UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം ആഭ്യന്തര വകുപ്പൊഴിയണം; ഇത് സ്ത്രീ സുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനം – ശോഭ സുരേന്ദ്രൻ

അതിക്രമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്ത്രീ നേതാക്കള്‍ രംഗത്തിറങ്ങേണ്ടതുണ്ട്

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ ഇരകളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ദ്ധിക്കുന്നതായി കാണാം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സാഹചര്യത്തെ വിലയിരുത്തി പ്രതികരിക്കുകയാണ് അഴിമുഖത്തില്‍. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പ്രതികരിക്കുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി, കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് പിണറായി വിജയന്‍ വന്നതിന് ശേഷം, ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ കയ്യില്‍ വന്നതിന് ശേഷം കേരളം ഒരു ഗുണ്ടാ-മാഫിയ സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. അത്, രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോവുന്ന കാര്യങ്ങള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. മറുഭാഗത്ത് പിഞ്ചുകുട്ടി മുതല്‍ അക്രമങ്ങള്‍ക്കിരയാവുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പാചക ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എവിടെയും അക്രമ സംഭവങ്ങള്‍ മാത്രമാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ക്രിമിനല്‍ സംഘങ്ങളെ മൂക്കുകയറിട്ട് തളയ്ക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്ക്ക് സാധിക്കുന്നില്ല അഥവാ സാധിക്കില്ല എന്ന മെസ്സേജ് ക്രിമിനല്‍ സംഘങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് വളമായി മാറിയിട്ടുണ്ട്. ഒരു മെട്രോപൊളിറ്റന്‍ സിറ്റിയില്‍ ഒരു സെലിബ്രിറ്റയെ തട്ടിക്കൊണ്ട് പോവാനും അവരെ മാനസികമായി പീഡിപ്പിക്കാനും പരിശ്രമിച്ചു എന്ന് പറയുമ്പോള്‍ അത് സാംസ്‌കാരിക കേരളത്തിനേറ്റ കടുത്ത ഒരു പ്രഹരം തന്നെയാണ്.

നല്ല കഴിവുള്ളവരാണ് കേരളത്തിലെ പോലീസുകാര്‍. ആ പോലീസുകാരുടെ കൈകള്‍ക്ക് വിലങ്ങിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. സി.പി.എമ്മിന്റെ കയ്യില്‍ നിന്ന് ആഭ്യന്തര വകുപ്പ് അടിയന്തിരമായി എടുത്തുമാറ്റണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യം.

സി.പി.എം. എന്ന സംഘടന അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. സക്കീര്‍ ഹുസൈനെപ്പോലുള്ളയാളുകള്‍ ആ പാര്‍ട്ടിയ്ക്കകത്ത് വിഹരിക്കുമ്പോള്‍ ആഭ്യന്തരവകുപ്പിന് എങ്ങനെയാണ് നടപടിയെടുക്കാന്‍ സാധിക്കുക. ഒരു ഗുണ്ടാരാജ് ഇല്ലാത്ത സ്ഥിതി വരണമെങ്കില്‍ മറ്റേതെങ്കിലും കക്ഷി ആഭ്യന്തരവകുപ്പ് ഏറ്റെടുക്കണം.

കാഴ്ചക്കാരനായി നോക്കിനില്‍ക്കാതെ കാര്യക്ഷമമായി ഇടപെടാന്‍ കേരള ഗവര്‍ണര്‍ തയ്യാറാവണം. അങ്ങേയറ്റം സ്ത്രീസുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമായിട്ട് കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇത് ഇനിയും വച്ചുപൊറുപ്പിക്കാന്‍ തയ്യാറാവാതെ പൊതുസമൂഹം കൃത്യമായി ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തുവരണം.

അതിശക്തമായ ആഭ്യന്തര വകുപ്പും ഭരണകൂടവുമുള്ളയിടത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കുറ്റകൃത്യം ചെയ്യുന്നവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാല്‍ കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയും.

കലാകാരന്‍മാരും കലാകാരികളും സമൂഹത്തിന്റെ തന്നെ ഭാഗമാണ്. ഒരു സാധാരണ സ്ത്രീയോ പിഞ്ചുകുഞ്ഞോ വീട്ടമ്മയോ പീഡിപ്പിക്കപ്പെടുമ്പോഴും ആ കലാകാര സമൂഹത്തിന് പ്രതികരിക്കേണ്ട ബാധ്യതയുണ്ട്. സാധാരണക്കാരിയായ ഒരു സ്ത്രീയുടെ മാനം നഷ്ടപ്പെടുന്ന സമയത്തും ഇപ്പോള്‍ നടിയുടെ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ള എല്ലാ കലാകാരന്‍മാരുടേയും പ്രതികരണം കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ സമൂഹത്തിന്റെ എല്ലാ ഭാഗത്തു നിന്നും പ്രതിഷേധം ഉയരണം.

സാധാരണക്കാരിയായ ജിഷയും ഈ ചലച്ചിത്രതാരവും എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. എല്ലാ കേസുകളും ഒരു പോലെ കണ്ടുകൊണ്ട് വേണം പ്രതികരിക്കാന്‍. പക്ഷെ ചില കേസുകള്‍ സംഭവിക്കുന്ന സമയത്ത് സമൂഹത്തിന്റെ പ്രത്യേകം ചിലയിടങ്ങളില്‍ നിന്ന് മൗനം വരുന്നുണ്ട്. ഒരു സ്ത്രീ, അവള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണം എന്ന രീതിയില്‍ തന്നെയാണ് ഈ വിഷയത്തെ നമ്മള്‍ ഏറ്റെടുക്കേണ്ടത്. സ്ത്രീപീഡന കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിക്രമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്ത്രീ നേതാക്കള്‍ രംഗത്തിറങ്ങേണ്ടതുണ്ട്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ കരുത്ത് തെളിയിക്കേണ്ടത്. കിളിരൂര്‍, സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍ കേസുകള്‍ എടുത്തു നോക്കിയാല്‍ എന്നും ഇര കേരളത്തിന്റെ പൊതുസമൂഹത്തിന് മുന്നില്‍ തളര്‍ന്നുപോയിട്ടുണ്ട്. വേട്ടക്കാരന്‍ ജയിക്കുകയും ഇര തളര്‍ന്ന് പോവുകയും ചെയ്യുന്ന തുടര്‍ച്ചയായിട്ടുള്ള സ്ത്രീപീഡന കേസുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട നാടാണ് കേരളം. ഈ കേസിലെങ്കിലും ഇര തളര്‍ന്ന് പോവാതിരിക്കട്ടെ.

(തയ്യാറാക്കിയത് കെ ആര്‍ ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍