UPDATES

ആസിഡ് ആക്രമണ ഇരകള്‍ ഭിന്നശേഷി നിയമ പരിധിയിലേക്ക്

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇത്തരം ആക്രമണങ്ങളിലെ ഇരകളെയും ഭിന്നശേഷിയുള്ളവരായി കണക്കാക്കുന്ന പുതിയ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍. നേരത്തെ സുപ്രീം കോടതി ആസിഡ് ആക്രമണത്തിന്റെ ഇരകളെയും ഭിന്നശേഷി ഉള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയവും ഈ നിര്‍ദ്ദേശത്തിന് അനുകൂലമായതോടെയാണ് പുതിയ തീരമാനം. ഇത്തരക്കാരെ ഉള്‍പ്പെടെ പുതിയ 14 വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 1995ലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കുള്ള ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതോടെ നിയമം അംഗീകരിക്കുന്ന അംഗവൈകല്യമുള്ള വിഭാഗങ്ങളുടെ എണ്ണം ഏഴില്‍ നിന്നും 21 ആയി വര്‍ദ്ധിക്കും. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ചവരെയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടിസം, ഹീമോഫീലിയ, മള്‍ട്ടിപ്പിള്‍ സ്‌കെലേറോസിസ്, സിക്കിള്‍ സെല്‍ ഡിസീസ്, ഡ്വാര്‍ഫിസം എന്നീവയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. ഇതു സംബന്ധിച്ച ഭേദഗതി ബില്ല് സാമൂഹിക നീതി മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ആചരിക്കുന്ന ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

രണ്ടു ദശാബ്ദമായി ഈ വിഭാഗങ്ങളുടെ എണ്ണം ഏഴില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍, പാര്‍ലമെന്റിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ഈ രംഗത്തെ ഒരു വലിയ കുതിച്ച് ചാട്ടമായി ഭേദഗതി ബില്‍ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘പ്രത്യേക്ഷ ഭിന്നശേഷിയുള്ള ‘ആറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ‘സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശം’ ഭേദഗതി ഉറപ്പ് നല്‍കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇവര്‍ക്കുള്ള സംവരണം നിലവിലുള്ള മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണവും ഇതേ തോതില്‍ വര്‍ദ്ധിപ്പിക്കും. പൊതുഗതാഗത സംവിധാനങ്ങളില്‍ ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഭേദഗതിയില്‍ നിര്‍ദ്ദേശങ്ങളുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് ഒരു ഫണ്ട് രൂപീകരിക്കുന്നതിനും ഭേദഗതി വിഭാവന ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍