UPDATES

ട്രെന്‍ഡിങ്ങ്

ആ ഫോണ്‍ ആരുടെ കൈയില്‍? നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിനെ കുഴയ്ക്കുന്ന ചോദ്യം

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ പൊലീസ്

കൊച്ചിയില്‍ നടിയെ കാറിനുള്ളില്‍ ആക്രമിച്ച കേസില്‍ ഏഴുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രധാനപ്പെട്ട തെളിവ് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ആണ് ഇപ്പോഴും അജ്ഞാതകരങ്ങളില്‍ തന്നെയിരിക്കുന്നത്.

ഒന്നാം പ്രതി പള്‍സര്‍ സുനി ഈ ഫോണുമായി ബന്ധപ്പെട്ട് പല മൊഴികളാണു പൊലീസിനു നല്‍കിയിരിക്കുന്നത്. ഇതൊന്നും വിശ്വാസത്തില്‍ എടുത്തിട്ടില്ലെങ്കിലും ആ ഫോണ്‍ എവിടെയന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുകയാണ്. ഫോണ്‍ നഷ്ടമായെന്നാണു സുനി പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ആദ്യം പറഞ്ഞതു വെണ്ണലയ്ക്കു സമീപമുള്ള ഓടയില്‍ കളഞ്ഞെന്നാണ്. ഈ ഓടയില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഗോശ്രീ പാലത്തിനു സമീപം കായലില്‍ കളഞ്ഞെന്നു പിന്നീടു സുനി മൊഴി തിരുത്തി. ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല.

ഇപ്പോള്‍ പൊലീസ് സംശയിക്കുന്നത് സുനിയുടെ വക്കാലത്ത് ആദ്യം ഏറ്റെടുത്ത വക്കീല്‍ പ്രതീഷ് ചാക്കോയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്നാണ്. കോടതിയില്‍ എത്തി കീഴടങ്ങാന്‍ ശ്രമിക്കുന്നതിനു മുമ്പായി സുനി മൊബൈല്‍ ഫോണ്‍ പ്രതീഷിനെ ഏല്‍പ്പിച്ചിരിക്കാമെന്നു പൊലീസ് കരുതുന്നു. എന്നാല്‍ അഭിഭാഷകന്‍ ഈ കാര്യം നിഷേധിക്കുകയാണ്. പൊലീസ് ഇയാളുടെ കൊച്ചിയിലെ ഓഫിസിലും ആലുവയില്‍ ഉള്ള വീട്ടിലും പരിശോധന നടത്തിയെങ്കിലും സുനിയുടെ വസ്ത്രങ്ങളും ബാഗും മാത്രമെ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ചോദ്യം ചെയ്യലിലും പ്രതീഷ് ചാക്കോ ഫോണ്‍ തന്റെ കൈവശമുണ്ടെന്ന ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഇയാള്‍ സത്യം മറയ്ക്കുകയാണെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. അതുകൊണ്ട് പ്രതീഷ് ചാക്കോയെ നുണ പരിശോധനയ്ക്കു വിധേയനാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുള്ളതായും അറിയുന്നു. ഇതിനായി കോടിതയുടെ അനുമതി തേടും.

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം പൊലീസിനുമുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ പൊലീസ് അന്വേഷണം തുടരുന്നുമുണ്ട്. ബ്ലാക്‌മെയിലിംഗിനു വേണ്ടിയാണു നടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതുമെന്നു വ്യക്തമാണ്. താനാണു നടിയെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും സുനി മൊഴി നല്‍കിയെങ്കിലും അതു വിശ്വസിക്കേണ്ടതില്ലെന്നാണു പൊലീസ് പറയുന്നത്. ഫോണ്‍ അപ്രത്യക്ഷമായതിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നാണു തെളിയുന്നതെന്നും സംശയിക്കുന്നു.

സുനി കാറില്‍വച്ച് ഇതൊരു സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുകയാണു തങ്ങളുടെ ജോലിയെന്നും ബാക്കി ഡീലുകള്‍ക്ക് ഫോണ്‍ വിളിക്കുമെന്നും തന്നോടു പറഞ്ഞതായി നടി തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരു സ്ത്രീ ഇതിനു പിന്നിലുണ്ടെന്നു പറയുമ്പോഴും അതാരാണെന്നതിനു സൂചനയൊന്നും കിട്ടിയിട്ടില്ല. ഈ ഫോണ്‍ ദൃശ്യങ്ങള്‍ ഇതിനകം മറ്റുഫോണുകളിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ പകര്‍ത്തപ്പെട്ടിട്ടുണ്ടോയെന്നും അറിയില്ല. ഇപ്പോളഴത്തെ നിലയില്‍ ഫോണ്‍ കണ്ടെത്താനാകാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആകില്ലെന്നു പൊലീസ് തന്നെ പറയുന്നു. ഒരുപക്ഷേ ഫോണ്‍ കണ്ടെത്തുന്നതോടു കൂടി സംഭവത്തിനു പിന്നിലെ ഗൂഢാലോചനയും പുറത്തുവരുമെന്നു തന്നെയാണു പൊലീസും കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍