UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോറി, സോണി

Avatar

റിബിന്‍ കരീം

“എനിക്കെതിരെ നടക്കുന്ന അനീതിക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ എനിക്ക് അധികാരമില്ലേ? എനിക്ക് ജീവിക്കാന്‍ അധികാരമില്ലേ? എന്റെ കുട്ടികളെ ഒന്ന് കാണാനും അവരെ സ്‌നേഹിച്ചു അവരോടൊപ്പം ജീവിക്കുവാനും എനിക്ക് അധികാരമില്ലേ? ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു നക്‌സലൈറ്റുകള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന്. എന്നോട് കുറച്ചു ദയവു കാണിക്കൂ . ഇതിലും ഭേദം മരണശിക്ഷയാണ്.”

2012 ആഗസ്റ്റിൽ റായ്പൂർ ജയിലിൽ നിന്നു സോണി സോറി സുപ്രീം കോടതിക്ക് അയച്ച കത്തുകളിലെ വരികളാണിത്. ഇതിലും ഭേദം മരണമാണ് എന്നൊരാൾ പറയുമ്പോൾ, അവർ നേരിട്ട പീഡനങ്ങളുടെ ആഴം അറിയാൻ മിനിമം കോമണ്‍സെന്സ് മാത്രം മതിയാകും. ഒരു പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയ പരിചയം പോലും ആവശ്യമില്ല. 

സൂക്ഷ്മ നിര്‍മ്മിതമായ തലങ്ങളിൽ ഉള്ള ചില പ്രയോഗങ്ങൾക്കു സമൂഹ മനസ്സില്‍ ചില നിലപാടുകൾ അടിച്ചേൽപ്പിക്കാനുള്ള അപാരമായ കഴിവുണ്ട്. ഇത്തരം പ്രയോഗങ്ങളെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താറുള്ളത് ഭരണകൂടങ്ങളാണ്. ഒരാളെ രാജ്യദ്രോഹി, നക്സൽ, മാവോ വാദി എന്നിങ്ങനെയൊക്കെ മുദ്ര കുത്തിയാൽ അയാൾക്ക്‌ വേണ്ടി ശബ്ദം ഉയര്‍ത്താൻ പൊതുബോധം ഒന്ന് മടിക്കും. ശബ്ദം ഉയര്‍ത്താൻ ശ്രമിച്ചവരെ പോലും വേട്ടയാടിയ ചരിത്രമാണ് നമുക്കുള്ളത്. ഇപ്രകാരം സൂക്ഷ്മമായി വികസിപ്പിച്ച നിര്‍മ്മിതികൾ ഉപയോഗിച്ച് ആരെയും ക്രൂരമായി ശിക്ഷിക്കാനാവും എന്ന അങ്ങേയറ്റം ക്രൂരമായ മാനസികാവസ്ഥയുടെ ബലിയാടുകളിൽ ഒരാളാണ് സോണി സോറി.

സാമൂഹ്യ പ്രവർത്തക സോണി സോറിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണം സമകാലീന ഇന്ത്യ എത്തിനിൽക്കുന്ന അതിഭീകരാവസ്ഥയുടെ നേർകാഴ്ചയാണ്.  2011ഒക്ടോബറിലാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും നക്‌സലുകള്‍ക്കായി പണം വാങ്ങി നല്‍കി എന്ന് ആരോപിക്കപ്പെട്ടുകൊണ്ട് സോണി അറസ്റ്റ് ചെയ്യപ്പെടുന്നത്. എസ്സാര്‍ ഗ്രൂപ്പും സോണിയും മാവോയിസ്റ്റുകളും ഈ കുറ്റം ഒരു പോലെ നിഷേധിച്ചിരുന്നു. ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അഭിമുഖീകരിക്കേണ്ടിവന്ന അതെ പൈശാചിക കൃത്യങ്ങളാണ് കെട്ടിച്ചമച്ച കുറ്റത്തിന് ദന്തേവാഡയിലെ പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സോണിക്കും ഏൽക്കേണ്ടി വന്നത്.

ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡാണ് കടത്തിയതെങ്കില്‍ സോണി സോറിയുടെ ജനനേന്ദ്രിയത്തില്‍ നിയമ പാലകര്‍ കരിങ്കല്‍ ചീളും പാറക്കഷണങ്ങളും കയറ്റി. അവരുടെ ശരീര ദ്വാരങ്ങളില്‍ കല്ല്‌ കയറ്റാന്‍ ഉത്തരവിട്ട എസ് പി ആംഗിത് ഗാര്‍ഗ് പിന്നീട് രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായി! ഭീകരതയുടെ മറ്റൊരു പേരാണോ ഇന്ത്യൻ ഭരണകൂടം എന്ന് ചോദിച്ചാല്‍ ഒരുപക്ഷെ ഞാനും രാജ്യദ്രോഹി ആയേക്കാം. അതേ, അങ്ങനെയൊരു കെട്ട കാലത്താണ് നാം ജീവിക്കുന്നത്.

ഭരണകൂടത്തിന്റെയോ അല്ലാതെയോ ഉള്ള ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾ അജ്ഞാത മൃതദേഹമായി ഒതുങ്ങിപ്പോകാറാണ് പലപ്പോഴും. ചത്തീസ്ഗഡ് ബസ്തറില്‍ നിന്നുള്ള സോണി സോറിയെ അത്തരക്കാരുടെ കൂട്ടത്തില്‍ പെടുത്താനാവില്ല. തന്റെ അനുഭവം ഇനി ആര്ക്കും ഉണ്ടാവരുതെന്ന ദൃഢനിശ്ചയത്തോടെ അവരിന്നും നിലനില്ക്കുന്ന വ്യവസ്ഥിതിക്ക് നേരെ പടപൊരുതുന്നു. നിർഭാഗ്യവശാൽ ഇരയുടെ സ്ഥാനത്ത് പാര്ശ്വൽക്കരിക്കപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധിയും വേട്ടക്കാരന്റെ സ്ഥാനത്ത് സ്റ്റേറ്റോ, കോര്‍പ്പറേറ്റ് കുത്തകകളോ ആണെങ്കിൽ പ്രതിഷേധ സ്വരങ്ങൾക്ക് ശക്തി കുറയും. അഖിലേന്ത്യാ ചാനലുകളിലെ “സംസാരവിഷയം” മിക്കവാറും മദ്ധ്യവര്‍ഗ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നുന്നുള്ളത് പരസ്യമായ രഹസ്യമാണ്. 

ഒരു ജനാധിപത്യ രാജ്യത്ത്‌ ജനതയുടെ ഭാവിയുമായി രാഷ്ട്രീയത്തിനുള്ളത്‌ പൊക്കിള്‍കൊടി ബന്ധമാണെന്നിരിക്കേ, രാഷ്ട്രീയ രംഗത്തെ ജീര്‍ണ്ണത രാഷ്ട്രത്തെ തന്നെ നാശത്തിലേക്ക്‌ നയിക്കുമെന്നും വ്യക്തമാണ്‌. അതുകൊണ്ടാണ്‌ മതവിശ്വാസം കലാസാഹിത്യം തുടങ്ങിയ മേഖലകളില്‍ വേണ്ടതിനേക്കാള്‍ പതിന്മടങ്ങ്‌ സാമൂഹിക ജാഗ്രത രാഷ്ട്രീയ രംഗം ആവശ്യപ്പെടുന്നത്‌. പൌരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്തത് രാഷ്ട്രീയ ജാഗ്രതയുടെ പരിമിതി ആയി കണക്കാക്കുക തന്നെ വേണം. ഇരയുടെ ജാതി, മതം, ലിംഗം, തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കുന്ന ശീലം അവസാനിപ്പിക്കാത്ത പക്ഷം സോണി സോറിമാർ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.

മനുഷ്യാവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള പ്രതീക്ഷകള്‍ക്കുമേല്‍ കാളിമ പടര്‍ത്തിക്കൊണ്ട് ഫാഷിസം ഒരു ചിലന്തിയുടെ നിഴല്‍ കണക്കെ വളര്‍ന്നു പന്തലിക്കുന്ന ഭീഷണമായൊരു യാഥാര്‍ഥ്യത്തെ മുന്നില്‍കാണുകയാണ് ഇന്ത്യ. ഭയം ഒരു സര്‍പ്പത്തെപ്പോലെ അതിന്റെ പരുപരുത്ത നാവുകള്‍കൊണ്ട് ഇന്ത്യയുടെ നട്ടെല്ലിനെ നക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. തീര്ച്ചയായും ദുര്ബല വിഭാഗങ്ങളിൽ പെട്ട ജനതയെ മുന് നിർത്തി വേണം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ. 

വിഭവങ്ങളുടെ തുല്യമായ വിതരണത്തിലൂടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതിയും അവസര സമത്വവും ഏതൊരു ഇന്ത്യൻ പൌരന്റെയും മൗലിക അവകാശമാണെന്ന് ഉദ്ഘോഷിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. സ്വതന്ത്ര ഇന്ത്യയുടെ പല അനുഭവങ്ങളും ഈ ഭരണഘടനവാക്യത്തോട് നീതി പുലര്‍ത്തുന്നില്ല എങ്കിൽ അത് ഭരണഘടനയോടുള്ള അവഹേളനമാണ്.

ആസിഡ് വീണ സോണി സോറിയുടെ മുഖം നോക്കി അവരുടെ ഭൂതകാലം ഓർത്തു സഹതപിക്കുവാനും കണ്ണീരൊഴുക്കുവാനും ഹതഭാഗ്യരായി ജനിച്ചു പോയവരല്ല നമ്മൾ. കൊടിയ മർദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഒടുവിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നെറ്റ അവരുടെ അവകാശ പോരാട്ടങ്ങളെ നാം മാനിക്കേണ്ടതുണ്ട് , സോണി സോറിക്കെതിരെ നടന്ന ഇനി നടക്കാനിരിക്കുന്ന ധ്വംസനങ്ങള്‍ക്കെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ട്.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍