UPDATES

സിനിമ

ആ പൊട്ടിച്ചിരി എന്റെ കണ്ണുനിറച്ചു; വി ഡി രാജപ്പനെക്കുറിച്ച് നടന്‍ കുഞ്ചന്റെ ഓര്‍മകള്‍

കുഞ്ചന്‍

അനുഗ്രഹീതനായ കലാകാരന്‍, പകരം വയ്ക്കാനില്ലാത്ത പ്രതിഭ; അതായിരുന്നു വി ഡി രാജപ്പന്‍. മിമിക്രിയിലൂടെയും പാരഡിഗാനങ്ങളിലൂടെയുമെല്ലാം നമ്മളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് വി ഡി രാജപ്പന്‍. തന്റെതായൊരു ഹാസ്യശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലും രാജപ്പന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു. ശശികുമാര്‍ സിനിമകളിലൂടെയാണ് ഞാന്‍ രാജപ്പനെ ആദ്യം കാണുന്നത്. വലിയൊരു അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നില്ലെങ്കിലും ഉണ്ടായിരുന്നത് കളങ്കമില്ലാത്ത ബന്ധമായിരുന്നു. രാജപ്പന്‍ സെറ്റിലുണ്ടെങ്കില്‍ പിന്നെ നമ്മുടെ സമയം പോകുന്നത് അറിയില്ല. ചുറ്റുമിരിക്കുന്നവരെ രസിപ്പിക്കാന്‍ വല്ലാത്തൊരു കഴിവാണ് അദ്ദേഹത്തിന്. അടൂര്‍ ഭാസി ചേട്ടനൊക്കെ ഒത്തിരിയിഷ്ടായിരുന്നു രാജപ്പനെയും അദ്ദേഹത്തിന്റെ തമാശകളെയും. ഇടയ്‌ക്കൊക്കെ രാജപ്പന്‍ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്കും വരും. കുറേ നേരം ഇരുന്ന് സംസാരിക്കും. ജീവിതത്തില്‍ ഏറെ സങ്കടങ്ങള്‍ അനുഭവിച്ചൊരു മനുഷ്യനാണ്. പക്ഷെ അയാള്‍ ചെയ്യുന്നതോ ആളുകളെ തമാശ പറഞ്ഞ് ചിരിപ്പിക്കുന്നു. രാജപ്പന്‍ മാത്രമല്ല, ഞാനടക്കം നിങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിച്ച പലരും ജീവിതത്തില്‍ ദുരിതങ്ങളും ദുഖങ്ങളും അനുഭവിച്ച് വളര്‍ന്നവരാണ്. അതുകൊണ്ട് തന്നെ ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനപ്പുറം എനിക്ക് രാജപ്പനിലെ മനുഷ്യനെ വേഗം മനസ്സിലായിരുന്നു. ഒരു കാലഘട്ടം വി ഡി രാജപ്പന്റെതായിരുന്നു. അയാളുടെ കഥാപ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ക്ക് എന്താവേശമായിരുന്നു. എത്രയെത്ര രാജ്യങ്ങളില്‍ പോയി. അതോടൊപ്പം സിനിമയിലും തിളങ്ങി. ഒരു കാലത്ത് സൂപ്പര്‍ സ്റ്റാറിനെപോലെ തിളങ്ങി നിന്ന രാജപ്പന്‍ പിന്നീട് രോഗാവസ്ഥയില്‍ ആയെന്നു കേട്ടു.

പലരില്‍ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മനസിലാക്കിയാണ് നേരിട്ട് കാണാന്‍ ആഗ്രഹിച്ചത്. നടന്‍ ടോണിയേയും മറ്റു ചില സുഹൃത്തുക്കളേയും കൂട്ടിയാണ് ഞാന്‍ രാജപ്പന്റെ വീട്ടിലേക്ക് പോയത്. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം വീല്‍ച്ചെയറിലാണ്. വലിയ സന്തോഷമായി ഞങ്ങളെ കണ്ടപ്പോള്‍. എനിക്ക് അത്രവലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താനെന്നവണ്ണം പഴയ കഥാപ്രസംഗങ്ങള്‍ പറയുകയും പാരഡിപ്പാട്ടുകള്‍ പാടുകയുമൊക്കെ ചെയ്തു. പോകാന്‍ നേരം മകന്റെ ഭാര്യയുടെ കൈയില്‍ എനിക്ക് കഴിയാവുന്നൊരു സഹായം ഏല്‍പ്പിച്ചു. ‘എന്തായത്…’ എന്ന് രാജപ്പന്‍ വിളിച്ചു ചോദിച്ചു. എനിക്ക് ചെയ്യാന്‍ കഴിയുന്നൊരു ചെറിയ സഹായം എന്നു പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരി. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിട്ടും രാജപ്പന്റെ മനസ്സില്‍ നിന്ന് ഞാന്‍ വിട്ടുപോയിട്ടില്ലെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍