UPDATES

സിനിമ

13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; ആത്മവിശ്വാസമുണ്ടെന്നു ദിലീപ്, ആര്‍ക്കും ക്ലീന്‍ ചിറ്റ്‌ കൊടുത്തിട്ടില്ലെന്നു പൊലീസ്

ചോദ്യം ചെയ്യലാണ് നടന്നതെന്നു പൊലീസ് പറയുമ്പോഴും മൊഴിയെടുക്കലാണ് നടന്നതെന്നു ദിലീപ് ആവര്‍ത്തിക്കുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും അടിസ്ഥാനമാക്കി നടന്‍ ദിലീപിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തത് 13 മണിക്കൂറോളം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊലീസ് ക്ലബ്ബില്‍ എത്തിയ ദിലീപ് മടങ്ങിയത് ഇന്നു പുലര്‍ച്ചെ 1.10 ഓടെ. എന്നാല്‍ നടന്നത് ചോദ്യം ചെയ്യല്‍ അല്ലെന്നും താന്‍ മൊഴികൊടുക്കാനാണ് എത്തിയതെന്നുമാണ് ദിലീപ് ആവര്‍ത്തിക്കുന്നത്. കൂടുതലൊന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറാകാഞ്ഞ ദിലീപ് തനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തതെന്നാണ് മാധ്യമവവാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നല്‍കിയ പരാതിയില്‍ മൊഴികൊടുക്കാനാണ് പൊലീസിനെ കാണുന്നതെന്നായിരുന്നു ദിലീപ് ഇന്നലെ പറഞ്ഞിരുന്നത്. ഇന്നു പുലര്‍ച്ചെ തിരികെ പോരുമ്പോഴും തന്റെ പരാതിയില്‍ മൊഴിയെടുക്കലാണ് നടന്നതെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയതായി അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റൂറല്‍ എസ് പി എ വി ജോര്‍ജ് മാധ്യങ്ങളോടു പറഞ്ഞു. ഇതാര്‍ക്കും ക്ലീന്‍ ചീറ്റ് കൊടുക്കുന്ന നടപടിയല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായ മൊഴിയെടുപ്പാണെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെടുമെന്ന വിവരം ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് സുനി നല്‍കിയ മൊഴി. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ നടന്ന ഗൂഢാലോചനയിലല്‍ ദിലീപിന്റെ പേര് പറയാതിരിക്കാന്‍ തനിക്ക് ഒന്നരക്കോടി രൂപ സുനിക്കു വേണ്ടി സഹതടവുകാരന്‍ വിഷ്ണു ആവശ്യപ്പെട്ടെന്നു ദിലീപും പരാതി നല്‍കിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലും വ്യക്തവരുത്താനാണ് 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിലീപിനെ പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ സുനി എഴുതിയതെന്നു പറയുന്ന ഒരു കത്തും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. നടിക്കുനേരെ നടന്ന അതിക്രമത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്നലെ നടന്നത് ചോദ്യം ചെയ്യല്‍ തന്നെയാണെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എഡിജിപി ബി സന്ധ്യ, എസ് പി എവി ജോര്‍ജ്, അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസ് എന്നിവരാണ് ചോദ്യം ചെയ്യലിനു നേതൃത്വം കൊടുത്തത്. നാദിര്‍ഷ, ദിലീപ് എന്നിവരെ വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് ചോദ്യം ചെയ്തത്. മുന്‍കൂര്‍ ചോദ്യങ്ങളും അവയുടെ മറുപടയില്‍ നിന്നുള്ള ഉപചോദ്യങ്ങളും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനോട് ഇരുവരും സഹകരിച്ചെങ്കിലും ചിലയിടങ്ങളില്‍ വ്യത്യസ്തമായ മറുപടികള്‍ ഉണ്ടായതാണ് ചോദ്യം ചെയ്യല്‍ സമയം നീണ്ടുപോകാന്‍ കാരണായതെന്നും പൊലീസ് പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍