UPDATES

പാസ്പോര്‍ട്ട് നിയമത്തില്‍ ഇളവ് വരുത്തിയത് രാംദേവ് ശിഷ്യന്‍ ബാലകൃഷ്ണയെ രക്ഷിക്കാനോ?

പുതിയ പാസ്‌പോര്‍ട്ട് നിയമപ്രകാരം സന്യാസിമാര്‍ക്ക് ഇനിമുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ അവരുടെ മാതാപിതാകളുടെ സ്ഥാനത്ത് അത്മീയ ഗുരുവിന്റെ പേര് ചേര്‍ക്കാം

യോഗഗുരു ബാബ രാംദേവിന്റെ വലംകൈയായ ആചാര്യ ബാലാകൃഷ്ണ ഇപ്പോള്‍ ഏറെ ആഹ്ലാദവാനായിരിക്കും. കാരണം 25,000 കോടിയുടെ ആസ്തിക്ക് ഉടമ കൂടിയായ ഈ രാംദേവ് ശിഷ്യനെതിരെയുള്ള ഒരു കേസ് ഇല്ലാതായിരിക്കുകയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് കൃത്രിമത്വം കാണിച്ചതിന് ബാലകൃഷ്ണ സിബിഐയുടെ നടപടി നേരിടുകയായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച പാസ്‌പോര്‍ട്ട് നിയമത്തില്‍ ഇളവ് പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ ബാലകൃഷ്ണയെ തുണച്ചിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനു മേല്‍  രാംദേവിനുള്ള സ്വാധീനം കൊണ്ടുകൂടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചതെന്ന് പറയപ്പെടുന്നത്.

പുതിയ പാസ്‌പോര്‍ട്ട് നിയമപ്രകാരം സന്യാസിമാര്‍ക്ക് ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ അവരുടെ മാതാപിതാക്കളുടെ സ്ഥാനത്ത് അത്മീയ ഗുരുവിന്റെ പേര് ചേര്‍ക്കാം. തിരിച്ചറിയല്‍ രേഖയില്‍ മാതാപിതാക്കളുടെ പേര് ചേര്‍ക്കാനുള്ള സ്ഥാനത്ത് ഗുരുവിന്റെ പേര് ചേര്‍ത്തിരിക്കണം എന്നാണ് നിയമം. പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ രാംദേവിന്റെ തൊട്ടടുത്ത് സ്ഥാനം പിടിച്ചിട്ടുള്ള ബാലകൃഷ്ണ നേപ്പാളി പൌരനാണെന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നത്.

2011-ല്‍ വഞ്ചനാ കുറ്റത്തിന് ബാലകൃഷ്ണയ്‌ക്കെതിരെ സിബിഐ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അതില്‍ അദ്ദേഹം രക്ഷപ്പെട്ടു. സിബിഐ പറയുന്നത് ബാലകൃഷ്ണയുടെ പല യോഗ്യത സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ്. ബിരുദം സമ്പാദിച്ചത് വരാണാസിയിലെ സംപൂര്‍ണ സംസ്‌കൃത് വിശ്വവിദ്വാലയത്തില്‍ നിന്നാണെന്നാണ് എന്നു പറയുന്ന അദ്ദേഹത്തിന്റെ വാദം കളവാണെന്നും ആ സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്നുമാണ് സിബിഐ പറയുന്നത്. സര്‍വ്വകലാശാല പറയുന്നത് ബാലകൃഷ്ണയ്ക്ക് ഒരു ഡിഗ്രിയും ഇവിടുന്ന് നല്‍കിയിട്ടില്ലെന്നാണ്.

ജയ് വല്ലഭിന്റെയും സുമിത്രാ ദേവിയുടെയും മകനായി നേപ്പാളില്‍ ജനിച്ച ബലാകൃഷ്ണയുടെ ജീവിതത്തിലെ വഴിത്തിരിവ് രാം ദേവിനെ കണ്ടുമുട്ടിയതാണ്. ഹരിയാനയിലെ ഗുരുകുലത്തില്‍ രാംദേവിനെ ബാലകൃഷ്ണ പരിചയപ്പെട്ടത്തോടു കൂടി ഇരുവരുടെയും ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചക്കൊപ്പം ബാലകൃഷണയുടെ ജീവിതവും വളര്‍ന്നു. ഇന്ന് തെക്കനേഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളാണ് ബാലകൃഷ്ണ. പതഞ്ജലിയുടെ 90 ശതമാനത്തിന്റെയും ഓഹരിയും ബാലകൃഷ്ണയുടെ പേരിലാണ്.

സിംഗിള്‍ മദേഴ്‌സിനും അനാഥരായ കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് നിയമത്തില്‍ ഇളവ് ഗുണകരമാകും. എന്നാല്‍ നമ്മുടെ രാജ്യത്ത് ബാലകൃഷ്ണയ്ക്ക് ലഭിക്കുന്നപോലുള്ള ഇളവുകളൊന്നും മറ്റാര്‍ക്കും ലഭിക്കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍