UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രമ്യ: തീവ്രദേശീയതയുടെ പുതിയ വേട്ട – എഡിറ്റോറിയല്‍

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

പാക്കിസ്ഥാനില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിനുശേഷം ആ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിന് കന്നഡ നടിയും രാഷ്ട്രീയക്കാരിയുമായ രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ബംഗളൂരുവില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഒരു പാരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നാരോപിച്ച് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എ ബി വി പി നല്കിയ ഒരു പരാതിയില്‍ ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഈ അടുത്ത ദിവസമാണ്.

എങ്ങനെയൊക്കെ വലിച്ചുനീട്ടി വ്യാഖ്യാനിച്ചാലും രാജ്യദ്രോഹക്കുറ്റത്തിന്റെ വിദൂരപരിസരത്തുപോലും വരാത്ത രമ്യയുടെ പ്രസ്താവനക്കെതിരെ (വിവരമില്ലാത്തവര്‍ എത്ര പോസ്റ്റര്‍ കത്തിച്ചാലും നിലപാടില്‍ മാറ്റമില്ല – രമ്യ) ഈ വകുപ്പ് ചുമത്തിയത് ദേശീയതയുടെ വക്രീകരിച്ച വ്യാഖ്യാനങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ ഈ നിയമത്തെ എത്രത്തോളം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ തെളിവാണ്.

ഈ നിയമത്തിന് കീഴില്‍ ജീവപര്യന്തം തടവുവരെ ലഭിക്കാം. ഭരണഘടന  നല്‍കുന്ന മൌലികാവകാശങ്ങളെ കവര്‍ന്നെടുക്കാനും ഇല്ലാതാക്കാനും ഉപയോഗിക്കുന്ന ഈ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച്, വെറും അസംബന്ധം എന്നുവിളിക്കാവുന്ന ആരോപണങ്ങളുടെ പേരില്‍ രമ്യക്കെതിരെ ഈ കുറ്റം ചുമത്തിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ചര്‍ച്ചകളും സംവാദങ്ങളും ഉയരേണ്ടതാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ പ്രതിഷേധമുയര്‍ത്തിയ ഇന്ത്യക്കാരെ തടവിലാക്കാനും നിശബ്ദരാക്കാനുമായിരുന്നു ഈ നിയമം ഉപയോഗിച്ചത്. ഇന്നിപ്പോള്‍ ഭരണഘടന അനുവദിച്ചു നല്‍കുന്ന വിമത ശബ്ദങ്ങളെപ്പോലും ഈ നിയമം ഉപയോഗിച്ചു നിശബ്ദരാക്കുന്നു.

ഒരു രാഷ്ട്രീയ നേതാവിനെ, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെ വിമര്‍ശിച്ചാല്‍, അല്ലെങ്കില്‍ ശത്രുരാജ്യം എന്നു മുദ്രകുത്തിയ ഒരു രാജ്യത്തെ പ്രശംസിച്ചാല്‍, അവിടുത്തെ ജനങ്ങളും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നതാണ് അവസ്ഥ. ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ഇത് അതീവ കര്‍ക്കശമായാണ് പ്രയോഗിച്ചത്.

രാജ്യദ്രോഹത്തിന്റെ നിര്‍വ്വചനം എങ്ങനെയും വളച്ചൊടിക്കാവുന്ന തരത്തിലാണ്. അതുപ്രകാരം പറഞ്ഞതോ എഴുതിയതോ സൂചനകളാലോ കാണാവുന്ന ഏതെങ്കിലും പ്രതീകങ്ങളാലോ മറ്റേതെങ്കിലും തരത്തിലോ സര്‍ക്കാരിനെതിരെ അപ്രീതിയോ വിദ്വേഷമോ ജനിപ്പിക്കാവുന്ന പ്രവര്‍ത്തി ചെയ്യുന്ന ആരെയും ഇത് രാജ്യദ്രോഹത്തിന് കുറ്റക്കാരാക്കുന്നു. ഈ അയഞ്ഞ നിര്‍വ്വചനം വിമതശബ്ദങ്ങളെ അടിച്ചമര്‍ത്താവുന്ന ഒരുപകരണമായി ഈ നിയമത്തെ മാറ്റുന്നു.

ഒരു ഇന്ത്യ വിരുദ്ധ മുദ്രാവാക്യമോ മറ്റൊരു രാജ്യത്തിനുള്ള പ്രശംസയോ കൊണ്ട് തകര്‍ക്കാവുന്ന ഒന്നല്ല ഒരു രാജ്യത്തിന്റെ ഘടനയും അതിന്റെ അടിസ്ഥാനമായ ഭരണഘടനയും. അപ്പോള്‍, സര്‍ക്കാരിനും തീവ്ര ദേശീയവാദികള്‍ക്കും അവരാഗ്രഹിക്കുമ്പോഴെല്ലാം എടുത്തുപയോഗിക്കാവുന്ന ഒരു കരിനിയമമാണ് ഈ രാജ്യദ്രോഹ വകുപ്പ്.

വെറും പ്രസംഗമോ വര്‍ത്തമാനമോ ഒന്നും രാജ്യദ്രോഹമാകുന്നില്ല എന്നു സുപ്രീം കോടതിതന്നെ ഇതിന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിയമപുസ്തകങ്ങളില്‍ നിന്നും രാജ്യദ്രോഹക്കുറ്റം എടുത്തുകളയാന്‍ പറ്റില്ലായിരിക്കും. പക്ഷേ, അതിന്റെ ദുരുപയോഗം തടയാവുന്ന വിധത്തില്‍ അതിന്റെ നിര്‍വ്വചനത്തിനെ പുതുക്കിപ്പണിയണം. കാലഹരണപ്പെട്ടത് എന്നു നെഹ്റു കരുതിയ നിയമം ഇത്രയും കാലമായിട്ടും പിടിച്ചുനില്‍ക്കുന്നത് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കുള്ള ശക്തമായ ഒരായുധമാണ് ഇതെന്നതുകൊണ്ടാണ്.

സാമൂഹ്യപ്രവര്‍ത്തകനും മികച്ച ഡോക്ടറുമായ ബിനായക് സെന്‍, അരുന്ധതി റോയ്, ഉദയകുമാര്‍ എന്നിങ്ങനെ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരാണ്. വകുപ്പ് ചുമത്തുന്ന പോലീസുകാര്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങളൊന്നും അറിയാന്‍ ഇടയില്ല. നിസാര കാരണങ്ങള്‍ കാണിച്ചു രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ നല്‍കുന്ന പരാതികളെ പൊലീസും കോടതികളും നിരുത്സാഹപ്പെടുത്തണം.

രമ്യക്കെതിരെ ഉന്നയിച്ച പരാതി രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ചുള്ള വെറും കോമാളിത്തമാണ്. അതൊന്നും പ്രോത്സാഹിപ്പിക്കാനേ പാടില്ലായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍