മാനക്കേട് എന്ന ചൂണ്ടയില്‍ ഏതൊരിരയും കൊളുത്തപ്പെട്ടു കിടന്നോളും എന്ന ധാരണയാണ് ഈ പെണ്‍കുട്ടി പൊളിച്ചത്
പൊലീസിനെ വിശ്വസിക്കാമെങ്കില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരികയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അറസ്റ്റിലാവുകയും ചെയ്യും. പക്ഷേ അതിനുള്ള ചാന്‍സ് ഇപ്പോഴും ട്വന്റി-20 നിലയില്‍ നില്‍ക്കുകയാണ്. അതിവൈകാരികതയ്ക്കുപ്പുറത്തേക്ക് ഗ്രൗണ്ട് റിയാലിറ്റി എന്താണെന്നത് മാധ്യമവാര്‍ത്തകളില്‍ നിന്നുപോലും വ്യക്തമല്ല. എന്നിരിക്കിലും ഇപ്പോള്‍ പ്രചരിക്കുന്നതുപോലെയാണ് സംഭവിക്കാന്‍ പോകുന്നതെങ്കില്‍ കേരള പൊലീസിനും സര്‍ക്കാരിനും അതു വലിയ നേട്ടമായിരിക്കും. കാരണം, മുന്‍മാതൃകകളില്ലാത്തതും ഏറെ കോളിളക്കം സൃഷ്ടിച്ചതുമായ ഒരു കേസില്‍ പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയാണ്. അതത്ര നിസ്സാരകാര്യമല്ല.
ഇങ്ങനെയൊന്നു സംഭവിക്കുമ്പോള്‍ അവിടെ ഏറ്റവുമധികം പ്രശംസിക്കപ്പെടേണ്ടത് പൊലീസോ സര്‍ക്കാരോ അല്ല. മറിച്ച് ഈ കേസില്‍ വാദിയും ഇരയുമായ ആ നടി തന്നെയാണ്. സമാനസംഭവങ്ങള്‍ ഇതിനു മുമ്പും ചലച്ചിത്രനടികള്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ വരുമ്പോളാണ് തനിക്ക് നേരിട്ട അപമാനത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ആ പെണ്‍കുട്ടി കാണിച്ച തന്റേടവും നിര്‍ഭയത്വവും പ്രശംസിക്കപ്പെടേണ്ടത്. മാനക്കേട് എന്ന ചൂണ്ടയില്‍ ഏതൊരിരയും കൊളുത്തപ്പെട്ടു കിടന്നോളും എന്ന ധാരണയാണ് ഈ പെണ്‍കുട്ടി പൊളിച്ചത്. അതിനവളെ എത്രകണ്ട് പുകഴ്ത്തിയാലും മതിയാവില്ല. ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ആ നടി.
നടിയെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടവര്‍ക്ക് ഉണ്ടായിരുന്ന ആത്മവിശ്വാസം തങ്ങള്‍ തീരുമാനിച്ച പ്രകാരം നടപ്പാകുകയാണെങ്കില്‍ പുറത്ത് മറ്റൊരാളോട് തനിക്ക് നേരിട്ട അപമാനം പറയാന്‍ നടി തയ്യാറാവില്ലെന്നും എന്താണോ ഇതിലൂടെ ലക്ഷ്യമിട്ടത് ആ കാര്യം വിജയത്തിലെത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നുമായിരുന്നു. അതൊരു പതിവു രീതിയുമായിരുന്നു. പക്ഷേ ആ പെണ്‍കുട്ടി എല്ലാ തകര്‍ത്തു. ശാരീരകമായും മാനസികമായും തകര്‍ന്ന നിലയിലും അവള്‍ പൊരുതാന്‍ തന്നെ തയ്യാറായി. മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായ അവസരത്തിലെല്ലാം താന്‍ അന്നു കടന്നുപോയ കൊടിയപീഢനങ്ങളെക്കുറിച്ച് നടി ഓര്‍ക്കുന്നുണ്ട്. അത്തരമൊരു അവസ്ഥയില്‍ സാധാരണ പെണ്‍കുട്ടികള്‍ ദീര്‍ഘമായ മൗനത്തിലേക്കോ എല്ലാവരില്‍ നിന്നും ഒളിച്ചോടാനോ ആണ് സാധാരണ തയ്യാറാവുന്നത്. ഇവിടെ പക്ഷേ, താന്‍ മോചിതയായ അതേ നിമിഷത്തില്‍ തന്നെ അവളില്‍ ഒരു ധൈര്യം വന്നു ചേര്‍ന്നിരുന്നു. ഈ സംഭവം പുറത്തറിയില്ലെന്നു വിശ്വസിച്ചിരുന്നവരെ ഞെട്ടിച്ചുകൊണ്ട് അന്നേ ദിവസം തന്നെ സംഭവം പൊലീസില്‍ എത്തിക്കാന്‍ അവള്‍ക്കായി. പിറകില്‍ ഉള്ളവര്‍ കരുത്തരാണെന്ന അറിവിലും താന്‍ ദുര്‍ബലയല്ലെന്നു തെളിയിച്ചുകൊണ്ട് ഓരോ ദിവസവും അവള്‍ മുന്നോട്ടു പോയി. അധികം പേരൊന്നും ഇല്ലെങ്കിലും കൂടെ നില്‍ക്കാന്‍ മനസുറപ്പും ആത്മാര്‍ത്ഥതയുമുള്ള കുറച്ചു സഹപ്രവര്‍ത്തകര്‍ കൂടി അവള്‍ക്കൊപ്പം വന്നപ്പോള്‍ സധൈര്യം മുന്നോട്ടുപോകാനും നടിക്കായി.
എല്ലാ പീഢനങ്ങളിലുമെന്നപോലെ ഇര വീണ്ടു വീണ്ടും അപമാനിക്കപ്പെടുന്ന ദുരവസ്ഥ നടിക്കും ഉണ്ടായി. അതവളുടെ സുഹൃത്തുക്കളെന്നു കരുതിയവരില്‍ നിന്നുപോലും. അപ്പോഴും അചചഞ്ചലയായി നില്‍ക്കാനും പക്വമതിയായി പെരുമാറാനും കാണിച്ച ആ വിവേകം നടിയോടുള്ള മതിപ്പ് ഏവരിലും കൂട്ടുകയായിരുന്നു. തനിക്കു നീതികിട്ടുമെന്നുതന്നെയുള്ള വിശ്വസമായിരുന്നു അവളെ അതിനു പ്രേരിപ്പിച്ചിരിക്കുക. ആ വിശ്വാസം ഇപ്പോള്‍ ലക്ഷ്യത്തിലേക്കെത്തുകയാണ്. സിനിമമേഖലയിലെ പുരുഷമേധാവിത്വത്തിന്റെ ആണിക്കല്ല് ഇളക്കാന്‍ പോലും ശക്തിയുള്ള തരത്തില്‍ ഈ കേസ് മാറുമ്പോള്‍ ചരിത്രം അവളെ ധീരയയി രേഖപ്പെടുത്തുകയും മാതൃകയാക്കുകയും ചെയ്യും. ജയിക്കണമെങ്കില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതിരിക്കുക; ആ നടി പകര്‍ന്നു തരുന്ന ഈ വിശ്വാസം എല്ലാ സ്ത്രീകള്‍ക്കുമായാണ്…