UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

അച്ചം എന്‍പത് മടമയെടാ… എന്തിനാണ് കാണികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?

അപര്‍ണ്ണ

ഗൗതം മേനോന്‍ കൂടുതല്‍ വിശേഷണങ്ങളാവശ്യമില്ലാത്ത സംവിധായകനാണ്. സംവിധായകന്റെ വിശ്വാസ്യതയില്‍ പ്രേക്ഷകര്‍ തീയറ്ററില്‍ എത്താറുണ്ട്. ‘യെന്നെ അറിന്താവി’നു ശേഷമാണ് ‘അച്ചം എന്‍പത് മടമയെടാ’ എന്ന സിനിമയുമായി എത്തുന്നത്. ടീസറും ട്രയിലറുമൊക്കെ സ്ഥിരം ഗൗതം മേനോന്‍ ശൈലിയിലുള്ള റൊമാന്റിക് സിനിമ എന്നു തോന്നിച്ചു, ആക്ഷന്‍ പശ്ചാത്തലത്തിലുള്ള റൊമാന്റിക് മൂവി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

ഭയം ഭീരുത്വമാണ് എന്നാണ് അച്ചം എന്‍പത് മടമയെടാ എന്നതിനര്‍ത്ഥം. നായകന്റെ (കഥാപാത്രത്തിന്റെ പേര് സസ്‌പെന്‍സ് ആയതു കൊണ്ട് പറയുന്നില്ല) വീട്ടില്‍ ഒരാഴ്ച താമസിക്കാന്‍ സഹോദിയുടെ കൂട്ടുകാരി ലീല (മഞ്ജിമ) എത്തുന്നു. നായകന്‍ അവളെ ആദ്യ കാഴ്ച മുതല്‍ പ്രണയിക്കാന്‍ തുടങ്ങുന്നു. ലീലക്കും അയാളോട് ആത്മബന്ധം തോന്നുന്നു. വീട്ടുകാരറിയാതെ ദക്ഷിണേന്ത്യ മുഴുവന്‍ ബൈക്കില്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് റോഡ് ട്രിപ്പിനു പോകുന്നു. ആ യാത്രക്കിടയില്‍ അപ്രതീക്ഷിതമായി അവര്‍ക്ക് ഒരു അപകടം പറ്റുന്നു. പിന്നീട് രണ്ടു പേരുടേയും ജീവിതം എങ്ങനെ മാറുന്നു എന്നതാണ് സിനിമ.

ഗൗതം മേനോന്‍ സിനിമകളിലെ പ്രണയത്തിന് ഭംഗിയുള്ള ഒരൊഴുക്കുണ്ട്. കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന കാഴ്ചകള്‍ അതിലുണ്ട്. സുന്ദരികളെ അതിസുന്ദരികളാക്കുന്ന ഗൗതം മേനോന്‍ ടച്ചും ആളുകള്‍ ആസ്വദിക്കാറുണ്ട്. ആക്ഷന്‍ പശ്ചാത്തലത്തിലൊരുക്കിയ കാക്ക കാക്കൈയിലും പച്ചക്കിളി മുത്തുച്ചരത്തിലും വേട്ടയാട് വിളയാടിലും യെന്നൈ അറിന്താലിലുമെല്ലാം പ്രണയം പ്രധാന ശ്രദ്ധയാണ്. മിക്കവാറും സിനിമകളിലുള്ള പോലെ പ്രണയതീവ്രമായ കുറെ രംഗങ്ങള്‍, നായികയുടെ വര്‍ണന, എ.ആര്‍ റഹ്മാന്റെ പാട്ടുകള്‍ ഒക്കെ കാണിച്ചായിരുന്നു അച്ചം എന്‍പത് മടമയെടായിലേക്കും ഗൗതം മേനോന്‍ കാണികളെ അടുപ്പിച്ചത്. ആദ്യ പകുതിയില്‍ സ്ഥിരം ഗൗതം മേനോന്‍ കാഴ്ചകള്‍ നിറഞ്ഞ, ഒതുക്കമുള്ള, കണ്ടിരിക്കാന്‍ രസമുള്ള അത്തരം പ്രണയ രംഗങ്ങള്‍ ഉണ്ടായിരുന്നു.

പക്ഷെ രണ്ടാം പകുതിയില്‍ എന്താണു സംഭവിച്ചത് എന്ന് മനസിലാകാതെയിരിക്കുന്ന കാണികളെ ബാക്കിയാക്കി ഒരിക്കലും തീരാത്ത വെടിയുണ്ടകളുള്ള രണ്ടു തോക്കുകളുമായി നായകന്‍ ചറപറാ വെടി വെക്കുകയാണ്. ആരെയാണ്, എന്താണ്, എപ്പോള്‍ എവിടെ വച്ചാണ് എന്നൊന്നും അയാള്‍ക്കും സംവിധായകനും ഒരറിവുമില്ല. നീട്ടിയ ഗണ്ണുമായി നില്‍ക്കുന്ന നായകനാണ് 90 ശതമാനത്തിലേറെ രംഗങ്ങളിലേയും കാഴ്ച.

 

 

വളരെ മീഡിയോക്കര്‍ ആയ ജീവിതം നയിച്ച, കുടുംബവും സുഹൃത്തുക്കളും മാത്രം നിറഞ്ഞ ജീവിതം നയിച്ചിരുന്ന ഒരാള്‍ തന്റെ പ്രണയിനിക്കു വേണ്ടി നടത്തുന്ന വിചിത്രമായ യാത്രയാണ് സിനിമ എന്നൊക്കെ വേണമെങ്കില്‍ സംഗ്രഹിക്കാം. അങ്ങനെ കേള്‍ക്കാനും രസമുണ്ട്. പക്ഷെ തെലുങ്ക് ആക്ഷന്‍ പടങ്ങളിലെ യുക്തിയുടെ കണിക പോലുമില്ലാതെ, ഗൗതം മേനോന്‍ ഈ കഥയെ കൊണ്ടു പോകുമ്പോള്‍ നിരാശയുണ്ടാവുന്നുണ്ട്. ദുരന്തങ്ങളില്‍ ഒരിത്തിരി പോലും മാറ്റം സംഭവിക്കാത്ത അല്ലെങ്കില്‍ അത് അനുഭവവേദ്യമാക്കാത്ത ചിമ്പുവിന്റെ അഭിനയ ശൈലിയും മടുപ്പിക്കുന്നുണ്ട്.
ദുരുന്ത കാരണം കഥയുടെ അന്ത്യം വരെ സസ്‌പെന്‍സ് ആണ്. പക്ഷെ ആ സസ്‌പെന്‍സ് കേള്‍ക്കുമ്പോള്‍ അയ്യേ എന്നു പറഞ്ഞു പോകുന്നുണ്ട് കാണികള്‍. ഗൗതം മേനോന്‍ ടച്ച് ഈ ഭാഗങ്ങളിലൊന്നും കണ്ടില്ല. എന്താണ് നടക്കുക, എപ്പോഴാണ് സിനിമ തീരുക എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ സിനിമ എങ്ങോട്ടൊക്കെയോ പോയി.

സിനിമ ഒരു പരിധി വരെ ബൈലിംഗ്വല്‍ ആണ്. മറാഠിയാണ് മറ്റൊരു ഭാഷ. അതിന്റെ സാംഗത്യവും മനസിലാവുന്നില്ല. റോഡ് ട്രിപ്പിന്റെ വഴി തുടരാനും മറ്റുമാണെന്നാണ് ന്യായമെങ്കിലും കാണികള്‍ക്ക് കൂടുതല്‍ മടുപ്പുണ്ടാക്കാനെ ഇത്തരം രംഗങ്ങള്‍ക്കും സംഭവങ്ങള്‍ക്കുമായുള്ളു. ആക്ഷനും പ്രണയവും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മടുപ്പിച്ചു. സിനിമയുടെ സ്വാഭാവിക ഒഴുക്ക് പൂര്‍ണമായും നഷ്ടപ്പെട്ട് വെറുതെ കുറേ രംഗങ്ങള്‍ നിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നി. എന്തില്‍ നിന്ന് എങ്ങോട്ട് പോകുന്നു എന്ന് ഒരു പിടിത്തവുമില്ല.

ഭയം ഭീരുത്വമാണ് എന്ന പേരിനെ ന്യായീകരിക്കാനായി കുറേ കൃത്രിമത്വങ്ങളെ കുത്തിനിറച്ച് എന്തിനാണ് കാണികളെ ഇത്രയും ബുദ്ധിമുട്ടിക്കുന്നത് എന്നറിയില്ല. എന്തൊക്കെയായാലും ഇതുവരെ റിലീസ് ചെയ്തതില്‍ എറ്റവും വലിയ ഗൗതം മേനോന്‍ ദുരന്തമാണ് അച്ചം എന്‍പത് മടമയെടാ എന്ന കാര്യത്തില്‍ കാണികള്‍ക്കാര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍