UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭിന്നലിംഗക്കാരെ എന്തു വിളിക്കണം?

Avatar

ജോഷ് ബ്ലാക്ക്മാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഭിന്നലിംഗക്കാരെ അവരിഷ്ടപ്പെടുന്ന സര്‍വനാമങ്ങള്‍ ഉപയോഗിച്ചുവേണം സംബോധന ചെയ്യാനെന്ന് മനുഷ്യാവകാശങ്ങള്‍ക്കായുള്ള ന്യൂയോര്‍ക്ക് സിറ്റി കമ്മിഷന്‍ ഈയിടെ തൊഴിലുടമകള്‍ക്കും ഭൂവുടമകള്‍ക്കും പ്രഫഷണലുകള്‍ക്കും നിര്‍ദേശം നല്‍കി. ജനനസമയത്ത് ആണായിരുന്നാലും പെണ്ണായിരുന്നാലും ഇപ്പോള്‍ എങ്ങനെ അറിയപ്പെടാനാണ് ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് ആഗ്രഹം എന്നതനുസരിച്ച് മറ്റുള്ളവര്‍ അവരെ അഭിസംബോധന ചെയ്യണമെന്നാണ് നിര്‍ദേശം. ഇതിനു സമാനമായ നിര്‍ദേശവുമായി തുല്യ തൊഴില്‍ അവസര കമ്മിഷനും രംഗത്തുണ്ട്. ഒരു വ്യക്തി ഇഷ്ടപ്പെടുന്ന സര്‍വനാമം ഉപയോഗിക്കാതിരിക്കുന്നത് വിവേചനത്തിനെതിരെയുള്ള നിയമലംഘനമായി കണക്കാക്കുമെന്നാണ് അവരുടെ ഉത്തരവ്.

ആധുനിക സംസ്‌കാരത്തിലൂന്നിയവയാണെന്നു തോന്നുമെങ്കിലും ഫലത്തില്‍ ലിംഗവ്യക്തിത്വം അടിച്ചേല്‍പ്പിക്കുകയാണ് ഈ നിര്‍ദേശങ്ങള്‍ ചെയ്യുന്നത്. സ്വയം വിശ്വസിക്കാത്തതോ മനസിലാക്കാത്തതോ ചെയ്യാത്ത കാര്യങ്ങള്‍ സംസാരത്തില്‍ ഉപയോഗിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രകടമായതും അനുവദനീയമല്ലാത്തതുമായ ലംഘനമാണ്.

മറ്റുള്ളവര്‍ ചില ആശയങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടനാലംഘനമാണെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാസംബന്ധിയായ നിയമങ്ങളില്‍ അഭിപ്രായ ഐക്യം നിലവിലുള്ള അപൂര്‍വമേഖലകളില്‍ ഒന്നാണിത്. നിര്‍ബന്ധിത സംസാര പ്രമാണത്തെ സംബന്ധിച്ച സുപ്രിം കോടതിയുടെ മൗലിക പ്രഖ്യാപനം യഹോവ സാക്ഷി വിശ്വാസസമൂഹത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ കാര്യത്തിലാണുണ്ടായത്. അമേരിക്കന്‍ പതാകയെ സല്യൂട്ട് ചെയ്യാനും പ്ലെജ് ഓഫ് അലീജിയന്‍സ് ഏറ്റുചൊല്ലാനും വിസമ്മതിച്ചതിനെത്തുടര്‍ന്ന് അവന്‍ അച്ചടക്കനടപടിക്കു വിധേയനാക്കപ്പെട്ടു. ഭരണകൂടത്തിന്റെ ഈ നടപടി ഫസ്റ്റ് അമെന്‍ഡ്‌മെന്റിന്റെ ലംഘനമാണെന്നാണ് ബാര്‍നറ്റ് വെസ്റ്റ് വിര്‍ജീനിയ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജൂക്കേഷന്‍ കേസില്‍ കോടതി വിധിച്ചത്. ജസ്റ്റിസ് റോബര്‍ട്ട് ജാക്‌സന്‍ ഇങ്ങനെ പറഞ്ഞു: ‘നമ്മുടെ ഭരണഘടനാ നക്ഷത്രസമൂഹത്തില്‍ സ്ഥിരമായ ഒരു നക്ഷത്രമുണ്ടെങ്കില്‍ അത് ഇതാണ്. രാഷ്ട്രീയത്തിലോ ദേശീയതയിലോ മതത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ എന്താണ് പാലിക്കപ്പെടേണ്ടത് എന്ന് തീരുമാനിക്കാനോ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കാനോ ഒരു ഉദ്യോഗസ്ഥനും – എത്ര ഉയര്‍ന്നവനായാലും താഴ്ന്നവനായാലും – കഴിയില്ല.’

‘പതാകയെ വന്ദിക്കാനും പ്രതിജ്ഞ ഉരുവിടാനും തയ്യാറാകാത്ത വിദ്യാര്‍ത്ഥികളെ അതിനു നിര്‍ബന്ധിക്കാനാകില്ല. സ്വയം വിശ്വസിക്കാത്ത ഒരു പ്രതിജ്ഞ ഉരുവിടണമെന്നു പറയുന്നത് ശരിയല്ല. അഭിപ്രായപ്രകടനവും അതിനു പിന്നിലുള്ള ചിന്തയും രണ്ടായിരിക്കാമെന്ന് നമ്മുടെ നിയമം പറയുന്നില്ല.’

സുപ്രീം കോടതി തുടര്‍ച്ചയായും ഐകകണ്‌ഠ്യേനയും ബാര്‍നറ്റിനെ ശരിവച്ചിട്ടുണ്ട്. ‘ലിവ് ഫ്രീ ഓര്‍ ഡൈ’ എന്നെഴുതിയ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണമെന്ന് ന്യൂ ഹാംപ്‌ഷെയറിലെ ഒരു പൗരനെ നിര്‍ബന്ധിക്കാന്‍ ആകില്ലെന്ന് വൂളി മെനാഡ് കേസില്‍ ജഡ്ജിമാര്‍ വ്യക്തമാക്കി. സെയ്ന്റ് പാട്രിക്‌സ് ഡേ പരേഡില്‍ ഒരു എല്‍ജിബിടി ഗ്രൂപ്പിന്റെ പങ്കാളിത്തത്തിന് സംഘാടകരെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഹര്‍ലി ഐറിഷ് അമേരിക്കന്‍ ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ഗ്രൂപ്പ് ഓഫ് ബോസ്റ്റന്‍ കേസില്‍ കോടതി നിരീക്ഷിച്ചു. സംസാരിക്കുന്നയാള്‍ സ്വയം വിശ്വസിക്കാത്ത ആശയങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ആരോടും നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് ഈ കീഴ്‌വഴക്കങ്ങള്‍ കാണിക്കുന്നത്.

ഒരാള്‍ക്ക് ഇഷ്ടപ്പെട്ട സര്‍വനാമം ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നത് പീഡനത്തിനും നിന്ദിക്കുന്നതിനും തുല്യമാണെന്നുമുള്ള വാദങ്ങളുമായി വിമര്‍ശകര്‍ വന്നേക്കാം. നാമകരണങ്ങളില്‍ കുറഞ്ഞത് മൂന്ന് നിര്‍ണായക വകഭേദങ്ങളുണ്ട്. അപകീര്‍ത്തികരമായ നിന്ദാനാമങ്ങള്‍ ഭാഷയിലുള്ളത് വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെയാണ് – അപകീര്‍ത്തിപ്പെടുത്താന്‍. എന്നാല്‍ ഇത് സര്‍വനാമങ്ങളുടെ കാര്യത്തില്‍ ശരിയല്ല. അനന്തകാലം മുതല്‍ ഭാഷയില്‍ നിലവിലുള്ളതും ആളുകളെ തിരിച്ചറിയുന്നതില്‍ എളുപ്പവഴികളായി പ്രവര്‍ത്തിക്കുന്നവയുമായ നിര്‍ദോഷ പദങ്ങളാണ് സര്‍വനാമങ്ങള്‍. ലക്ഷക്കണക്കിനു വര്‍ഷം മുന്‍പുമുതല്‍ നിലവിലുള്ള നാമകരണരീതി ഇപ്പോള്‍ പീഡനമാണെന്ന തീരുമാനം ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള വഴിയല്ല. അതുപോലെതന്നെ വിവാഹത്തിന്റെ നിര്‍വചനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഭരണകൂടം ഒരിക്കലും ഭാഷയ്ക്ക് അനുവാദം നല്‍കുക എന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഗവണ്‍മെന്‍റ് സംസാരത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ ആദ്യ ഉദാഹരണമാണ് ന്യൂയോര്‍ക്കിന്റെ കേട്ടുകേള്‍വിയില്ലാത്ത സര്‍വനാമ നിര്‍ദേശം.

രണ്ടാമത്, സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ആണും പെണ്ണുമല്ലാത്ത ലിംഗവീക്ഷണം അംഗീകരിക്കുന്നുണ്ടെങ്കിലും അമേരിക്കക്കാരിലെ ബഹുഭൂരിപക്ഷവും ഇതിനെ ജീവിതയാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നില്ല. മൂന്നാംലിംഗക്കാര്‍ ഏത് പൊതുശൗചാലയമാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ സിബിഎസ് ന്യൂസും ന്യൂയോര്‍ക്ക് ടൈംസും നടത്തിയ സര്‍വേയില്‍ 46 ശതമാനം പേരും അഭിപ്രായപ്പെട്ടത് അവര്‍ ജനിച്ചത് ഏതു ലിംഗക്കാരായാണോ അവര്‍ക്കുള്ള ശൗചാലയം ഉപയോഗിക്കണമെന്നാണ്. അവര്‍ ഏതു ലിംഗക്കാരാണെന്നു സ്വയം കരുതുന്നോ ആ വിഭാഗത്തിനുള്ള ശുചിമുറി ഉപയോഗിക്കണമെന്ന് മറ്റ് 41 ശതമാനം പേര്‍ പറഞ്ഞു. ആ ആശയം വിശ്വസിക്കാത്ത 46 ശതമാനത്തെ അവയുമായി പൊരുത്തപ്പെടുത്താനാകില്ലെന്നര്‍ത്ഥം.

മൂന്നാമത്, സഹിഷ്ണുത പ്രചരിപ്പിക്കുന്നതിനും ചിന്തകളെ നിയന്ത്രിക്കുന്നതിനുമിടയ്ക്ക് ലോലവും നിര്‍ണായകവുമായ ഒരു അതിര്‍വരമ്പുണ്ട്. ലിംഗവ്യക്തിത്വം ശരീരഘടനയിലല്ലെന്നും മനോഭാവത്തിലാണെന്നുമുള്ള വീക്ഷണത്തെ അംഗീകരിക്കുംവിധം സംസാരിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നതാണ് ന്യൂയോര്‍ക്ക് നിയമമെന്ന് യുസിഎല്‍എ നിയമ പ്രഫസര്‍ യൂജിന്‍ വോളോക്ക് പറയുന്നു. അഭിപ്രായവോട്ടെടുപ്പ് കാണിക്കുന്നതുപോലെ വിവേകമുള്ളവര്‍ ലിംഗഭേദങ്ങളെപ്പറ്റി ഭിന്നാഭിപ്രായമുള്ളവരാണ്. എല്ലാവരും ഒരേ തരത്തില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സംവാദങ്ങള്‍ അവസാനിക്കുന്നു.

ഭാഷയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുമെന്ന തോന്നല്‍ ജോര്‍ജ് ഓര്‍വെലിന്റെ 1984 എന്ന പുസ്തകത്തിലെ ന്യൂസ്പീക്കിനെ അനുസ്മരിപ്പിക്കുന്നു. ലിംഗഭേദമില്ലാത്ത ‘സെ'(ze) എന്ന വാക്ക് ഉപയോഗിച്ചുവേണം മൂന്നാംലിംഗക്കാരെപ്പറ്റി പരാമര്‍ശിക്കാന്‍ എന്നാണ് ന്യൂയോര്‍ക്ക് ആവശ്യപ്പെടുന്നത്. ഞാന്‍ പരിശോധിച്ച അഞ്ചു നിഘണ്ടുകളിലും ഈ വാക്കുണ്ടായിരുന്നില്ല. ഇങ്ങനെ പോയാല്‍ ഭാവിയില്‍ ലിംഗവ്യത്യാസം സൂചിപ്പിക്കുന്ന എല്ലാ സര്‍വനാമങ്ങളും ഈ ഭരണകൂടം നിരോധിച്ചുകൂടായ്കയില്ല. സഹിഷ്ണുത വളര്‍ത്താനുള്ള ഈ ശ്രമത്തിന്റെ സ്വാഭാവിക പരിണാമം ഭയാനകമാം വിധം അസഹിഷ്ണമായിരിക്കും.

കഴിഞ്ഞ രണ്ടു ദശകളില്‍ സ്വവര്‍ഗവിവാഹത്തിന് പൊതുസമൂഹത്തില്‍നിന്നുള്ള പിന്തുണ കുതിച്ചുയര്‍ന്നത് വിവാഹ തുല്യത പ്രസ്ഥാനത്തിന്റെ ഇരുമുനയുള്ള സന്ദേശം കൊണ്ടാണ് – നിങ്ങള്‍ ചെയ്യുന്നതുപോലെ പരസ്പരം സ്‌നേഹിക്കാന്‍ മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ തുനിയില്ല. ഈ സന്ദേശം ഞാനുള്‍പ്പെടെ ലക്ഷക്കണക്കിന് അമേരിക്കക്കാരെ സ്വവര്‍ഗവിവാഹത്തെപ്പറ്റിയുള്ള അവരുടെ വീക്ഷണം മാറ്റാന്‍ പ്രേരിപ്പിക്കുന്നതില്‍ ഫലപ്രദമായി. ആ പ്രേരണ ഇല്ലാതാക്കുകയും വടിയെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക്. വ്യക്തിപരമായി വിയോജിക്കുന്ന ഒരു ലോകവീക്ഷണത്തോട് പരസ്യമായി യോജിപ്പു പ്രകടിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ 125,000 ഡോളര്‍ പിഴയൊടുക്കണം.

ഓര്‍വെല്‍ പറഞ്ഞ നയം മനസുകളെ മാറ്റില്ല. ന്യൂയോര്‍ക്ക് തിരിച്ചുനടന്ന് എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള പുതുവഴികളിലേക്ക് ചില പുതിയ രൂപരേഖകള്‍ വരച്ചിടേണ്ട സമയമായിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍