UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസാധു നോട്ടുകള്‍ കൈമാറാന്‍ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ഭീഷണിപ്പെടുത്തുന്നെന്ന് പരാതി

നേമത്ത് ഒ രാജഗോപാലിന് വേണ്ടി പ്രചരണം നടത്തിയിരുന്ന വ്യക്തിയാണ് പ്രതിയായ ബിമല്‍റോയി

മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഭീഷണിപ്പെടുത്തുന്നതായി പരാതി. കഴിഞ്ഞദിവസം അമരവിള പഴയപാലത്തിന് സമീപത്തുനിന്നും പിടിയിലായ മൂന്നംഗ സംഘത്തിലെ ബിമല്‍റോയി എന്ന പ്രതി തന്നെ ഭീഷണിപ്പെടുത്തുന്നതായി അധ്യാപകനായ ഷാജി തകിടിയില്‍ ആണ് പരാതിപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്കില്‍ ബിമല്‍റോയിയുടെ സംഘപരിവാര്‍ ബന്ധം ചൂണ്ടിക്കാട്ടി താന്‍ പോസ്റ്റ് ഇട്ടെന്ന് ആരോപിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്ന്‌ ഷാജി വ്യക്തമാക്കി. പലരെക്കൊണ്ടും ഫോണില്‍ വിളിപ്പിച്ച് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുകയും വാട്‌സ്ആപ്പില്‍ ഓഡിയോ സന്ദേശത്തിലൂടെ തെറി വിളി നടത്തുകയുമാണ് ഇയാള്‍ ചെയ്യുന്നത്. ഇതിന്റെ തെളിവ് സഹിതം പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് ഷാജി.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാലിന് വേണ്ടി പ്രചരണം നടത്തിയിരുന്ന വ്യക്തിയാണ് ബിമല്‍റോയി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും മുമ്പ് ബിമല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രാജഗോപാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്‌  ചൂണ്ടിക്കാട്ടിയും ഷാജി ഫേസ്ബുക്കില്‍ പരിഹാസ രൂപേണ പോസ്റ്റിട്ടിരുന്നു. ബിമല്‍റോയിയെ അറസ്റ്റ് ചെയ്തതായി വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ പോസ്റ്റ് വിവിധ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കുന്നതെന്ന് ഷാജി അറിയിച്ചു. അതേസമയം ബിമല്‍റോയി ജയിലില്‍ കഴിയുമ്പോള്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും സംഘപരിവാര്‍ ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍ ആരോപിക്കുന്നു.

നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് ശോഭന്‍(52), തിരുവനന്തപുരം പേട്ട വെള്ളിവിളാകത്ത് വീട്ടില്‍ രഞ്ജിത്ത്(30) എന്നിവരാണ് ബിമല്‍റോയിയ്‌ക്കൊപ്പം അറസ്റ്റിലായത്. വങ്ങരയില്‍ നിന്നുമെത്തിയ ഇവരുടെ കൈവശം 20,40,500 രൂപയുടെ 500 രൂപ നോട്ടുകളും 9,21,000 രൂപയുടെ ആയിരം രൂപ നോട്ടുകളുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചെറിയ തുകകളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കമ്മിഷന്‍ വ്യവസ്ഥയില്‍ ശേഖരിക്കുന്ന തുക ചെന്നൈയിലുള്ള സംഘത്തിന് കൈമാറി പുതിയ നോട്ടുകളാക്കുകയാണ് ഇവരുടെ രീതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍