UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ത്തവകാല അടിവസ്ത്രം; പരസ്യം അനിഷ്ടകരമാകുമ്പോള്‍

Avatar

കെയ്റ്റ്‌ലിന്‍ ഗിബ്‌സണ്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

വനിതകളുടെ ജീവിതം കൂടുതല്‍ സ്വതന്ത്രമാക്കുകയായിരുന്നു തിന്‍ക്‌സ് സ്ഥാപകരുടെ ലക്ഷ്യം. ആര്‍ത്തവകാലം സുരക്ഷിതമാക്കുന്ന അടിവസ്ത്രം വിപണിയിലെത്തിച്ച് ലക്ഷ്യത്തോട് അടുത്തെങ്കിലും ഉത്പന്നത്തിന് കൂടുതല്‍ പ്രചാരം നല്‍കാനുള്ള ശ്രമം അത്രയെളുപ്പത്തില്‍ വിജയിച്ചില്ല.

2014ലാണ് തിന്‍ക്‌സ് രംഗത്തുവരുന്നത്. ആര്‍ത്തവകാലത്ത് പാഡുകളും ടാംപൂണുകളും നല്‍കുന്നതിലും മികച്ച സംരക്ഷണം ഉറപ്പുവരുത്തുന്ന അടിവസ്ത്രം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. മൂന്നുവര്‍ഷത്തെ പരീക്ഷണങ്ങള്‍കൊണ്ട് കമ്പനി അതീവ ആഗിരണശേഷിയുള്ള ആന്റി മൈക്രോബിക് ഫാബ്രിക് വികസിപ്പിച്ചെടുത്തിരുന്നു. രണ്ട് ടാംപൂണുകളുടെ(tampon)യത്ര ആഗിരണശേഷി, ലീക്കേജ് സുരക്ഷ, കഴുകലും വീണ്ടുമുള്ള ഉപയോഗവും താങ്ങാനുള്ള കരുത്ത്, എന്നാല്‍ കനംകുറവ് – ഇതെല്ലാമായിരുന്നു ഉത്പന്നത്തിന്റെ അവകാശവാദം.

പാഡുകളും ടാംപൂണുകളും ഒഴിവാക്കുക എന്നത് നിരസിക്കാനാകാത്ത പ്രലോഭനമായിരുന്നു. തിന്‍ക്‌സിന് ആവശ്യക്കാരുടെ കുറവുണ്ടായില്ല. ഈവര്‍ഷം തുടങ്ങിയ വെബ്‌സൈറ്റും മാധ്യമങ്ങളും വഴി സജീവസാന്നിധ്യം അറിയിച്ച കമ്പനി ആര്‍ത്തവ ശുചിത്വദിനമെന്ന പേരില്‍ മേയ് 28നു നടത്തിയ പ്രത്യേകവില്‍പനയിലൂടെ വന്‍തോതില്‍ പുതിയ ഉപയോക്താക്കളെ നേടി.

ഇതിനുശേഷവും ആവശ്യക്കാരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. അഞ്ചുമാസത്തെ സ്റ്റോക്ക് അഞ്ചാഴ്ച കൊണ്ടു വിറ്റുതീര്‍ന്നുവെന്നാണ് കമ്പനി പ്രസിഡന്റ് മിക്കി അഗ്രവാള്‍ അറിയിച്ചത്. ‘അത് ഞങ്ങള്‍ക്ക് ഗംഭീരതുടക്കമായിരുന്നു’.

വിപണിയില്‍ ലഭിച്ച മികച്ച പ്രതികരണത്തില്‍ അടിയുറപ്പിച്ച് ന്യൂയോര്‍ക്ക് സബ്‌വേയില്‍ പരസ്യങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് കമ്പനി പ്രതിസന്ധിയെ നേരിട്ടത്. പരസ്യചിത്രങ്ങള്‍ ലളിതമായിരുന്നു:  കറുത്ത അടിവസ്ത്രവും വെളുത്ത മുകള്‍ വസ്ത്രവും ധരിച്ച് സ്റ്റൂളില്‍ മുഖം താഴേയ്ക്കാക്കി ഇരിക്കുന്ന വനിതയാണ് ഒന്നിലെങ്കില്‍ കറുത്ത അടിവസ്ത്രവും സ്വെറ്ററും ധരിച്ച് കൈ പുറകില്‍ക്കെട്ടി ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന വനിതയാണ് മറ്റൊന്നില്‍.

തൊലികളഞ്ഞ് പാതിമുറിച്ച ഒരു ചെറുമധുരനാരങ്ങയുടെ ചിത്രമാണ് ഒന്നിലെങ്കില്‍ മറ്റൊന്നില്‍ പൊട്ടിയൊഴുകുന്ന ഒരു മുട്ടയുടെ ചിത്രം. അടിക്കുറിപ്പ് അഞ്ചുവാക്കുകള്‍ മാത്രം: ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കുവേണ്ടിയുള്ള അടിവസ്ത്രം.

മെട്രോപൊലീറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റി (എംടിഎ) ഉപയോഗിക്കുന്ന പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന കമ്പനി – ഔട്ട്ഫ്രണ്ട് മീഡിയ – തിന്‍ക്‌സ് പരസ്യങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. സബ്‌വേയില്‍ ഉപയോഗിക്കാന്‍ പറ്റാത്തവിധം ലൈംഗികച്ചുവയുള്ളവയാണ് പരസ്യങ്ങള്‍ എന്നതായിരുന്നു കാരണം.

ബിക്കിനിധാരികളും ബ്രെസ്റ്റ് ഇംപ്‌ളാന്റ് പരസ്യമോഡലുകളും നിറയുന്ന സബ് വേ തിന്‍ക്‌സ് പരസ്യത്തിനു വിലക്കു കല്‍പിച്ചതിന്റെ ന്യായം ഉത്പാദകര്‍ക്കു ബോധ്യമായില്ല. ‘പുരുഷന്മാര്‍ക്കു രസിക്കുന്നതരം പരസ്യങ്ങള്‍ക്ക് സ്വാഗതം. സ്ത്രീകള്‍ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളെപ്പറ്റി സംസാരിക്കുന്ന പരസ്യങ്ങള്‍ക്കു വിലക്ക്, കമ്പനി മാര്‍ക്കറ്റിങ് ഡയറക്ടര്‍ വെറോനിക്ക ഡെല്‍ റോസാരിയോ പറയുന്നു. ‘ഞങ്ങള്‍ ഇത് ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞു, ഇത് സ്ത്രീകളുടെ അവകാശത്തിന്റെ പ്രശ്‌നമല്ല. ഇതിനെ അങ്ങനെ കാണരുത്’.

എന്നാല്‍ തിന്‍ക്‌സിലെ സ്വയം പ്രഖ്യാപിത വനിതാപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നം വിട്ടുകളയാന്‍ ഭാവമുണ്ടായിരുന്നില്ല. അവരത് സ്ത്രീകളുടെ അവകാശപ്രശ്‌നമെന്ന നിലയില്‍ത്തന്നെ മുന്നോട്ടുകൊണ്ടുപോയി. വിവിധ മാധ്യമങ്ങളിലെ കോലാഹലങ്ങള്‍ക്കൊടുവില്‍ പരസ്യങ്ങള്‍ സബ് വേയില്‍ വയ്ക്കാന്‍ അനുമതി ലഭിച്ചു.

കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് സബ്‌വേയില്‍ ഈ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ബെഡ് ഫോര്‍ഡ് എല്‍ സബ്‌വേ സ്‌റ്റോപ്പില്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നു ചാടി സന്തോഷം പ്രകടിപ്പിക്കുന്ന സ്വന്തം ചിത്രം അഗ്രവാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അവര്‍ എഴുതി, ‘ അവസാനം അതു സംഭവിച്ചു’.

നവംബര്‍ 10ന് ‘ദ് വീക്ക് ‘ എന്നു പേരിട്ട 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താചിത്രത്തോടെ തിന്‍ക്‌സ് അവരുടെ വിജയം ആഘോഷിച്ചു. ‘ലോകത്തിലെ ഏറ്റവും പുരാതനമായ ഭ്രഷ്ടി’ന്റെ ഉല്‍പത്തിയും ഫലങ്ങളും നിര്‍വചിക്കുന്ന ചിത്രത്തില്‍ പറയുന്നതനുസരിച്ച് ‘ടാബു’ എന്ന വാക്കിന്റെ ഉദ്ഭവം ‘ടുപുവ’ എന്ന പോളിനേഷ്യന്‍ വാക്കില്‍നിന്നാണ്. ടുപുവ എന്നാല്‍ ആര്‍ത്തവം എന്നര്‍ത്ഥം.

സബ്‌വേയില്‍ വിജയം നേടിയെങ്കിലും ന്യൂയോര്‍ക്ക് ടാക്‌സികളില്‍ സമാനമായ വിഡിയോ പരസ്യങ്ങള്‍ നല്‍കാനുള്ള ശ്രമം രണ്ടു പരസ്യകമ്പനികള്‍ – ക്യാപ്റ്റിവേറ്റും സിഎംടി മീഡിയയും – നിരസിച്ചു.

‘എംടിഎ സംഭവങ്ങള്‍ക്കുശേഷവും അവര്‍ തിന്‍ക്‌സ് പരസ്യങ്ങള്‍ നിരസിച്ചു. യാത്രക്കാരില്‍ അനിഷ്ടമുണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഇത്, അഗ്രവാള്‍ പറയുന്നു.

എംടിഎ ചെയര്‍മാന്‍ തോമസ് പ്രെന്‍ഡെര്‍ഗാസ്റ്റ് തിന്‍ക്‌സ് പരസ്യങ്ങളെ വിശേഷിപ്പിച്ചത് അനിഷ്ടമുണ്ടാക്കുന്നതെന്നാണ്. ‘വ്യക്തിപരമായി ആ പരസ്യങ്ങളുടെ ചിലഭാഗങ്ങള്‍ എനിക്ക് അനിഷ്ടമുണ്ടാക്കുന്നു,” എംടിഎ ബോര്‍ഡ് യോഗത്തില്‍ പ്രെന്‍ഡെര്‍ഗാസ്റ്റ് പറഞ്ഞതായി ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതാണ് അഗ്രവാളിനെ കുഴക്കുന്നതും. ‘നിങ്ങളെ സൃഷ്ടിച്ച രക്തം നിങ്ങളില്‍ അനിഷ്ടമുണ്ടാക്കുന്നോ? ഇത് ലിംഗപരമായ ഇരട്ടത്താപ്പാണ്.’

അവരുടെ പതിവ് ഫോക്കസ് ഗ്രൂപ്പില്‍ വിശകലനം ചെയ്തശേഷമാണ്  കമ്പനി പരസ്യം ഉപയോഗിക്കാന്‍ അനുയോജ്യമല്ലെന്നു തീരുമാനിച്ചതെന്ന് ക്യാപ്റ്റിവേറ്റ് ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ക് കിഡ് അറിയിച്ചു.

’15 വര്‍ഷമായി ഓഫിസ് കെട്ടിടങ്ങളിലും ജോലിസ്ഥലങ്ങളിലും പരസ്യങ്ങളും വിവരങ്ങളും നല്‍കുന്ന ബഹുമാനിക്കപ്പെടുന്ന കമ്പനിയാണ് ഞങ്ങള്‍. ഒരു ബിസിനസ് കെട്ടിടത്തില്‍ എന്തുതരം പരസ്യങ്ങളാണ് കെട്ടിടം ഉടമകളും വാടകക്കാരും കാഴ്ചക്കാരും സ്വീകാര്യമായി കരുതുക എന്ന് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട് ‘, കിഡ് ഇ മെയിലില്‍ പറഞ്ഞു.

‘എന്റെ മകളും ഞാനും തിന്‍ക്‌സ് ഉത്പന്നത്തെപ്പറ്റി ചര്‍ച്ച ചെയ്തു. മകള്‍ ഇത് ഉപയോഗിക്കുന്നതിനാലും അതില്‍ സന്തുഷ്ടയായതിനാലും ഉത്പന്നത്തിന്റെ ഗുണനിലവാരത്തെപ്പറ്റി എനിക്കു സംശയമില്ല. പരസ്യത്തിന്റെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയാണ് നിരസിക്കാനുള്ള തീരുമാനം. തിന്‍ക്‌സ് പരസ്യം ഞങ്ങളുടെ പരസ്യശൃംഖല വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രകോപനപരമാണ്’.

”സ്വന്തം പരസ്യഡിസൈനുവേണ്ടി വീണ്ടും പൊരുതാന്‍ തയാറെടുക്കുകയാണെന്ന് അഗ്രവാള്‍ അറിയിച്ചു. ഇത് അനീതിയാണ്. യഥാര്‍ത്ഥ തുല്യത നേടുംവരെ ഞങ്ങള്‍ പിന്മാറില്ല. ഞങ്ങള്‍ ആ ദൗത്യത്തിലാണ് ”, അഗ്രവാള്‍ പറയുന്നു.

ദൗത്യം അടിവസ്ത്രനിര്‍മാണത്തിലും പരസ്യയുദ്ധങ്ങളിലും അവസാനിക്കുന്നില്ല. 2010ല്‍ ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലെത്തിയ അഗ്രവാള്‍ അവിടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. എല്ലാ മാസവും ഒരാഴ്ച സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടി. ആര്‍ത്തവകാലം തന്റെ നാണക്കേടിന്റെ കാലമാണെന്നു പറഞ്ഞ ആ കുട്ടിയാണ് ആര്‍ത്തവശുചിത്വ ഉത്പന്നങ്ങള്‍ ലഭിക്കാത്ത അനേകരെപ്പറ്റി അഗ്രവാളിനെ ബോധവതിയാക്കിയത്. തിന്‍ക്‌സ് വില്‍ക്കുന്ന ഓരോ ജോഡി അടിവസ്ത്രവും ആഫ്രിക്കയിലെ പെണ്‍കുട്ടികള്‍ക്കുള്ള സഹായമാകും. ഉഗാണ്ടയില്‍ വിലകുറഞ്ഞ സാനിറ്ററി പാഡുകള്‍ വില്‍ക്കുന്ന ആഫ്രിപാഡ്‌സിന് തിന്‍ക്‌സ് നല്‍കുന്ന സാമ്പത്തികസഹായം വഴിയാണിത്.

മൂത്രാശയനിയന്ത്രണ പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്കുവേണ്ടി തിന്‍ക്‌സ് പ്രത്യേക അടിവസ്ത്രം പുറത്തിറക്കുന്നുണ്ട്. ”ഐക്കണ്‍” എന്നു പേരിട്ടിട്ടുള്ള ഇതിന്റെ വില്‍പനയില്‍നിന്ന് ഫിസ്റ്റുല ഫൗണ്ടേഷന് സാമ്പത്തികസഹായം നല്‍കാനാണു പരിപാടി. പ്രസവത്തിനുശേഷം ഫിസ്റ്റുല ബാധിക്കുന്ന സ്ത്രീകളെ സഹായിക്കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നത്.

ട്രാന്‍സ്‌ജെന്‍ഡറുകളെപ്പറ്റിയുള്ള ബോധവല്‍ക്കരണ വാരത്തിന്റെ ഭാഗമായി തിന്‍ക്‌സ് ആര്‍ത്തവകാല അടിവസ്ത്രത്തിന്റെ ബോയ്‌ഷോര്‍ട്‌സ് പതിപ്പും പുറത്തിറക്കി. റെഡിറ്റ്, ടംബ്‌ളര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സൊസൈറ്റികളുടെ ആവശ്യപ്രകാരമാണിത്. ഇതിനും പരസ്യക്യാംപെയ്‌നുകള്‍ നടത്താന്‍ തിന്‍ക്‌സ് ഒരുങ്ങുകയാണ്.

‘സാംസ്‌കാരിക മാറ്റത്തിന്റെ ഭാഗമാകുക എന്നത് ആവേശകരമാണ്. വെല്ലുവിളികള്‍ ഉണ്ടാകും. പക്ഷേ അത് നല്ല പോരാട്ടത്തിന്റെ ലക്ഷണമാണ്. ഇരട്ടത്താപ്പുകളും ലൈംഗികഅസമത്വവുമുണ്ടാകും. പക്ഷേ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ലാതാക്കാനും സാംസ്‌കാരികമാറ്റമുണ്ടാക്കാനും പോരാടുന്ന കമ്പനികളിലൊന്നാകാന്‍ ഞങ്ങള്‍ക്കു കഴിയും’, അഗ്രവാള്‍ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍