സമ്മാനിക്കുന്ന ഒരു പിടി സാധ്യതകളാവും അപ്പോള്‍ മുന്നിലുണ്ടാവുക. മത്സരാധിഷ്ഠിതമായ അന്തരീഷത്തില്‍ ടെലിവിഷന്‍ സാങ്കേതിക വിദ്യയുടെ കൂടുതല്‍ മികച്ച സാധ്യതകള്‍ കണ്ടെത്താന്‍ നിര്‍മ്മാതാക്കള്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യും-മേഖലയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

‘ആവിഷ്‌ക്കാരങ്ങളുടെ പുതിയൊരു ലോകം തന്നെ തുറന്നിടാനും സ്വയം വ്യത്യസ്തരായി അവതരിപ്പിക്കാനുമുള്ള വലിയ സാധ്യതയാണ് ഓരോ നിര്‍മ്മാതാവിനു മുന്നിലും ഇപ്പോഴുള്ളത്. സാംസങ്ങിന്റേയും, സോണിയുടേയും വിസിയോയുടേയുമൊക്കെ ടെലിവിഷനുകള്‍ തമ്മില്‍ എന്തു വ്യത്യാസമാണ് നിലവില്‍ അവകാശപ്പെടാനാവുക?’ – ഗൂഗിള്‍ ഫൈബറിലെ സാങ്കതിക വിഭാഗം ഉപമേധാവി മൈലോ മിഡിന്‍ ചോദിക്കുന്നു.

ചാനല്‍ സേവന രംഗത്തെ കൂടുതല്‍ ഉദാരവും, മത്സരാധിഷ്ഠിതവുമാക്കാന്‍ ഉദ്ദേശിച്ച് ഫെഡറല്‍ കമ്മ്യുണിക്കേഷന്‍ കമ്മീഷന്‍ (അമേരിക്കന്‍ ഗവണ്‍മെന്റിനായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടന) കൊണ്ടു വരുന്ന പുതിയ നയങ്ങളാണ് പുതിയ സെറ്റ് ടോപ്പ് ബോക്‌സ് സാങ്കേതിക വിദ്യയുമായി രംഗത്തു വരാന്‍ ഗൂഗിളിനു ഊര്‍ജ്ജം പകരുന്നത്. പുതിയ നയമനുസരിച്ച് സെറ്റ് ടോപ്പ് ബോക്‌സുകളുടെ വിപണിയും, ടെലിവിഷന്‍ ചാനലുകളുടെ വിതരണവും ഏതെങ്കിലും ചില കേബിള്‍ ഓപ്പറേറ്റര്‍മാരുടെ മാത്രം കുത്തകയായിരിക്കില്ല. രംഗത്തേക്ക് മറ്റു കമ്പനികള്‍ക്കും കടന്നു വരാം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ സേവനമെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. തത്ഫലമായി ഉപഭോക്താക്കള്‍ക്ക് മികവാര്‍ന്ന ഒട്ടനവധി സംവിധാനങ്ങള്‍ പരിചയപ്പെടാനും തിരഞ്ഞെടുക്കാനുമുള്ള അവസരമുണ്ടാകും. കുറഞ്ഞ ചിലവില്‍ അവ ആസ്വദിക്കാനുമാവും. പുതിയ നയത്തിനായി ഗൂഗിളും ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു.

‘ഗൂഗിള്‍ ചെയ്യുന്ന പല കാര്യങ്ങളും ഞങ്ങള്‍ക്ക് നേരിട്ട് എന്തെങ്കിലും ഗുണം ഉണ്ടാക്കാനായല്ല. മറിച്ച് എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന സുതാര്യമായൊരു സംവിധാനത്തിനു വേണ്ടിയാണ് ഞങ്ങള്‍ വാദിക്കുന്നത്’-മൈലോ മിഡിന്‍ ചൂണ്ടിക്കാട്ടി.

ആരൊക്കെ ഏതൊക്കെ ചാനലുകള്‍ കാണുന്നു? ഏതൊക്കെ തരം പരിപാടികളാണ് കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത്? ഏതൊക്കെ സമയങ്ങളില്‍ ഏന്തൊക്കെ പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്? തുടങ്ങി വ്യക്ത്യാധിഷ്ഠിതമായ ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സൗകര്യവും സ്വന്തം സംവിധാനം വഴി ഗൂഗിളിനു ലഭിക്കും. അത് അവരുടെ വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടിയും മറ്റും ദുരുപയോഗിക്കാനുള്ള സാധ്യതയാണ് വിമര്‍ശകര്‍ പുതിയ നയം സംബന്ധിച്ച് പങ്കുവയ്ക്കുന്ന പ്രധാന ആശങ്ക.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാനായി നിലവില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന എല്ലാ നിയമങ്ങളും ഇനി ഈ രംഗത്തേക്കു വരുന്ന എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്നും അതിലൂടെ ഇപ്പോഴത്തെ പോലെ തന്നെ അവയുടെ സംരക്ഷണം ഉറപ്പാക്കാനാവുമെന്നുമാണ് ഫെഡറല്‍ കമ്മ്യുണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ടോംവീലര്‍ വിമര്‍ശകര്‍ക്കു നല്‍കുന്ന വിശദീകരണം.

‘കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കായുള്ള നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കുന്നതിനെ ആശങ്കയോടെ കാണുന്നില്ലെന്നു ഗൂഗിള്‍ വക്താവ് മൈലോ മിഡിനും പ്രതികരിച്ചു. ഉപഭോക്താക്കള്‍ക്ക് ഉറപ്പായും ലഭിക്കുന്ന സ്വകാര്യതാ സംരക്ഷണത്തെക്കുറിച്ച് ആവര്‍ത്തിക്കുക മാത്രമാണ് നിയമത്തില്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ക്കു സെറ്റ് ടോപ്പ് ബോക്‌സ് വിപണിയില്‍ നേരിട്ടു പങ്കാളിത്തമില്ലെന്നതും നിയമം ബാധകമാണെന്നതെടുത്തു പറയാനുള്ള കാരണമാണ്’-അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഈ പുതിയ നയത്തെ പിന്തുണയ്ക്കുന്നത് ഏതെങ്കിലുമൊരു ഉല്‍പ്പന്നം മാത്രം മനസ്സില്‍ കണ്ടല്ലെന്നും മിഡിന്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍