UPDATES

വിശകലനം

പ്രിയങ്ക വന്നാലുമില്ലെങ്കിലും മോദിയെ കാത്തിരിക്കുന്നത് വ്യത്യസ്തരായ എതിരാളികള്‍

മോദിക്കെതിരായ മല്‍സരം രാഷ്ട്രീയ പോരാട്ടമായി ചിലര്‍ കാണുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ മല്‍സരിക്കുമ്പോള്‍ ലഭിച്ചേക്കാവുന്ന വാര്‍ത്താ പ്രാധാന്യമാണ് മറ്റ് ചിലരെ വാരണസിയിലേക്ക് നയിക്കുന്നത്.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും മണ്ഡലം പ്രതീകാത്മക മല്‍സരത്തിനായി തെരഞ്ഞെടുത്തിരിക്കയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചിലര്‍. പ്രധാനമന്ത്രിക്കെതിരെ മല്‍സരിക്കുന്നതുകൊണ്ട് കിട്ടിയേക്കാവുന്ന പ്രശസ്തിയാണ് ചിലരെ വരാണസിയിലേക്ക് കൊണ്ടുപോകുന്നതെങ്കില്‍ മറ്റു ചിലര്‍ രാഷ്ട്രീയമായ എതിര്‍പ്പുകൊണ്ട് തന്നെയാണ് മോദിക്കെതിരായ മല്‍സരത്തിന് തയ്യാറെടുക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ, വരാണസിയില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചവരില്‍ ഒരു മുന്‍ ജഡ്ജിയുണ്ട്. ഹൈക്കോടതി ജഡ്ജിയായിരിക്കെ, കോടതി അലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട് ആറ് മാസം തടവില്‍ കഴിഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ച ജസ്റ്റീസ് സി എസ്. കര്‍ണന്‍. അഴിമതിക്കെതിരെ പോരാടാന്‍ ഒരു പാര്‍ട്ടിയും അദ്ദേഹം രൂപികരിച്ചു ആന്റി കറപ്ഷന്‍ ഡൈനാമിക്ക് പാര്‍ട്ടി. തമിഴ്‌നാട്ടുകാരനായ ഇദ്ദേഹം എന്തിനാണ് വരാണസി തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. കര്‍ണന്‍ തമിഴ്‌നാട്ടിലെ സെന്‍ട്രല്‍ ചൈന്നൈ മണ്ഡലത്തില്‍നിന്നും മല്‍സരിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന അഴിമതിയാണോ ഇദ്ദേഹത്തെ വരാണസിയില്‍ എത്തിച്ചതെന്ന് എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മോദിക്കെതിരെ മല്‍സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച മറ്റൊരു നേതാവ് ഉത്തര്‍പ്രദേശിലെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദായിരുന്നു. പുതിയ സാഹചര്യത്തില്‍ അദ്ദേഹം മല്‍സരിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ലെങ്കിലും മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദളിത് ആക്രമണത്തിന്റെ പ്രതിഷേധമായിട്ടാണ് ചന്ദ്ര ശേഖര്‍ ആസാദ് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രിയങ്കാഗാന്ധി ഇദ്ദേഹത്തെ സന്ദര്‍ശിച്ചതോടെ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമോ എന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ആസാദ് അത് നിഷേധിക്കുകയായിരുന്നു.

മോദിക്കെതിരെ പ്രതീകാത്മ പോരാട്ടത്തിനൊരുങ്ങുകയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കര്‍ഷകര്‍ക്കെതിരായ നയ സമീപനങ്ങള്‍ സ്വീകരിക്കുകയും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ് നേരേന്ദ്ര മോദി ചെയ്യുന്നതെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ദിവസങ്ങളോളം സമരം ചെയ്ത കര്‍ഷകരുടെ പ്രതിനിധികളാണ് മല്‍സരത്തിനെത്തുന്നത്. ഇന്ത്യയില്‍ സമീപകാലത്ത് ഉയര്‍ന്നുവന്ന കാര്‍ഷിക പ്രക്ഷോഭങ്ങളുടെ പാശ്ചാത്തലത്തില്‍ കര്‍ഷകരുടെ രാഷ്ട്രീയ പോരാട്ടത്തിന് ദേശീയ ശ്രദ്ധ കിട്ടുമെന്ന് ഉറപ്പാണ്.

സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബിഎസ്എഫ് സൈനികനായിരുന്നു തേജ്ബഹാദൂര്‍ യാദവ്. ഇദ്ദേഹത്തിന്റെ ആരോപണം തെറ്റാണെന്ന് കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു. മോദിക്കെതിരായ മല്‍സരിത്തിന് ഇദ്ദേഹവുമുണ്ട് വാരണസിയിലേക്ക്. ജയിക്കില്ലെങ്കിലും സൈനികരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് തന്റെ മല്‍സരമെന്നാണ് തേജ്ബഹദൂര്‍ യാദവ് പറയുന്നത്.

തെലങ്കാനയിലെ വ്യാവസായിക മലീനികരണത്തിനെതിരെ പോരാടുന്ന വാദേ ശ്രീനിവാസ്, ജലഗാം സൂധീര്‍ എന്നിവരാണ് മോദിക്കെതിരെ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കുന്ന മറ്റുള്ളവര്‍.

വരാണസിയില്‍ പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയാണോ ഉണ്ടാവുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3,71,784 വോട്ടുകള്‍ക്കാണ് നരേന്ദ്ര മോദി വിജയിച്ചത്. അരവിന്ദ് കെജ്‌റിവാളായിരുന്നു തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി അടുത്തമാസം 19 നാണ് വവരാണസിയില്‍ തെരഞ്ഞെടുപ്പ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍