UPDATES

നോട്ട് മാറ്റം രാജ്യസുരക്ഷയ്‌ക്കെന്ന് അദാനി; രൂക്ഷ പരിഹാസവും വിമര്‍ശനവും മറുപടി

അഴിമുഖം പ്രതിനിധി

500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ട്വിറ്ററില്‍ മറുപടികള്‍. നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യസുരക്ഷക്കും പുരോഗതിക്കും അനിവാര്യമാണ്. അതിനെ സ്വാഗതം ചെയ്യുന്നു എന്നാണു അദാനി ട്വീറ്റ് ചെയ്തത്. രസകരമായ പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്.

താങ്കളുടെ കള്ളപ്പണം പണ്ടേ വെളുപ്പിച്ചതാണല്ലോ. ആസ്വദിക്കൂ എന്ന് റാവു അരീബ് എന്നയാളുടെ ട്വീറ്റ്. അദാനിയേയും അംബാനിയേയും ഒരു ഭീമന്‍ ത്രാസിലെ രണ്ട് തട്ടിലിരുത്തി ചുമന്നുകൊണ്ടുപോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ട്രോളായി കൊടുത്തിരിക്കുന്നു. താങ്കളുടെ സഹായമില്ലായിരുന്നെങ്കില്‍ ഇത് സാദ്ധ്യമാകില്ലായിരുന്നുവെന്ന് നിതിന്‍ ചവാന്‍. കൂടെ അദാനി ഗ്രൂപ്പിന്‌റെ വിമാനത്തില്‍ മോദി കയറുന്ന ഫോട്ടോയും.

കള്ളപ്പണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ അദാനി ഗ്രൂപ്പിനെതിരായ കേസുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ട്വീറ്റ്. അദാനിയുടെ ഈ ട്വീറ്റ് നോട്ട് പിന്‍വലിക്കല്‍ വലിയ പരാജയമാണെന്ന് വ്യക്തമാക്കുന്നതായി പ്രണവ് സച്‌ദേവയുടെ ട്വീറ്റ്. കള്ളപ്പണം കൊണ്ട് താങ്കള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ എന്തൊക്കെ ബുദ്ധിമുട്ടുണ്ടായി എന്ന് സര്‍സിജ് നയനം. 2019 വരെ കാത്തിരിക്കൂ താങ്കളെ തൂക്കിയെടുത്ത് ജയിലിലിടുമെന്ന് മറ്റൊരു ട്വീറ്റ്.

കള്ളന്‍ സാരോപദേശം നല്‍കുന്നു എന്ന് മറ്റൊരാള്‍. ജനങ്ങള്‍ വലയുമ്പോള്‍ അദാനി ഗ്രൂപ്പിന് ചുമത്തിയിരുന്ന 200 കോടി രൂപ പിഴ മോദി ഒഴിവാക്കി കൊടുത്തുവെന്ന് ടീന ആര്‍ജി. ഐറണി (വൈരുദ്ധ്യം) മരിച്ചു പോയെന്ന് രസകരമായ മറ്റൊരു ട്വീറ്റ്. താങ്കള്‍ കള്ളപ്പണ വേട്ടയെ പിന്തുണക്കുന്ന സ്ഥിതിക്ക് ജോസി ജോസഫിന്‌റെ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേര്‍സ് എന്ന പുസ്തകം വായിക്കൂ എന്ന് ട്വീറ്റുമുണ്ട്. അദാനിക്ക് കിട്ടിയിരിക്കുന്ന മറുപടികളില്‍ വളരെ അപൂര്‍വമായ ചിലതൊഴിച്ചാല്‍ എല്ലാം കടുത്ത പരിഹാസവും രൂക്ഷ വിമര്‍ശനവുമാണ്. ചിലര്‍ ബിജെപിയുടെ ഇരട്ടത്താപ്പിനെ കുറിച്ചും പറയുന്നു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന അരാജകത്വത്തില്‍ ശക്തമായ ജനരോഷമാണ് പ്രകടമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍