UPDATES

ട്രെന്‍ഡിങ്ങ്

നടിയുടെ വിവാഹം മുടക്കലും ലക്ഷ്യമായിരുന്നോ?

വിരലിലെ മോതിരവും ചിരിക്കുന്ന മുഖവും പകര്‍ത്താന്‍ നിര്‍ദേശിച്ചത് വിവാഹം മുടക്കാനായിരിക്കാമെന്നു നിഗമനം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു പിന്നില്‍ അവരുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നതായി പൊലീസിനു വ്യക്തമായതായി മാധ്യമങ്ങള്‍ പറയുന്നു. അതേസമയം ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതി പള്‍സര്‍ സുനിക്ക്(സുനില്‍കുമാര്‍) സ്വയമേവ നടിയെ ബ്ലാക്‌മെയില്‍ ചെയ്തു പണംതട്ടാനുള്ള പദ്ധതി ഉണ്ടായിരുന്നതായും പൊലീസ് പറയുന്നതായി വാര്‍ത്തകള്‍. ഇന്നലെ ചേര്‍ന്ന പൊലീസ് ഉന്നതതലയോഗത്തില്‍ തെളിവുകള്‍ വിശകലനം ചെയ്തപ്പോഴാണ് ഇത്തരം നിഗമനങ്ങളിലേക്ക് എത്തിയതെന്നു കരുതുന്നു.

നേരത്തെ പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴിയില്‍ വിരലില്‍ കിടക്കുന്ന മോതിരം കാണുന്നവിധം ചിരിച്ച മുഖത്തോടെയുള്ള നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തനിക്കു നിര്‍ദേശം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. ഈ ദൃശ്യം ഉപയോഗിച്ച് വിവാഹം മുടക്കുകയായിരിക്കാം ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു. എന്നാല്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് നടിയുടെ വിവാഹം മുടക്കിയതുകൊണ്ട് എന്തുനേട്ടമെന്ന് പൊലീസിന് മനസിലായിട്ടില്ല.

ക്വട്ടേഷന്‍ നല്‍കിയത് ആരാണെന്ന കാര്യത്തില്‍ പൊലീസിന് ഇപ്പോഴും സംശയം ബാക്കി നില്‍ക്കുകയണ്. നടിയോട് വിരോധമുള്ള ഒന്നിലേറെ ആളുുകള്‍ സിനിമരംഗത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരാളാണോ അതോ ഒന്നിലധികം പേര്‍ പിന്നിലുണ്ടോ എന്നകാര്യത്തില്‍ വ്യക്തവേണമെന്നാണ് അന്വേഷണ സംഘം പറയുന്നതെന്നും വാര്‍ത്തകള്‍. അതേസമയം ഇതു സുനില്‍കുമാര്‍ സ്വന്തമായി തീരുമാനിച്ച് ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.

ഇന്നലെ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തില്‍ ദിലീപിനെയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നടിയുമായി വ്യക്തിപരമായും തൊഴില്‍പരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഒരാളെന്ന നിലയില്‍ കൂടുതല്‍ വിവരങ്ങള്‍ ദിലീപില്‍ നിന്നും ചോദിച്ചറിയാമെന്നു പൊലീസ് കരുതുന്നു. ആദ്യത്തെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ച് പരസപരവിരുദ്ധമായ മൊഴികളായിരുന്നു ദിലീപ് നല്‍കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സംശയം നീളുന്ന കാവ്യമാധവനെയോ അവരുടെ അമ്മയേയോ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നുവെന്നതിനെക്കുറിച്ച് സൂചനകളില്ല. ദിലീപിനെയോ നാദിര്‍ഷായേയോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും നിലവില്‍ തീരുമാനം ആയിട്ടില്ല.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പൊലീസിന് മാര്‍ച്ചില്‍ തന്നെ കിട്ടിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇപ്പോള്‍ അന്വേഷിക്കുന്നത് ഗൂഢാലോചനയും ഇതിന് പ്രേരണ ചെലുത്തിയവരെക്കുറിച്ചും മാത്രമാണെന്നും അദ്ദേഹം പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അത് ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചാണ് വ്യക്തത വരുത്തിയത്. കേസിലെ ഒരു തെളിവും അതാണെന്നും ബെഹ്‌റ പറഞ്ഞു. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ പരിശോധനയ്ക്കായി ലഭിച്ചെന്നും അതിന്റെ വിശദാംശം അടുത്തദിവസം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നതായും ഫൊറന്‍സിക് ലാബ് ഉന്നതരും സ്ഥിരീകരിച്ചു. ഇപ്പോള്‍ പുതിയതായി കുറ്റകൃത്യം സംബന്ധിച്ച ഒരു തെളിവും പൊലീസ് ശേഖരിച്ചിട്ടില്ല. എന്നാല്‍ അക്രമത്തിന് പിന്നിലുളളവരെക്കുറിച്ച് കുറെ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിജിപി ബെഹ്‌റ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍