UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡെറ്റോള്‍ ഇട്ടു കഴുകിയാല്‍ മാറാവുന്ന അഴുക്ക് മാത്രമാണ് നിനക്കുണ്ടായിരിക്കുന്നത്; ആക്രമിക്കപ്പെട്ട നടിയോട് ചെന്നിത്തല

സ്ത്രീ സൗഹൃദ സംസ്ഥാനം എത്രപെട്ടന്നാണ് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി മാറിയത്- ചെന്നിത്തല

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ചലച്ചിത്രലോകവും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങിയത് ഏറെ ആശ്വാസകരമാണെന്നും എന്നാല്‍ സാംസ്‌കാരിക നായകരുടെ കുറ്റകരമായ മൗനം തന്നെ ഏറെ ഭയപ്പെടുത്തുന്നുവെന്നും ചെന്നിത്തല തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എഴുത്തുകാരി മാധവികുട്ടി ചൂണ്ടിക്കാട്ടിയപോലെ ഡെറ്റോള്‍ ഇട്ടു കഴുകിയാല്‍ മാറാവുന്ന അഴുക്ക് മാത്രമാണ് അക്രമികള്‍ നിന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്, വേദന മറക്കണം എന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത് പകരം എല്ലാം ഓര്‍ത്തുകൊണ്ട്, അതിനെ മറികടന്നു തളരാതെ നീ ഇനിയും പോരാടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ചെന്നിത്തലയുടെ പോസ്റ്റ് അവസാനിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘പ്രിയ കുഞ്ഞനുജത്തിക്ക്
തെക്കേ ഇന്ത്യ അറിയുന്ന സെലിബ്രിറ്റി ആയാലും ഒരു സാധാരണ പെണ്‍കുട്ടി ആയാലും സ്ത്രീത്വം അപമാനിക്കുപ്പെടുന്നത് സഹിക്കാനാവാത്ത വേദനയാണ്. സ്ത്രീകളുടെമേല്‍ ഇഷ്ടമല്ലാത്ത ഒരു സ്പര്‍ശനം മാത്രമല്ല നോട്ടം പോലും ദേഹത്തു കൂടി ചേര ഇഴയുന്ന പോലെയാണ് എന്നറിയാം. നിന്നിലെ മുറിപ്പാട് ഉണ്ടാക്കുന്ന വേദന ഇന്ന് മലയാളിയുടെ മുഴുവന്‍ ഹൃദയ വേദനയായി തീര്‍ന്നിരിക്കുന്നു. നിന്റെ നിലവിളി അത് അസ്വസ്ഥരായ ആയിരം മനസുകളുടെ വേദന കൂടിയാണ്. ഇനി ഇവിടെ ജിഷമാര്‍ ഉണ്ടാകരുതെന്നും, സുരക്ഷയ്ക്കായി തലയിണയ്ക്കടിയില്‍ വാക്കത്തി കരുതിവച്ച കിടക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകില്ലെന്നും കൂടെ കൂടെ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടും തെരുവില്‍ സ്ത്രീകള്‍ വീണ്ടും വീണ്ടും ആക്രമിക്കപെടുന്നു. ഒറ്റപെട്ട സംഭവം എന്നൊക്കെ പറഞ്ഞു പ്രശ്‌നത്തെ നിസാരവല്‍ക്കരിക്കാനുള്ള ശ്രമം കേരളം അംഗീകരിക്കില്ല.
ചലച്ചിത്രലോകവും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങിയത് ഏറെ ആശ്വാസകരമാണ്. ഇവരെ പിന്തുണക്കുന്നതിനൊപ്പം പ്രതികരിക്കുന്ന മനസിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ സാംസ്‌കാരിക നായകരുടെ കുറ്റകരമായ മൗനം എന്നെ ഏറെ ഭയപ്പെടുത്തുന്നു. സ്ത്രീ സൗഹൃദ സംസ്ഥാനം എത്രപെട്ടന്നാണ് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥലമായി മാറിയത്. കഴിഞ്ഞ ഏഴെട്ടു മാസങ്ങളില്‍ ഉയര്‍ന്ന സ്ത്രീപീഡന കണക്കുകള്‍ കണ്ടാല്‍ ഞെട്ടിപ്പോകും. ദുശ്ശാസന വേഷങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറുന്നു.
കുറ്റകൃത്യം തടയുന്നതില്‍ പരാജയപെട്ട ആഭ്യന്തര വകുപ് ആരെയും പഴിചാരാതെ ഇനിയെങ്കിലും വേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. അല്ലാത്ത പക്ഷം വലിയൊരു ജനരോഷത്തെയാണ് അവര്‍ നേരിടാന്‍ പോകുന്നത്. ഇവരെ ഒറ്റപ്പെടുത്തുന്നതിനൊപ്പം ഭഭനീ വെറും പെണ്ണ് ഭഭ തുടങ്ങി സ്ത്രീകളെ ഇകഴ്ത്തിക്കെട്ടുന്ന ഡയലോഗുകളെ സിനിമയുടെയും ജീവിതത്തിന്റെയും പടിക്കെട്ടിനു പുറത്തു നിര്‍ത്താന്‍ ജാഗ്രതയുണ്ടാകണം.
പ്രിയ അനുജത്തി, നിന്നെ ഞാന്‍ ഇര എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. നിന്നെ അതിജീവിച്ചവള്‍ എന്ന് വിളിക്കാനാണ് താത്പര്യപ്പെടുന്നത്. എഴുത്തുകാരി മാധവികുട്ടി ചൂണ്ടിക്കാട്ടിയപോലെ ഡെറ്റോള്‍ ഇട്ടു കഴുകിയാല്‍ മാറാവുന്ന അഴുക്ക് മാത്രമാണ് അക്രമികള്‍ നിന്നില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. വേദന മറക്കണം എന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത് പകരം എല്ലാം ഓര്‍ത്തുകൊണ്ട്, അതിനെ മറികടന്നു തളരാതെ നീ ഇനിയും പോരാടണം. ജോലിയിലേക്ക് മടങ്ങി വരണം. ഞങ്ങളുടെ പ്രിയങ്കരിയായ നിന്റെ ചിരിക്കുന്ന മുഖം ഇനിയും വെള്ളിത്തിരയില്‍ കാണണം.
നീ ഒറ്റയല്ല, ഒറ്റയല്ല ഒറ്റയല്ല ഞങ്ങളെന്നെന്നും കൂടെയുണ്ട്..’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍