UPDATES

ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു പരിക്കേറ്റ സിഇടി വിദ്യാര്‍ഥിനി മരിച്ചു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം സിഇടിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. സിവില്‍ എന്‍ജിനിയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ മലപ്പുറം വഴിക്കടവ് കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ് മരിച്ചത്. 

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു  സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു തസ്‌നിയെ കോളേജിലെ പ്രധാന കെട്ടിടത്തിന് മുന്നില്‍ വച്ച് ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഉണ്ടായിരുന്ന  ജീപ്പ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ തസ്‌നിയുടെ തലയ്ക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തസ്‌നി വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെ മരിക്കുകയായിരുന്നു. മൂന്ന് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ഓണാഘോഷത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും കാമ്പസില്‍ വാഹനം കയറ്റാനോ ഘോഷയാത്ര നടത്താനോ അനുവാദം നല്‍കിയിരുന്നില്ലെന്ന് സി.ഇ.ടി. പ്രിന്‍സിപ്പല്‍ ജെ.ഡേവിഡ് പറഞ്ഞു അപകടത്തിനിടയാക്കിയ ഘോഷയാത്ര നടത്തിയ ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ചുമതലയുള്ള യൂണിയന്‍ ഭാരവാഹികളായ 12 പേരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ഒട്ടേറെ ബൈക്കുകളും രണ്ട് ജീപ്പുകളും ഒരു ലോറിയുമാണ് ഘോഷയാത്രിയില്‍ ഉണ്ടായിരുന്നത്. അപകടത്തിനു കാരണമായ ജീപ്പ് ബുധനാഴ്ച രാത്രി കാര്യവട്ടം സര്‍വകലാശാലാവകുപ്പിന് പിറകില്‍നിന്ന് പോലീസ് കണ്ടെത്തി. ഇത് നിയമങ്ങള്‍ ലംഘിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതാണെന്ന് മോട്ടോര്‍വാഹന വകുപ്പും കണ്ടെത്തിയിട്ടുണ്ട്. കോളേജ് തലത്തിലും അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം ഇവര്‍ റിപ്പോര്‍ട്ട് നല്‍കും.

കണ്‍ട്രോള്‍ റൂം സി.ഐ. പ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിച്ചു. വധശ്രമത്തിന് പത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജീപ്പ് ഓടിച്ചത് കണ്ണൂര്‍ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ബൈജുവാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബൈജു ഒളിവിലാണ്. കോളേജിലെ സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അപകടം കഴിഞ്ഞ് നാല് മണിക്കൂറോളം കഴിഞ്ഞാണ് അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. ബന്ധുക്കളെ വിവരമറിയിക്കാന്‍ വൈകിയതായും ആരോപണമുണ്ട്. ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ഥികള്‍ മദ്യലഹരിയിലായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍