UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിക്കെതിരെയുള്ള ആക്രമണം: ചാനലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബാബുരാജ്

‘ചാനലുകളിലെ ചര്‍ച്ചകള്‍ പല അവസരങ്ങളിലും ‘എ’ സര്‍ട്ടിഫൈഡ് സിനിമകളുടെ നിലവാരത്തിലേക്ക് തരംതാണുപോയി’

നടിക്കെതിരെയുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ ചാനലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാബുരാജ്. ചാനലുകളിലെ ചര്‍ച്ചകള്‍ പല അവസരങ്ങളിലും ‘എ’ സര്‍ട്ടിഫൈഡ് സിനിമകളുടെ നിലവാരത്തിലേക്ക് തരംതാണുപോയിയെന്നും ചാനലുകള്‍ക്ക് തങ്ങളുടെ റേറ്റിങ്ങ് കൂട്ടാന്‍ ഇതിലൂടെ സാധിക്കുമെന്നതൊഴിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാകുന്ന ഒരു കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ബാബുരാജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അശുപത്രിയിലിരുന്നുകൊണ്ടായിരുന്നു ബാബുരാജ് പ്രതികരിച്ചത്.

ബാബുരാജിന്റെ പോസ്റ്റ്-

‘സുഹൃത്തുക്കളെ… വളരെ വിഷമത്തോടെയാണ് ആശുപത്രി കിടക്കയില്‍ നിന്നും ഞാന്‍ പ്രതികരിക്കുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ പ്രിയങ്കരിയായ ഒരു സഹപ്രവര്‍ത്തകയ്ക്കെതിരെ ഈ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമം വളരെ വേദനയോടെയാണ് ഞാന്‍ കേട്ടത്. പക്ഷേ എന്നെ അതിലും വേദനിപ്പിച്ചത് ഈ സംഭവത്തെ കുറിച്ച് വാര്‍ത്താ ചാനലുകളില്‍ മറ്റും നടന്ന ചര്‍ച്ചകളാണ്. പല അവസരങ്ങളിലും ‘എ’ സര്‍ട്ടിഫൈഡ് സിനിമകളുടെ നിലവാരത്തിലേക്ക് ചര്‍ച്ചകള്‍ തരംതാഴുകയുണ്ടായി. ചാനലുകള്‍ക്ക് തങ്ങളുടെ റേറ്റിങ്ങ് കൂട്ടാന്‍ ഇതിലൂടെ സാധിക്കുമെന്നതൊഴിച്ചാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാകുന്ന ഒരു കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്റെ അറിവില്‍ ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ പീഢനത്തിനു ഇരയായ പെണ്‍കുട്ടി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി സ്വീകരിച്ച പോലീസുകാരന്‍ ആ പെണ്‍കുട്ടിയോട് പലപ്പോഴായി വീണ്ടും വീണ്ടും ആ സംഭവത്തെ കുറിച്ച് ചോദിക്കുകയും പിന്നീട് അത് ഒരു ശല്യമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി പരാതി പിന്‍വലിക്കുകയും ഉണ്ടായി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നേരെയുള്ള സമൂഹത്തിന്റെ മനോഭാവം അത്രമാത്രം അധപതിച്ചുവെന്നത് വളരെ വേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്.സിനിമയിലും മറ്റു മേഖലകളിലും പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ അവസരത്തിലാണ് പ്രതികരിക്കേണ്ടത്. പ്രശസ്തയായ ഒരു ചലച്ചിത്ര നടിക്ക് സംഭവിച്ചത് നാളെ ഒരു സാധാരണ പെണ്‍കുട്ടിക്ക് സംഭവിക്കുകയില്ല എന്ന് എങ്ങനെ നമുക്ക് പറയാന്‍ സാധിക്കും. സണ്‍ഫിലിം പോലും ഒട്ടിക്കാത്ത, യാതൊരു മറകളും ഇല്ലാത്ത ഒരു കാറില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് മറ്റുള്ളവര്‍ എന്തുകൊണ്ട് കണ്ടില്ലാ എന്നതിനെ കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ എന്ന ഒരു സ്വാര്‍ത്ഥമായ സങ്കല്‍പ്പത്തിലേക്ക് ആളുകള്‍ മാറി ചിന്തിക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നാളെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമെ ആ വേദനയുടെ കാഠിന്യം നാം മനസിലാക്കുകയുള്ളു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍