UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദ്: ഭരണകൂട അക്രമത്തിനും നിയമവിരുദ്ധ തടങ്കലിനുമെതിരെയുള്ള പ്രതിഷേധക്കുറിപ്പ്

Avatar

വിദ്യാഭ്യാസ വിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും കലാകാരന്മാരും എഴുത്തുകാരുമായ നോം ചോംസ്‌കി, ഗായത്രി ചക്രവര്‍ത്തി സ്പീവാക്, ബര്‍ബാര ഹാരിസ് വൈറ്റ്, ഗില്ലിയാന്‍ ഹാര്‍ട്, മൈക്കല്‍ ഡേവിസ് എന്നിവരടക്കമുള്ള മുന്നൂറിലേറെപ്പേര്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ ഭരണകൂട അക്രമത്തിനും നിയമവിരുദ്ധ തടങ്കലിനും എതിരെ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പ്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ സര്‍വകലാശാല അധികൃതരും പോലീസും നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ ഞങ്ങള്‍, വിദ്യാഭ്യാസ വിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും കലാകാരന്മാരും എഴുത്തുകാരും ശക്തമായി അപലപിക്കുന്നു. 

സര്‍വകലാശാലയില്‍ വെള്ളവും ഭക്ഷണവും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും തടഞ്ഞതിനെയും ഞങ്ങള്‍ അപലപിക്കുന്നു. 2016, ജനുവരി 17നു സര്‍വകലാശാലയിലെ ഒരു ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ പേരില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന അപ്പറാവുവിനെ വൈസ് ചാന്‍സലറായി പുന:പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുന്നത്. 

ഇത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അയാള്‍ക്ക് അവസരം നല്കുമെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയക്കുന്നു. ദളിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഹൈദരാബാദടക്കമുള്ള രാജ്യത്തെ സര്‍വകലാശാലകളില്‍ പതിവാകുകയാണ്. ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയോടെയാണ് ഈ വിഷയം ദേശവ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് വഴിതെളിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം ഇപ്പോഴും തുടരുന്നതും നിരീക്ഷണവും സര്‍വകലാശാലകളിലെ വിമത ശബ്ദങ്ങളെയും ബൗദ്ധിക സംവാദങ്ങളെയും അടിച്ചമര്‍ത്തുന്നതും പൊതുചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ഈ പ്രതിഷേധങ്ങള്‍ ഇടയാക്കി. 

മാര്‍ച്ച് 22 രാവിലെ അപ്പ റാവു സര്‍വകലാശാല വളപ്പില്‍ പ്രവേശിച്ചതുമുതല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉപരോധ സമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്. സമാധാനപരമായി പ്രതിഷേധിച്ച ഇവരെ അതിക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തി. 27 പേരെ കസ്റ്റഡിയില്‍ എടുത്തു. 

അതിനു തൊട്ടുപിന്നാലെ തടങ്കലിലാക്കിയ 27 പേരെയും ക്രൂരമായി മര്‍ദിക്കുകയും അവര്‍ക്ക് നിയമസഹായത്തിനുള്ള അവകാശം നിഷേധിക്കുകയും ചെയ്തു. ചുരുക്കത്തില്‍ എല്ലാ നിയമപരമായ നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തി. ആ സംഭവത്തിന് ശേഷം സര്‍വകലാശാല അടച്ചിട്ട് ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റ് സൌകര്യവും നിഷേധിച്ചു. പൊതു അടുക്കളകള്‍ തുറക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. നഗരത്തിലെ അഭിഭാഷകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാധാരണ പൗരന്‍മാര്‍ക്കും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാനുള്ള അവസരം നല്‍കിയില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പൊതു സര്‍വകലാശാലകളിലൊന്നാണ് ഹൈദരാബാദ് സര്‍വകലാശാല എന്നോര്‍ക്കണം. 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അലഹാബാദ് സര്‍വകലാശാല, ജാദവ്പൂര്‍ സര്‍വകലാശാല, ബര്‍ദ്വാന്‍ സര്‍വകലാശാല എന്നിവടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന സമാനമായ ആക്രമണങ്ങളും ജനാധിപത്യവിരുദ്ധമായ അടിച്ചമര്‍ത്തലുകളും ഞങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. സര്‍വകലാശാലയിലെ ഉന്നതാധികൃതര്‍ വിമത ശബ്ദങ്ങളെയും സംവാദത്തെയും അടിച്ചമര്‍ത്താന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. 

വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ഭരണകൂട സംവിധാനം ഉപയോഗിക്കുന്നതിനുള്ള ഒരു ഘടന വിദ്യാര്‍ത്ഥി സംഘങ്ങളും ഭരണകക്ഷിയുടെ യുവ വിഭാഗവും, രാജ്യത്തെ സര്‍വകലാശാല അധികൃതരും തമ്മില്‍ രൂപപ്പെട്ടുവരുന്നത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് രാജ്യത്താകമാനം ഭീതിയുടെയും അടിച്ചമര്‍ത്തലിന്റെയും ഒരന്തരീക്ഷം സൃഷ്ടിക്കുകയും തുടര്‍ച്ചയായി വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങളെയും ഭരണഘടനാവകാശങ്ങളെയും ലംഘിക്കുകയും ചെയ്യുന്നു. 

ഹൈദരാബാദ് സര്‍വകലാശാലയിലെ സമരം ചെയ്യുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്ന ഞങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നു: 

1. സര്‍വകലാശാല വളപ്പില്‍ നിന്നും പൊലീസിനെ ഉടനടി പിന്‍വലിക്കുക. 
2. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായ എല്ലാ കേസുകളും പിന്‍വലിക്കുക. 
3. വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ സസ്‌പെന്‍ഡ് ചെയ്യുക. 
4. HRD മന്ത്രാലയം, HRD മന്ത്രി, ബന്ദാരു ദത്താത്രേയ എന്നിവര്‍ക്ക് സര്‍വകലാശാലയില്‍ ദളിതര്‍ക്കെതിരായ അക്രമം ഇളക്കിവിട്ടതിലെ പങ്കിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക. 
5. വൈസ് ചാന്‍സലറുടെ കാര്യാലയം തകര്‍ത്തത്തില്‍ ABVPയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുക. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പേരുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക. 
6. വിദ്യാഭ്യാസത്തിലെ ജാതി വിവേചനത്തിനെതിരെ ‘രോഹിത് നിയമം’ അംഗീകരിക്കുക.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍