UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രാഡ്മാന്റെ ശരാശരിയെ മറികടന്ന് ആദം വോഗ്‌സ്

അഴിമുഖം പ്രതിനിധി

ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ശരാശരി ഓസ്‌ത്രേലിയന്‍ താരം തന്നെ മറി കടന്നു. ആദം വോഗ്‌സ് ആണ് 99.94 എന്ന ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയ റെക്കോര്‍ഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്.

ന്യുസിലാന്റിനെതിരായി വെല്ലിങ്ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് 36-കാരനായ വോഗ്‌സ് ബ്രാഡ്മാനെ മറികടന്ന് 100.33 എന്ന ശരാശരി കുറിച്ചത്.

ഓസ്‌ത്രേലിയക്കുവേണ്ടി വോഗ്‌സ് പുറത്താകാതെ 176 റണ്‍സ് എടുത്തു. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 463 റണ്‍സ് ഓസ്‌ത്രേലിയ കുറിച്ചു. 280 റണ്‍സിന്റെ ലീഡ്.

35-ാം വയസ്സില്‍ കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയ വോഗ്‌സ് ഇതുവരെ 1204 റണ്‍സുകള്‍ നേടിയിട്ടുണ്ട്. 14 ടെസ്റ്റുകളിലെ 19 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഇത്രയും റണ്‍സ് നേടിയതും റെക്കോര്‍ഡ് കുറിച്ചതും. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 269 നോട്ടൗട്ടും.

പുറത്താകാതെ 500 റണ്‍സ് നേടിയ ആദ്യ കളിക്കാരനും വോഗ്‌സാണ്. ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ 269 (നോട്ടൗട്ട്), 106 (നോട്ടൗട്ട്) റണ്‍സും വോഗ്‌സ് നേടിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ് അദ്ദേഹം സെഞ്ച്വറി നേടുന്നതും. കരിയറില്‍ മൊത്തം സെഞ്ച്വറികളുടെ എണ്ണം അഞ്ചാകുകയും ചെയ്തു. രണ്ട് പുറത്താകലുകള്‍ക്കിടയില്‍ മൊത്തം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

സചിന്റെ 12 വര്‍ഷത്തെ പഴക്കമുള്ള റെക്കോര്‍ഡാണ് വോഗ്‌സ് മറികടന്നത്. 497 റണ്‍സായിരുന്നു സചിന്റെ റെക്കോര്‍ഡ്. 2004 ജനുവരി മുതല്‍ ഏപ്രില്‍ വരെ 241(നോട്ടൗട്ട്), 60(നോട്ടൗട്ട്), 194(നോട്ടൗട്ട്), രണ്ട് (ഔട്ട്) എന്നതായിരുന്നു സചിന്റെ പ്രകടനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍