UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

തല്ലും സദാചാര ക്ലാസും തന്നെയാണ് ബിജുവിന്റെയും ആക്ഷന്‍ ഹീറോയിസം

അപര്‍ണ്ണ

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ, ‘പ്രേമ’ തരംഗത്തിന് ശേഷം വരുന്ന നിവിന്‍ പോളി സിനിമ, ഇറങ്ങും മുന്നേ ഹിറ്റ് ആയ പാട്ടുകള്‍, സോഷ്യല്‍ മീഡിയയിലെ വമ്പന്‍ ഹൈപ്പുകള്‍..പ്രേക്ഷകരെ ആകാംക്ഷയുടെ പരകോടിയില്‍ ആക്കിയാണ് ആക്ഷന്‍ ഹീറോ ബിജു തീയറ്ററില്‍ എത്തിയത്. പ്രണയാര്‍ദ്രനായ കാമുകനില്‍ നിന്ന് സട കുടഞ്ഞു എണീറ്റ് നിവിന്‍ പോളി അടുത്ത അതിമാനുഷനാവും എന്ന പ്രതീക്ഷയും പ്രേക്ഷകരില്‍ ഉണ്ടാക്കി. തമിഴ് ന്യൂ ജനറേഷന്‍ രീതിയില്‍ ഉള്ള ട്രെയിലറുകള്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയപ്പോഴും റിലീസ് ദിവസം ആളുകളെ തീയറ്ററില്‍ എത്തിക്കാന്‍ വേണ്ട ആകാംക്ഷകള്‍ എല്ലാം ആക്ഷന്‍ ഹീറോ ബിജു സൃഷ്ടിച്ചിരുന്നു.

എം ഫില്‍ ബിരുദധാരിയായ ബിജു പൗലോസ് (നിവിന്‍) സാമൂഹ്യ സേവനത്തിനുള്ള അതിയായ താത്പര്യം മൂത്ത് എസ് ഐ ടെസ്റ്റ് എഴുതി മറ്റെല്ലാ നായകന്മാരെയും പോലെ ഒന്നാം റാങ്കില്‍ പാസാവുന്നു. സ്വാഭാവികമായും സത്യസന്ധതനായ ധീരനായ ഉദ്യോഗസ്ഥനാവുന്നു. ദിനം പ്രതി അയാള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ബിജുവും കൂട്ടുകാരും അതിനെയൊക്കെ അതിജീവിക്കുന്നതുമൊക്കെയാണ് സിനിമ. സാധാരണ പോലീസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി വമ്പന്‍ രാഷ്ട്രീയകാരെ മാത്രമല്ല, നാട്ടില്‍ തുണിയുരിഞ്ഞു പ്രശ്‌നമുണ്ടാക്കുന്ന മദ്യപനെ കൂടി ഒരേ ഊര്‍ജത്തില്‍ നേരിടണം ഒരു പോലീസുദ്യോഗസ്ഥന്‍ എന്ന് പറയുകയാണ് സിനിമ. ഇതു പറയാന്‍ വേണ്ടി 145 മിനുട്ടുള്ള ഒരു സിനിമ എടുക്കണോ എന്ന് സ്വാഭാവികമായി സംശയിക്കാമെങ്കിലും ആ നിലക്ക് വ്യത്യസ്തമാണ് ആക്ഷന്‍ ഹീറോ ബിജു എന്ന് വാദിക്കാം. .

താരതമ്യേന പുതുതായ മേക്കിംഗ് രീതികള്‍, ഐപിഎസ് ഘടാഘടിയന്മാരെ വിട്ട് എസ് ഐ നായകനിലേക്കുള്ള കൂടുമാറ്റം, സുരാജിന്റെയും ഒരു പിടി പുതുമുഖങ്ങളുടെയും ജീവസുള്ള അഭിനയം, കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍…ഇതൊക്കെയാണ്, ഇത് മാത്രമാണ് പ്രതീക്ഷ എങ്കില്‍ ആക്ഷന്‍ ഹീറോ ബിജു നല്ല സിനിമയാണ്.

തുണിയില്‍ പൊതിഞ്ഞ തേങ്ങ കൊണ്ട് തല്ലി പുറം പൊളിക്കുന്ന, പ്രണയിക്കുന്നവര്‍ക്ക് മോറല്‍ സയന്‍സ് ക്ലാസ്സ് എടുക്കുന്ന , കറുത്തു തടിച്ച സ്ത്രീയെ പ്രണയിച്ചതിനു ‘ഈ സാധനത്തെയാണോ പ്രേമിക്കുന്നേ’ എന്ന് ചോദിച്ചു കരണത്തടിക്കുന്ന ബിജു പക്ഷെ വളരെ പഴകിയ ഒരു സങ്കല്‍പ്പമാണ്. ആരുടെ സ്വകാര്യതയിലേക്കും ചുഴിഞ്ഞിറങ്ങുന്ന പോലീസ് സുരക്ഷിതത്വത്തിന്റെ വമ്പന്‍ ആകാശമല്ല, അസ്വാന്ത്ര്യത്തിന്റെ വേലിക്കെട്ടുകളാണ് ജനങ്ങള്‍ക്ക് മേല്‍ സൃഷ്ടിക്കുക.

അതിമാനുഷികനല്ലാത്ത തുടര്‍ച്ച മാത്രമായ ഒരാള്‍ എന്നാണ് ബിജുവിനെ കുറിച്ച് സിനിമ ഉന്നയിക്കുന്ന അവകാശവാദം. പക്ഷെ അയാള്‍ വെട്ടു കൊണ്ട് പിടയുമ്പോഴും ഗുണ്ടകളോട് നെടുനീളന്‍ ഡയലോഗുകള്‍ പറഞ്ഞു അവരെ അടിച്ചോടിക്കുന്നുണ്ട്. ‘അതാവണമെടാ പോലീസ്’ . രീതിയില്‍ പതിവായി എല്ലാ നായകന്‍ പോലീസുകാരും പറയുന്ന ഡയലോഗുകള്‍ പറയാന്‍ നിവിന്‍ പോളി കഷ്ട്ടപ്പെടും പോലെ തോന്നി. ശരീര ഭാഷയും ചലനങ്ങളും കൂടെ നില്‍ക്കുമ്പോഴും ഡയലോഗുകള്‍ അദ്ദേഹത്തെ ‘ഇവിടെ’യിലെ പോലെ തന്നെ ചതിക്കുന്നു. നായികയായ ആനു ഇമാനുവേലിന്റെ ബെന്നറ്റിനു മട്ടാഞ്ചേരിയിലും ബീച്ചിലും ആ പാട്ടില്‍ കണ്ടപോലെ ബിജുവിനൊപ്പം നടക്കുക, തല്ലു നടക്കുന്നതിനിടയില്‍ ഫോണിന്റെ മറുപുറത്ത് നല്ല ഉടുപ്പിട്ട് നിന്ന് അയാളുടെ മള്‍ട്ടി ടാസ്‌കിംഗ് കപ്പാസിറ്റി പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തുക, നാണിച്ച് അയാളെ ഓര്‍ക്കുക തുടങ്ങിയ കര്‍ത്തവ്യങ്ങളാണ് ചെയ്യാനുള്ളത്.

എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിലെ ആദ്യ സിനിമ 1983 ലെ നായകന്‍ രമേശന്‍ സ്വന്തം ആഗ്രഹങ്ങള്‍ക്ക് വേണ്ടി വലിയ ദുരന്തങ്ങള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിയ ആളാണ്. ഒന്നിനും വേണ്ടി അല്ല ഞാന്‍ ക്രിക്കറ്റിനെ സ്‌നേഹിച്ചത് എന്ന് പൂര്‍ണ തൃപ്തിയോടെ അവസാനവും പറയുന്ന ആത്മാര്‍ത്ഥയില്‍ നിന്ന് ഇടിയന്‍ ബിജു എസ് ഐ നടന്നത് ഒരുപാട് പിന്നിലേക്കാണ് എന്ന് ഖേദപൂര്‍വം പറയാതെ വയ്യ.

തല്ലുന്നതും കുത്തുന്നതും സദാചാര ക്ലാസ്സ് എടുക്കുന്നതും പുതിയ അവതരണ രീതിയില്‍ കാണാം എന്നത് ഒരു വലിയ ആകര്‍ഷണമായി തോന്നുന്നെങ്കില്‍ മാത്രം ആക്ഷന്‍ ഹീറോ ബിജുവിന് കയറുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always confirm to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍